ഡെല്‍റ്റ പ്ലസ് വകഭേദം ബ്രേക് ത്രൂ ഇന്‍ഫെക്ഷന് കാരണമാകുമെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ നിലവിലെ വാക്‌സിനേഷന്‍ ഫലം കാണാതെ പോകുമോ?

ഡെല്‍റ്റ വകഭേദങ്ങള്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷന് കാരണമാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ലഭ്യമായ വാക്‌സിനുകള്‍ സാധാരണ വൈറസുകളില്‍ നിന്ന് നല്‍കുന്ന അത്രതന്നെ സംരക്ഷണം ഡെല്‍റ്റ വൈറസുകളില്‍ നിന്ന് നല്‍കുമോ എന്ന് ഉറപ്പിക്കാനാകില്ല. എന്നുകരുതി ആശങ്കപ്പെടേണ്ട സാഹചര്യവും ഇല്ല. ഡെല്‍റ്റ വൈറസുകള്‍ക്കെതിരെ കോവിഷീല്‍ഡ് വാക്‌സിന്റെ ഒറ്റ ഡോസ് 33 ശതമാനവും രണ്ട് ഡോസ് 60 ശതമാനവും സംരക്ഷണം നല്‍കുമെന്നാണ് പഠനം. ഫൈസര്‍ വാക്‌സിന്‍ രണ്ട് ഡോസ് 88 ശതമാനം വരെ സംരക്ഷണം നല്‍കുന്നുണ്ട്. അതുകൊണ്ട് വാക്‌സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയിക്കേണ്ട കാര്യമില്ല. 

ബൂസ്റ്റര്‍ ഡോസ് വേണ്ടി വന്നാല്‍ അത് നിലവിലെ വാക്‌സിനോട് സമാനമായിരിക്കുമോ? അതോ വകഭേദങ്ങളെ ചെറുക്കാന്‍ പാകത്തിന് മാറ്റംവരുത്തിയതാകുമോ? 

ബൂസ്റ്റര്‍ ഡോസ് വേണമോ വേണ്ടയോ ഏതൊക്കെ വാക്‌സിനാണ് വേണ്ടിവരുക, എത്ര നാളുകള്‍ക്ക് ശേഷം എന്നതൊക്കെ അറിയാന്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. നിലവില്‍ നമ്മള്‍ സ്വീകരിക്കുന്ന വാക്‌സിനെ പൂര്‍ണമായും അതിജീവിക്കാന്‍ വൈറസ് വകഭേദങ്ങള്‍ക്ക് സാധിച്ചാല്‍, മാറ്റംവരുത്തിയ ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരും. അങ്ങനെയൊരു സാഹചര്യമുള്ളതായി ഇതുവരെയുള്ള പഠനങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നില്ല. നിലവിലെ വാക്‌സിന്‍ എത്രകാലത്തെ സംരക്ഷണം നല്‍കും, അതില്‍ മാറ്റമൊന്നും വരുത്താതെ തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടി വരുമോ എന്നൊക്കെ അറിയാന്‍ കുറച്ചുമാസങ്ങള്‍ കൂടി കഴിയേണ്ടി വരും. 

വാക്‌സിനേഷന്‍ ആരംഭിച്ചിട്ട് ആറുമാസത്തോളമാകുന്നു. ഇതിനെക്കുറിച്ചുള്ള പഠനങ്ങളില്‍ നാം എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട്? എന്തൊക്കെ നിഗമനങ്ങളാണ് പൊതുവായി, ആധികാരികമായി പറയാന്‍ സാധിക്കുക?

വാക്‌സിനേഷന്‍ ആരംഭിച്ചതുമുതല്‍ തന്നെ അതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ പോലെയൊരു രാജ്യത്ത് അതിന് ചില പരിമിതികളുണ്ട്. വാക്‌സിന്‍ കൊടുക്കുക എന്നതിനപ്പുറം വിവരങ്ങള്‍ ശേഖരിക്കാനും അത് ക്രോഡീകരിക്കാനും പഠിക്കാനും പ്രോത്സാഹിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ഉദ്യോഗസ്ഥ സംവിധാനവും ആവശ്യമാണ്. അങ്ങനെയൊരു സാഹചര്യം നമ്മുടെ വൈദ്യശാസ്ത്ര രംഗത്ത് രൂപപ്പെടുകയും വേണം. 

നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പഠന ഫലങ്ങളെയാണ് നമ്മള്‍ കൂടുതലായി ആശ്രയിക്കുന്നത്. അതില്‍ നിന്ന് ഉറപ്പിച്ചുപറയാവുന്ന കാര്യം, കോവിഡ് രോഗത്തിന്റെ വ്യാപനം തടയുന്നതില്‍ വാക്‌സിനേഷന്‍ ഫലപ്രദമാണ് എന്ന് തന്നെയാണ്. അത് എത്രത്തോളം എന്നതില്‍ ഓരോ വാക്‌സിനും അനുസരിച്ച് ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. എന്തുതന്നെയായാലും വാക്‌സിനേഷന്റെ ഗുണങ്ങളോട് തുലനം ചെയ്യുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ നിസ്സാരമാണ്. 

ഒരു രാജ്യം അംഗീകരിക്കുന്ന വാക്‌സിന്‍ മറ്റൊരു രാജ്യത്ത് അംഗീകരിക്കാത്ത അവസ്ഥയുണ്ടല്ലോ. ഇത്തരം കാര്യങ്ങള്‍ വാക്‌സിനേഷനില്‍ ആളുകള്‍ക്കുള്ള വിശ്വാസ്യതയെ ബാധിക്കില്ലേ?

ഒരു രാജ്യം അംഗീകരിക്കുന്ന വാക്‌സിന്‍ മറ്റൊരു രാജ്യം അംഗീകരിക്കാത്ത അഴസ്ഥ പലപ്പോഴും ഭരണപരവും സാങ്കേതികവുമായ കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. അത് ആ രീതിയില്‍ തന്നെ പരിഹരിക്കുകയും വേണം. ഉദ്ദാഹരണത്തിന്, കോവിഷീല്‍ഡ് ആസ്ട്രാസെനക്കയുടെ വാക്‌സിനായിട്ട് പോലും അതിനെ യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍പാസില്‍ ഉള്‍പ്പെടുത്താതിരുന്നത് വാര്‍ത്തയായി. അതിന് കാരണമായത് പേപ്പര്‍ ജോലികളില്‍ വന്ന ചില അനിശ്ചിതത്വമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളെ മുന്‍നിര്‍ത്തി വാക്‌സിന്‍ വിരുദ്ധര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നത് ശരിതന്നെ. അതിനെ മറികടക്കാന്‍ ശാസ്ത്രീയമായ വിവരങ്ങള്‍ പ്രതരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല വഴി. ആധികാരിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കുക. അതില്‍ നിന്ന് ഗുണങ്ങളും ദോഷങ്ങളും വേര്‍തിരിച്ചറിഞ്ഞ് സമൂഹത്തിന് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. 

(കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ.യാണ് ലേഖകന്‍)

Content Highlights: Will you need a Covid booster shot after 2 doses, Health, Covid19, Covid Vaccine

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്