കോവിഡ് കാലത്ത് രോഗികൾ ഹൃദ്രോഗ വിദഗ്ധരോട്ചോദിച്ച ചില സംശയങ്ങളാണിവ. കോവിഡ് 19 നെ കുറിച്ചുള്ള നിലവിലുള്ള അറിവുകളും കേരളത്തിലെ സാഹചര്യവും അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. കൊറോണയെക്കുറിച്ചുള്ള മെഡിക്കൽ സയൻസിന്റെ പുരോഗതിക്കനുസരിച്ച് ഈ നിർദേശങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം.
ഹൃദ്രോഗികൾക്കും കുടുംബാംഗങ്ങൾക്കും സഹായകമായ ചില പൊതു നിർദ്ദേശങ്ങൾ മാത്രമാണ് ഇവിടെ വിശദമാക്കുന്നത്.
ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് മറക്കരുത്. കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന് വേണ്ടി ഡോ. സാജൻ അഹമ്മദ്, ഡോ. ജെയിംസ് തോമസ്, ഡോ. കരുണദാസ് സി.പി., ഡോ. സജീവ് സി.ജി. എന്നിവരാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
1. എനിക്ക് ഹൃദയ സംബന്ധമായ അസുഖം ഉണ്ട്. കോവിഡ് 19 ന് എതിരെയുള്ള പൊതു മുൻകരുതലുകൾ ഞാൻ സ്വീകരിക്കേണ്ടതുണ്ടോ?
തീർച്ചയായും. സർക്കാരും ആരോഗ്യ അധികൃതരും നിർദ്ദേശിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും പാലിക്കുവാൻ താങ്കളും ബാധ്യസ്ഥനാണ് .
2. എനിക്ക് ഹൃദ്രോഗമുണ്ട്. ഞാൻ കോവിഡ് 19 നെ ഭയക്കേണ്ടതുണ്ടോ?
മറ്റു രോഗങ്ങളുള്ളവർക്ക് കോവിഡ് മൂലം സങ്കീർണമായ- രോഗാവസ്ഥ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഭയപ്പാടല്ല. ജാഗ്രത മാത്രം മതി.
3. എന്റെ അടുത്ത ചെക്കപ്പിനുള്ള സമയം ആയി. എനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നുന്നുമില്ല. - ഇപ്പോഴത്തെ അവസ്ഥയിൽ ഡോക്ടറെ കാണുക പ്രയാസമാണല്ലോ. ഞാൻ എന്ത് ചെയ്യണം?
ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ കൃത്യമായി തുടർന്നും കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ മാത്രമേ തോന്നുന്നുള്ളൂവെങ്കിൽ, ആശുപത്രിയുമായോ ഡോക്ടറുമായോ ഫോണിലൂടെയോ, ഇ-മെയിലിലൂടെയോ വാട്സഅപ്പിലൂടെയോ, ഇ-കൺസൾട്ടേഷൻ പോർട്ടലുകൾ മുഖേനെയോ ബന്ധപ്പെടാൻ ശ്രമിക്കാം. എന്നാൽ ഗൗരവമായ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ താങ്കളുടെ കാർഡിയോളജിസ്റ്റുമായോ ആശുപത്രിയുമായോ എത്രയും വേഗം ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്.
4. അനാവശ്യമായ ആശുപത്രി യാത്രകൾ ഞാൻ എന്തുകൊണ്ട് ഒഴിവാക്കണം?
നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയെ കണക്കിലെടുത്ത്, പരമാവധി യാത്രകൾ ഒഴിവാക്കി 'ബ്രേക്ക് ദി ചെയിൻ' യജ്ഞത്തിൽ പങ്കാളികളാവുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
ആശുപത്രി സന്ദർശനം താങ്കൾക്കും കുടുംബാംഗങ്ങൾക്കും കോവിഡ് 19 പിടിപെടാനുള്ള സാധ്യത കൂട്ടുകയേയുള്ളൂ. മാത്രമല്ല, ആശുപത്രികളും വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. വേണ്ടത്ര ആരോഗ്യ പ്രവർത്തകരുടെയും ഉപകരണങ്ങളുടെയും മാസ്ക്കുകളുടെയും മറ്റ് സുരക്ഷാ കിറ്റുകളുടെയും അഭാവം മൂലം സമ്മർദത്തിലായിരിക്കുന്ന ആരോഗ്യ മേഖലയ്ക്ക് അനാവശ്യ ഭാരം കൊടുക്കാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
5. ഞാൻ കഴിച്ചു കൊണ്ടിരുന്ന ബ്രാൻഡ് മരുന്നുകൾ ഈ ലോക്ക്ഡൗൺ കാലത്തു എനിക്ക് ലഭിക്കുന്നില്ല. എന്ത് ചെയ്യണം?
കഴിച്ചു കൊണ്ടിരുന്ന ബ്രാൻഡ് മരുന്നുകൾ തന്നെ കിട്ടിയാൽ നല്ലത്. പക്ഷേ കിട്ടിയില്ലെങ്കിലും പരിഭ്രമിക്കേണ്ട. അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ഉള്ള ബ്രാൻഡ് വാങ്ങിയാൽ മതിയാവും. മരുന്നും ഡോസും മാറിയിട്ടില്ല എന്ന് ഉറപ്പാക്കിയാൽ മാത്രം മതി.
6. എന്റെ ആൻജിയോപ്ലാസിയും സ്റ്റെന്റിങ്ങും ഈയിടെയാണ് കഴിഞ്ഞത്. മരുന്നുകൾ ഒക്കെ കിട്ടാൻ ഈയിടെയായി അല്പം ബുദ്ധിമുട്ടു നേരിടുന്നു. ഇടയ്ക്ക് മരുന്ന് മുടങ്ങിയാൽ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?
അബദ്ധം കാണിക്കല്ലേ. സ്റ്റെന്റ് അടഞ്ഞു പോകാതിരിക്കാൻ മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഹൃദയാഘാതമുണ്ടാവും.
7. എന്റെ ബൈപ്പാസ് സർജറി കഴിഞ്ഞതാണ്. ഈ സമയത്തു ഞാൻ എന്താണ് ചെയ്യേണ്ടത്?
താങ്കളുടെ കാർഡിയാക് സർജനോ കാർഡിയോളോജിസ്റ്റോ നിർദേശിച്ച പോലെ തന്നെ മരുന്നുകൾ തുടരുക. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ഇപ്പോൾ ആശുപത്രിയിൽ പോകണമെന്നില്ല.
8. അടുത്ത മാസം എന്റെ ആൻജിയോപ്ലാസ്റ്റി ചെയ് യാൻ ഡോക്ടർ ഡേറ്റ് തന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഞാൻ എന്ത് ചെയ്യണം?
കോവിഡിനെതിരെയുള്ള ഈ പോരാട്ടത്തിൽ, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ആശുപത്രികളുടെ പ്രവർത്തന രീതികളും മാറിയേക്കാം. അത് കൊണ്ട് ഈ കാര്യത്തിൽ ശരിയായ തീരുമാനം എടുക്കാൻ ഏറ്റവും യോജിച്ചയാൾ താങ്കളുടെ കാർഡിയോളജിസ്റ്റ് തന്നെയാണ്. താങ്കളുടെ ബ്ലോക്ക് വളരെ ഗൗരവമേറിയതാണെങ്കിലോ, അല്ലെങ്കിൽ കൂടെക്കൂടെ നെഞ്ച് വേദനയോ മറ്റു ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കിലോ, ആൻജിയോപ്ലാസ്റ്റിയുമായി താങ്കളുടെ ഡോക്ടർ മുൻപോട്ടു പോകാനാണ് സാധ്യത. എന്നാൽ തങ്ങളുടെ ബ്ലോക്ക് അത്ര പ്രശ്നകാരിയല്ലെങ്കിൽ, കാര്യമായ നെഞ്ചുവേദന ഒന്നും അനുഭവപ്പെടുന്നില്ലെങ്കിൽ (ഇതിനെ സ്റ്റേബിൾ കൊറോണറി ആർട്ടറി ഡിസീസ് എന്ന് പറയും) അല്പം കൂടി സുരക്ഷിതമായ സമയത്തേക്ക് ആൻജിയോപ്ലാസ്റ്റി മാറ്റി വയ്ക്കാൻ സാധ്യതയുണ്ട്.
