Scene 1
'അല്ലേടി മോളെ കുഞ്ഞ് ഒരേ കരച്ചില്‍ ആണല്ലോ ..മുലപ്പാല് മതിയാവാതെന്റെയാ ന്നാ അമ്മച്ചിക്ക് തോന്നുന്നേ...അയ്യോ പാവം കുഞ്ഞാവ കൈ നുണയുന്ന കണ്ടാല്‍ അറിയത്തില്ലേ അതിന് വിശന്നിട്ടാന്ന്..ആ മുല ഒന്ന് ഞെക്കി നോക്കിയെ...ദാ കണ്ടോ ഒന്നോരണ്ടോ തുള്ളി. ഇങ്ങനെ അല്ല പേറ്റെഴുന്നേറ്റ് പെണ്ണ് പാല്‍ചുരത്തുന്നെ... ശറ പറാ ന്ന് പാല്‍ തെറിച്ചു വരും... നീ വല്ല മരുന്നും മേടിച്ചു കഴിക്കാന്‍ നോക്കു, കുഞ്ഞാവക്കു അതുവരേക്കും പൊടിപ്പാല്‍ എങ്കിലും കൊടുക്ക്...'

Scene 2
 അമ്മച്ചി പോയി കഴിഞ്ഞപ്പോ തുടങ്ങിയ കരച്ചില്‍ ആണലോടി മോളെ നീ..ഇതിപ്പോ കുഞ്ഞുവാവനെക്കാള്‍ കഷ്ടമായല്ലോ...നീ അതിനു പാല്‍ കൊടുക്ക്..'' 
''ഇല്ല അമ്മേ അവര്‍ പറയുന്ന കേട്ടില്ലേ, എല്ലാരേം പോലെ എനിക്ക് മാത്രം എന്താ പാല്‍ ഇല്ലാത്തത്..കണ്ടില്ലേ ലാക്ടോജന്‍ കൊടുക്കുമ്പോള്‍ മാത്രമാ അവന്‍ കരച്ചില്‍ നിര്‍ത്തുന്നെ.., തികയാത്ത കൊണ്ട് തന്നെയാ.  
ഞാന്‍ പാല്‍ കൊടുക്കുമ്പോള്‍ മാത്രം ഇവന്‍ എന്താ അമ്മേ ഇത്ര പ്രശ്‌നം..ഇനി  ഇങ്ങനെ പിടിച്ച് അല്ലെ പാലു കൊടുക്കേണ്ടെ ??''

നില്‍...
 ആ ബോര്‍ഡ് ഒന്ന് വായിച്ചിട്ട് അകത്തോട്ടു കേറിയപോരെ അമ്മച്ചിയെ ... 
'സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല '

ആശുപത്രിയിലേതു പോലെ ഇത്തരം ബോര്‍ഡുകള്‍ ഇനി വീടുകളിലും ആവശ്യമായിവരും. പരദൂഷണ-പര സഹായി-ഉപദേശി ടീംസ് എല്ലാവരും തോന്നിയ പോലെ വീട്ടില്‍ വന്നു ഉപദേശം വിളമ്പി പോവുന്നത് തല്കാലത്തേക് എങ്കിലും നിര്‍ത്താം... കൊറോണ കാലത്ത് പ്രസവിച്ച സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു ബോണസ് കിട്ടിയത് മഹാഭാഗ്യം..

രു അമ്മ കുഞ്ഞിനെ മുലയൂട്ടുന്നതില്‍  പരം മനോഹരമായ ഒരു നിമിഷം പ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. പ്രസവം, മുലയൂട്ടല്‍ എന്നിവ സ്ത്രീയില്‍ മാത്രം നിക്ഷിപ്തമായ ഭാഗ്യമാണ്. എന്തിന് ഈ കോവിഡ് കാലത്ത്, കോവിഡ് പോസിറ്റീവ് ആയ അമ്മ പോലും വേണ്ട രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ സ്വന്തം കുഞ്ഞിനെ മുലയൂട്ടണം.

