കോവിഡ് 19 മഹാമാരി വന്ന ശേഷം എല്ലാവരും പ്രതിരോധശേഷി വർധിപ്പിക്കേണ്ട കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഇതിന്റെ ഭാ​ഗമായി വെെറസ് ബാധയെ പ്രതിരോധിക്കാൻ വാക്സിനുകളും രം​ഗത്തെത്തി. നിലവിൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും പലരിലും വാക്സിനേഷനെക്കുറിച്ച് പല സംശയങ്ങളുമുണ്ട്. ഇതിൽ ഒരു പ്രധാന സംശയമാണ് ​ഗർഭധാരണം പ്ലാൻ ചെയ്യുന്നവർക്ക് വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണോയെന്ന്. 

​പ്രത്യുത്പാദന പ്രായത്തിലുള്ളവർക്ക് കോവിഡ് 19 വാക്സിൻ സ്വീകരിക്കാമോ?

സ്വീകരിക്കാം. അവരും വാക്സിൻ എടുക്കണം. കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവരും അടുത്തു തന്നെ കുഞ്ഞ് വേണമെന്ന് ആ​ഗ്രഹിക്കുന്നവർക്കും വാക്സിനെടുക്കാം. 

കോവിഡ് വാക്സിൻ സ്വീകരിക്കുന്നത്  ​പ്രത്യുത്പാദനത്തെ​ ബാധിക്കുമോ?

കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ​ സ്ത്രീകളിലെയും പുരുഷൻമാരിലെയും പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നതിന് യാതൊരു ശാസ്ത്രീയമായ തെളിവുകളുമില്ല. 

വന്ധ്യത ചികിത്സ തേടുന്ന സ്ത്രീകൾക്ക് കോവിഡ് വാക്സിൻ എടുക്കാമോ?

ഐ.വി.എഫ്, ഫ്രോസൺ എംബ്രിയോ ട്രാൻസ്ഫർ, എ​ഗ് ഫ്രീസിങ്, ഓവുലേഷന്‍ ഇൻഡക്ഷൻ, ഇൻട്രാ യൂട്ടറെെൻ ഇൻസെമിനേഷൻ തുടങ്ങിയ വന്ധ്യത ചികിത്സ തേടുന്ന സ്ത്രീകൾക്ക് കോവിഡ് വാക്സിൻ എടുക്കാം. ചികിത്സ തേടുന്ന ഡോക്ടറുടെ ഉപദേശം തേടണമെന്ന് മാത്രം. കാരണം, വാക്സിൻ സ്വീകരിക്കുന്ന ചിലരിൽ ചെറിയ പനി, കുത്തിവയ്പ്പെടുത്ത ഭാ​ഗത്ത് ചുവപ്പ്, തലവേദന, പേശീവേദന, ക്ഷീണം പോലുള്ള പാർശ്വഫലങ്ങൾ കാണാറുണ്ട്. അതിനാൽ തന്നെ ചികിത്സയുടെ ഭാ​ഗമായ നടപടികൾ നടത്തുന്ന ദിവസം (ഉദാഹരണമായി അണ്ഡം ശേഖരിക്കൽ പോലുള്ള ചികിത്സാ രീതികൾ) വാക്സിനെടുക്കാതെ മറ്റൊരു ദിവസം വാക്സിൻ സ്വീകരിക്കുന്നതിനായി തിരഞ്ഞെടുക്കാം. 

കോവിഡ് വാക്സിനെടുത്ത് എത്ര നാളുകൾക്ക് ശേഷം വന്ധ്യത ചികിത്സ ചെയ്യാം

വെെകാതെ തന്നെ തുടങ്ങണം. വാക്സിനെടുത്തുവെന്ന് കരുതി ഒരിക്കലും വന്ധ്യത ചികിത്സ ചെയ്യാൻ വെെകരുത്. രണ്ട് ഡോസും സ്വീകരിച്ചാൽ വെെകാതെ തുടങ്ങാം. 

ഇന്ന് നിങ്ങളുടെ പ്ര​ഗ്നൻസി ടെസ്റ്റ് പോസിറ്റീവായി. ഇനി കോവിഡ് വാക്സിൻ എടുക്കാമോ?

കോവിഡ് 19 ബാധിക്കാൻ സാധ്യത കൂടുതലുള്ള (ജോലി, മെഡിക്കൽ പ്രശ്നങ്ങൾ) ആളാണ് നിങ്ങൾ എങ്കിൽ ​ഗർഭകാലത്തും നിങ്ങൾക്ക് വാക്സിനെടുക്കാം. റിസ്ക്ക് കുറവുള്ളവരിൽ അല്പം കൂടി കാത്തിരിക്കാം. കോവിഡ് വാക്സിൻ അപകടകരമാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. കോവിഡ് വാക്സിൻ ​ഗർഭകാലത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും നിലവിൽ പഠനങ്ങളില്ല. കോവിഡ് വാക്സിനിൽ ജീവനുള്ള വെെറസിനെ ഉപയോ​ഗിച്ചിട്ടില്ല. അതിനാൽ തന്നെ ​ഗർഭിണികളിൽ കോവിഡ് വാക്സിൻ പ്രശ്നമുണ്ടാക്കാനുള്ള റിസ്ക്ക് ഇല്ലെന്നാണ് നി​ഗമനം. 

Content Highlights: Can any COVID19 vaccine affect fertility? Here is all you need to know, Health, COVID19, Corona Virus, Covid Vaccine