കോവിഡ് വാക്‌സിന്‍ എടുത്തവരുടെ മുലപ്പാലില്‍ കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മെസഞ്ചര്‍ ആര്‍.എന്‍.എ. വാക്‌സിനുകളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് പഠനറിപ്പോര്‍ട്ട്. ജാമ പീഡിയാട്രിക്‌സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഏഴ് പേരില്‍ നടന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവജാതശിശുക്കളിലേക്ക് വാക്‌സിന്റെ എം.ആര്‍.എന്‍.എ.(മെസഞ്ചര്‍ ആര്‍.എന്‍.എ.) എത്തിച്ചേരുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. 

എം.ആര്‍.എന്‍.എ. വാക്‌സിന്‍ സ്വീകരിച്ച ഏഴ് മുലയൂട്ടുന്ന അമ്മമാരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരുടെ മുലപ്പാലില്‍ വാക്‌സിന്റെ അംശം കണ്ടെത്താനായില്ലെന്ന് പഠനം വിലയിരുത്തുന്നു. 

വാക്‌സിനെടുത്താല്‍ അതിന്റെ അംശം മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലെത്തുമെന്ന് കരുതി മുലയൂട്ടല്‍ കാലത്ത് വാക്‌സിനെടുക്കുന്നതില്‍ നിന്ന് പലരും മാറി നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനഫലത്തിന്റെ പ്രസക്തി. 

ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇവയില്‍ രണ്ടിലും എം.ആര്‍.എന്‍.എ. അടങ്ങിയിട്ടുണ്ട്. 

മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിന്‍ എടുക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. എം.ആര്‍.എന്‍.എ. വാക്‌സിനുകള്‍ മുലയൂട്ടല്‍ കാലത്തും സുരക്ഷിതമാണെന്ന വാദത്തിന് ബലം പകരുന്നതാണ് ഈ പഠനം. അതിനാല്‍ തന്നെ കോവിഡ് വാക്‌സിനെടുത്ത ശേഷം മുലയൂട്ടല്‍ നിര്‍ത്തേണ്ടതില്ലെന്നും പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളും യു.സി.എസ്.എഫിലെ മറ്റേണല്‍-ഫീറ്റല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റെഫാനി എല്‍. ഗൗ പറഞ്ഞു. 

പരിശോധിച്ച മുലപ്പാല്‍ സാംപിളുകളില്‍ ഒന്നും വാക്‌സിനുമായി ബന്ധപ്പെട്ട എം.ആര്‍.എന്‍.എ. കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ എം.ആര്‍.എന്‍.എ. അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകള്‍ മുലയൂട്ടല്‍ കാലത്ത് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നതിന് തെളിവ് ലഭിച്ചിരിക്കുകയാണെന്ന് പഠന സംഘത്തിലെ അംഗവും യു.സി.എസ്.എഫിലെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുമായ യാര്‍ഡന്‍ ഗോലന്‍ അഭിപ്രായപ്പെട്ടു. 

2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലത്താണ് പഠനം നടത്തിയത്. ഒരു മാസം മുതല്‍ മൂന്ന് വയസ്സു വരെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരിലാണ് പഠനം നടത്തിയത്. വാക്‌സിനെടുക്കുന്നതിന് മുന്‍പും വാക്‌സിനെടുത്ത് 48 മണിക്കൂറിന് ശേഷവും ഇവരില്‍ നിന്ന് മുലപ്പാല്‍ സാംപിള്‍ ശേഖരിച്ചിരുന്നു. ഈ സാംപിളുകളിലാണ് വാക്‌സിന്റെ യാതൊരു അംശവും കണ്ടെത്താതിരുന്നത്. വളരെ ചെറിയൊരു ഗ്രൂപ്പിലാണ് പഠനം നടത്തിയത് എന്നതിനാല്‍ കൂടുതല്‍ വലിയ ഗ്രൂപ്പില്‍ പഠനം നടത്തി ഡാറ്റ ശേഖരിക്കേണ്ടതുണ്ട്. അതുവഴി കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും. 

Content Highlights: No sign covid19 vaccine breast milk, Health, Covid19, Covid Vaccine