9. ഈ കോവിഡ് കാലത്ത് ഹൃദ്രോഗം വന്നാൽ എനിക്ക് ചികിത്സ ലഭിക്കാതിരിക്കുമോ?
അങ്ങനെ ഒരു ഭയമേ വേണ്ട. ഏതൊരു ആശുപത്രിയിലും ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായ മുൻഗണന ലഭിക്കും. മറ്റു ആരോഗ്യ മേഘലകളിലെന്ന പോലെ, ഹൃദ്രോഗ ചികിത്സയിലും ഉന്നത നിലവാരമുള്ള നമ്മുടെ കേരളത്തിൽ, തീർച്ചയായും താങ്കൾക്കു അനുയോജ്യമായ ചികിത്സ കിട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
10. രക്തം കട്ട പിടിക്കാതിരിക്കാനുള്ള Warfarin (അല്ലെങ്കിൽ Acenocoumarin) ഗുളിക ഞാൻ കഴിക്കുന്നുണ്ട്. കൃത്യമായി INR ചെക്ക് ചെയ്താണ് ഡോക്ടർ ഡോസ് നിശ്ചയിച്ചിരുന്നിരുന്നത്. ഈ അവസ്ഥയിൽ ഞാൻ എന്ത് ചെയ്യണം?
അടുത്ത നാളുകളിൽ താങ്കളുടെ INR കൃത്യമായ അളവിലായിരുന്നെങ്കിൽ ഇപ്പോൾ കഴിക്കുന്ന ഡോസ് തന്നെ കഴിച്ചാൽ മതിയാകും. INR ചെക്ക് ചെയ്യാൻ സാധിക്കുമെങ്കിൽ അതാണേറ്റവും നല്ലത് . INR നിശ്ചിത പരിധിയിൽ വളരെ കുറവോ കൂടുതലോ ആണെങ്കിലോ, ഏതെങ്കിലും രീതിയിലുള്ള രക്തസ്രാവം ഉണ്ടെങ്കിലോ ഡോക്ടറുമായോ ആശുപത്രിയുമായോ ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. മിക്കവാറും ആശുപത്രിയിൽ പോകാതെ തന്നെ മരുന്നിന്റെ ഡോസ് ക്രമീകരിക്കാൻ സാധിക്കും.
INR പരിശോധന ആവശ്യമില്ലാത്ത NOAC വിഭാഗത്തിൽ പെട്ട മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. ഇത് താങ്കൾക്കു യോജിച്ചതാണോ എന്ന് ഡോക്ടറോട് ചോദിക്കാവുന്നതാണ്. (വാൽവ് മാറ്റി ലോഹ വാൽവ് വെച്ചിട്ടുള്ളയാളാണ് താങ്കളെങ്കിൽ NOAC ഗണത്തിൽപ്പെട്ട മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല എന്നുള്ള കാര്യം മറക്കരുതേ)
11. ലോക്ക് ഡൗൺ കാരണം ഞാൻ അല്പം സാമ്പത്തിക ഞെരുക്കത്തിലാണ്. ഇത് ഞാൻ ഡോക്ടറോട് പറയണോ?
