'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി'എന്ന പാട്ട് കേട്ടാല്‍ എന്ത് തോന്നും? 
ഒ.എന്‍.വി. കുറുപ്പിന്റെ മനോഹരമായ വരികള്‍, ജോണ്‍സണ്‍ മാഷിന്റെ ഗംഭീര സംഗീതം,
യേശുദാസിന്റെ മധുരമുള്ള ശബ്ദം എന്നല്ലേ?  
എന്നാല്‍ ഈ വരികള്‍ക്കൊപ്പം മുഖപടം ഇട്ടില്ലെങ്കിലും കഴിയുമെങ്കില്‍ മാസ്‌ക് ധരിക്കാന്‍ ശ്രമിക്കൂ, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കര്‍ച്ചീഫ് കൊണ്ട് മുഖമൊന്ന് പൊത്തിപിടിക്കാന്‍ ശ്രമിക്കൂ എന്ന് കൂട്ടിചേര്‍ക്കുമ്പോഴോ..? 
പെട്ടെന്ന് തന്നെ കൊറോണ വൈറസിനെതിരെയുള്ള ശ്രദ്ധേയമായ ബോധവത്കരണമായി.

ക്ലബ് എഫ്.എം. കൊച്ചി ഒരുക്കിയ ഈ പുതുമ തന്നെയാണ് മലയാളികള്‍ കഴിഞ്ഞ ദിവസം മെഗാ വൈറലാക്കിയത്. 

കൊറോണ വൈറസിനെതിരെയുള്ള ബോധവത്കരണവുമായി കൊച്ചി ക്ലബ് എഫ്.എം. ഒരുക്കിയ പ്രൊമോകള്‍ റേഡിയോയില്‍ പ്രക്ഷേപണം ചെയ്തപ്പോള്‍ തന്നെ ശ്രോതാക്കള്‍ ഇരുചെവിയും നീട്ടി സ്വീകരിച്ചു. 

തൊട്ടുപിന്നാലെ ക്ലബ് എഫ്.എം. പ്രൊമോകളുടെ ഓഡിയോ ഫോര്‍മാറ്റ് വാട്‌സ്അപ്പ് വഴി പറപറന്നു. 

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് ക്ലബ് എഫ്.എം. പ്രൊമോ എത്തുകയും ചെയ്തു. 

ലക്ഷക്കണക്കിന് ഫോര്‍വേഡ് മെസ്സേജുകളാണ് ചുരുങ്ങിയ സമയം കൊണ്ട് ലോകമെങ്ങുമെത്തിയത്. 

ക്ലബ് എഫ്.എം. കൊച്ചിയിലെ സീനിയര്‍ കോപ്പി റൈറ്റര്‍ ബിജു റോക്കി ഒരുക്കിയ പ്രൊമോകളാണിത്. 

എഫ്.എമ്മിന്റെ സംഗീതതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു പ്രമോഷന്‍ ഒരുക്കാന്‍ കാരണമെന്ന് പ്രോഗ്രാം ഹെഡ് പ്രിയരാജ് അഭിപ്രായപ്പെട്ടു. പ്രിയരാജിന്റേതു തന്നെയാണ് കേരളം ഏറ്റെടുത്ത ഈ വൈറല്‍ ശബ്ദവും. 

പ്രൊമോകള്‍ക്കൊപ്പം ദിശ പബ്ലിക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൊടുത്ത് സാമൂഹ്യപ്രതിബദ്ധതയും ക്ലബ് എഫ്.എം. നിറവേറ്റി.

എന്നാല്‍ കേരളത്തില്‍ പലയിടത്തും നിന്ന് ഇതിന്റെ കര്‍ത്തൃത്വം പലരും ഏറ്റെടുത്തിരുന്നു.

'കരളേ നിന്‍ കൈപിടിച്ചാല്‍ കടലോളം വെണ്ണിലാവ്', എന്നതിനൊപ്പം കരളാണെങ്കിലും വൃത്തിയായി കഴുകാതെ കൈകള്‍ പിടിക്കുന്നത് തല്‍ക്കാലം ഒഴിവാക്കാം. 

ഹാന്റ് ഷേക്ക്  ഒഴിവാക്കി നല്ല നമസ്‌ക്കാരം കൊടുക്കാം. കൊറോണ വൈറസിനെ നമുക്ക് ധൈര്യമായി നേരിടാം. 

'തൊട്ടുരുമ്മി ഇരിക്കാന്‍  കൊതിയായി' എന്നതിനൊപ്പം തൊട്ടുതൊട്ടിരിക്കേണ്ടി വരുന്ന പബ്ലിക് ഫങ്ഷനുകള്‍ തല്‍ക്കാലം നമുക്ക് ഒഴിവാക്കാം..

'തൊട്ട് തൊട്ട് തൊട്ട് നോക്കാമോ.. ഒന്ന് തൊട്ടാവാടി നിന്നേ'. 
ഇടയ്ക്കിടെയുള്ള തൊട്ടുനോട്ടമുണ്ടല്ലോ, കണ്ണിലും മൂക്കിലും വായിലുമൊക്കെ, അത് തല്‍ക്കാലം ഒഴിവാക്കാം, സോപ്പുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കി വെയ്ക്കാം. കൊറോണ വൈറസിനെ നമുക്ക് ധൈര്യമായി നേരിടാം..എന്നിങ്ങനെയാണ്  ക്ലബ് എഫ്.എം. റേഡിയോ പ്രൊമോകളായി മാറിയത്.