ചോദ്യം: തൊണ്ടയില്‍നിന്നുള്ള സ്രവ പരിശോധന ഫലം സാധാരണ നിലയില്‍ എത്ര ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും?
ഉത്തരം: രണ്ടു ദിവസത്തിനകം അറിയാമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നാലു ദിവസംവരെ നീളാവുന്നതാണ്

ചോദ്യം: രോഗം സ്ഥിരീകരിച്ച വ്യക്തികളെ എത്രദിവസം കഴിഞ്ഞാണ് ആശുപത്രിയില്‍ നിന്നും വിടുതല്‍ (ഡിസ്ചാര്‍ജ്) ചെയ്യുന്നത് ?
ഉത്തരം: തുടര്‍ച്ചയായ രണ്ട് സ്രവ പരിശോധന ഫലം നെഗറ്റിവ് ആയതിനു ശേഷം രോഗിയുടെ ആരോഗ്യ സ്ഥിതികൂടി വിലയിരുത്തി വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തിന്റെ തീരുമാനപ്രകാരം വിടുതല്‍/ഡിസ്ചാര്ജ് ചെയ്യുന്നതാണ്.

ചോദ്യം: രോഗി ഉപയോഗിച്ചിരുന്ന മുറി ബാഗ് പാത്രങ്ങള്‍ മറ്റു സാധനങ്ങള്‍ തുടങ്ങിയവ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാമോ?
ഉത്തരം: 1% വീര്യമുള്ള ബ്ലീച്ച് ലായനിയില്‍ 20 മുതല്‍ 30 മിനിട്ടുവരെ മുക്കിവച്ചു അണുനശീകരണം വരുത്തി കഴുകി പുനരുപയോഗിക്കാവുന്നതാണ്.
മുറി ടോയലറ്റ് മേശ കസേര കട്ടില്‍ ബാഗ് മുതലായവ 1% വീര്യമുള്ള ബ്ലീച്ച് ലായനികൊണ്ട് തുടച്ചു അരമണിക്കൂറിനു ശേഷം ഉപയോഗിക്കാവുന്നതാണ്.
6 ടീ സ്പൂണ്‍ (2 ടേബിള്‍ സ്പൂണ്‍/30 ഴാ) ബ്ലീച്ചിങ്ങ് പൌഡര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതിനു ശേഷം ലഭിക്കുന്ന തെളിവെള്ളമാണ് 1% വീര്യമുള്ള ബ്ലീച്ച് ലായനി.

ചോദ്യം: രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ ഡിസ്ചാര്‍ജ് സമയത്ത് എന്ത് ചെയ്യണം ?
ഉത്തരം: വസ്ത്രങ്ങള്‍ 1% വീര്യമുള്ള ബ്ലീച്ച് ലായനിയില്‍ 20 മുതല്‍ 30 മിനിട്ട് മുക്കിവച്ചു കഴുകി ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാം.
പുനരുപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങള്‍ കത്തിച്ചു കളയുന്നതാണ് ഉത്തമം

ചോദ്യം: എത്ര ദിവസത്തെ ഇടവേളകളിലാണ് സ്രവ പരിശോധന നടത്തുന്നത് ?
ഉത്തരം: രോഗം മാറിയോ എന്നറിയാനാണ് സ്രവ പരിശോധന നടത്തുന്നത്.
പോസിറ്റിവ് റിസല്‍ട്ട് വന്നു കുറഞ്ഞത് 3 ദിവസമെങ്കിലും കഴിഞ്ഞാലെ രണ്ടാമത്തെ സ്രവ പരിശോധന നടത്താറുള്ളൂ.
റിസള്‍ട്ട് നെഗറ്റീവായാല്‍ 48 മണിക്കൂര്‍ കഴിഞ്ഞ് ഒരിക്കല്‍ക്കൂടി സ്രവ പരിശോധന നടത്തേണ്ടതാണ്

ചോദ്യം: ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടിലെത്തിയാല്‍ സമ്പര്‍ക്ക വിലക്കിന്റെ ആവശ്യമുണ്ടോ ?
ഉത്തരം: നിര്‍ബന്ധമായും ഉണ്ട്. അവസാന നെഗറ്റിവ് സ്രവ പരിശോധന ഫലത്തിനു ശേഷമുള്ള 14 ദിവസം അഥവാ രോഗലക്ഷണങ്ങള്‍ തുടങ്ങിയത് 
മുതല്‍ / ആശുപത്രി അഡ്മിഷന് ശേഷമുള്ള 28 ദിവസം. ഇതില്‍ ഏതാണോ കൂടുതല്‍ അത്രയും ദിവസം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ പോകേണ്ടതാണ്.

ചോദ്യം: ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടുന്നതെങ്ങനെ ?
ഉത്തരം: ആഹാരത്തില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ശരിയായ വിശ്രമവും ഉറക്കവും, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

ചോദ്യം: വാര്‍ഡില്‍ ഒരുമിച്ചു കിടത്തിയാല്‍ ഒരു രോഗിയില്‍ നിന്നും മറ്റൊരു രോഗിയിലേക്ക് വീണ്ടും അണുബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ടോ ?
ഉത്തരം: സാധ്യത കുറവാണ്. നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച രോഗാണുവിനെ ചെറുക്കാനുള്ള ആന്റിബോഡി ശരീരത്തില്‍ ഉണ്ടായ ശേഷമാണ് നാം രോഗ വിമുക്തരാകുന്നത്. ഈ അന്റിബോഡി കുറച്ചു കാലം നമ്മുടെ ശരീരത്തില്‍ കാണാറുണ്ട്. ആയതിനാല്‍ രോഗികളെ ഒരുമിച്ചു കിടത്തിയാല്‍ പകരുന്നതിനുള്ള സാധ്യത കുറവാണ്.

ചോദ്യം: രോഗം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ ?
ഉത്തരം: പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റുവാന്‍ സാധിക്കും. എന്നാല്‍ മറ്റു അസുഖങ്ങളുള്ളവര്‍ക്കും പ്രായമുള്ളവര്‍ക്കും രോഗം ഗുരുതരമാകാറുണ്ട്. നിലവിലെ ചികിത്സ മാര്‍ഗ്ഗരേഖ പ്രകാരം വൈറസുകളെ ചെറുക്കാന്‍ ശേഷിയുള്ള ആന്റി വൈറല്‍ മരുന്നുകളും രോഗ ലക്ഷണങ്ങള്‍ക്ക് അനുസൃതമായ മറ്റു മരുന്നുകളുമാണ് കൊടുത്തുകൊണ്ടിരിക്കുന്നത്.

ചോദ്യം: ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണു ?
ഉത്തരം: ഡിസ്ചാര്‍ജ് ആയശേഷവും ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരേണ്ടതാണ്. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുമായോ ഹെല്പ് ലൈന്‍ നമ്പരുമായോ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈകൊള്ളുക.

ചോദ്യം: ഒരിക്കല്‍ രോഗം ചികിത്സിച്ചു ഭേദമാക്കിയാല്‍ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ ?
ഉത്തരം: ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. അതിനാല്‍ തന്നെ രോഗം വീണ്ടും വരില്ലെന്നു തീര്‍ത്തും പറയാന്‍ സാധിക്കില്ല.

ചോദ്യം: രോഗികള്‍ ഏതുതരം മാസ്‌കാണ് ധരിക്കേണ്ടത് ?
ഉത്തരം: ത്രീ ലെയര്‍ മാസ്‌ക് അഥവാ സര്‍ജിക്കല്‍ മാസ്‌കാണ് ധരിക്കേണ്ടത്

Content Highlight: Once coronavirus is confirmed; Some questions and answers