തൃശ്ശൂര്‍:'ആ സിങ്ങിനോടൊന്ന് വരാന്‍ പറയൂ...'-തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റില്‍ ഇങ്ങനെയൊന്ന് കേട്ടാല്‍ ഉറപ്പിക്കാം, അത്ര പരിചയമില്ലാത്ത ഭാഷയിലുള്ള കത്തോ കടലാസോ എത്തിയിട്ടുണ്ട്. അങ്ങനെയുള്ളവ പരിഭാഷപ്പെടുത്തുക റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്കായ ജഗ്ജീദ് സിങ് സിദ്ദുവിന്റെ കടമയാണ്. ബഹുഭാഷയറിയാവുന്ന ഈ നാല്പതുകാരന്‍ 'മല്ലൂസിങ്ങാ'ണ്. അച്ഛന്‍ പഞ്ചാബ് പട്യാല സ്വദേശി വീര്‍സാ സിങ് സിദ്ദു. അമ്മ ആലുവ സ്വദേശി രഞ്ജിത. ഇതര സംസ്ഥാനക്കാര്‍ക്കായുള്ള കൊറോണ അവബോധത്തിനായി തയ്യാറാക്കുന്ന ബഹുഭാഷാ ദൃശ്യ-ശ്രാവ്യ പരിപാടിയില്‍ പങ്കാളിയാകും ഈ മല്ലൂസിങ്.

പാകിസ്താനില്‍നിന്ന് പലായനം ചെയ്ത് പട്യാലയിലെത്തിയ കാളു സിങ്ങിന്റെ മകനാണ് വീര്‍സാ സിങ് സിദ്ദു. വീര്‍സാ സിങ്ങിന് പട്ടാളത്തിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായി പലയിടങ്ങളിലും താമസിക്കേണ്ടിവന്നിട്ടുണ്ട്. അങ്ങനെ ആലുവയില്‍ സേനയുടെ ആയുധങ്ങള്‍ നിര്‍മിക്കുന്ന ശാലയില്‍ ജോലിചെയ്യുന്ന കാലത്താണ് രഞ്ജിതയുമായുള്ള വിവാഹം. തലപ്പാവും കൃപാണും ധരിച്ച വരനും പട്ടുസാരിയുടുത്ത വധുവും 1978-ല്‍ വലിയ വാര്‍ത്തയായിരുന്നു.

അച്ഛനോടൊപ്പം മൂത്തമകനായ ജഗ്ജീദ് സിങ് സിദ്ദു ഇന്ത്യയില്‍ മിക്കയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെയാണ് പഞ്ചാബിയും ഹിന്ദിയും കുറച്ച് രാജസ്ഥാനിയുമൊക്കെ പഠിച്ചത്. ആദ്യം ജോലി കിട്ടിയത് തമിഴ്‌നാട്ടില്‍. അങ്ങനെ തമിഴ് പഠിച്ചു. സഹോദരി രാജ്വിന്ദര്‍ കൗര്‍ വിവാഹം കഴിച്ചത് ബംഗാള്‍ സ്വദേശിയെ. അങ്ങനെ ബംഗാളിയും പഠിച്ചെടുക്കാന്‍ തുടങ്ങി. അനിയന്‍ ഗുരുവിന്ദര്‍ സിങ് സിദ്ദു റഷ്യയിലാണ്. ഇപ്പോള്‍ റഷ്യന്‍ ഭാഷയും പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ജഗ്ജീദ് സിങ്. പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തില്‍. വീട്ടില്‍ സംസാരിക്കുന്നത് മലയാളം. സംസ്‌കൃതവും മോശമില്ലാതെ കൈകാര്യം ചെയ്യും. വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഔദ്യോഗിക ആവശ്യത്തിനായി എത്തുമ്പോഴും ആര്‍മി റിക്രൂട്ട്‌മെന്റ് പോലുള്ളവ നടക്കുമ്പോഴുമൊക്കെ ഭാഷാസേവനത്തിനായി സിങ്ങിന്റെ സഹായം തേടി ഉദ്യോഗസ്ഥര്‍ എത്താറുണ്ട്.

നാലുവയസ്സ് വരെ സിങ്ങ് തലപ്പാവ് ധരിച്ചിരുന്നു. പനി കലശലായപ്പോഴാണ് മുടി വെട്ടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ പഞ്ചാബി സ്‌റ്റൈലിലുള്ളത് 'കട' എന്ന കൈവളയും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കൊച്ച് കൃപാണും മാത്രം.

ക്രിസ്തുമതവിശ്വാസിയായ സഹപ്രവര്‍ത്തക ഡോണ ഡേവിഡിനെ വിവാഹം കഴിച്ചതോടെ സിങ്ങ് എല്ലാ മതവും ഉപേക്ഷിച്ചു. അഞ്ച് വയസ്സുള്ള അദ്വൈതും ഒരു വയസ്സുള്ള ആഗ്േനയും മക്കളാണ്. രണ്ട് പേരുടെയും ജന്മദിനം ഫെബ്രുവരി ആറിന്.

Content Highlights: Revenue section senior clerk Jagjit Singh Sidhu Corona awareness programme