നാളെ മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങുകയാണ്. അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്. 

വാക്‌സിനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

കോവിഡ് വാക്‌സിനേഷനായി 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 

വാക്‌സിന്‍ എവിടെയൊക്കെ ലഭ്യമാകും?

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സി.ജി.എച്ച്.എസ്. ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കായ 250 രൂപ നല്‍കണം. 

വാക്‌സിനേഷന്‍ ലഭിക്കുന്നതിനും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും www.cowin.gov.in  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ലഭിക്കുന്ന വാക്‌സിന്‍ കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കുക. മുന്‍ഗണനാ ക്രമമനുസരിച്ച് എല്ലാവര്‍ക്കും അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും. 

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ രണ്ടാമത്തെ ഡോസ് എപ്പോള്‍ എടുക്കണം?

കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. ഉദാ: മാര്‍ച്ച് ഒന്നിന് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആള്‍ ഏപ്രില്‍ 12 മുതല്‍ ഏപ്രില്‍ 25 നുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം(കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം)

കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി എപ്പോഴാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്?

കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. ഉദാ: മാര്‍ച്ച് ഒന്നിന് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആള്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 11 നുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. 

വാക്‌സിന്‍ സംബന്ധമായ സംശയനിവാരണത്തിന് ദിശ 1056, 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 

വിവരങ്ങള്‍ക്ക് കടപ്പാട്: ആരോഗ്യകേരളം

Content Highlights: Covid19 vaccine for those over 45 years of age starts from tomorrow, Health, Covid Vaccine