ശങ്കകള്‍ നിറഞ്ഞ കോവിഡ് മഹാമാരിക്കാലത്തുകൂടിയാണ് നാമോരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ പ്രവൃത്തിയിലും ചര്യകളിലും പുതിയൊരു സംസ്‌കാരം നാം രൂപപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യപരിപാലനത്തിലും അത്തരമൊരു മാറ്റം നാം കൊണ്ടുവരേണ്ടതാണ്. അതിന്റെ ഭാഗമായാണ് ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം ഇന്നു കേരളത്തില്‍ കൂടുതല്‍ ശ്രദ്ധനേടി വിപുലമായിക്കൊണ്ടിരിക്കുന്നത്.
 
2020 ജൂണ്‍ 10 ന് കേരളത്തില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ ആരംഭിച്ചു. തുടക്കത്തില്‍ കേന്ദ്രീകൃതമായ രീതിയില്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുക എന്നതിനായായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. പതിവ് ഒ.പി. പരിശോധനകള്‍ക്കായി ആശുപത്രികളിലെ ഒ.പി. സംവിധാനം ഉപയോഗിക്കുന്നത് ജനങ്ങള്‍ പരമാവധി ഒഴിവാക്കി പ്രത്യേകിച്ചും മഹാമാരിക്കാലത്ത് വീടുകളില്‍ ഇരുന്നുതന്നെ ഡോക്ടറെ കാണാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സംവിധാനം ഇതിലൂടെ സൃഷ്ടിക്കപ്പെടുകയാണ് ചെയ്തത്. ഇതുവഴി അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും പകരം പതിവ് കണ്‍സള്‍ട്ടേഷനുകള്‍ വീടുകളില്‍ ഇരുന്നുതന്നെ ചെയ്യാനും സാധിക്കുന്നു. ഇതു മാറ്റങ്ങളുടെ തുടക്കമാണ്.
 
ഇ സഞ്ജീവനി സേവനങ്ങള്‍ ലഭിക്കാന്‍
 
തികച്ചും സൗജന്യമാണ് ഇ-സഞ്ജീവനി സേവനങ്ങള്‍.
https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US  ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപ്പോ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.
 
പ്രസ്തുത വ്യക്തികള്‍ ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്തശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് ഒ.പി. കണ്‍സള്‍ട്ടേഷനും പൂര്‍ത്തിയാക്കാം.
 
ആരോഗ്യസംസ്‌കാരത്തിന്റെ മുഖമുദ്രയാണ് ഇന്ന് ഇ-സഞ്ജീവനി. നഗര- ഗ്രാമ ഭേദമെന്യേ ജനങ്ങള്‍ ഇ-സഞ്ജീവനിയെ ഇന്ന് ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആരോഗ്യ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ ഇ-സഞ്ജീവനിയെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ ജനതയ്ക്ക് ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയുള്ള ലാപ്‌ടോപ് അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു സ്വന്തം വീടുകളില്‍ വച്ചോ ജോലിസ്ഥലത്തോ വച്ചുതന്നെ ഡോക്ടറെ കാണാന്‍ സാധിക്കുമെന്ന സ്ഥിതി വിശേഷം രൂപപ്പെടുത്താന്‍ സാധിച്ചു. ഇത്തരത്തില്‍ മാറിയ കാലത്തെ മാറുന്ന കാഴ്ചപ്പാടുകള്‍ ജനങ്ങളില്‍ രൂപപ്പെടുത്താന്‍ ഇ-സഞ്ജീവനിക്ക് സാധിച്ചു. സ്‌പെഷ്യാലിറ്റി ഒ.പി. സേവനങ്ങള്‍ ഇ-സഞ്ജീവനിയുടെ മാത്രം പ്രത്യേകതയാണ്. 
 
സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുന്നതിന് സംസ്ഥാനത്തെ പ്രശസ്തിയാര്‍ജ്ജിച്ച സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 659 ഡോക്ടര്‍മാര്‍ക്കു നാളിതുവരെ ഇ-സഞ്ജീവനി പരിശീലനം നല്‍കിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ട് വരെയുള്ള സമയത്താണ് ഇ-സഞ്ജീവനി സേവനങ്ങള്‍ ലഭിക്കുന്നത്. ആഴ്ചയില്‍ പ്രത്യേക ദിവസങ്ങളില്‍ പ്രത്യേക സമയത്തില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുന്ന ഒ.പികളും ക്രമീകരിച്ചിട്ടുണ്ട്.
 
എല്ലാദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ട് വരെ ജനറല്‍ ഒ.പി. കണ്‍സള്‍ട്ടേഷനുകള്‍  ഉണ്ടായിരിക്കുന്നതാണ്.
 
പ്രമേഹ രോഗികള്‍ക്കായി പ്രത്യേകം ക്ലിനിക്കുകള്‍ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്നതായിരിക്കും.
 
കുട്ടികള്‍ക്കുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകള്‍ എല്ലാ ചൊവ്വാഴ്ച്ചകളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കോഴിക്കോട് ഇംഹാന്‍സ് ഇ-സഞ്ജീവനിയുമായി ചേര്‍ന്ന് നടത്തുന്നതായിരിക്കും.
 
മുതിര്‍ന്നവര്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കുകള്‍ കോഴിക്കോട് ഇംഹാന്‍സ് എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഇ-സഞ്്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നു.
 
മലപ്പുറം ജില്ലയിലെ സൈക്യാട്രിസ്റ്റുമാര്‍ നേതൃത്വം നല്‍കുന്ന മാനസികാരോഗ്യ ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഇ-സഞ്ജീവനിയിലൂടെ നടക്കുന്നതായിരിക്കും. 
 
കൂടാതെ മലപ്പുറം ജില്ലയിലെ ത്വഗ്രോഗ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ടെലി മെഡിസിന്‍ ഒ.പി. സേവനം എല്ലാ വ്യാഴാഴ്ച്ചകളിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഉണ്ടായിരിക്കുന്നതാണ്.
 
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് മൂന്നുമണി മുതല്‍ നാല് മണി വരെ കാന്‍സര്‍ ചികിത്സാ ക്ലിനിക്കുകള്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇ-സഞ്ജീവനി മുഖേന നല്‍കുന്നതായിരിക്കും.
 
സര്‍ജിക്കല്‍ ഓങ്കോളജി തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍.
 
ഹെഡ് & നെക്ക് കാന്‍സര്‍ വിഭാഗം ചൊവ്വ, വെള്ളി ദിവസങ്ങളില്‍.
 
മെഡിക്കല്‍ ഓങ്കോളജി ബുധന്‍, വെള്ളി ദിവസങ്ങളില്‍.
 
രക്താര്‍ബുദ സംബന്ധമായ ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍.
 
സ്തനാര്‍ബുദ സംബന്ധമായ ക്ലിനിക്കുകള്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍.
 
ശ്വാസകോശ സംബന്ധമായ ക്ലിനിക്കുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കും.
 
കുട്ടികളിലെ കാന്‍സര്‍ ചികിത്സ ക്ലിനിക്കുകള്‍ എല്ലാ ബുധനാഴ്ചകളിലും
റേഡിയേഷന്‍ ക്ലിനിക്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍.
 
പുനരധിവാസ ക്ലിനിക്കുകളും ദന്തരോഗ ചികിത്സ വിഭാഗവും എല്ലാ വെള്ളിയാഴ്ചകളിലും.
 
സാന്ത്വന പരിചരണ ചികിത്സ ക്ലിനിക്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍.
 
കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും ഉച്ചയ്ക്ക് 12 നും ഇടയിലുള്ള സമയം ഇ-സഞ്ജീവനിയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ചികിത്സയ്ക്കായും വിനിയോഗിക്കുന്നതായിരിക്കും.
 
ഹെഡ് & നെക്ക് കാന്‍സര്‍ വിഭാഗം ബുധന്‍, വെള്ളി ദിവസങ്ങളില്‍.
 
മെഡിക്കല്‍ ഓങ്കോളജി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍.
 
ഗര്‍ഭാശയ കാന്‍സര്‍ ക്ലിനിക്കുകള്‍ എല്ലാ വ്യാഴാഴ്ച്ചകളിലും.
 
