കോവിഡ് പോലുള്ള മഹാമാരിയില്‍ ഇത്തരത്തില്‍ തുടര്‍ തരംഗങ്ങള്‍ ഉണ്ടാവുന്നത് സര്‍വസാധാരണമാണ്. ഒന്നാം തരംഗത്തില്‍ തന്നെ അതിനെ തടയാന്‍ ആളുകള്‍ ശ്രമം നടത്തിയിരുന്നു. മാസ്‌കുകള്‍ ധരിച്ചും കൂട്ടം കൂടുന്നത് ഒഴിവാക്കിയും ശുചിത്വം പാലിച്ചുമെല്ലാം. ഇത്തരത്തില്‍ ഓരോ രോഗങ്ങളും തടയാന്‍ പലരീതിയിലാണ് സമൂഹം ശ്രമിക്കുക. ഒപ്പം ദീര്‍ഘകാലത്തേക്ക് തടയാനായി വാക്‌സിന്‍ പോലുള്ള സംവിധാനങ്ങളും സ്വീകരിക്കും. 

പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനുസരിച്ച് അവയെ പ്രതിരോധിക്കാനുള്ള കഴിവ് ചില വൈറസുകള്‍ നേടിയെടുക്കും. വൈറസിന്റെ രണ്ടാം തരംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഇത്തരത്തില്‍ മാറ്റം വന്ന വൈറസ് പിന്നീട് എണ്ണത്തില്‍ പെരുകുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് അതിതീവ്ര രോഗാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ഈ സമയത്ത് ആളുകള്‍ പതിയെ പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. അപ്പോഴാണ് ജനിതകമാറ്റം വന്ന വൈറസ് ആഞ്ഞടിക്കുക. ഇതാണ് രോഗങ്ങളുടെ രണ്ടാം തരംഗത്തില്‍ സംഭവിക്കുന്നത്. എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ഇത്തരത്തില്‍ തുടര്‍ തരംഗങ്ങള്‍ ഉണ്ടാവും. പഴയതിനേക്കാള്‍ തീവ്രസ്വഭാവമുള്ള വയറസ്സുകളാണ് ഓരോ തരംഗത്തിലും പടരുക. ആദ്യം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രം പകര്‍ന്നിരുന്നവ വായുവിലൂടെയും മറ്റും പടര്‍ന്നു തുടങ്ങുന്നത് ഇതിന്റെ ഭാഗമായാണ്. 

ഇതിനെയും നമ്മള്‍ പ്രതിരോധിച്ചു തുടങ്ങുമ്പോള്‍ വീണ്ടും വൈറസ്സുകള്‍ക്ക് മാറ്റമുണ്ടാവാം. കൂടുതല്‍ ആളുകളിലേക്ക് പകരാനുള്ള ശേഷി നേടിയെടുക്കാം. പ്രതിരോധമരുന്നുകള്‍ എടുക്കാത്ത ആളുകളുടെ വലിയ ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍ ഇവരിലേക്ക് പടര്‍ന്നു പിടിക്കാനുള്ള ശേഷി വൈറസ് നേടാം. വാക്‌സിനെടുത്ത് ആളുകളെ പോലും ബാധിക്കാന്‍ സാധ്യതയുള്ള തരത്തില്‍ ജനിതകമാറ്റം വന്ന വൈറസിനെയാണ് മൂന്നാം തരംഗത്തില്‍ പേടിക്കേണ്ടത്. മൂന്നാം തരംഗത്തില്‍ മൂന്ന് തരത്തിലാണ് വൈറസിന് മാറ്റങ്ങള്‍ ഉണ്ടാവുക

  • കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ കഴിയുന്ന തരം വൈറസ്
  • ഒരു തവണ രോഗിയാകുന്നതിലൂടെയോ വാക്‌സിനെടുത്തതിലൂടെയോ കൈവന്ന രോഗപ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിയുന്ന തരം വൈറസുകള്‍
  • വാക്‌സിനെടുക്കാത്ത ആളുകള്‍ക്ക് രോഗം പടര്‍ത്താന്‍ കഴിയുന്ന വൈറസുകള്‍

ചിലപ്പോള്‍ രണ്ടാം തരംഗത്തേക്കാള്‍ ശേഷി കുറഞ്ഞതുമാവാം മൂന്നാം തരംഗം. എങ്കിലും അങ്ങനെ വിശ്വസിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നിലേക്ക് പോകാന്‍ പറ്റില്ല. മൂന്നാം തരംഗം ഏറ്റവും അധികം ബാധിക്കുക കുട്ടികളെയാവാം എന്ന രീതിയില്‍ ധാരാളം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മൂന്നാം തരംഗത്തില്‍ ഓരോ നൂറ് രോഗികളിളെ എടുക്കുമ്പോള്‍ ഇപ്പോഴുള്ളതിനേക്കാള്‍ രോഗം ബാധിച്ച കുട്ടികളുടെ ശതമാനത്തില്‍ ചെറിയൊരു ഉയര്‍ച്ച ഉണ്ടാവാം എന്നാണ് വിദഗ്ധര്‍ കരുതുന്നത്. കാരണം പ്രതിരോധ മരുന്നുകള്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ഇപ്പോഴും നല്‍കുന്നത്. മൂന്നാം തരംഗം വരുമ്പോഴും വാക്‌സിന്‍ ലഭിക്കാത്തവര്‍ കുട്ടികളായതിനാലാണ് ഇങ്ങനെയൊരു സാധ്യത. മറ്റൊന്ന് ഈ സമയമാകുമ്പോഴേക്കും സ്‌കൂളുകള്‍ തുറക്കാനുള്ള സാധ്യതയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം സ്‌കൂളുകള്‍ വ്യാപകമായി തുറന്നു തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ വീണ്ടും സാമൂഹികമായി ഇടപെടുമ്പോള്‍ രോഗവ്യാപനം കൂടാം. അങ്ങനെ നോക്കുമ്പോള്‍ രോഗികളാവുന്ന കുട്ടികളുടെ ശതമാനം ഉയരാന്‍ സാധ്യതയേറെയാണ്. അല്ലാതെ മൂന്നാം തരംഗം കുട്ടികളെ മാത്രം ബാധിക്കുന്ന ഒന്നായി മാറും എന്ന് പറയുന്നതിന് ശാസ്ത്രീയ അടിത്തറ ഒന്നുമില്ല. 

(തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്‌റ്റേറ്റ് എക്‌സ്‌പേര്‍ട്ട് പാനല്‍ അംഗവുമാണ് ലേഖകന്‍)

Content Highlights: Will Covid third wave hit children hard?