കോവിഡ് വാക്സിനേഷൻ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുകയാണ്. ഈ സമയത്ത് ഉണ്ടാകുന്ന സംശയങ്ങളും അവയ്ക്കുള്ള മറുപടികളും അറിയാം.

വാക്സിൻ നിർബന്ധമായും എടുക്കേണ്ടതുണ്ടോ?

 • കോവിഡ് 19 നുള്ള കുത്തിവയ്പ്പ് സ്വമേധയാ സ്വീകരിക്കാവുന്നതാണ്. എങ്കിലും വാക്സിൻ മുഴുവൻ ഡോസും സ്വീകരിക്കുന്നതാണ് ഉചിതം.
 • വാക്സിൻ ഒരു വ്യക്തിയെ സ്വയം കോവിഡ് 19 ൽ നിന്നും പരിരക്ഷിക്കുന്നതിനും അതുപോലെ തന്നെ ഏറ്റവും അടുത്തുള്ള കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവരിലേക്ക് രോഗം പകരാതെ പരിമിതപ്പെടുത്താനും വാക്സിൻ സ്വീകരിക്കുന്നത് വഴി സാധിക്കുന്നതാണ്.

കോവിഡ് വാക്സിൻ എല്ലാവർക്കും ഒരേസമയം നൽകാൻ കഴിയുമോ?

 • വാക്സിനുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി വാക്സിനേഷൻ ആദ്യം നൽകുന്നത് അപകടസാധ്യത കൂടിയ മേഖലയിൽ പ്രവർത്തിക്കുന്ന/വിഭാഗത്തിലുള്ള മുൻഗണനാ ഗ്രൂപ്പുകളെ ഇന്ത്യാ ഗവൺമെന്റ് തിരഞ്ഞെടുത്തിട്ടുണ്ട്.
 • ആദ്യത്തെ ഗ്രൂപ്പിൽ മുൻനിര ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്ന മറ്റ് ഉദ്യോഗസ്ഥരും രണ്ടാമത്തെ ഗ്രൂപ്പിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളെയും 45 മുതൽ 59 വയസ്സ് വരെ പ്രായമുള്ള ജീവിതശൈലി രോഗമുള്ളവരും/ദീർഘകാല രോഗമുള്ളവരും ആയ വ്യക്തികളും ആണ്.

നിലവിൽ കോവിഡ് 19 അണുബാധ സ്ഥിരീകരിച്ച, അല്ലെങ്കിൽ സംശയിക്കുന്ന ഒരു വ്യക്തിയ്ക്ക് വാക്സിനേഷൻ എടുക്കേണ്ട ആവശ്യമുണ്ടോ?

 • കോവിഡ് 19 സ്ഥിരീകരിച്ച അല്ലെങ്കിൽ രോഗം സംശയിക്കുന്ന വ്യക്തി വാക്സിനേഷൻ സ്വീകരിക്കുമ്പോൾ ശരീര സ്രവങ്ങളുമായി സമ്പർക്കം വരുന്നതിനാൽ അണുബാധ പടരാനുള്ള സാധ്യത കൂടുതലാണ്.
 • അതിനാൽ രോഗം ബാധിച്ച വ്യക്തികൾ രോഗലക്ഷണങ്ങൾ പൂർണമായും മാറിയ ശേഷം 14 ദിവസം കഴിഞ്ഞ് വാക്സിനേഷൻ സ്വീകരിക്കുന്നതാണ് നല്ലത്.

പൊതുജനങ്ങൾക്ക് വാക്സിൻ നൽകിവരുമ്പോൾ ആരൊക്കെയാണ് മുൻഗണനാ പട്ടികയിൽ ഉള്ളത്?

 • 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാരും. അതായത് 2022 ജനുവരി ഒന്നിന് 60 വയസ്സും അതിനു മുകളിൽ പ്രായമായവരും.
 • 45 മുതൽ 59 വയസ്സ് വരെ പ്രായമുള്ള എല്ലാ പൗരൻമാർക്കും. അതായത് ഏതെങ്കിലും വിധത്തിലുള്ള നിർദിഷ്ട രോഗാവസ്ഥയുള്ളവർ(2022 ജനുവരി ഒന്നിന് 45 മുതൽ 59 വരെ പ്രായം ഉണ്ടായിരിക്കണം)

പൊതുജനങ്ങൾക്ക് വാക്സിൻ സൗജന്യമായാണോ ലഭിക്കുന്നത്?

എല്ലാ സർക്കാർ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ നിന്നും വാക്സിൻ സൗജന്യമായി ലഭിക്കുന്നതായിരിക്കും. സർക്കാർ തിരഞ്ഞെടുത്തിരിക്കുന്ന പ്രൈവറ്റ് ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും ഗവൺമെന്റ് ഓഫ് ഇന്ത്യ നിർദേശിക്കുന്ന പ്രകാരം ഉള്ള ഫീസ് അടച്ച് വാക്സിൻ എടുക്കേണ്ടതാണ്.

എല്ലാ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും വാക്സിൻ ലഭ്യമാണോ?

സർക്കാർ നിശ്ചയിച്ചിരിക്കുന്ന പ്രകാരമുള്ള എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും സർക്കാർ തിരഞ്ഞെടുത്ത കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ നിന്നും vPMJAY/CGHS/States' Health Insurance Scheme തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമായുള്ള ആരോഗ്യസ്ഥാപനങ്ങളിൽ.

വാക്സിനേഷന് വേണ്ടി അപ്പോയിന്റ്മെന്റ് അല്ലെങ്കിൽ രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് ഏത് വാക്സിനാണ് എടുക്കുന്നത് എന്ന് അറിയാൻ കഴിയുമോ?