ലോകാരോഗ്യ സംഘടന, എല്ലാ വര്‍ഷവും ഓഗസ്റ്റ് ആദ്യത്തെ ആഴ്ച ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. മുലയൂട്ടലിനെ പറ്റി  മാതാപിതാക്കള്‍ക്ക്  ബോധവത്ക്കരണം നല്‍കുകയും, ഇതുവഴി  കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയുമാണ് ഇങ്ങനെ ഒരു വാരാഘോഷത്തിന്റെ ലക്ഷ്യം തന്നെ. 
         
പല സ്ഥലങ്ങളിലും അറിവില്ലായ്മ, തെറ്റിദ്ധാരണ എന്നിവ മൂലം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കപ്പെടുന്നു. മുലയൂട്ടുന്ന രീതി  ശരിയാവാത്ത പേരിലും ജോലി പോലുള്ള മറ്റു ആവശ്യങ്ങള്‍ കാരണവും മുല കൊടുക്കാത്ത അമ്മമാരും ധാരാളം. നമ്മുടെ സര്‍ക്കാര്‍ പ്രസവാവധി ആറുമാസം തരുന്നതുപോലും ഈ  ആറുമാസക്കാലം കുഞ്ഞിന് അമ്മയുടെ സാമീപ്യം,  മുലയൂട്ടല്‍ എന്നിവ ഉറപ്പുവരുത്താനാണ് എന്ന് ഓര്‍ക്കണം. ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരത്തിന്റെ ആപ്തവാക്യം തന്നെ ആരോഗ്യകരമായ ഒരു ഭൂമിക്കായി മുലയൂട്ടലിനെ പിന്തുണക്കാം എന്നതാണ്..

എന്തിന് മുലപ്പാല്‍? 

''ഇത്രേം കഷ്ടപെട്ടും കരഞ്ഞും നിലവിളിച്ചും മുലപ്പാല്‍ തന്നെ കൊടുക്കണം എന്ന് നിര്‍ബന്ധിക്കുന്നത് എന്തിനാ... ഗൂഗിള്‍ പറഞ്ഞല്ലോ മുലപ്പാലിന്റെ  അതേഘടകങ്ങള്‍ കൊണ്ടാണ് ലാക്ടോജന്‍ ഉണ്ടാകുന്നെ എന്ന്...'
       
മുലപ്പാല്‍ കുഞ്ഞിന്റെ ആദ്യത്തെ ആഹാരവും അവകാശവുമാണ്. മുലപ്പാല്‍ എന്നാല്‍ കുഞ്ഞിന് കിട്ടാവുന്ന ഏറ്റവും പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരമാണ്. കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങി കുഞ്ഞിന് ആവശ്യമായ ഒരുപാട് പോഷക ഘടകങ്ങള്‍ ചേര്‍ന്നതാണ് മുലപ്പാല്‍. ലാക്ടോജനില്‍ ചേരുന്നത് മുലപ്പാലിലെ ഘടകങ്ങളാണ് എന്ന് കമ്പനികള്‍ മാറിമാറി പറഞ്ഞാലും അമ്മിഞ്ഞപ്പാലിനോളം വരുമോ..? ഒരിക്കലും ഇല്ല... അതിനാല്‍ ഒരു ഡോക്ടറും പാല്‍ ഇല്ല എന്നു പറയുന്നവരോട് ഉടനടി ലാക്ടോജന്‍ നിര്‍ദ്ദേശിക്കാറില്ല.

പ്രസവിച്ച ഉടനെ തന്നെ നേരിയ അളവില്‍ മുലയില്‍ നിന്നും സ്രവിക്കുന്ന മഞ്ഞപ്പാലിനോളം(കൊളസ്ട്രം) ഗുണം മറ്റൊന്നിനും ഇല്ല. കുഞ്ഞിന്റെ പ്രതിരോധശേഷി കൂട്ടാനുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍ ഉള്‍പ്പടെയുള്ളവ ഇതില്‍ ധാരാളമായിട്ടുണ്ട്. അതിനാല്‍ തുടക്കത്തിലെ ഈ പാല്‍ പിഴിഞ്ഞു കളയുന്ന രീതി തെറ്റാണ്. പകരം പ്രസവശേഷം കുഞ്ഞിനെ എത്രയും വേഗം മുലയൂട്ടണം. മൂന്നു നാലു ദിവസം ആവുമ്പോഴേക്കും നല്ല രീതിയില്‍ പാല്‍ ചുരത്തിത്തുടങ്ങും. ആദ്യത്തെ ആറുമാസ കാലം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് മുലപ്പാല്‍ മാത്രം മതി.

