കുഞ്ഞിനെ ശ്രദ്ധിക്കുക. 24 മണിക്കൂറില്‍ നല്ലപോലെ അഞ്ചാറു തവണ മൂത്രമൊഴിക്കുന്നുണ്ടോ എന്നും രണ്ടു മൂന്നു തവണ തവണ മലം പോകുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. എങ്കില്‍ കുഞ്ഞിന് വേണ്ടത്ര പാല്‍ കിട്ടുന്നുണ്ട് എന്ന് മനസ്സിലാക്കാം.പാല്‍ കുടിച്ചുകഴിഞ്ഞ് കുഞ്ഞ് രണ്ടു മൂന്ന് മണിക്കൂര്‍ സുഖമായി ഉറങ്ങുന്നുണ്ടെങ്കില്‍ പാല്‍ തികയുന്നുണ്ട് എന്ന് മനസ്സിലാക്കാം. കുഞ്ഞിന് ശരിയായരീതിയില്‍ തൂക്കം കൂടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. മാസം തികഞ്ഞ് പ്രസവിച്ച കുഞ്ഞിന് ദിവസേന 20 ഗ്രാം എങ്കിലും ഭാരം കൂടേണ്ടതാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്റെ കവിളുകള്‍ പാല്‍ വന്നു നിറഞ്ഞു വീര്‍ത്തിരിക്കുന്നുണ്ടോ?
  • മൂന്നു നാല് തവണ പാല്‍ വലിച്ചതിനുശേഷം ഒന്ന് നിര്‍ത്തി കുഞ്ഞു പാല്‍ ഇറക്കുന്നതിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്യുന്നുണ്ടോ?
  • അമ്മയ്ക്ക് ഒരു ഭാഗത്തു നിന്നും പാല്‍ കൊടുക്കുമ്പോള്‍ മറുഭാഗത്തും നിന്ന് പാല്‍ ഇറ്റി ഇറ്റി പോകുന്നുണ്ടോ?
  • രണ്ട് മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ പാല്‍ വന്നു നിറഞ്ഞു സ്തനങ്ങള്‍ക്ക്‌
    ഭാരം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ആവശ്യത്തിന് പാലുണ്ട് എന്ന് മനസ്സിലാക്കാം.

ഉണക്ക മുന്തിരി വെള്ളത്തില്‍ ചാലിച്ചു  കൊടുക്കേണ്ടതുണ്ടോ?

കുഞ്ഞിന് ഉണക്ക മുന്തിരി വെള്ളത്തില്‍ ചാലിച്ചുകൊടുക്കേണ്ട ആവശ്യമില്ല. പാലിന് പകരം ഇങ്ങനെ പലതും കൊടുത്തു തുടങ്ങിയാല്‍ കുഞ്ഞ് മുലപ്പാല്‍ കുടിക്കാന്‍ മടി കാണിക്കും. ഇതോടെ കുഞ്ഞിന് ലഭിക്കുന്ന മുലപ്പാല്‍ കുറയുകയും ചെയ്യും. ഇവ മൂലം കുഞ്ഞിന് വയറിളക്കവും മറ്റു പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും. അതിനാല്‍ മുലപ്പാലിന് പകരം വേറൊന്നും കൊടുക്കരുത്‌.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍ കൊല്ലം

Content Highlights: World Breastfeeding Week 2021, How do you know if your baby is getting enough milk, Health