കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നുപേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയിട്ടും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയോ വിമാനത്താവളങ്ങളില്‍ കൃത്യമായ വിവരം നല്‍കുകയോ ഇവര്‍ ചെയ്തിരുന്നില്ല. ഇതുതന്നെയാണ് സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതും. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ കൃത്യമായി വിവരമറിയിക്കണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ, ഇതെല്ലാം അവഗണിക്കുന്നവരും കുറവല്ല. ഇതിനിടെയാണ് ഇറ്റലി സന്ദര്‍ശിച്ച് ഡെന്മാര്‍ക്കില്‍നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ഒരു മലയാളി യുവതി സ്വമേധയ ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകയും മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയുമായ രേഷ്മയാണ് ഏവര്‍ക്കും മാതൃകയാകേണ്ട രീതിയില്‍ പെരുമാറിയത്. ഇവരെക്കുറിച്ച് സുഹൃത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചതോടെ രേഷ്മയുടെ പ്രവൃത്തിയെ ഏവരും അഭിനന്ദിക്കുകയും ചെയ്തു.

രേഷ്മയും ഭര്‍ത്താവ് അകുല്‍ പ്രസാദും കഴിഞ്ഞ മാസം 21-ന് ഇറ്റലിയില്‍ ആയിരുന്നു. ഇറ്റലിയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം. തൊട്ടുപിന്നാലെ ഇറ്റലിയിലെ വെനീസ്, മിലാന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് ഇരുവരും ഡെന്മാര്‍ക്കിലേക്ക് മടങ്ങി. ഡെന്മാര്‍ക്കില്‍ ജോലി ചെയ്യുന്ന അകുല്‍പ്രസാദ് മുന്‍കരുതലെന്ന നിലയില്‍ വര്‍ക് ഫ്രം ഹോം തിരഞ്ഞെടുത്തു.

ticket

ഷെങ്കന്‍ വിസയില്‍ യൂറോപ്പില്‍ പോയാല്‍ പ്രവേശിക്കുന്ന രാജ്യത്തിന്റെയും അവസാനം എക്‌സിറ്റ് അടിക്കുന്ന രാജ്യത്തിന്റയും സ്റ്റാമ്പ് മാത്രമേ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തൂ. അതിനാല്‍ യൂറോപിലെ മറ്റേതെങ്കിലും രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവന്നത് പാസ്‌പോര്‍ട്ട് നോക്കിയാല്‍ മാത്രം മനസിലാകില്ല. ഷെങ്കന്‍ വര്‍ക് വിസയില്‍ ഡെന്മാര്‍ക്കില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അകുല്‍ദാസിനൊപ്പം ജനുവരിയിലാണ് രേഷ്മ ഡെന്മാര്‍ക്കിലേക്ക് പോയത്.

ഡെന്മാര്‍ക്കിലെ വിമാനത്താവളത്തില്‍ ആ സമയം കൊറോണ പരിശോധനകള്‍ ഒന്നുമില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ മാര്‍ച്ച് മൂന്നിന്  രേഷ്മ ദോഹ വഴി നാട്ടിലേക്ക് തിരിച്ചു. ഇതിനിടെ ഡെന്മാര്‍ക്കിലും മറ്റിടങ്ങളിലും കാര്യമായ പരിശോധനകളോ വിവരങ്ങള്‍ ചോദിക്കലോ ഉണ്ടായിരുന്നില്ലെന്നാണ് രേഷ്മ പറയുന്നത്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ രേഷ്മ തന്നെ ആരോഗ്യപ്രവര്‍ത്തകരോട് അങ്ങോട്ടുപോയി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ഇറ്റലിയില്‍നിന്ന് മടങ്ങിയ ശേഷം രണ്ടാഴ്ചയോളം നിരീക്ഷണത്തില്‍ കഴിഞ്ഞതിനാലും രോഗലക്ഷണങ്ങളില്ലാത്തതിനാലും വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. പക്ഷേ, രണ്ടുരാജ്യങ്ങളിലൂടെ വിമാനയാത്ര ചെയ്തതിനാലും വീട്ടില്‍ പ്രായമേറിയ മാതാപിതാക്കള്‍ ഉള്ളതിനാലും ജാഗ്രത പാലിക്കാനായിരുന്നു രേഷ്മയുടെ തീരുമാനം.

മാര്‍ച്ച് നാലിന് വീട്ടിലെത്തിയ ഉടന്‍ നാട്ടിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വിവരം നല്‍കി. സ്വമേധയ ഐസോലേഷന്‍ സ്വീകരിച്ചു. വീട്ടിലേക്ക് സന്ദര്‍ശകര്‍ വരരുതെന്നും അഭ്യര്‍ഥിച്ചു. കൊച്ചിയില്‍നിന്ന് വീട്ടിലേക്കുള്ള യാത്ര ചെയ്ത ടാക്സി ഡ്രൈവറുടെ വിവരവുമെല്ലാം രേഷ്മ രേഖപ്പെടുത്തിയിരുന്നു. എന്തെങ്കിലും കാരണവശാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞാല്‍ അതെല്ലാം കൈമാറാന്‍ വേണ്ടിയായിരുന്നു ഇതെല്ലാം രേഖപ്പെടുത്തിയത്. 

എന്തായാലും കുറച്ചുദിവസം കൂടി ഐസോലേഷനില്‍ തുടരാനാണ് രേഷ്മയുടെ തീരുമാനം. അത് തനിക്കുവേണ്ടി മാത്രമല്ല, ഈ സമൂഹത്തിന് കൂടി വേണ്ടിയാണെന്നും ജാഗ്രതയാണ് ആവശ്യമെന്നും രേഷ്മ പറയുന്നു.

Content Highlights: corona self quarantine by a kerala woman who came back from Italy