എന്തിന് മുലയൂട്ടണം? 

നവജാതശിശുവിന്റെ വിശപ്പ് മാറ്റാന്‍ മുലയൂട്ടല്‍ അത്യാവശ്യം തന്നെ, എന്നാല്‍ മുലയൂട്ടല്‍ കൊണ്ടുള്ള ഗുണങ്ങള്‍ കുഞ്ഞിന് മാത്രമല്ല. ഇത് അമ്മയെയും പല ശാരീരിക-മാനസിക രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. മുലയൂട്ടലിന്റെ ഫലമായി സ്ത്രീകളില്‍ പ്രസവാനന്തരം ഗര്‍ഭപാത്രം വേഗം തന്നെ പഴയ സ്ഥിതിയിലേക്ക് തിരികെയെത്തുന്നു.  നന്നായി മുലയൂട്ടുന്ന സ്ത്രീകളില്‍ ആര്‍ത്തവചക്രം,  അണ്ഡോത്്പാദനം തുടങ്ങിയവ പെട്ടെന്ന് തന്നെ ക്രമപ്പെടുന്നു. മുലയൂട്ടുന്ന അമ്മമാരില്‍ ഭാവിയില്‍ സ്തനാര്‍ബുദത്തിന്റെ തോത് വളരെ കുറവായി കാണുന്നു. ഇതിനെല്ലാമുപരി മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു.

എന്നാല്‍ പലപ്പോഴും പ്രസവ വൈഷമ്യം, പ്രസവത്തോടെ അനുബന്ധമായ മാനസിക പിരിമുറുക്കം, മുതിര്‍ന്നവരുടെ ശാസന, ഉപദേശം എല്ലാം ചേരുമ്പോള്‍ ഭൂരിഭാഗം പേരിലും മുലയൂട്ടല്‍ ഒരു പേടിസ്വപ്നമായി മാറാറുണ്ട്. 

മുലയൂട്ടല്‍ സംബന്ധിച്ച് ചില സ്ഥിരം മുന്‍വിധികള്‍:

 • കുഞ്ഞ് കരഞ്ഞാല്‍ ഉടന്‍ പാല് കൊടുക്കണം/ അഥവാ വിശന്നിട്ടു ആണ്.
 • കുഞ്ഞ് ഓരോ തവണ മലമൂത്രവിസര്‍ജനം  നടത്തിയാല്‍ അപ്പോള്‍ തന്നെ കുഞ്ഞിന് വിശക്കും. 
 • മുലപ്പാല്‍ കൊണ്ട് മാത്രം കുഞ്ഞിന്റെ വിശപ്പ് മാറില്ല
 • മൂന്നാം മാസം തൊട്ട് കുഞ്ഞിന് നേര്‍പ്പിച്ച കുറുക്ക് കൊടുക്കാം.
 • മുലപ്പാല്‍ പിഴിഞ്ഞു സൂക്ഷിക്കുന്നത് തെറ്റായ കാര്യം.

ജനനശേഷം ഓരോ കുഞ്ഞിനും ആവശ്യമായ മുലപ്പാലിന്റെ അളവില്‍ അനുദിനം മാറ്റം വരും. ഇത് ആദ്യത്തെ ആഴ്ചയില്‍ ഓരോ 24 മണിക്കൂറില്‍ 100 മില്ലിലിറ്ററില്‍ തുടങ്ങി പത്താം ദിവസം 24 മണിക്കൂറില്‍ 150 മില്ലിലിറ്റര്‍ ആവുന്നു. ഓരോ കുഞ്ഞുങ്ങളുടെയും വിശപ്പ്, ദഹനശേഷി എന്നിവ അനുസരിച്ച് അളവില്‍ മാറ്റം കാണാറുണ്ട്.

