രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിന്റെ ഇരട്ടി വേഗത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാണ്. കേരളവും കർണാടകവും ദില്ലിയുമൊക്കെ ഇതേ പാതയിലാണ്. രണ്ടാം തരംഗത്തിന്റെ വേഗത്തിനുപിന്നിൽ അതിവ്യാപനശേഷിയുള്ള വൈറസിന്റെ പുതിയ വകഭേദത്തിനുള്ള സാധ്യതയും വിദഗ്‌ധർ സംശയിക്കുന്നുണ്ട്.

കോവിഡ്-19 മഹാമാരിയുടെ ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകളെ വൈറസ് ബാധിച്ചത് കഴിഞ്ഞവർഷം സെപ്റ്റംബർ 17-നാണ്. 97,894 പേർക്കാണ് അന്ന് വൈറസ് ബാധയുണ്ടായത്. അടച്ചിടലിനുശേഷം ജൂൺ ആദ്യവാരത്തിൽ എണ്ണായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്തുനിന്ന് മൂന്നരമാസം കൊണ്ടാണ് സെപ്റ്റംബറിൽ ഒരു ലക്ഷത്തിനടുത്തെത്തിയത്. പിന്നീട് ഇതു കുറഞ്ഞ് ഈവർഷം ഫെബ്രുവരിയിൽ 8635 കേസുവരെയായി. ഏപ്രിൽ 5-ന് അത് അദ്യ തരംഗത്തിലെ ഉയർന്നമൂല്യത്തെ മറികടന്ന് ലക്ഷത്തിലധികമായി. രണ്ടുദിനം പിന്നിട്ടപ്പോൾ ഏപ്രിൽ 7-ന് അത് 1,15,736 കേസുകളിലെത്തി നിൽക്കുന്നു. കേവലം രണ്ടുമാസമാണ് ഇതിനെടുത്തത്. ഇതേ സാധ്യത കേരളത്തിലും നിലനിൽക്കുന്നുണ്ട്.

ആശങ്കയുടെ ദിനങ്ങൾ

ആദ്യഘട്ട വ്യാപനത്തിൽ അടച്ചിടലിനുപുറമേ രോഗത്തോട് അളുകൾക്കുള്ള ഭയം, വാക്സിനും ചികിത്സയും ലഭ്യമല്ലാത്തത്, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രചാരണവും നടപടികളും എന്നിവയൊക്കെ രോഗവ്യാപനത്തിന്റെ തോത് കുറയുന്നതിന് സഹായകമായിരുന്നു. എന്നാൽ, രണ്ടാം തരംഗത്തിൽ വാക്സിന്റെ വരവും കേരളത്തിൽ പൊതുവേ മരണനിരക്ക് കുറഞ്ഞതുമൊക്കെ ആളുകളിലെ ഭയം കുറയ്ക്കാനിടയാക്കി. രോഗവ്യാപനം കുറഞ്ഞതും തിരഞ്ഞെടുപ്പുമൊക്കെ പ്രചാരണത്തിന്റെയും നടപടികളുടെയും ശക്തി കുറയ്ക്കുകയും ചെയ്തു. ഇത് രോഗവ്യാപനം കൂടാൻ കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് മാർച്ച് പകുതിയോടെ ആയിരത്തിലെത്തി നിന്ന നിരക്ക് രണ്ടാഴ്ചകൊണ്ട് ഉയർന്ന് 4353-ലെത്തി നിൽക്കുകയാണ്. രോഗവ്യാപന നിരക്കും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ദിനംപ്രതി ഉയരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും നിർബന്ധമാക്കിക്കൊണ്ടും വാക്സിനേഷൻ ഊർജിതപ്പെടുത്തിക്കൊണ്ടും പ്രചാരണം ശക്തമാക്കിക്കൊണ്ടും രണ്ടാംതരംഗത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തിരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും പൊതുപരീക്ഷകൾ തുടങ്ങുന്നതിനാൽ കേരളത്തിന് വരുംദിനങ്ങൾ ആശങ്കയുടേതാണ്.

വ്യാപനത്തിന്റെ കാരണങ്ങൾ

ഉത്സവങ്ങളും തിരഞ്ഞെടുപ്പുമൊക്കെ രോഗവ്യാപനനിരക്ക് വർധിക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാത്ത മഹാരാഷ്ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണെന്നത് ഒരു വസ്തുതയാണ്. വാക്സിനേഷൻ ഊർജിതമാക്കിയിട്ടുള്ള സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയും (85 ലക്ഷം) കേരളവും (40 ലക്ഷം) ഉൾപ്പെടുന്നുമുണ്ട്.

data

ഒരു നിശ്ചിത ഉറവിടത്തിൽനിന്ന് വളരെയധികം പേർക്ക് രോഗം ബാധിച്ച സംഭവങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ അടുത്തിടെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത 87 പേരെ ടെസ്റ്റ് ചെയ്തതിൽ 81 പേർക്കും രോഗബാധയുണ്ടായതായി കണ്ടെത്തിയിരുന്നു.

ഏപ്രിൽ രണ്ടാംപകുതിയോടെ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം മൂർധന്യത്തിലെത്തുമെന്ന് കഴിഞ്ഞ മാർച്ച് 25-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. രണ്ടാം തരംഗം ഫെബ്രുവരി 15-നു തുടങ്ങി 100 ദിവസത്തോളം നിൽക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഇതര രാജ്യങ്ങളിലെ കോവിഡ് രണ്ടാം വ്യാപനത്തിലെ പരമാവധിമൂല്യം ആദ്യ വ്യാപനത്തിലെ മൂല്യത്തിന്റെ പലമടങ്ങായിട്ടുണ്ടെങ്കിലും മരണനിരക്ക് ആദ്യഘട്ടങ്ങളിലെക്കാൾ കുറഞ്ഞുനിന്നത് ആശ്വാസമുളവാക്കിയിട്ടുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കി ജനങ്ങളിൽ പ്രതിരോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ രോഗവ്യാപന നിരക്ക് കുറച്ചുകൊണ്ടുവരാൻ സാധിക്കൂ എന്നാണ് പൊതുജനാരോഗ്യമേഖലയിലെ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

ശീലമാക്കണം ചില കാര്യങ്ങൾ

കുറച്ചുകാലമെങ്കിലും മാസ്ക് ധരിക്കലും സാനിറ്റൈസർ ഉപയോഗിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെ ഒരു ശീലമായി നമ്മൾ കൊണ്ടുനടക്കേണ്ടിവരും. അതിനൊപ്പം ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള കർശനനടപടികളും വേണ്ടിവരും. എങ്കിൽമാത്രമേ കാര്യങ്ങൾ നിയന്ത്രണത്തിലാക്കി ജനജീവിതം സാധാരണ ഗതിയിലാക്കാനും അടുത്ത അക്കാദമിക് വർഷം മുതൽക്കെങ്കിലും സ്കൂളുകൾ തുറന്നുപ്രവർത്തിപ്പിക്കാനും കഴിയൂ.

(മാതൃഭൂമി ഫാക്ട്‌ചെക്ക്‌ ആൻഡ്‌ ഡേറ്റാ വിഷ്വ​ലൈസേഷൻ ഹെഡ്‌ ആണ്‌ ലേഖകൻ)

Content Highlights:  Covid19 second second wave Vaccination should be speeded up, Health, Covid19, Covid Vaccination