തീർച്ചയായും വേണം. താങ്കളുടെ പ്രശ്നം അറിഞ്ഞാൽ അതനുസരിച്ചു മരുന്നുകളിൽ വ്യത്യാസം വരുത്താൻ ഡോക്ടർക്ക് സാധിക്കും. പല മരുന്നുകൾ ഒരുമിച്ചു ചേർത്ത കോംബിനേഷൻ മരുന്നുകൾ ഉപയോഗിച്ചാൽ, മരുന്നുകളുടെ എണ്ണവും വിലയും ചിലപ്പോൾ കുറയ്ക്കാൻ സാധിച്ചേക്കും. ചിലവേറിയ മരുന്നുകൾക്ക് പകരമായി വില കുറവുള്ള മരുന്നുകൾ ഉപയോഗിക്കാൻ സാധിക്കുന്ന സാഹചര്യമാണ് താങ്കളുടേതെങ്കിൽ തീർച്ചയായും ഡോക്ടർ താങ്കളെ സഹായിക്കും. പല മരുന്നുകളും ഇപ്പോൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായോ, ചില ഫാർമസികളിൽ വില കുറഞ്ഞോ ലഭിച്ചേക്കും.
12. ഞാൻ അമിത രക്തസമ്മർദത്തിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഇവ ഞാൻ തുടരേണ്ടതുണ്ടോ?
തീർച്ചയായും. രക്തസമ്മർദം നിയന്ത്രണവിധേയമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ കൃത്യമായി തുടരാൻ ശ്രദ്ധിക്കുക.എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടുക. ഡോക്ടർ നിർദേശിച്ചാൽ മാത്രമേ മരുന്നുകൾ മാറ്റേണ്ട ആവശ്യമുള്ളൂ. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള സമയമായതിനാൽ, ഓട്ടോമാറ്റിക് മെഷീൻ ഉണ്ടെങ്കിൽ, അതുപയോഗിച്ച് വീട്ടിൽ ഇരുന്ന് തന്നെ കൃത്യമായി രക്തസമ്മർദ്ദം പരിശോധിക്കുവാൻ സാധിക്കും.
13. ഞാൻ ACE inhibitor ( Ramipril / Enalapril / Lisinopril) coogia-108 ARB വിഭാഗത്തിലുള്ള മരുന്നുകൾ (Losartan / Telmisartan | OImesartan/ Azilsartan) ഉപയോഗിക്കുന്നുണ്ട്. ഈ വിഭാഗങ്ങളിൽപ്പെട്ട മരുന്നുകൾ കഴിക്കുന്നവർക്ക് ഗൗരവമായ കോവിഡ് ബാധ വരാൻ സാധ്യതയുണ്ടെന്ന് വാട്സപ്പിൽ കണ്ടു. ഇത് സത്യമാണോ?
ഈ വിഷയത്തെ പറ്റി വ്യത്യസ്തമായ വാദങ്ങളുണ്ടെങ്കിലും, ഇങ്ങനെ ഒരു ഭീതിക്ക് ശാസ്ത്രീയ അടിത്തറയില്ല എന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധ അഭിപ്രായം. അതിനാൽ ഈ വിഭാഗങ്ങളിലുള്ള മരുന്നുകൾ കഴിക്കുന്നവർ അവ മാറ്റേണ്ട ആവശ്യമില്ല എന്ന് തന്നെയാണ് പ്രധാനപ്പെട്ട കാർഡിയോളജി സംഘടനകളുടെ നയം. എന്നിരുന്നാലും, താങ്കൾക്ക് ഇതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് സംശയനിവാരണം വരുത്താവുന്നതാണ്.
14. ഉയർന്ന കൊളസ്ട്രോളിനായി സ്റ്റാറ്റിൻ വിഭാഗത്തിലുള്ള മരുന്ന് അടുത്തിടെ തുടങ്ങിയിരുന്നു (Atorvastatin/Rosuvastatin etc). രണ്ടു മാസം കഴിഞ്ഞ് ഡോക്ടറെ കാണേണമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പോകാൻ സാധിക്കാത്തതിനാൽ ഞാൻ മരുന്ന് തുടരണോ?
തീർച്ചയായും. ഇപ്പോൾ കഴിക്കുന്ന മരുന്ന് അതേ ഡോസിൽ തന്നെ തുടർന്ന് കഴിക്കുക. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ തീർന്നതിന് ശേഷം മാത്രം ഡോക്ടറെ കണ്ടാൽ മതിയാവും.