 • ആദ്യ ആഴ്ചയില്‍ ഒരു നവജാത ശിശു ഏകദേശം 30 മുതല്‍ 60 മില്ലിലിറ്റര്‍ വരെ മുലപ്പാല്‍ ആണ് ഒരു മുലയൂട്ടലില്‍ കുടിക്കുക. ഈ കാലയളവില്‍ കുഞ്ഞിന് മതിയാവോളം മുലപ്പാല്‍ നല്‍കുകയാണ് ഉചിതം. അതിനാല്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴും മുലയൂട്ടുന്നതാണ് ശരിയായ രീതി. കുഞ്ഞിന് ഉണ്ടാവാന്‍ സാധ്യതയുള്ള നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇത് സഹായിക്കും. 
 • രണ്ടാമത്തെ ആഴ്ച മുതല്‍ മുലപ്പാലിന്റെ അളവ് കൂടുന്ന പക്ഷം, എല്ലാ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. രാത്രി സമയങ്ങളിലും രണ്ട്-മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ നിര്‍ബന്ധമായും മുലയൂട്ടുക.
 • മൂന്നു മുതല്‍ ആറുമാസ കാലയളവില്‍ കുഞ്ഞിന്റെ ആവശ്യാനുസരണം അഥവാ മൂന്നു നാലു മണിക്കൂര്‍ ഇടവേളയില്‍ മുലയൂട്ടാം. ഈ പ്രായമാവുമ്പോള്‍ കുഞ്ഞുങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മുലകുടിക്കാന്‍ പ്രാപ്തരാക്കുന്നു.
 • മുലയൂട്ടുമ്പോള്‍ രണ്ട് വശങ്ങളില്‍ നിന്നും പാലു കൊടുക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ ഒരേസമയം രണ്ടു വശങ്ങളില്‍ നിന്നും ഒരേ ഗുണമുള്ള മുലപ്പാല്‍ പ്രവര്‍ത്തിക്കപ്പെടുന്നു. ഇതിനാല്‍ ഒറ്റ തവണ തന്നെ രണ്ടു വശങ്ങളില്‍ നിന്നും മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിന് ദാഹവും വിശപ്പും മാറുകയും ആവശ്യമായ പോഷണം ലഭിക്കുകയും ചെയ്യുന്നു.
 • ഓരോ വശങ്ങളില്‍ നിന്നും 10 മുതല്‍ 15 മിനിറ്റ് വരെ മുലയൂട്ടുകയും, ഇപ്രകാരം പരമാവധി രണ്ടു വശങ്ങളില്‍ നിന്നുമായി 20 മുതല്‍ 30 മിനിറ്റ് നേരം എങ്കിലും ഓരോ തവണയും മുലയൂട്ടണം. ഇത്തരത്തില്‍ മുലയൂട്ടുന്നത് കൊണ്ട് കുഞ്ഞിന് ആവശ്യമായ പോഷണം ലഭിക്കുന്നതിന് ഉപരി അടുത്ത രണ്ടു മണിക്കൂര്‍ വരെ കുഞ്ഞ് വിശപ്പുമാറി ഉറങ്ങുകയോ കളിക്കുകയോ ചെയ്യും. ഈ സമയത്തിനിടയില്‍ കുഞ്ഞ് കരയുകയാണങ്കില്‍, അത് വിശന്നിട്ടല്ല, എന്നാല്‍ മറ്റ് കാരണങ്ങള്‍ കൊണ്ടാകാം എന്നും അമ്മയ്ക്ക് മനസ്സിലാക്കാം. ഇങ്ങനെ കുഞ്ഞ് കരയുന്ന പക്ഷം മുലപ്പാല്‍ കൊടുക്കുക എന്ന രീതി മാറ്റാനും, രണ്ടുമണിക്കൂര്‍ കൊണ്ട് സ്തനങ്ങളില്‍ പാല്‍ നിറയുകയും, അതോടൊപ്പം അമിതമായി മുലയൂട്ടുന്നത് ഒഴിവാക്കുകയും ചെയ്യാം.
