ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാനില്‍ നിന്നും വ്യാപിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണന്ന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറുമായ ഡാനി ഷോഹാത്തിന്റെ പ്രതികരണം. കൊറോണ വൈറസ് അനിയന്ത്രിതമായി ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ടൈംസ് ആണ് ഡാനിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ചൈനയിലെ പ്രധാന നഗരമായ വുഹാനിലെ അത്യാധുനിക വൈറസ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് വുഹാന്‍ ടെലിവിഷന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നാണ് ഈ അത്യാധുനിക ഗവേഷണ സ്ഥാപനത്തിന്റെ പേര്. കൊറോണ പോലെ ഇത്രയും മാരകമായ വൈറസുകളുമായി ഇടപെടാന്‍ പ്രാപ്തിയുള്ള ചൈനയിലെ ഏക പ്രഖ്യാപിത സെന്ററാണ് ഈ ലബോറട്ടറി.

ജൈവായുധ ഗവേഷണങ്ങളുടേയും വികസനത്തിന്റേയും ഭാഗമായി പല പരീക്ഷണങ്ങള്‍ ഈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചൈന നടത്തുന്നുണ്ട്. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ചൈനയടെ ജൈവായുധ പരീക്ഷണങ്ങളുടെ ഭാഗമാണോ പുതിയ കൊറോണ വൈറസിന്റെ വ്യാപനമെന്ന് പരിശോധിക്കേണ്ടിയിരുക്കുന്നു. ഗവേഷണം പരാജയപ്പെട്ട് വൈറസ് പുറത്തേക്ക് പടര്‍ന്നതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല- ഡാനി വിശദീകരിച്ചു. 

CORONA VIRUS

കൊറോണ വൈറസ് വ്യാപനം ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഡാനിയുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളോട് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

വുഹാനിലെ കടല്‍വിഭവവിപണന കേന്ദ്രത്തില്‍ നിന്നും അല്ല വൈറസ് വ്യാപനം ആരംഭിച്ചതെന്നും അവ ചൈന മെനഞ്ഞെടുത്ത കഥകളാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിക്ക് മാര്‍ക്കറ്റില്‍ നിന്നല്ല രോഗം ബാധിച്ചതെന്ന പഠനം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്. 

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത്തരം റിപ്പോര്‍ട്ടുകളോട് ചൈന പ്രതികരിക്കാത്തതും ജൈവായുധ ആരോപണങ്ങളില്‍ സംശയം വര്‍ധിപ്പിക്കുന്നുണ്ട്. 

Content Highlights: Corona Virus Outbreak, Wuhan Virus, China Bio weapon Program