കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടിനുള്ളില്‍ തന്നെ കഴിയേണ്ടതാണ്. 

 • എയര്‍പോര്‍ട്ടില്‍ നിന്നും വരുമ്പോള്‍ സ്വകാര്യ വാഹനത്തില്‍ വരുക. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. മുഖം മറയ്ക്കാന്‍ മാസ്‌ക് ഉപയോഗിക്കണം. എയര്‍പോര്‍ട്ടില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം. 
 • വീട്ടിലെത്തിയതു മുതല്‍ 28 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. 
 • വൈദ്യസഹായത്തിന് വേണ്ടി മാത്രമേ വീട് വിട്ട് പുറത്തു പോകാന്‍ പാടുള്ളു. സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും ആശുപത്രിയിലേക്കോ ഡോക്ടറുടെ അടുത്തേക്കോ പോകരുത്. വൈദ്യസഹായത്തിനായി വിളിക്കേണ്ട ദിശ നമ്പര്‍: 04712552056. ടോള്‍ ഫ്രീ നമ്പര്‍ 1056. ഇവിടെ നിന്നുള്ള നിര്‍ദേശം അനുസരിച്ച് അവര്‍ പറയുന്ന ആശുപത്രിയിലേക്ക് മാത്രമേ പോകാവൂ. 
 • നിങ്ങളുടെ വീടിന് അടുത്തുള്ള, സ്‌ക്രീനിങ്ങിനായി ലിസ്റ്റ് ചെയ്യപ്പെട്ട ആശുപത്രിയിലാണ് പോവേണ്ടത്. അവിടെയുള്ള ചുമതലപ്പെട്ട ഒരു ഡോക്ടറുടെ നമ്പര്‍ നിങ്ങള്‍ക്ക് നല്‍കും. ആശുപത്രിയിലെത്തിയാല്‍ ആ നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ എവിടെയാണ് എത്തേണ്ടത് എന്ന് ചോദിക്കണം. അവിടെ എത്തിയാല്‍ നിങ്ങളുടെ പൂര്‍ണ ചുമതല ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റെടുക്കും. തുടര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. 
 • നിരീക്ഷണത്തില്‍ ഉള്ള വ്യക്തി വീട്ടിലുള്ള മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക. 
 • ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്. 
 • പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവെക്കരുത്. 
 • മാസ്‌ക്, കൈയുറകള്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. 
 • സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കരുത്. 
 • കൈകള്‍ തുടയ്ക്കാനായി പേപ്പര്‍ ടവല്‍, തുണികൊണ്ടുള്ള ടവല്‍ എന്നിവ ഉപയോഗിക്കുക.
 • ഉപയോഗിച്ച മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്യാം. 
 • നിരീക്ഷണത്തിലുള്ള വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ തോര്‍ത്തോ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. 
 • മുഖം മറയ്ക്കാന്‍ ഉപയോഗിച്ച തൂവാല, തോര്‍ത്ത് എന്നിവ അണുവിമുക്തമാക്കണം.
 • നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായവയും ബാത്ത്‌റൂം, കക്കൂസ് എന്നിവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.
 • തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി എന്നിവ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി വേണം ഉപയോഗിക്കാന്‍. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്താണ് ബ്ലീച്ചിങ് ലായനി തയ്യാറാക്കേണ്ടത്. 
 • പൊതു സ്ഥലത്ത് തുപ്പരുത്. ടോയ്‌ലറ്റിലോ വാഷ്‌ബേസിനിലോ മാത്രമേ തുപ്പാവൂ. തുടര്‍ന്ന് അവിടെ വൃത്തിയാക്കുകയും വേണം. 
 • യാത്ര ചെയ്യാന്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുത്. 
 • പനിയും ജലദോഷവും ഉള്ള ആളുകളില്‍ നിന്ന് അകലം പാലിക്കുക. 
 • പ്രായമായവരും രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ശ്രദ്ധിക്കണം. അവര്‍ക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 • ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. 
 • രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും വാട്‌സ് അപ്പിലും ഫേസ്ബുക്കിലുമൊക്കെ വരുന്ന വ്യാജ സന്ദേശങ്ങളെ അവഗണിക്കുക. അവ വിശ്വസിച്ച് ചികിത്സ തേടാതിരിക്കരുത്. 
 • കഞ്ഞിവെള്ളം കുടിക്കണം. പോഷകാഹാരം കഴിക്കണം. നന്നായി ഉറങ്ങണം. 

എപ്പോഴൊക്കെയാണ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടത്?

 • ചുമയ്ക്ക് ശേഷവും തുമ്മിയ ശേഷവും
 • രോഗിയെ പരിചരിച്ച ശേഷം
 • ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും, കഴിക്കുന്നതിനു മുന്‍പും
 • മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം
 • കൈകള്‍ വൃത്തിഹീനമായിരിക്കുമ്പോള്‍
 • വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകിയതിനു ശേഷം

കടപ്പാട്:
അമര്‍ ഫെറ്റില്‍ 
സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍
കൊറോണ കണ്‍ട്രോള്‍ സെല്‍

കേരള ആരോഗ്യവകുപ്പ്‌

Content Highlights: corona-travellers from china- corona affected areas-screening-stay-at-home