പത്തനംതിട്ട : ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് പ്രവര്‍ത്തിയിലൂടെ കാട്ടിത്തരുന്ന ചില മുഖങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വാഹകരെയും നിരീക്ഷകരെയും പാര്‍പ്പിച്ചിരിക്കുന്ന പത്തനംതിട്ട ജനറല്‍, ജില്ലാ ആശുപത്രികളിലാണ് ഈ മുഖങ്ങളുള്ളത്.

കഴിഞ്ഞ ഞായറാഴ്ച ജില്ലയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചതുമുതല്‍ ഇവരുടെ ഊണും ഉറക്കുവുമെല്ലാം ആശുപത്രിയുടെ നാലുചുവരുകള്‍ക്കുള്ളിലാണ്. ആത്മാര്‍ഥമായ പരിചരണം, അതിലൂടെ രോഗബാധയെ തുടച്ചുനീക്കുക എന്നൊരൊറ്റ ലക്ഷ്യം മാത്രമാണിവര്‍ക്കുള്ളത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അഞ്ച് കൊറോണ വാഹകരുള്‍പ്പെടെ 20 പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രണ്ടുരോഗികളടക്കം 10-പേരുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാളും നിരീക്ഷണത്തിലുണ്ട്.

ഇടതടവില്ലാതെ 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ടുവാര്‍ഡുകളിലായി 37 കിടക്കകളാണ് ഐസൊലേഷനില്‍ ഉള്ളവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. രണ്ടുവാര്‍ഡുകളിലേക്കുമായി ഏഴ് ഡോക്ടര്‍മാണ് പരിചരണത്തിനുള്ളത്. ഓരോ വാര്‍ഡിലും രണ്ട് ഹെഡ് നഴ്‌സ്, പതിനാല് നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാരായ രണ്ട് പുരുഷന്‍മാരും സ്ത്രീകളുമാണ് ഇടതടവില്ലാതെ പരിചരണത്തിനുള്ളത്. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റ് വീതമാണുള്ളത്. പരിചരണത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്നുള്ള മുതിര്‍ന്ന ഡോക്ടര്‍മാരെയും ഇവിടെയെത്തിച്ചിട്ടുണ്ട്.

ഐസൊലേഷന്‍ വാര്‍ഡിലെ പരിചരണത്തിന് പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് (പി.പി.ഇ.) കിറ്റാണ് ജീവനക്കാര്‍ക്ക് നല്കിയിരിക്കുന്നത്. പാന്റ്സ്, ഗൗണ്‍, കവറിങ് ഷൂ, ൈകയ്യുറ കണ്ണട, എന്‍-95 മാസ്‌ക് എന്നിവയടങ്ങിയ പി.പി.ഇ. കിറ്റ് ഒരുതവണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. ഐസൊലേഷന്‍ വാര്‍ഡുകളുടെ കാവലിന് രണ്ടുവീതം സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ചിരികൊണ്ട് കീഴടക്കി

മുഖാവരണത്തിന്റെ കവചത്തിലാണ് ഐസൊലേഷേന്‍ വാര്‍ഡില്‍ കഴിയുന്നവര്‍. അതിനിടയില്‍ ഭക്ഷണവും മരുന്നുമായി ചെല്ലുമ്പോള്‍ ചിലര്‍ നീരസം കാട്ടും. ചിലര്‍ ഏകാന്തതയുടെ ദേഷ്യം തീര്‍ക്കുന്നതും പരിചരണത്തിന് എത്തുന്നവരോടാണ്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കുന്നുണ്ട്.

കൂടാതെ ആശുപത്രിയില്‍ തങ്ങുന്നവരുടെ മുഖാവരണം, വസ്ത്രം, ബെഡ് ഷീറ്റ് എന്നിവ ദിവസേന കൃത്യമായി മാറ്റും. പാലക്കാട് പ്രവര്‍ത്തിക്കുന്ന ഇമേജിലേക്കാണ് ഇവ നിര്‍വീര്യമാക്കുന്നതിന് കയറ്റി അയയ്ക്കുന്നത്.

കുട്ടികളെ പരിചരിക്കുന്നതാണ് ഏറ്റവും വെല്ലുവിളി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാത്രം ഒരു വയസ്സിനും നാലുവയസ്സിനുമിടയില്‍ പ്രായമുള്ള ആറ് കുട്ടികളാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.

ആശുപത്രിയാണ് വീട്

ഒരാഴ്ചയായി ജനറല്‍ ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും ജീവനക്കാരുടെ വീടുകൂടിയാണ് ഇവിടം. ഷിഫ്റ്റ് മാറുമ്പോള്‍ അല്പസമയം മയങ്ങും. പിന്നീട് വീണ്ടും ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക്. ഇതിനിടയില്‍ എന്തെങ്കിലും കഴിച്ചാലായി. ഇടയ്ക്ക് നല്ല വിശപ്പുതോന്നും. പക്ഷെ എന്തെങ്കിലും കഴിക്കാനായി കൈയുറകള്‍ മാറ്റുമ്പോള്‍ അണുനാശിനിയുടെ ഗന്ധമാണ് ശരീരമാകെ. പിന്നെ വിശപ്പുമാറാന്‍ എന്തെങ്കിലും കഴിച്ചെന്ന് വരുത്തിത്തീര്‍ക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.എല്‍.ഷീജ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സാജന്‍ മാത്യു, ആര്‍.എം.ഒ. ഡോ. ആശിഷ് മോഹന്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ക്കാണ് കൊറോണ വാര്‍ഡിന്റെ മേല്‍നോട്ടം.

Content Highlights: Be Positive The good faces of Corona Ward