15. എനിക്ക് ഹൃദ്രോഗം മാത്രമല്ല പ്രമേഹവും ഉണ്ട്. ഞാൻ കോവിഡ് രോഗത്തെ കൂടുതൽ ഭയക്കേണോ?
പ്രമേഹമുള്ള വ്യക്തിക്ക് കോവിഡ് മാത്രമല്ല എല്ലാ അണുബാധകളും പിടിപെടാനും, പിടിപെട്ടാൽ ഗൗരവതരമാവാനും സാധ്യത ഒരല്പം കൂടുതലാണെന്നത് സത്യമാണ്. പക്ഷേ അനാവശ്യ ഭീതി ഒഴിവാക്കി ആവശ്യമുള്ള മുൻകരുതലുകൾ എടുത്താൽ മാത്രം മതി. പ്രമേഹം നിയന്ത്രണവിധേയമായി സൂക്ഷിക്കേണ്ടത് ഇക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ്. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽ തന്നെ രക്തപരിശോധന നടത്തി ഇത് ചെയ്യാവുന്നതേയുള്ളൂ.
ഭയമല്ല. ശ്രദ്ധയാണ് വേണ്ടതെന്ന് ചുരുക്കം
16. എന്റെ അച്ഛന് ഹൃദ്രോഗവും വൃക്കരോഗവും ഉണ്ട്. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസും ചെയ്യുന്നു. ഈ അവസ്ഥയിൽ ഞങ്ങൾ എന്ത് ചെയ്യണം?
ഹൃദ്രോഗത്തിനുള്ള മരുന്നുകൾ തുടരുന്നത് പോലെ തന്നെ പ്രധാനപെട്ടതാണ്, അദ്ദേഹത്തിന്റെ ഡയാലിസിസ് തുടരുന്നതും. ഡയാലിസിസുകളുടെ എണ്ണം കുറയ്ക്കാമോ എന്നും താങ്കളുടെ വീടിന്റെ അടുത്തുള്ള ആശുപത്രിയിൽ ഡയാലിസിസ് ചെയ്യാൻ സാധിക്കുമോ എന്നും അച്ഛനെ ചികിത്സിക്കുന്ന വൃക്കരോഗ വിദഗധനോട് ചർച്ച ചെയ്യുന്നതു നന്നായിരിക്കും.
17. ഞാൻ ഹാർട്ട് ഫെയിലറിന് ചികിത്സയിലാണ്. ഈ സമയത്ത് എന്തൊക്കെ മുൻകരുതലുകളാണ് ഞാനെടുക്കേണ്ടത്?
ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ കൃത്യമായി തുടരുക. ലോക്ക്ഡൗൺ മൂലം താങ്കളുടെ ഭക്ഷണരീതിയിൽ വ്യത്യാസം വന്നിരിക്കാൻ സാധ്യതയുണ്ട്. ഉപ്പിന്റെയും വെള്ളത്തിന്റെയും മറ്റു പാനീയങ്ങളുടെയും കാര്യത്തിൽ ഡോക്ടറുടെ നിബന്ധനകൾ കർശനമായി പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യമായി ബെഡ് റെസ്റ്റ് എടുക്കുന്നത് കാലിലെ വെയ്നുകളിൽ രക്തം കട്ട പിടിച്ചു ഡീപ് വെയിൻ ത്രോംബോബിസ് എന്ന രോഗം ഉണ്ടാക്കാൻ കാരണമായേക്കും.
കൊറോണ പിടിപെടാതിരിക്കാൻ സാമൂഹിക അകലം താങ്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.
18. എന്റെ അമ്മയ്ക്ക് ഒരു വർഷം മുൻപ് ഹാർട്ട് അറ്റാക്ക് വന്നതാണ്. ഇപ്പോൾ ഹൃദ്രോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നുമുണ്ട്. ഈ മാസം അമ്മയ്ക്ക് ഹെർണിയ സർജറി നിശ്ചയിച്ചതായിരുന്നു. സർജറിയുമായി ഞങ്ങൾക്ക് മുൻപോട്ടു പോകാമോ?