ഇല്ല. അപ്പോയ്ന്റ്മെന്റ് എടുക്കുന്ന സമയത്ത്/ രജിസ്ട്രേഷൻ സമയത്ത് വാക്സിൻ ഏതുതരം എന്ന് വെളിപ്പെടുത്തില്ല. വാക്സിനേഷനെ കുറിച്ച് കൃത്യമായ അറിവുകൾ നൽകുന്നതായിരിക്കും.

ഒരു മൊബൈൽ നമ്പറിൽ നിന്നും എത്ര പേർക്ക് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യാൻ കഴിയും?

 • ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു വ്യക്തിയ്ക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാൻ കഴിയും.
 • എന്നാൽ ഓരോ ഗുണഭോക്താവിന്റെയും ഐ.ഡി. കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം.
 • മൊബൈൽ നമ്പർ ഒഴികെ പൊതുവായി മറ്റൊന്നും പാടില്ല.

ഒരിക്കൽ രജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞാൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ കഴിയുമോ?

കഴിയും. വാക്സിനേഷൻ എടുക്കുന്നതു വരെ ഈ രജിസ്ട്രേഷൻ രേഖകളിൽ വ്യക്തിയ്ക്ക് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ കഴിയുന്നതാണ്.

ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും വാക്സിൻ എടുക്കാൻ മറ്റെന്തെങ്കിലും മാർഗമുണ്ടോ?

 • രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ ഓൺസൈറ്റ് രജിസ്ട്രേഷനും യോഗ്യതയുള്ള ഗുണഭോക്താക്കൾക്ക് സാധ്യമാണ്.
 • തുടക്കത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് പരിഗണിച്ച് ഈ സംവിധാനം മാർച്ച് അഞ്ചിന് ശേഷം മാത്രമേ അനുവദിക്കുകയുള്ളൂ.
 • അതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ തന്നെ ചെയ്യാൻ ശ്രദ്ധിക്കുക.

വാക്സിൻ എടുക്കാൻ പോകുന്ന സന്ദർഭത്തിൽ ഗുണഭോക്താക്കൾ എന്തെങ്കിലും രേഖകൾ കാണിക്കേണ്ടതുണ്ടോ?

 • ഉണ്ട്. ആധാർ കാർഡ് അല്ലെങ്കിൽ ഇലക്ഷൻ ഐഡി കാർഡ്. അല്ലെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് കാണിച്ച ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും ഐ.ഡി. കാർഡ്.
 • 45 നും 59 വയസ്സിനും പ്രായമുള്ളവർ അവരുടെ മറ്റ് രോഗസംബന്ധമായ സർട്ടിഫിക്കറ്റുകൾ ഒരു മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയത് കൈയിൽ കരുതേണ്ടതാണ്.
 • ആരോഗ്യപ്രവർത്തകരും മറ്റ് മുൻനിരയിൽ പ്രവർത്തിക്കുന്നവരും ഫോട്ടോ പതിപ്പിച്ച ഔദ്യോഗിക ഐഡന്റിറ്റി കാർഡ് കൈയിൽ കരുതുക.

വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ ഗുണഭോക്താവിന് വാക്സിനേഷൻ സംബന്ധിയായ തുടർവിവരങ്ങൾ ലഭ്യമാകുമോ?

 • നിർദിഷ്ട ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിയ്ക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കും.
 • എല്ലാ ഡോസുകളും സ്വീകരിച്ച ശേഷം സർട്ടിഫിക്കറ്റ് ലഭ്യമാക്കും.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ എന്തൊക്കെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം?

 • വാക്സിനെടുത്ത ശേഷം അരമണിക്കൂർ വാക്സിനേഷൻ കേന്ദ്രത്തിലെ നിരീക്ഷണ മുറിയിൽ വിശ്രമിക്കേണ്ടതാണ്.
 • എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ കർശനമായും തുടരണം.

കേരളത്തിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന ആശുപത്രികൾ ഇവയാണ്

കോവിഡ് 19 വാക്സിനേഷന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ?

 • സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമാണ് വാക്സിൻ വിതരണം തുടങ്ങുന്നത്.
 • എന്തെങ്കിലും ചെറിയ പനി, വേദന തുടങ്ങിയ നിസ്സാര പാർശ്വഫലങ്ങളുണ്ടായേക്കാം.

എത്ര ഇടവേളയിൽ എത്ര ഡോസ് വാക്സിൻ സ്വീകരിക്കണം?

28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതാണ്.

രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കേണ്ടത് എന്നാണ്?

ആദ്യ ഡോസ് വാക്സിൻ എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് അതായത് ഫസ്റ്റ് ഡോസ് വാക്സിൻ എടുത്ത തിയതി മുതൽ 29 ാമത്തെ ദിവസം അതേ കോവിഡ് വാക്സിനേഷൻ സെന്ററിൽ നിന്നും രണ്ടാമത്തെ ഡോസിനുള്ളതും ബുക്ക് ചെയ്യുന്നതാണ്.

സെക്കൻഡ് ഡോസ് വാക്സിനേഷൻ എടുക്കുന്നതിന് വീണ്ടും പുതുതായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ടോ?

ഇല്ല. രണ്ടാമത്തെ ഡോസ് വാക്സിനേഷൻ സിസ്റ്റം തന്നെ ഷെഡ്യൂൾ ചെയ്യുന്നതാണ്.

ഇന്ത്യയിൽ അംഗീകരിച്ച വാക്സിനുകൾ ഏതെല്ലാം?