കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും വേണ്ടി വരുന്ന ഒരു വിഭാഗമാണ് ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍. ഇത്തരക്കാര്‍ക്ക് കോവിഡ് 19 പിടിപെട്ടാല്‍ സ്ഥിതി ഗുരുതരമാകാനും സങ്കീര്‍ണ്ണതകളിലേക്ക് പോകാനുമുള്ള സാധ്യത കൂടുതലുമാണ്. അതിനാല്‍ ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ വളരെ കരുതലോടെ രോഗബാധയേല്‍ക്കാതെ കഴിയേണ്ടത് അത്യാവശ്യവുമാണ്.

ഈ ഒരു കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് സി ഒ പി ഡി രോഗികള്‍ ആണ്. കാരണം അവരുടെ പ്രകൃത്യാ ഉള്ള ശ്വാസകോശ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്ന അവസ്ഥയിലോ അല്ലെങ്കില്‍ ലോപിച്ച അവസ്ഥയിലോ ആയിരിക്കും. അത് പെട്ടെന്ന് വൈറസ് ശരീരത്തിലേക്ക് കടക്കുവാനും ശ്വാസംമുട്ട്, റെസ്പിറേറ്ററി ഫെയിലിയര്‍, എആര്‍ഡിഎസ് (ARDS ) എന്നീ അവസ്ഥയിലേക്ക് എത്തിച്ചേരുവാനും കാരണമാകുന്നു. ഇത്തരം അവസ്ഥയിലെത്തുമ്പോഴാണ് വെന്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരുന്നത്. മറ്റൊന്ന് ആസ്ത്മ രോഗികള്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാലഘട്ടം കൂടിയാണിത്. കോവിഡ് ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകും എന്നു മാത്രമല്ല ലോക്ക്‌ഡൌണ്‍ ഭാഗമായോ റിവേഴ്‌സ് ക്വാറന്റൈന്‍ ഭാഗമായോ വീട്ടില്‍ അടച്ചു ഇരിക്കുമ്പോള്‍ പൊടിപടലങ്ങളും പുകയും കാരണം ആസ്തമ പ്രശ്‌നങ്ങള്‍ ഗുരുതരമാകാനും സാധ്യതയുണ്ട്.

ബുദ്ധിമുട്ടുകള്‍ എന്തൊക്കെ ?

? അടിയന്തര സാഹചര്യത്തില്‍ വൈദ്യ സഹായം തേടാനും കൃത്യമായ ഫോളോ അപ്പ് നടത്താനുമുള്ള ബുദ്ധിമുട്ടുകള്‍

? കോവിഡ് രോഗം കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നത് ശ്വാസകോശ രോഗികളെ ആണ്. അത് ഗുരുതരാവസ്ഥ പ്രാപിക്കുന്നത് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളിലേക്കാണ്.

? തുമ്മുക, ചുമയ്ക്കുക, കിതക്കുക എന്നിവ കാണുമ്പോള്‍ മറ്റുള്ളവര്‍ കോവിഡ് രോഗലക്ഷണങ്ങളായി വ്യാഖ്യാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങള്‍.

എന്തൊക്കെ ശ്രദ്ധിക്കണം

ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. സാമൂഹിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക, സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുക എന്നതാണ്. മരുന്നുകള്‍ കൃത്യമായി കഴിക്കുക, ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദ്ദേശിച്ച പോലെ ഇന്‍ഹേലര്‍ കൃത്യമായി എടുക്കുക. സാധാരണ സി ഒ പി ഡി രോഗികള്‍ക്ക് ഉണ്ടാകുന്ന അനുബന്ധ രോഗങ്ങളായ രക്താതിമര്‍ദ്ദം, പ്രമേഹം അതുപോലെ ഹൃദ്രോഗങ്ങള്‍ അതിനുള്ള മരുന്നുകളും കൃത്യമായി കഴിക്കുക. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക.

ഇന്റെര്‍സ്റ്റീഷ്യല്‍ ലങ് ഡിസീസ് ( lLD) ,സി ഓ പി ഡി പോലെയുള്ള ഗുരുതരമായ സ്റ്റേജില്‍ ഉള്ള രോഗികള്‍ പലരും വീട്ടില്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നവര്‍ ആയിരിക്കും അങ്ങനെയുള്ളവര്‍ അതു മുടക്കാനും പാടുള്ളതല്ല. ശരിയായ പോഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം പ്രോട്ടീന്‍ അഥവാ മാംസ്യത്തിന്റെ അഭാവം രോഗപ്രതിരോധശേഷി കുറയുവാനോ ശാരീരിക അവയവങ്ങളുടെ ക്ഷമത കുറയുവാനോ കാരണമാകുന്നതായിരിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുക. ആസ്ത്മ രോഗികള്‍ വീട്ടില്‍ അടച്ചു ഇരിക്കുമ്പോള്‍ പ്രത്യേകംശ്രദ്ധിക്കേണ്ടത് വാതിലുകളും ജനലുകളും തുറന്നിടാനും വീടിനകം പരമാവധി വൃത്തിയാക്കി സൂക്ഷിക്കുവാനുമാണ്. ചൂട് ഒഴിവാക്കാന്‍ വേണ്ടി തണുത്ത പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ ഇരിക്കുക. തുടങ്ങി അനുയോജ്യമായ ചര്യകള്‍ എല്ലാകാലത്തും പ്രത്യേകിച്ചും ഇക്കാലത്തു സ്വീകരിക്കുന്നതിലൂടെ ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ സാധിക്കുന്നു. ഇതു പാലിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഗുരുതരമാകാതെ തടയാന്‍ സാധിക്കും എന്നത് മാത്രമല്ല ലോക്ക്‌ഡൌണും റിവേഴ്‌സ് ക്വാറന്റൈന്‍ കാലഘട്ടവും ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇത്തരം വ്യക്തികളില്‍ കൊവിഡ് 19 രോഗബാധ വരാതെ തടയുവാനും സാധിക്കുന്നു.