കോവിഡ് 19 ആധുനിക വൈദ്യലോകത്തിനും അതോടൊപ്പം പൊതുജനത്തിനും തീര്‍ത്തും അപരിചിതമായ പുതിയ ഒരു പകര്‍ച്ച വ്യാധിയാണ്. അതിനാല്‍ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ''ഒരിക്കല്‍ രോഗം പിടിപെട്ട് സുഖപ്പെട്ട ഒരാള്‍ക്കു കോവിഡ് 19 വീണ്ടും വരുമോ? മറ്റേതൊരു വൈറല്‍ രോഗത്തെ പോലെയും കോവിഡിന് ശേഷം രൂപപ്പെടുന്ന ആന്റിബോഡികള്‍ ശരീരത്തിനു സ്ഥായിയായ രോഗപ്രതിരോധം നല്‍കുമോ'' എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ദുരീകരിക്കപ്പെട്ടിട്ടില്ല. കൂടാതെ കോവിഡ് 19 ഭേദമായ ശേഷവും അനുബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കുറച്ചു കാലത്തേങ്കിലും നില്‍ക്കുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആ നിലയ്ക്ക് കോവിഡ് 19 ഭേദമായവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടതുണ്ട്.

കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആയ ശേഷവും ഏഴു ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണ്. കൂടാതെ ഇക്കാലയളവില്‍ പരിപൂര്‍ണമായ വിശ്രമം ആവശ്യമാണ്.

രോഗം ഭേദമായ വ്യക്തികള്‍ മറ്റുള്ളവരോടൊപ്പം കൃത്യമായ ഇടവേളകളിലെ സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.

കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ലഘുവായ പ്രവര്‍ത്തികള്‍ ചെയ്യുകയും ആവാം.

സമീകൃതാഹാര രീതി പിന്തുടരാം.

പുകവലി, മദ്യപാനം പോലുളള ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്.

ജീവിതശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ശരിയായ ചികിത്സയിലൂടെ രോഗനിയന്ത്രണം ഉറപ്പു വരുത്തേണ്ടതുമാണ്.

ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ രോഗിയില്‍ കോവിഡ് 19 അവശേഷിപ്പിക്കുമെന്നാണ് ചില പഠനങ്ങള്‍സൂചിപ്പിക്കുന്നത്. ചിലരില്‍ മാനസിക സമ്മര്‍ദം, ശ്വാസ തടസ്സം, അകാരണമായ ക്ഷീണം, കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറെ കാലത്തേക്കെങ്കിലും നില്‍ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കോവിഡ് ഭേദമായവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

മാനസിക പ്രശ്‌നങ്ങള്‍ കൂടിയാല്‍ ജില്ലാതല മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ക്ലിനിക്കുകളെ ആശ്രയിക്കാവുന്നതാണ്.

ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴിയും ഡോക്ടറുടെ സേവനം തേടാവുന്നതാണ്.

Content Highlights: Things to look out for if Covid19 is negative, Health