പ്രസവശേഷം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാചകമാണിത്. കടിഞ്ഞൂല്‍ പ്രസവം കഴിഞ്ഞ് അമ്മയ്ക്ക് ആശങ്കയൊഴിഞ്ഞ നേരം കാണില്ല. മുലപ്പാലിന്റെ കുറവിനെ പറ്റി വാതോരാതെ പറയുന്നതിന് മുന്‍പ് എങ്ങനെ മുലപ്പാല്‍ അത് ഉണ്ടാകുന്നു എന്ന് അറിയണം. തലച്ചോറില്‍  ഉല്പാദിപ്പിക്കപ്പെടുന്ന ഓക്‌സിറ്റോസിന്‍, പ്രൊലാക്ടിന്‍ എന്നീ രണ്ടു ഹോര്‍മോണുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ രണ്ടിന്റെയും ശരിയായ പ്രവര്‍ത്തനം മൂലം മാത്രമാണ് സ്തനങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മുലപ്പാല്‍ കുഞ്ഞിന് ലഭ്യമാകുന്നത്.

ഇവയുടെ പ്രവര്‍ത്തനത്തെ പല ഘടകങ്ങളും സാരമായ ബാധിക്കാറുണ്ട്. തല്‍ഫലമായി മുലപ്പാലിന്റെ അളവ് കുറയുക, മുലപ്പാല്‍ വറ്റിപോകുക വരെ സംഭവിക്കാം. ഇതില്‍ ചിലത്;

 • മുലപ്പാലിന്റെ ഉത്പാദനം കുറയുക
 • അമ്മയുടെ മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്
 • കുഞ്ഞിനെ ശരിയായ രീതിയില്‍ മുലയൂട്ടാതിരിക്കുക, രാത്രിയില്‍ മുലയൂട്ടാതിരിക്കുക.
 • മുലയൂട്ടലിനോടുള്ള ഭയം, ആത്മവിശ്വാസക്കുറവ്
 • ചില മരുന്നുകളുടെ ഉപയോഗം
 • നിപ്പിളിലെ മുറിവ്, വേദന, സ്തനങ്ങളില്‍ പാല്‍ കെട്ടിക്കിടന്നു ഉണ്ടാവുന്ന വേദന 
 • കുഞ്ഞിന് ഉണ്ടാവുന്ന നിപ്പിള്‍ കണ്‍ഫ്യൂഷന്‍

ഇതില്‍ ഭൂരിഭാഗം പ്രശ്‌നങ്ങളും മാനസിക കാരണങ്ങള്‍ കൊണ്ടാണ്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള ഒരു ലാക്ടേഷന്‍ കൗണ്‍സിലിങ് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റാന്‍ സാധിക്കുകയും വീണ്ടും പൂര്‍വസ്ഥിതിയില്‍ മുലപ്പാല്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യും.

ശരിയായ രീതിയിലുള്ള കൗണ്‍സിലിങ് നല്‍കുകയും, മറ്റ് കാരണങ്ങള്‍ പരിഹരിച്ച ശേഷവും  മുലപ്പാലിന്റെ അളവ് വേണ്ട വിധം കൂടാത്ത അവസ്ഥ, അനുബന്ധമായി കുഞ്ഞിന്റെ ഭാരം കൂടാതെ ഇരിക്കുക, കുഞ്ഞ് മൂത്രമൊഴിക്കുന്ന അളവ് കുറയുക, കുഞ്ഞിന് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുക എന്നിങ്ങനെ കണ്ടാല്‍ അത് മുലപ്പാലിന്റെ  ഉല്‍പാദനം കുറവുമൂലമാണ് എന്ന് തിരിച്ചറിയണം. ഇത്തരം അവസ്ഥകളില്‍ ഗാലക്ടോഗോഗ് (galactogogue) പ്രവൃത്തി ഉള്ള ആയുര്‍വേദ മരുന്നുകള്‍ നിര്‍ദേശിക്കാവുന്നതാണ്. 

മുലപ്പാല്‍ കൂടാനുള്ള നിര്‍ദേശങ്ങള്‍

 • പ്രസവിച്ച ഓരോ സ്ത്രീയുടെയും കുഞ്ഞിന്റെയും ദഹനശക്തി വ്യത്യസ്തമാണ്. അതിന് അനുസൃതമായി, ദഹനം, മുലപ്പാലിന്റെ തോത് എന്നിവ മനസ്സിലാക്കി ഒരു ആയുര്‍വേദ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രസവരക്ഷ മരുന്നുകള്‍ മാത്രം  ഉപയോഗിക്കുക. വൈദ്യശാലകളില്‍ നിന്നും കിട്ടുന്ന റെഡിമെയ്ഡ് പ്രസവരക്ഷാ കിറ്റ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ ചില മരുന്നുകളുടെ ഉപയോഗം കൊണ്ട് മുലപ്പാല്‍ കൂടാതിരിക്കുകയും കുഞ്ഞുങ്ങളുടെ വയറു അസ്വസ്ഥമാകുന്നതായും കാണാറുണ്ട്. 
 • അമ്മയുടെ ദഹനശേഷി ശരിയായാല്‍ മാത്രമേ നല്ല രീതിയില്‍ മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. അതിനാല്‍ പ്രസവിച്ച ഉടനെ തന്നെ മാര്‍ക്കറ്റില്‍ ലഭ്യമായ ലേഹ്യം മുതലായ ഉത്പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക. 
 • പ്രസവിച്ച അമ്മമാര്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഓരോ മുലയൂട്ടലിനു ശേഷവും ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക. ഇത് പാലിന്റെ ഉല്‍പ്പാദനം കൂട്ടും. 
 • മുലപ്പാലിന്റെ ഉത്പാദനത്തിന് ഏറ്റവും പ്രധാനപ്പെട്ട ആഹാരം പാല് തന്നെയാണ്. പശുവിന്‍പാല്‍ ആട്ടിന്‍പാല്‍, മറ്റ് പാലുത്പന്നങ്ങള്‍ എന്നിവ ധാരാളം കഴിക്കാം.
 • ഉലുവ കഞ്ഞി, നെയ്യില്‍ വറുത്ത ജീരകം, വേവിച്ച ചെറുപയര്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലപ്പാലിന്റെ പ്രവര്‍ത്തനം കൂട്ടും * ധാരാളം മുരിങ്ങയില ചീര തുടങ്ങിയ ഇലക്കറികള്‍ പാലിന്റെ ഉല്‍പ്പാദനത്തെ കൂട്ടും.
 • ശതാവരിക്കിഴങ്ങ് ,പാല്‍മുതുക്കിന്‍ കിഴങ്ങ്, അമുക്കുരം, വെളുത്തുള്ളി, ഉഴുന്ന്, കരിമ്പ്, ഞെരിഞ്ഞില്‍ തുടങ്ങിയവ ചേരുന്ന മരുന്നുകള്‍ ആയുര്‍വേദം അനുശാസിക്കുന്നു. ഇവയുടെ ഗാലക്ടോഗോഗ് പ്രവൃത്തികള്‍ (galactogogue action) പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്.

ഇതിനെല്ലാമുപരി മാനസിക -ശാരീരിക സ്വാസ്ഥ്യം ഉള്ള അമ്മയും നന്നായി മുലകുടിക്കുന്ന കുഞ്ഞും ആണ് യഥാര്‍ത്ഥത്തില്‍ ഏറ്റവും നന്നായി മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഘടകം.

Content Highlights: World Breastfeeding Week 2021 Is breast milk low Here are some Ayurvedic ways to solve it, Health, Ayurveda