മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും അതു സംബന്ധിച്ച ശരിയായ അവബോധം സൃഷ്ടിക്കുന്നതിനും എല്ലാ വർഷവും ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ മുലയൂട്ടൽ വാരം ആചരിക്കുന്നു.
മുലയൂട്ടൽ വാരം സംബന്ധിച്ച് ഇത്തവണത്തെ ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച സന്ദേശം “മുലയൂട്ടൽ പരിരക്ഷണം : ഒരു കൂട്ടായ ഉത്തരവാദിത്തം”  എന്നതാണ്.

മുലപ്പാലിന്റെ ഗുണങ്ങൾ ഏറെയാണ്

  • മുലപ്പാൽ കുഞ്ഞിന് വലിച്ച് കുടിക്കാൻ ഉതകും വിധം ദ്രവ രൂപത്തിലുള്ളതും പാകത്തിന് ചൂടുള്ളതുമാണ്.
  • മുലപ്പാൽ സമീകൃതാഹാരമാണ്. ആവശ്യത്തിന് അന്നജവും മാംസ്യവും കൊഴുപ്പും ജീവകങ്ങളും ധാതുക്കളും അടങ്ങിയത്. ലാക്ടോസ് കൂടുതൽ അടങ്ങിയ മുലപ്പാൽ മാധുര്യമേറിയതാണ്. ദഹനത്തെ സഹായിക്കാനുതകുന്നതും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതുമായ നിരവധി എൻസൈമുകൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.
  • കുഞ്ഞിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന വിവിധ ഘടകങ്ങളും മുലപ്പാലിലുണ്ട്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച പരിപോഷിപ്പിക്കുന്ന സവിശേഷമായ ലോംഗ് ചെയിൻ ഫാറ്റി ആസിഡുകളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.
  • മുലപ്പാൽ അണുവിമുക്തമാണെന്നതിന് പുറമേ രോഗാണുക്കളെ പ്രതിരോധിക്കാൻ ശേഷിയുള്ള വിവിധ ഘടകങ്ങൾ അടങ്ങിയിട്ടുമുള്ളതുമാണ്.(ലാക്ടോഫെറിൻ, പെറോക്സിഡേസ്, ലൈപേസ്, പാരാ അമിനോ ബെൻസോയിക് ആസിഡ് മുതലായവ)
  • ഇമ്യൂണോ ഗ്ലോബുലിനുകളും, ലൈസോസൈം, കോംപ്ലിമെന്റ്സ് എന്നിവയോടൊപ്പം അമ്മയിൽ നിന്നുമുള്ള ആന്റിബോഡികളും കുഞ്ഞിന്റെ രോഗ പ്രതിരോധത്തിന്റെ കാവലാളാകുന്നു.
  • മുലയൂട്ടൽ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ കൂടിച്ചേരലിൽ പ്രധാന പങ്കു വഹിക്കുന്നു. കുഞ്ഞിന്റെ വളർച്ചയിലും വികാസത്തിലും ഇത് പരമപ്രധാനമാണ്.
  • പ്രസവശേഷം ഉടൻ തന്നെ മുലയൂട്ടുന്നത് അമ്മയുടെ ഗർഭപാത്രം പെട്ടെന്ന് ചുരുങ്ങുന്നതിനും തദ്വാരാ രക്തസ്രാവം തടയുന്നതിനും സഹായിക്കുന്നു. മാറിനും അണ്ഡാശയത്തിലും ഉണ്ടാകുന്ന അർബുദത്തിന്റെ സാധ്യത മുലയൂട്ടൽ കുറയ്ക്കുന്നു.
  • മുലയൂട്ടൽ അമ്മയുടെ ശരീരത്തിലെ അമിതമായ കൊഴുപ്പ് ഒഴിവായി ശരീര സൗന്ദര്യം നിലനിർത്താനും സഹായിയ്ക്കുന്നു.
  • ലാക്റ്റേഷണൽ അമെനോറിയ അഥവാ മുലയൂട്ടൽ സമയത്ത് ആർത്തവം ഉണ്ടാവാതിരിക്കുന്ന കാലയളവ് കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മികച്ച ഒരു കുടുംബാസൂത്രണ മാർഗവുമാണ്.
  • കുഞ്ഞിന് ആദ്യത്തെ ആറു മാസക്കാലം മുലപ്പാൽ മാത്രം മതി. ചുരുങ്ങിയത് കുഞ്ഞിന് രണ്ട് വയസ്സാകുന്നത് വരെ മുലപ്പാലൂട്ടുന്നത് തുടരുകയും വേണം.
  • കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ എത്രയും വേഗം മുലയൂട്ടിത്തുടങ്ങണം. മുലപ്പാലൂട്ടുന്നതിന് വിഘാതമായ അസുഖങ്ങളൊന്നും കുഞ്ഞിനും അമ്മയ്ക്കും ഇല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുലയൂട്ടിത്തുടങ്ങാം. മുലപ്പാലല്ലാതെ മറ്റൊന്നും വാവയ്ക്ക് സാധാരണ ഗതിയിൽ നൽകേണ്ടതില്ല.

എങ്ങനെയാണ് മുലയൂട്ടേണ്ടത്?