 • കുഞ്ഞ് ഓരോ തവണ മലമൂത്രവിസര്‍ജനം ചെയ്താല്‍ ഉടനടി കുഞ്ഞിന് വിശക്കും, കുഞ്ഞിനു പാല് കൊടുക്കൂ എന്ന് ശാസിക്കുന്ന വീട്ടുകാര്‍ അറിയാന്‍. ഇത് തെറ്റായ ധാരണയാണ്-പലപ്പോഴും പാല്‍ കുടിച്ച ഉടനെ വയറു നിറഞ്ഞതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ മലം വിസര്‍ജിക്കുക. ഒരു ദിവസം കുഞ്ഞ് 6-8 പ്രാവശ്യം വരെ മൂത്രമൊഴിക്കുകയും, ഒന്നുരണ്ട് പ്രാവശ്യം മലവിസര്‍ജ്ജനം ചെയ്യുകയും ചെയ്താല്‍, കുഞ്ഞിന് ആവശ്യമായ മുലപ്പാല്‍ ലഭിക്കുന്നുണ്ടെന്നാണ് അര്‍ഥം. ഇതില്‍ കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കുകയാണെങ്കില്‍ മാത്രം വൈദ്യ സഹായം തേടാം.
 • ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കുഞ്ഞിന് ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രമാണ് നല്‍കേണ്ടത്. ഈ ആറുമാസക്കാലയളവില്‍ കുഞ്ഞിന് മുലപ്പാലിന്റെ ലഭ്യതക്കുറവുമൂലം നിര്‍ജ്ജലീകരണം ഉണ്ടാവുകയും,   ശരീരഭാരം വര്‍ധിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രം മറ്റ് വഴികള്‍ തേടാം.
 • ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാല്‍ ആണ് കുഞ്ഞിന് പറ്റിയ ഏറ്റവും സമീകൃതമായ ആഹാരം. ആറുമാസത്തിനുശേഷം മാത്രമേ കുറുക്കു പോലെയുള്ള മറ്റ് ആഹാരപദാര്‍ഥങ്ങള്‍ കൊടുത്തു തുടങ്ങേണ്ടതുള്ളൂ. തുടര്‍ന്ന് മറ്റ് ആഹാരങ്ങള്‍ക്കൊപ്പം രണ്ട് വയസ്സ് വരെ കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടതാണ്.
 • ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് യഥാസമയം മുലയൂട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് മുലപ്പാല്‍ കറന്നെടുത്ത സൂക്ഷിക്കാം. മുലപ്പാല്‍ പിഴിഞ്ഞ് സാധാരണഗതിയില്‍ നാല് മുതല്‍ ആറുമണിക്കൂര്‍ വരെ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ ആണെങ്കില്‍ അഞ്ചു ദിവസം വരെ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ നിന്നും എടുത്ത ശേഷം മുലപ്പാല്‍ തിളപ്പിക്കാനോ ഓവനില്‍ വെക്കാനോ പാടില്ല. ആവശ്യമെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ ഒരു പാത്രത്തില്‍ ഇറക്കിവെച്ച് തണുപ്പ് മാറ്റാം.