റേഡിയേഷന്‍ ക്ലിനിക്കുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍.
 
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ കാന്‍സര്‍ ചികിത്സ ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെയും നല്‍കുന്നതായിരിക്കും.
 
കാന്‍സര്‍ രോഗനിര്‍ണയ സംശയ നിവാരണ വിഭാഗം എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതായിരിക്കും.
 
കോഴിക്കോട് ജില്ലയില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ഇ-സഞ്ജീവനി മുഖേന നല്‍കാനും തുടങ്ങിയിരിക്കുന്നു വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
 
ത്വഗ്രോഗവിഭാഗം തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പ്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടത്തുന്നു.
 
ശിശുരോഗ വിഭാഗം ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടത്തുന്നു.
 
ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗം വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുന്നു.
 
സൈക്ക്യാട്രി ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുന്നു.
 
ഹൃദ്രോഗ ചികിത്സ വിഭാഗം എല്ലാ വെള്ളിയാഴ്ച്ചകളിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടത്തുന്നു.
 
ജനറല്‍ മെഡിസിന്‍ ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും നടത്തുന്നു.
 
പുതിയ ക്ലിനിക്കുകള്‍
 
ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം ജില്ലാതലത്തില്‍ ഇ-സഞ്ജീവനിയിലൂടെ നല്‍കി തുടങ്ങിയിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 10  മുതല്‍ നാല് വരെ ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ അഥവാ ഡി.ഐ.സി. സേവനങ്ങള്‍ ഇ-സഞ്ജീവനിയിലൂടെ ലഭ്യമാണ്. അഡോളസന്റ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും ഇ-സഞ്ജീവനിയില്‍ ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ നാല് വരെ റൊട്ടേഷന്‍ പ്രകാരം അഞ്ച് കൗണ്‍സിലര്‍മാര്‍ ക്ലിനിക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നു. 
 
സി.എഫ്.എല്‍.റ്റി.സി.- കോവിഡ് ആശുപത്രി ലിങ്കേജ് വഴി വിദഗ്ധ സേവനം നല്‍കാന്‍ സാധിക്കുന്നു. രോഗലക്ഷണങ്ങളെ സംബന്ധിക്കുന്ന വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ സി.എഫ്.എല്‍.റ്റി.സി. ഡോക്ടര്‍മാര്‍ക്ക് നല്‍കി റഫറല്‍ സംവിധാനം കാര്യക്ഷമമായി നടത്താന്‍ സി.എഫ്.എല്‍.റ്റി.സികളെ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. മാത്രമല്ല രോഗം ബാധിച്ച് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും ഇ-സഞ്ജീവനി വലിയൊരു അനുഗ്രഹമായി ഇന്നു മാറിയിരിക്കുകയാണ്.
പുത്തന്‍ ചുവടുവയ്പ്പ് ഏവരും പ്രയോജനപ്പെടുത്തുക.
 
ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ കുറിച്ച് നല്‍കുന്ന മരുന്നുകള്‍ നിര്‍ദേശമടങ്ങുന്ന ഇ-സഞ്ജീവനി കുറിപ്പടിയോടൊപ്പം തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകള്‍ സൗജന്യമായി ഇപ്പോള്‍ ലഭിക്കുന്നതായിരിക്കും. അതോടൊപ്പം പരിശോധനകള്‍ സംബന്ധിച്ച ഇ-സഞ്ജീവനി കുറിപ്പടി ലഭിച്ചാല്‍ പ്രസ്തുത ആശുപത്രിയില്‍ ലഭ്യമായ പരിശോധനകള്‍ അവിടെ നിന്നും ചെയ്യാവുന്നതാണ്. ഇ- സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി പൊതുജനങ്ങള്‍ ഈ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
 
ഈ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. കോവിഡ് 19 മാഹാമാരിയോടൊത്തുള്ള യാത്രയില്‍ ഇ- സഞ്ജീവനി ഒരു സഹായഹസ്തം തന്നെയാണ്.
 
Content Highlights: You can use E-Sanjeevani without any worries, Health