ഈ സമയത്തു അത്യാവശ്യമല്ലാത്ത (elective ) ശസ്ത്രക്രിയകൾ ഒഴിവാക്കുന്നതായിരിക്കും ഉചിതം. സർജറി സുരക്ഷിതമായി നീട്ടി വെക്കാൻ സാധിക്കുന്നതാണോ എന്ന് താങ്കളുടെ സർജനുമായി സംസാരിക്കൂ.. ഇനി നീട്ടി വെക്കാനാവാത്ത ഓപ്പറേഷൻ ആണെങ്കിൽ, സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചറിയാൻ താങ്കളുടെ കാർഡിയോളജിസ്റ്റുമായോ ആശുപത്രിയുമായോ ബന്ധപ്പെടുക.
19. എന്റെ ഭർത്താവിന് ആറു മാസം മുൻപ് ഹാർട്ട് അറ്റാക്ക് വന്നതാണ്. അന്ന് അദ്ദേഹം പുകവലി നിർത്തിയതുമാണ്. ഇപ്പോൾ ലോക്ക്ഡൗണിന്റെ പേരും പറഞ്ഞു വീണ്ടും പുകവലി തുടങ്ങിയിരിക്കുന്നു. ഇത് അപകടമല്ലേ?
തീർച്ചയായും. പുകവലി വീണ്ടും ഹൃദ്രോഗം വരാനുള്ള സാധ്യത പല മടങ്ങ് കൂട്ടും. മാത്രമല്ല, പുകവലി ശ്വാസകോശ രോഗങ്ങളും കാൻസറും ഉണ്ടാക്കുകയും ഗൗരവമേറിയ കോവിഡ് രോഗബാധ ഉണ്ടാകാനുമുള്ള സാധ്യത കൂട്ടുകയും ചെയ്യും. അത് മാത്രമോ? കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിലുള്ള ലോക്ഡൗൺ സമയത്ത്, വീട്ടിലിരുന്ന് പുക വലിക്കുന്നത് കുടുംബം മുഴുവൻ പുകവലിയുടെ ദൂഷ്യവശങ്ങൾ അനുഭവിക്കുവാൻ ഇടയാക്കുന്നു (passive smoking).
20. എനിക്ക് ഹൃദ്രോഗമുണ്ട്. നാട്ടിൽ കൊറോണ ഉണ്ടെന്നു കരുതി ഞാൻ വീട്ടിലിരുന്ന് അല്പം മദ്യം ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?
മദ്യം ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. ഉപയോഗിക്കുന്ന അളവ് കൂടുന്തോറും ശരീരത്തിന്റെ ഒട്ടു മിക്ക അവയവങ്ങളെയും മദ്യം ദോഷകരമായി ബാധിച്ചേക്കാം. ലോക്ക്ഡൗൺ കാരണം ഇനി മദ്യം കിട്ടാതെ വന്നാൽ അപകടകരമായ ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം ഉണ്ടാവാനും സാധ്യതയുണ്ട്. ഇത് ഹൃദ്രോഗികളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. മദ്യപാനം നിർത്താൻ ഉറച്ച തീരുമാനമെടുക്കൂ. കൊറോണ മൂലം അങ്ങനെയൊരു നന്മ താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.സഹായത്തിനു സർക്കാരിന്റെ 'വിമുക്തി' പോലെയുള്ള പദ്ധതികളും ആൽക്കഹോളിക് അനോണിമസ് പോലെയുള്ള സന്നദ്ധ സംഘടനകളും സർക്കാർ-സ്വകാര്യ ആശുപത്രികളിലേ ലഹരി വിമോചന കേന്ദ്രങ്ങളും ഉണ്ട്.
21. എനിക്ക് ഹാർട് അറ്റാക്ക് ഉണ്ടായതിന് ശേഷം ഞാൻ സ്ഥിരമായി ജിമ്മിൽ പോയി വ്യായാമം ചെയ്യുമായിരുന്നു. ഇത് ഇപ്പോൾ തുടരാൻ സാധിക്കുമോ?