എങ്ങനെ മുലയൂട്ടാം? 

ശരിയായ മുലയൂട്ടലിന് ആവശ്യം കുഞ്ഞിന്റെ വായയും അമ്മയുടെ സ്തനങ്ങളും തമ്മിലുള്ള ഉചിതമായ (പറ്റിച്ചേരല്‍ ആണ്. ഇതു ശരിയായി നടന്നാല്‍- കുഞ്ഞ് അമ്മയെ വേദനിപ്പിക്കാതെ, വായ തുറന്ന്, കൃത്യമായ താളത്തില്‍, ദീര്‍ഘനേരം മുല കുടിക്കുന്നതായും, പാല്‍ കൊടുത്തു കഴിഞ്ഞാല്‍ സ്തനങ്ങള്‍ നന്നായി വറ്റിയിരിക്കുന്നതായും കാണാം. 
         
മുലയൂട്ടാന്‍ നേരം കുഞ്ഞ് തനിയേ മുലകുടി തുടങ്ങും മുമ്പേ അമ്മ തന്നെ മുന്‍കൈയ്യെടുത്ത് നന്നായി കുഞ്ഞിനെ ശരീരത്തോട് ചേര്‍ത്ത്പിടിക്കണം. എനിക്കിതൊന്നും അറിയില്ല എന്ന് പറയാന്‍ വരട്ടെ.. ഇത് വളരെ എളുപ്പം സാധിക്കും. ഇതിനായി  കുഞ്ഞിന്റെ താടി, കവിളിന്റെ വശങ്ങള്‍ എന്നിവ തൊടുകയാണെങ്കില്‍ കുഞ്ഞ് വായ നന്നായി തുറക്കുന്നതാണ്, അപ്പോള്‍ തന്നെ നിപ്പിളിന്റെ ചുറ്റുമുള്ള കറുത്ത ഭാഗം(aerola) ഉള്‍പ്പെടെ കുഞ്ഞിന്റെ വായില്‍ വെച്ച് കൊടുക്കണം. കുഞ്ഞ് വായ തുറന്നു പാല്‍ കുടിക്കുന്നത് കാണാം. ഇത്തരത്തില്‍ മുലകുടിക്കുകയാണെങ്കില്‍ നിപ്പിളില്‍ വേദന, മുറിവ് എന്നിവ വരാതെ നോക്കാം.

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍:

 • മുലയൂട്ടുന്ന അമ്മമാര്‍ സൗകര്യപ്രദമായ രീതിയില്‍ ഇരുന്നോ കിടന്നോ വേണം മുലയൂട്ടാന്‍.
 • തലയണ, ബ്രെസ്റ്റ് ഫീഡിങ് പില്ലോ എന്നിവ ഉപയോഗിക്കുന്നത് അമ്മയെ ബുദ്ധിമുട്ടില്ലാതെ മുലയൂട്ടാന്‍ സഹായിക്കും.
 • നേരെ ഇരിക്കുന്നതിനു പകരം ചാരിയിരുന്ന് മുലയൂട്ടുന്നതാണ് ഉത്തമം.
 • കുഞ്ഞിന്റെ തലഭാഗം കൂടുതല്‍ പൊങ്ങിയോ താഴ്‌ന്നോ ഇരിക്കാതെ സ്തനങ്ങളുടെ സമീപം അതേതലത്തില്‍ പിടിക്കാന്‍ ശ്രദ്ധിക്കുക.
 • ഓരോ മുലയൂട്ടലിന് മുമ്പും ശേഷവും നനഞ്ഞ തുണി ഉപയോഗിച്ച് നിപ്പിളിന്റെ ചുറ്റുമുള്ള കറുത്ത ഭാഗം(aerola), നിപ്പിള്‍ എന്നിവ തുടച്ചു വൃത്തിയാക്കണം. കുഞ്ഞിന്റെ വായ, നാവ് എന്നീ ഭാഗങ്ങളില്‍ പൂപ്പല്‍ബാധ കാണപ്പെടുകയാണെങ്കില്‍ അവ തുടച്ച് വൃത്തിയാക്കിയശേഷം മാത്രം മുലയൂട്ടുക.
 • മുലയൂട്ടുന്ന സമയം കുഞ്ഞിനെ തലോടുക, കുഞ്ഞിന്റെ മുഖത്ത് നോക്കി ചിരിക്കുക, സംസാരിക്കുക എന്നിവ ചെയ്യുന്നതിലൂടെ അമ്മയും കുഞ്ഞുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുകയും ഇതുവഴി നന്നായി പാല് ചുരത്തുകയും ചെയ്യുന്നു.
 • ഓരോ മുലയൂട്ടലിന് ശേഷവും കുഞ്ഞിന്റെ പുറത്ത് തട്ടി കൊടുക്കേണ്ടതാണ്. ഇതുവഴി കുഞ്ഞ് മുല കുടിക്കുമ്പോള്‍ അകത്താക്കുന്ന വായുവിനെ പുറത്തുകളയാന്‍ സാധിക്കും. ഇതിനെ burping ടെക്‌നിക് എന്ന് പറയുന്നു. ഇതിനായി കുഞ്ഞിന്റെ വയറ് അമ്മയുടെ സ്തനങ്ങളില്‍ തട്ടുന്ന രീതിയില്‍ കിടത്തിയ,  അഥവാ കുഞ്ഞിനെ അമ്മയുടെ തുടയില്‍ കമിഴ്ത്തി കിടത്തിയോ പുറംഭാഗം തട്ടി കൊടുക്കാം.

