പകർച്ചവ്യാധികൾക്കെതിരെയുള്ള മനുഷ്യന്റെ പോരാട്ടത്തിൽ രോഗപ്രതിരോധ കുത്തിവയ്പ്പുകൾക്ക് നിർണായക സ്ഥാനമാണുള്ളത്. പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ ലോകത്താകമാനം പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു. പ്രതിരോധ കുത്തിവയ്പ്പ് അഥവാ വാക്സിനേഷൻ എടുക്കുന്നതിലൂടെ നാം നമ്മെ മാത്രമല്ല നമുക്ക് ചുറ്റമുള്ളവരെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അതായത് ചില മാരക രോഗങ്ങളുള്ള ആളുകൾക്ക് വാക്സിനുകൾ എടുക്കുന്നത് ദോഷകരമായി ഭവിക്കാൻ സാധ്യതയുള്ളതിനാൽ അവരുമായി ബന്ധപ്പെടുന്നവർ വാക്സിൻ എടുത്ത് രോഗം പടരുന്നത് തടയാൻ സാധാരണയായി ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ (പെർട്ടൂസിസ്), ഫഌ, അഞ്ചാം പനി തുടങ്ങി ഇരുപതോളം രോഗങ്ങൾക്ക് ഇന്ന് വാക്സിൻ ലഭ്യമാണ്. ഈ വാക്സിനുകൾ പ്രതിവർഷം 30 ലക്ഷം ആളുകളുടെ ജീവൻ രക്ഷിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ മുഴുവൻ വിറപ്പിച്ച വസൂരി (സ്മോൾപോക്സ്) എന്ന അതിമാരകമായ രോഗത്തെ പൂർണമായി ഉൻമൂലനം ചെയ്യാൻ വാക്സിനിലൂടെ നമുക്ക് കഴിഞ്ഞുവെന്നത് രോഗപ്രതിരോധ രംഗത്ത് നാം കൈവരിച്ച മികച്ച നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇതോടൊപ്പം പോളിയോ, ഗിനി വേം ഡിസീസ് എന്നിവയും വാക്സിനേഷനിലൂടെ ഉൻമൂലനം ചെയ്യാൻ കഴിഞ്ഞുവെന്നത് ആരോഗ്യരംഗത്തെ വലിയ നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു.
രോഗപ്രതിരോധത്തിൽ വാക്സിനുകളുടെ പങ്ക്
ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനവുമായി ചേർന്ന് പ്രവർത്തിച്ച് രോഗം വരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് വാക്സിനുകൾ ചെയ്യുന്നത്. വാക്സിൻ എടുക്കുന്നതിലൂടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ശരീരത്തിലേക്ക് നുഴഞ്ഞുകയറുന്ന ബാക്ടീരിയ അല്ലെങ്കിൽ വൈറസിനെ തിരിച്ചറിയുകയും അവ ഉണ്ടാക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഭാവിയിൽ രോഗാണു വീണ്ടും ശരീരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ അവയെ നശിപ്പിച്ച് രോഗം വരുന്നത് തടയുന്നു. ഒന്നോ അതിൽ കൂടുതലോ വാക്സിന്റെ ഡോസ് എടുക്കുന്നത് മൂലം വർഷങ്ങളോളം, ഒരു പക്ഷേ ജീവിതകാലം മുഴുവൻ രോഗം പിടിപെടാതിരിക്കുന്നതിന് സഹായിച്ചേക്കാം. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ വരുന്നതിന് മുമ്പ് തന്നെ അതിനെ തടയാൻ വാക്സിനുകൾ സഹായിക്കുന്നു. സമൂഹത്തിലെ കൂടുതൽ പേർ വാക്സിൻ എടുക്കുന്നതിലൂടെ രോഗം വലിയ തോതിൽ പടരുന്നത് തടയാനാകും. എന്നാൽ അന്തരീക്ഷത്തിലെ ബാക്ടീരിയ മൂലം പകരുന്ന ടെറ്റനസ് പോലുള്ള രോഗങ്ങൾ ചുറ്റുമുള്ളവർ വാക്സിൻ എടുത്തത് കൊണ്ട് പടരാതിരിക്കില്ല. അതിന് ഓരോ വ്യക്തിയും വാക്സിൻ എടുക്കേണ്ടതുണ്ട്.
കൊറോണ വൈറസും വാക്സിനേഷനും
വൈറസുകൾക്കെതിരെയുള്ള പോരാട്ടത്തിൽ പൂർണ വിജയം കൈവരിച്ചുവെന്ന് കരുതിയിരിക്കുന്നതിനിടയിലാണ് ലോകത്തെയാകെ മുൾമുനയിൽ നിർത്തിക്കൊണ്ട് നോവൽ കൊറോണ വൈറസിന്റെ വ്യാപനമുണ്ടായത്. സൂക്ഷ്മാണുക്കൾക്കെതിരെയുള്ള നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. നോവൽ കൊറോണ വൈറസ് മൂലം പകരുന്ന കോവിഡ്19 രോഗം ഇന്ന് ലോകം മുഴുവൻ അതിവേഗത്തിൽ പടരുകയാണ്. ഇതിനെതിരെയുള്ള വാക്സിന്റെ പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. അടുത്ത വർഷം ആദ്യത്തോടെ വാക്സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം.
(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം വിദഗ്ധരാണ് ലേഖകർ)
Content Highlights: How vaccines prevent infectious diseases, Health