നിലവിൽ ലോക്ക്ഡൗൺ ആയതു കൊണ്ടും, സാമൂഹിക അകലം പാലിക്കാൻ നാം ബാധ്യസ്ഥരായതു കൊണ്ടും ജിമ്മിൽ പോകുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കാൻ പോലും സാധ്യമല്ല. അതിന്റെ അർഥം വ്യായാമം നിർത്തണമെന്നല്ല. മറിച്ച് തുടരുകയാണ് വേണ്ടത്.
വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമ മുറകൾ ചെയ്തു തുടങ്ങാം. വീട്ടിനുള്ളിൽ നടക്കുന്നത് തന്നെ നല്ലൊരു വ്യായാമമാണ്. വ്യായാമം തുടരുന്നത് നമ്മുടെ ശരീരത്തിന്റെ മാത്രമല്ല. മനസ്സിന്റെ ആരോഗ്യവും സംരക്ഷിക്കും.
22. എല്ലാ വർഷവും ഈ സമയത്ത് ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായി എക്കോയും ടി.എം.ടിയും ഞാൻ ചെയ്യാറുണ്ട്. ഇപ്പോൾ ഇതിനായി ആശുപത്രിയിൽ പോയാൽ കുഴപ്പമുണ്ടോ?
പാടില്ല. പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ ഇപ്പോൾ ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയം വീട്ടിൽ ഇരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
23. എന്റെ മകൾക്ക് ഹൃദയഭിത്തിയിൽ സുഷിരമുണ്ട് (ഉദാ: ASD/VSD- PDA ). Device Closure എന്ന മാർഗത്തിലൂടെ ഇത് അടയ്ക്കുവാൻ, ഈ സ്കൂൾ അവധിക്ക് ഡോക്ടർ തീയതി തന്നിരുന്നു. ഈ സമയത്ത് ഇത് സുരക്ഷിതമാണോ?
ഇത് അത്യാവശ്യമായി ചെയ്യേണ്ടതാണോ അല്ലയോ എന്ന് പറയുവാൻ ഏറ്റവും ഉചിതമായ വ്യക്തി മകളുടെ ഹൃദ്രോഗ വിദഗധൻ തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ചികിത്സ തത്‌ക്കാലം മാറ്റി വയ്ക്കാൻ ഡോക്ടർ പറഞ്ഞാൽ, അപ്രകാരം ചെയ്യാൻ മടിക്കേണ്ട.
24. ഞാൻ ഹൃദ്രോഗമുള്ള വ്യക്തിയാണ്. കോവിഡ് രോഗം വന്ന് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട സാഹചര്യം ഉണ്ടായാൽ, എന്റെ രോഗത്തെ പറ്റി എന്തൊക്കെ കാര്യങ്ങൾ ഞാൻ മെഡിക്കൽ ടീമിനോട് പറയണം?
താങ്കളുടെ രോഗവിവരം, ചികിത്സാ രേഖകൾ, മരുന്നിന്റെ ലിസ്റ്റ് എന്നിവ കൈവശം കരുതുന്നത് നല്ലതാണ്. സ്മാർട്ട് ഫോണിൽ ഫോട്ടോ ആയി സൂക്ഷിച്ചാലും മതി. താങ്കൾക്ക് ശരിയായ ചികിത്സ ലഭിക്കുവാൻ ഈ വിവരങ്ങൾ സഹായിക്കും. താങ്കളുടെ അസുഖമനുസരിച്ചു, കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിൽ ഡോക്ടർ വ്യത്യാസം വരുത്തിയേക്കാം.
25. ഹൈഡ്രോക്സി ക്ലോറോക്വിനൈൻ (HCQS)എന്ന മരുന്ന് കോവിഡ് രോഗം തടയും എന്ന് ഞാൻ വാട്സപ്പിൽ വായിച്ചു. എനിക്ക് ഹൃദ്രോഗം ഉള്ളതിനാൽ ഈ മരുന്ന് ഒരു പ്രതിരോധ മാർഗമായി ഞാൻ കഴിക്കുന്നതല്ലേ നല്ലത്?