മുലകൊടുക്കുന്ന രീതികള്‍

കുഞ്ഞിനെ കൈത്തണ്ടയില്‍ കിടത്തി പാല് കൊടുത്താല്‍ മാത്രമേ ശരിയാവൂ എന്ന് പറയുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ ഓരോ കുഞ്ഞിനും മുല കൊടുക്കാനുള്ള ശരിയായ രീതി ഓരോ അമ്മമാരും തിരഞ്ഞെടുക്കണം. ആരോഗ്യപരമായ ശീലിക്കവുന്ന ചില രീതികള്‍ ഇവയാണ്

1.Cradle hold position:
ഈ രീതിയില്‍ ഏതു വശത്തു നിന്നും മുലയൂട്ടുന്നു അതേ വശത്തെ കൈകൊണ്ട് കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുക. കുഞ്ഞിന്റെ തല കൈമുട്ടിന്റെ അകത്തെ ഭാഗത്ത് വരുന്ന രീതിയില്‍ പിടിക്കുക. ഈ രീതിയില്‍ മുലയൂട്ടുമ്പോള്‍ അമ്മയുടെ കൈമുട്ടിനു താഴെയും നട്ടെല്ലിനും സപ്പോര്‍ട്ട് കിട്ടാന്‍ തലയണ ഉപയോഗിക്കാം. പ്രസവിച്ച ഉടനെ തൊട്ട്  ശീലിക്കാവുന്ന രീതിയാണ് ഇത്. 

2. Cross cradle hold position
ഏതു വശത്തു നിന്നും മുലയൂട്ടുന്നു. അതിന്റെ എതിര്‍വശത്തെ കൈകൊണ്ട് കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുക. ഒഴിഞ്ഞിരിക്കുന്ന കൈകൊണ്ട് കുഞ്ഞിന്റെ തല ഭാഗം തലോടാം. പ്രസവിച്ച ഉടനെ മുതല്‍ ശീലിക്കാവുന്ന രീതിയാണ് ഇത്.

3.Rugby ball hold/ Clutch position
ശരീരത്തിന്റെ വശങ്ങളിലൂടെ കുഞ്ഞിനെ അതേ വശത്തെ കൈകൊണ്ട് പിടിച്ച് കുഞ്ഞിന്റെ തല കൈപ്പത്തി കൊണ്ട് സപ്പോര്‍ട്ട് ചെയ്ത് അതേ ഭാഗത്തെ മുലയൂട്ടുന്ന രീതി. ഈ രീതിയില്‍ സിസേറിയന്‍ പ്രസവം കഴിഞ്ഞ അമ്മമാര്‍ക്ക്, കുഞ്ഞിന്റെ ശരീരം വയര്‍ ഭാഗത്ത് തട്ടാതെ മുലയൂട്ടാം. ഇരട്ട കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ക്ക് ഇതേ രീതിയില്‍ ഒരേസമയം രണ്ടു വശങ്ങളിലൂടെയും കുഞ്ഞുങ്ങളെ മുലയൂട്ടാം. ഇങ്ങനെ ചെയ്യുന്നതിന് Double Clutch position എന്നു പറയും. 

