ളരെ പ്രധാനപ്പെട്ട ഒന്നാണ് മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞും എങ്ങനെയാണ് ഇരിക്കേണ്ടത് എന്നത്. അമ്മ നന്നായി നിവര്‍ന്നിരിക്കണം. പുറംഭാഗത്തിനു നല്ലപോലെ സപ്പോര്‍ട്ട് കൊടുക്കണം. അല്ലെങ്കില്‍ പുറംവേദനയുണ്ടാകാം.

കുഞ്ഞുമായുള്ള അമ്മയുടെ ആത്മബന്ധം തുടങ്ങുന്നത് മുലയൂട്ടലിലൂടെയാണ്. മുലയൂട്ടുമ്പോള്‍ കുഞ്ഞിന്റെ മുഖത്തുനോക്കി കൊടുക്കണം. പാട്ടുപാടിക്കൊടുക്കാം. കൊഞ്ചിക്കാം. ലാളിക്കാം. കുഞ്ഞിനോട് സംസാരിക്കാം.

ഇറുക്കമില്ലാത്ത വസ്ത്രമാണ് മുലയൂട്ടുമ്പോള്‍ അമ്മ ധരിക്കേണ്ടത്. സ്തനഭാഗത്തെ വസ്ത്രങ്ങള്‍ നന്നായി തുറക്കുന്ന തരത്തിലുള്ളതായിരിക്കണം. പാല്‍കുടിക്കുമ്പോള്‍ വസ്ത്രഭാഗങ്ങളൊന്നും കുഞ്ഞിന്റെ മുഖത്ത് തട്ടരുത്.

കുഞ്ഞിനെ മുഴുവനായി അമ്മയുടെ ഒരു കൈ കൊണ്ട് താങ്ങണം. വലതുഭാഗത്തെ മുലകുടിപ്പിക്കുമ്പോള്‍ അമ്മയുടെ വലതുകൈയിലും ഇടതുഭാഗത്തെ മുലകുടിപ്പിക്കുമ്പോള്‍ ഇടതുകൈയിലുമായി കുഞ്ഞിനെ താങ്ങണം. കുഞ്ഞിന്റെ തല അമ്മയുടെ കൈമുട്ടുകളിലും കാലുകള്‍ അമ്മയുടെ കൈകളിലുമായി പതിഞ്ഞിരിക്കണം. ആ തരത്തിലാണ് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ എടുക്കേണ്ടത്.

കുഞ്ഞിന്റെ ശരീരം വളയരുത്. നേര്‍രേഖയിലായിരിക്കണം കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടക്കേണ്ടത്. കുഞ്ഞ് അമ്മയുടെ മുഖത്തേക്ക് നോക്കിക്കിടന്ന് പാല്‍കുടിക്കുന്ന തരത്തിലായിരിക്കണം കുഞ്ഞിനെ കിടത്തേണ്ടത്. കുഞ്ഞിന്റെ താടിഭാഗം അമ്മയുടെ മാറില്‍ തൊട്ടിരിക്കണം.

പാല്‍ കുടിക്കുമ്പോള്‍

മുലയൂട്ടുമ്പോള്‍ മുലക്കണ്ണ് മാത്രമാണ് കുഞ്ഞിന്റെ വായില്‍ ഉണ്ടാകാറുള്ളത്. കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നത് ഒരു കുഴല്‍വെച്ച് ജ്യൂസ് വലിച്ചു കുടിക്കുന്നപോലെയാണ്. കുഞ്ഞിന് പാല്‍ ഒട്ടും കിട്ടിയില്ലെങ്കില്‍ കൂടുതല്‍ ശക്തിയില്‍ വലിക്കുകയും മുലക്കണ്ണ് പൊട്ടുകയും ചെയ്യും. ഇത് വേദനയ്ക്ക് കാരണമാകും. മുലയൂട്ടാതിരുന്നാല്‍ പാല്‍ കെട്ടിനിന്ന് മുല കല്ലിച്ചു തുടങ്ങുകയും ചിലപ്പോള്‍ പഴുക്കാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ കുഞ്ഞിന്റെ വായ നല്ലപോലെ തുറന്ന് മുലക്കണ്ണിനു ചുറ്റുമുള്ള കറുത്തഭാഗം മുഴുവനായും വായ്ക്കുള്ളില്‍ വരുന്നരീതിയില്‍ മുലയൂട്ടുക. കുഞ്ഞിന്റെ കീഴ്ചുണ്ട് പുറമേക്ക് പിളര്‍ന്നിരിക്കണം. അപ്പോള്‍ മുലക്കണ്ണ് പൊട്ടുന്നത് ഒഴിവാക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം

Content Highlights: World Breastfeeding Week 2021, How should the mother hold the baby while breastfeeding, Health