കൈ കഴുകിയില്ലെങ്കില്‍ കിടപ്പാകുമെന്ന് പറയുന്നു ഒരു കാര്‍ട്ടൂണ്‍. മനുഷ്യന്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിന്റെയും നടുക്കമാണ് ചില ചിത്രങ്ങളില്‍. ഭയാനകമായി പടരുന്ന കൊറോണയുടെ നേര്‍ചിത്രങ്ങളാണ് എല്ലാം.

ലോക്ഡൗണ്‍ കാലത്ത് ബോറടി മാറ്റാന്‍ മാത്രമല്ല, ബോധം തെളിയാനും ഉപകരിക്കുന്ന വരകള്‍. കൊറോണ കാലത്തെ കാര്‍ട്ടൂണുകളുടെ ശേഖരം ആസ്വദിക്കാനും മറ്റുള്ളവര്‍ക്ക് പങ്കിടാനും ഫെയ്‌സ്ബുക്കിലൂടെ അവസരം ഒരുക്കിയിരിക്കുന്നത് കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ്.

കേരളത്തിലെ മാത്രമല്ല, മറ്റുസംസ്ഥാനങ്ങളിലെയും വിദേശത്തെയും കാര്‍ട്ടൂണിസ്റ്റുകളുടെ രചനകള്‍ വിപുലമായ ശേഖരത്തിലുണ്ട്. പത്രമാധ്യമങ്ങളിലൂടെ അറിയപ്പെടുന്നവരും ഇതിലുള്‍പ്പെടും. വെറും ചിരിയല്ല, ചിന്തയുടെ വലിയ തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട് പല കാര്‍ട്ടൂണുകളും. ഒപ്പം, ജാഗ്രതയുടെ മുന്നറിയിപ്പുകളും. 400 കാര്‍ട്ടൂണുകളുള്ള ശേഖരം ഇനി മുതല്‍ ദിവസവും 50 രചനകള്‍ വീതം ഉള്‍പ്പെടുത്തും.

Read Story: പുലി പതുങ്ങുന്നത് കുതിക്കാനാണ് - അകപ്പൊരുള്‍| കെ ഉണ്ണികൃഷ്ണന്‍

കൊറോണ ഭീതി കേരളത്തില്‍ ആദ്യമുയര്‍ന്നപ്പോള്‍, ഫെബ്രുവരിയില്‍ കണ്ണൂരില്‍ കാര്‍ട്ടൂണ്‍ അക്കാദമി കൊറോണ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് തൃശ്ശൂരും എറണാകുളത്തും കാര്‍ട്ടൂണ്‍ പ്രചാരണം ഒരുക്കി. കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിച്ച് പ്രാദേശികമായി പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു.

ജനങ്ങളെ ബോധവത്കരിക്കാന്‍ കാര്‍ട്ടൂണുകള്‍ക്ക് കൂടുതല്‍ കഴിയുമെന്നതിനാലാണ് ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പ്രദര്‍ശനം ഒരുക്കിയതെന്ന് അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണനും സെക്രട്ടറി അനൂപ് രാധാകൃഷ്ണനും പറഞ്ഞു. നൂറുവര്‍ഷംമുമ്പ് ഒരു മഹാ ക്ഷാമകാലത്താണ് ആദ്യ മലയാള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ മഹാമാരിയെ ചെറുക്കുന്ന സമൂഹത്തില്‍ ബോധവത്കരണ ദൗത്യത്തിലാണ് കാര്‍ട്ടൂണിസ്റ്റുകള്‍. ലോകം അടഞ്ഞുകിടക്കുമ്പോഴും കാര്‍ട്ടൂണിസ്റ്റുകള്‍ വര കൊണ്ട് പ്രതിരോധം തീര്‍ക്കുന്നു. കാര്‍ട്ടൂണുകള്‍ ഇവിടെ കാണാം, പങ്കിടാം.

Content Highlights: Corona Virus Covid19 Cartoon Academy