കോവിഡ് പോസിറ്റീവ് ആയത് അറിയാതെ വാക്സിൻ എടുത്തതുകൊണ്ട് പ്രശ്നമൊന്നും ഇല്ല. പക്ഷേ, പ്രധാന കാര്യം കോവിഡ് പോസിറ്റീവാകുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ ഉണ്ടായിരിക്കുന്ന കോവിഡ് വെെറസിനെതിരെയുള്ള ആന്റിബോഡികൾ പുതുതായി നാം കുത്തിവെക്കുന്ന വാക്സിനിലുള്ള കോവിഡിന്റെ ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും അതിനെ നിർവീര്യമാക്കുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് കോവിഡ് പോസിറ്റീവായിരിക്കുന്ന സമയത്ത് എടുക്കുന്ന വാക്സിൻ ഫലപ്രദമല്ലാതായി പോകാനുള്ള സാധ്യതയും ഉണ്ട്. ഇതല്ലാതെ കോവിഡ് പോസിറ്റീവായ ഒരാൾ വാക്സിനെടുത്തുവെന്ന് കരുതി വേറെ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. അതിനാൽ കോവിഡ് പോസിറ്റീവായ വ്യക്തി നെ​ഗറ്റീവ് ആയ ശേഷം നിശ്ചിത സമയദെെർഘ്യം കൂടി കഴിഞ്ഞ് വാക്സിനെടുക്കുന്നതായിരിക്കും നല്ലത്.

ഒന്നാമത്തെ ഡോസ് കഴിഞ്ഞ് കോവിഡ് പോസിറ്റീവായാൽ രണ്ടാമത്തെ ഡോസ് എടുക്കുന്ന കാര്യത്തിലും, ഒരു ഡോസും എടുത്തിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളവും ഡോസുകൾ തുടങ്ങുന്ന കാര്യത്തിൽ ഇതു തന്നെയാണ് സ്വീകരിക്കേണ്ടത്. ഈ സമയദെെർഘ്യം കുറഞ്ഞത് ഒരു മാസമെങ്കിലും ആയിരിക്കണം എന്നുള്ളതാണ് സർക്കാർ നിർദേശം. അതേസമയം തന്നെ അത് മൂന്ന് മാസം കഴിഞ്ഞ്- അതായത് രോ​ഗവിമുക്തനായി മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുക്കുന്നത് കുറച്ചുകൂടി ഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.  കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടായിട്ടുള്ള കോവിഡിനെതിരെയുള്ള ആന്റിബോഡി ഏതാണ്ട് പൂർണമായി ഇല്ലാതാകാൻ കുറച്ച് നീണ്ട കാലയളവ് വേണ്ടിവരും. അതിനാലാണ് മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുക്കുന്നത് കുറച്ചുകൂടി ഫലപ്രദമാണെന്ന് പറയുന്നത്. 

വാക്സിനെടുത്ത ശേഷം ​ഗർഭിണിയാണെന്ന് അറിഞ്ഞാൽ എന്തുചെയ്യണം?

നമ്മുടെ നാട്ടിൽ ​ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സിൻ എടുക്കണ്ട എന്ന് പറയുന്നതിന്റെ  കാരണം ഈ വിഭാ​ഗത്തിൽപ്പെട്ടവർ പഠനങ്ങളിൽ പങ്കെടുത്തിട്ടില്ല എന്നതുകൊണ്ടാണ്. അതേസമയം, ഇതുവരെയുള്ള പഠനങ്ങളിൽനിന്നു  മനസ്സിലാവുന്നത് ഇവരിൽ ഈ വാക്സിൻ പ്രത്യേകിച്ച് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല എന്നാണ്. അതിനാൽ തന്നെ അന്തർ ദേശീയതലത്തിൽ തന്നെ ​ഗെെനക്കോളജിസ്റ്റുകളും മറ്റ് ആരോ​ഗ്യവിദ​ഗ്ധരും ഇപ്പോൾ യോജിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം വാക്സിൻ എടുത്ത ശേഷം ​ഗർഭിണിയായാലും ‌​ഗർഭം തുടരാം എന്നാണ്. വാക്സിൻ എടുക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപകടമൊന്നുമില്ല. 

(തിരുവനന്തപുരം ​ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്റ്റേറ്റ് എക്സ്പെർട്ട് പാനൽ അം​ഗവുമാണ് ലേഖകൻ)

Content Highlights: Is there any matter if a person who is Covid positive gets vaccinated, Health, Covid19, Covid Vaccine