ബെയ്ജിങ്: നിയന്ത്രിക്കാനാകാതെ പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടി. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യന്‍ ഔദ്യോഗികമാധ്യമം ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു. വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി.

എന്നാല്‍, ഇതിനകം തങ്ങള്‍ വാക്‌സിന്‍ കണ്ടെത്തിയതായി ഹോങ് കോങ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ യുവെന്‍ ക്വോക്ക് യങ് അവകാശപ്പെട്ടു. എന്നാല്‍, മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിക്കാന്‍ ഇനിയും മാസങ്ങളും മനുഷ്യനില്‍ പരീക്ഷിക്കാന്‍ ഒരുവര്‍ഷവും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ ഓസ്ട്രേലിയ ലാബില്‍ വളര്‍ത്തിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. പ്രതിരോധമരുന്ന് നിര്‍മാണത്തില്‍ ഇത് നിര്‍ണായകമാകും.

Content Highlights: china and russia joined hands for developing corona vaccine