കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ രാജ്യത്ത് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാക്‌സിന്‍ സ്വീകരിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് ഒരു ഡോസ് വാക്‌സിന് നല്‍കേണ്ടത്.  

വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവര്‍ കോ-വിന്‍ പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവഴി വാക്‌സിനേഷന്‍ എടുക്കാനുള്ള ദിവസം, സമയം, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ നമുക്ക് സ്വന്തമായി തിരഞ്ഞെടുക്കാം. 

ജി.പി.എസ്. സംവിധാനമുള്ളതാണ് കോ-വിന്‍ ആപ്പിന്റെ പരിഷ്‌ക്കരിച്ച പുതിയ പതിപ്പ്. കോവിഷീല്‍ഡ് വാക്‌സിന്‍ ആണോ കോവാക്‌സിന്‍ ആണോ വേണ്ടത് എന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തിയതിയും വാക്‌സിനേഷന്‍ കേന്ദ്രവും ഇവര്‍ക്ക് തിരഞ്ഞെടുക്കാം. ഒരു മൊബൈല്‍ ഫോണില്‍ നിന്ന് നാല് അപ്പോയിന്റ്‌മെന്റുകള്‍ എടുക്കാം. ആരോഗ്യസേതു ആപ്പ് ഉള്‍പ്പടെ പലതരം ആപ്ലിക്കേഷനുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ നടത്താനും അപ്പോയിന്റ്‌മെന്റ് നല്‍കാനും കോ-വിന്‍ ആപ്പിന് സാധിക്കുമെന്ന് എംപവേര്‍ഡ് ഗ്രൂപ്പ് ഓണ്‍ കോവിഡ് 19 വാക്‌സിന്‍ അഡിമിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ആര്‍. എസ്. ശര്‍മ പറഞ്ഞു.

രജിസ്‌ട്രേഷന്‍ ഇങ്ങനെ

  • കോ-വിന്‍ ആപ്പോ അല്ലെങ്കില്‍ cowin.gov.in എന്ന വെബ്‌സൈറ്റോ തുറക്കുക.
  • മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ എന്റര്‍ ചെയ്യുക.
  • അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒ.ടി.പി. ലഭിക്കും.
  • ഈ അക്കൗണ്ടില്‍ കുടുംബാംഗങ്ങളെക്കൂടി രജിസ്റ്റര്‍ ചെയ്യാം.
  • രജിസ്റ്റര്‍ ചെയ്താല്‍ വാക്‌സിന്‍ എടുക്കേണ്ട തിയ്യതിയും സമയവും കേന്ദ്രവും ലഭിക്കും. ഇവിടെ പോയി വാക്‌സിന്‍ എടുക്കാം.
  • വാക്‌സിനേഷന്‍ സ്വീകരിച്ചാല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും മോണിറ്ററിങ് റെഫറന്‍സ് ഐ.ഡിയും ലഭിക്കും.
  • 45-59 വയസ്സുകാര്‍ രോഗാവസ്ഥയെക്കുറിച്ചുള്ള ഡോക്ടര്‍ നല്‍കുന്ന കോമോര്‍ബിഡിറ്റിസ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. 

വീഡിയോ കടപ്പാട്: ആരോഗ്യകേരളം

Content Highlights: Vaccine registration How to use co win app forCovid19 vaccination phase 2, Health, Covid19, Covid Vaccine