4.Side laying position
അമ്മയും കുഞ്ഞും ഒരു വശത്തേക്ക് ചെരിഞ്ഞ കിടന്നുകൊണ്ട് മുലയൂട്ടുന്ന രീതി. അമ്മയ്ക്ക് ഏറ്റവും സുഖകരമായ രീതിയാണ് ഇത്. പാല്‍ നന്നായി നിറഞ്ഞിരിക്കുന്ന സമയം, അമ്മ ഉറങ്ങി പോകാന്‍ സാധ്യതയുള്ള സമയം എന്നിവയില്‍ ഈ രീതി ഒഴിവാക്കാം. കാരണം നന്നായി പാല്‍ ചുരത്തുന്ന നേരം കുഞ്ഞിന് കിടന്നുകൊണ്ട് പാല്‍ കൊടുക്കുമ്പോള്‍ ശ്വാസതടസ്സം ആസ്പിരേഷന്‍ ന്യൂമോണിയ, എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഈ രീതി പ്രസവിച്ച് മൂന്നു മാസം എങ്കിലും കഴിഞ്ഞ ശേഷം മാത്രം സ്വീകരിക്കുകയാവും നന്നാവുക. 

5.Laid back nursing/Reclined postion
അമ്മ പിന്‍ഭാഗം ചേര്‍ന്ന് ചാരി കിടക്കുകയും കുഞ്ഞ് നെഞ്ചത്ത് കിടന്നുകൊണ്ട് മുലയൂട്ടുന്ന രീതി. സിസേറിയന്‍ പ്രസവം കഴിഞ്ഞ് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, കുഞ്ഞിന്റെ ദേഹം അമ്മയുടെ വയര്‍ ഭാഗം തട്ടാതെയും ഈ രീതിയില്‍ മുലയൂട്ടാം. പ്രസവിച്ച ഉടനെ സൗകര്യപൂര്‍വ്വം ശീലിക്കാവുന്ന ഒരു രീതിയാണിത്. കൂടാതെ അമ്മയുടെയും കുഞ്ഞിനേയും ശരീരം തമ്മില്‍ ചേര്‍ന്നിരിക്കുന്നത്(kangaroo care) കുഞ്ഞിന് ഒരുപാട് ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. 

6.Upright postion/Koala postition
കുഞ്ഞിനെ അമ്മയുടെ ഒരു തുടയില്‍ അഭിമുഖമായി ഇരുത്തി അതേ വശത്തെ മുല കുടിപ്പിക്കുന്ന രീതി. പ്രസവിച്ച ഉടനെയുള്ള കുഞ്ഞുങ്ങളില്‍ ഇതുപോലെ മുലയൂട്ടാന്‍ നല്ല രീതിയിലുള്ള സപ്പോര്‍ട്ട് ആവശ്യമാണ്. മുതിര്‍ന്നതും ഇരിക്കാന്‍ പ്രാപ്തിയുമുള്ള കുഞ്ഞുങ്ങളില്‍ ഇത് വളരെ എളുപ്പം സ്വീകരിക്കാം.

സൗകര്യത്തിന് അനുസരിച്ച് ഇവയില്‍ ഏത് രീതി വേണമെങ്കിലും അമ്മമാര്‍ക്ക് സ്വീകരിക്കാം. ഇങ്ങനെ മുലയൂട്ടല്‍ ആയാസരഹിതവും പരമാവധി ആനന്ദകരവുമാക്കാം.

അപ്പൊ പറഞ്ഞു വന്നത് എന്താണെന്നുവെച്ചാല്‍.. പ്രസവിച്ച പെണ്ണിനെയും കുഞ്ഞിനെയും കാണാന്‍ പോകുന്ന സന്ദര്‍ശകരെ.. ദയവായി ഒരു നിമിഷം ചിന്തിക്കൂ... മുലയൂട്ടലിനെപ്പറ്റിയുള്ള ഒരുപാട് തെറ്റിദ്ധാരണകളും മുന്‍വിധികളും കൊണ്ട് ഒരു അമ്മയുടെ ആത്മവിശ്വാസം കുറയ്ക്കാതെ അവര്‍ ആഗ്രഹിക്കുന്ന പിന്തുണ നല്‍കൂ.. ഓരോ പിഞ്ചോമനകളും വേണ്ടുവോളം മുലപ്പാല്‍ നുകരട്ടെ....

Content Highlights: World Breastfeeding Week 2021, Importance and facts of Breastfeeding, Health