തീർച്ചയായും അല്ല. ഡോക്ടറുടെ നിർദേശമില്ലാതെ എച്ച്.സി.ക്യു.എസ്. എന്നല്ല, ഒരു മരുന്നും ഉപയോഗിക്കാൻ പാടില്ല.
എച്ച്.സി.ക്യു.എസ്. പ്രതിരോധ മാർഗമായി നിർദേശിച്ചിരിക്കുന്നത് പ്രത്യേക വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് (ഉദാ: ആരോഗ്യ പ്രവർത്തകർ). എച്ച്.സി.ക്യു.എസ്. അപൂർവമായി ഇ.സി.ജിയിൽ ചില വ്യതിയാനങ്ങളുണ്ടാക്കി അപകടത്തിലേക്ക് നയിച്ചേക്കാം. സാധാരണമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ ഇതിനുള്ള സാധ്യത കൂട്ടുകയും ചെയ്യേക്കാം. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ എച്ച്.സി.ക്യു.എസ്. ഉപയോഗിക്കാവൂ.
26. എന്റെ ബന്ധു ഹാർട്ട് അറ്റാക്ക് ആയി ആശുപത്രിയിൽ അഡ്മിറ്റ് ആണ്. ആശുപത്രിയിൽ പോയി അദ്ദേഹത്തെ ഒന്ന് സന്ദർശിക്കുന്നതിൽ തെറ്റുണ്ടോ?
ഈ സമയത്ത് അനാവശ്യമായ ആശുപത്രി യാത്രകൾ ഒഴിവാക്കുവാൻ
ശ്രദ്ധിക്കുക. താങ്കളുടെ സ്നേഹാന്വേഷണങ്ങൾ ഫോൺ വിളിച്ചോ വാട്സപ്പിലൂടെയോ സുരക്ഷിതമായി അറിയിക്കാമല്ലോ. പരിഭവം തോന്നില്ല എന്ന് മാത്രമല്ല, താങ്കളുടെ കരുതലിനെ ബന്ധു അഭിനന്ദിക്കുകയേ ഉള്ളൂ.
27. ഞാൻ ഹൃദ്രോഗമുള്ള വ്യക്തിയാണ്. കോവിഡിനെ കുറിച്ചുള്ള വാർത്തകൾ ടി.വിയിലും വാട്സപ്പിലും കാണുമ്പോൾ എനിക്ക് ഭയവും ആധിയും തോന്നുന്നു. ചിലപ്പോൾ ഉറക്കം തന്നെ തടസപ്പെടുന്നുമുണ്ട്. എനിക്ക് ഇതെങ്ങനെ നിയന്ത്രിക്കാനാകും?
ആകുലതയുടെ ആവശ്യമേയില്ല. കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും അഹോരാത്രം പ്രവർത്തിക്കുകയാണ്. കോവിഡ് 19 നെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത് നല്ലത് തന്നെയാണ്. പക്ഷേ കാഴ്ചയും ചിന്തയും ഇത് മാത്രമാകാതെ നോക്കണം.
കൊറോണ വാർത്തകളുടെ അതിപ്രസരം താങ്കളെ അസ്വസ്ഥനാക്കുന്നുണ്ടെങ്കിൽ വാട്സപ്പിന്റെയും ടി.വിയുടെയും ഉപയോഗം നിശ്ചിത സമയത്തേക്ക് പരിമിതപ്പെടുത്തെന്നുതാണ് നല്ലത്. ഉറങ്ങാൻ പോകുന്നതിനു മുൻപുള്ള സമയം ടി.വിയ്ക്കും ഫോണിനും വിശ്രമം കൊടുക്കൂ. ശുഭചിന്തകൾ മനസ്സിൽ നിറയട്ടെ ആ സമയം.
Content Highlights:Covid19 Heart patients needs to know doubts and answers Corona Virus outbreak, Health