  • അമ്മയ്ക്ക് സൗകര്യപ്രദമായ ഏത് പൊസിഷനിലും മുലയൂട്ടാം. മുലയൂട്ടുന്നതിനിടയിൽ ,പ്രത്യേകിച്ച് രാത്രിയിൽ അമ്മയും കുഞ്ഞും ഉറങ്ങിപ്പോകാനും അതുവഴി മുലപ്പാൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ കയറി അപകടമുണ്ടാകാനും ഇടയുള്ളതിനാൽ, കിടന്നു മുലയൂട്ടുന്നതിനെ പലപ്പോഴും ഡോക്ടർമാർ നിരുത്സാഹപ്പെടുത്താറുണ്ട്.
  • അമ്മയ്ക്ക് ആയാസരഹിതമായി ചാരി ഇരുന്ന് മുലയൂട്ടാം. അമ്മയുടെ ഇടതു കൈത്തണ്ടയിൽ കുഞ്ഞിന്റെ തലയും ചുമലും അരക്കെട്ടും ഒരേ തലത്തിൽ വരുന്നതു പോലെ കിടത്തി, ദേഹത്തോട് ചേർത്തുപിടിക്കാം. 
  • മുലക്കണ്ണ് മാത്രമായി കുഞ്ഞിന്റെ വായിലേക്ക് വെക്കരുത്. മുലക്കണ്ണിന് ചുറ്റുമുള്ള കറുപ്പാർന്ന ഏരിയോളയും കുഞ്ഞിന് ചപ്പാനായി കിട്ടുന്ന വിധത്തിൽ വേണം മുലയൂട്ടേണ്ടത്.ഇതിനായി തന്റെ വലതുകളിലെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് അമ്മയ്ക്ക് മുലക്കണ്ണ് പിടിച്ചു കൊടുക്കാം.

എത്ര നേരം ഇടവിട്ട് മുലപ്പാലൂട്ടണം?

  • ഓരോ കുഞ്ഞും സവിശേഷ സ്വഭാവമുള്ളവരാണ്. അവരുടെ ആവശ്യാനുസരണം മുലയൂട്ടുക എന്നതാണ് പ്രധാനം. 
  • കുഞ്ഞിന് പാലു വേണം എന്ന ആവശ്യം അറിയിക്കുന്ന സൂചനകൾ പതുക്കെ അമ്മയ്ക്ക് അറിയാറായിത്തുടങ്ങും. അതിനനുസരിച്ച് പാലൂട്ടുക.
  • സാമാന്യേന ശരാശരി രണ്ടു രണ്ടര മണിക്കൂർ കൂടുമ്പോൾ പാലൂട്ടണം. ഇത് ഓരോ കുഞ്ഞിലും വ്യത്യാസപ്പെട്ടിരിക്കും . ശരാശരി പ്രതിദിനം 8-12 വരെ തവണ മുലയൂട്ടണം. രാത്രിയിലും ചുരുങ്ങിയത് 3-4 തവണ മുലയൂട്ടേണ്ടതുണ്ട്.

മുലപ്പാൽ കുഞ്ഞിന് തികയുന്നുണ്ടോ?

  • മുലപ്പാൽ ആവശ്യത്തിനുണ്ടോ എന്ന് മനസ്സിലാക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ഉപകരിക്കും.
  • മുലപ്പാൽ കുടിച്ചു കഴിഞ്ഞ് കുഞ്ഞ് ശാന്തമായി ഉറങ്ങുന്നു.
  • ആവശ്യത്തിന് തൂക്കം വെക്കുന്നു.
  • പ്രതിദിനം അഞ്ചാറ് തവണ മൂത്രം ഒഴിക്കുന്നു, ആവശ്യത്തിന് മലം പോകുന്നു.

മുലപ്പാലുണ്ടാവാൻ എന്തു ചെയ്യണം ?

  • മുലപ്പാലുണ്ടാവാൻ ഏറ്റവും വേണ്ടത് സ്വസ്ഥതയും സമാധാനവും ആണ്. 
  • മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കണം. പ്രതിദിനം മൂന്ന് ലിറ്റർ (പതിനഞ്ച് ഗ്ലാസ് വീതം). 
  • പോഷകസമൃദ്ധമായ ആഹാരം കഴിയ്ക്കണം. ഇലക്കറികളും പഴവർഗങ്ങളും ,മത്തിയുമെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തണം.

പൊടിപ്പാൽ (ഫോർമുല ഫീഡ്സ് ) കൊടുക്കണോ?

  • സാധാരണ ഗതിയിൽ പൊടിപ്പാൽ ആവശ്യമായി വരാറില്ല കുഞ്ഞുങ്ങൾക്ക്. ജോലി ചെയ്യുന്ന അമ്മമാരാണെങ്കിലോ, അപൂർവ്വമായി മുലപ്പാൽ കുറഞ്ഞ അവസ്ഥയോ, മുലപ്പാൽ കൊടുക്കാനാവാത്ത സന്ദർഭങ്ങളിലോ എല്ലാം പൊടിപ്പാൽ നൽകേണ്ടതായി വരാം. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾക്കും ഇതാവശ്യമായി വരാറുണ്ട്.
  • ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഫോർമുല ഫീഡ്സ് ഉപയോഗിക്കുക. പൊടിപ്പാൽ കലക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഔൺസ് (മുപ്പത് മില്ലി) തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു സ്കൂപ്പ് പൊടി വീതം ആണ് കലക്കേണ്ടത്.

കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ

Content Highlights: World Breastfeeding Week 2021, How to breastfeed All You Need To Know, Health, Wome's Health