പാല്‍ കുറവാണോ, കുഞ്ഞ് ശരിക്ക് കുടിക്കുന്നുണ്ടോ തുടങ്ങി പലതരം ആശങ്കകളാണ് മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ളത്.

ആവശ്യത്തിന് മുലപ്പാല്‍ ഉണ്ടാവില്ലേ?

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള അമ്മമാര്‍ക്ക് മാത്രമേ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുള്ള അത്രയും അളവില്‍ പാല്‍ ഉണ്ടാവാതിരിക്കൂ. ഗര്‍ഭകാലത്ത് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് മുലപ്പാല്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും.

കുഞ്ഞിന്റെ ആദ്യകരച്ചില്‍ കേട്ടാലുടനെ അമ്മ മുല ചുരത്തണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. ചില സമയങ്ങളില്‍ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ അമ്മയെ മാനസിക സമ്മര്‍ദത്തിലാക്കാനും ഫലം വിപരീതമാകാനും സാധ്യതയുണ്ട്.

മുലയൂട്ടുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടേ?

മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ആഹാരങ്ങള്‍ ഏതൊക്കെയെന്ന് പ്രത്യേകം പറയുന്നില്ല. നെയ്യും മധുരവുമൊക്കെ ചേര്‍ന്ന ആഹാരം കൂടുതല്‍ കഴിക്കരുത് എന്ന് മാത്രം. മുലപ്പാലിന്റെ 88 ശതമാനവും വെള്ളമാണ്. അതുകൊണ്ട് വയര്‍ ചാടാതിരിക്കാന്‍ വെള്ളം ഒഴിവാക്കണമെന്ന നിര്‍ദേശവും പൂര്‍ണമായും ശരിയല്ല.

അമ്മ വ്യായാമം ചെയ്താല്‍ മുലപ്പാല്‍ കുറയുമെന്നത് സത്യമല്ലേ?

ഇത് തികച്ചും വാസ്തവവിരുദ്ധമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വ്യായാമം ചെയ്യുന്നത് അമ്മയുടെ മാനസികാരോഗ്യത്തിനും നല്ലതാണ്. വ്യായാമം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് കുഞ്ഞിന് പാല്‍ നല്കണം. വ്യായാമശേഷവും അരമണിക്കൂര്‍ കഴിഞ്ഞേ കുഞ്ഞിന് പാല്‍ നല്കാവൂ എന്ന് മാത്രം.

വിശക്കുമ്പോഴല്ലേകുഞ്ഞ് കരയുന്നത്?

വിശക്കുമ്പോള്‍ മാത്രമല്ല കുഞ്ഞ് കരയുന്നത്. എന്ത് പ്രശ്നത്തിനും കുഞ്ഞുങ്ങള്‍ക്ക് ഒരു ഭാഷയിലേ പ്രതികരിക്കാന്‍ കഴിയൂ. അതുകൊണ്ട് അവര്‍ കരയുമ്പോഴൊക്കെ പാല് കൊടുക്കാന്‍ അമ്മമാരെ നിര്‍ബന്ധിക്കരുത്. 

സിസേറിയനായതുകൊണ്ടല്ലേ മുലപ്പാലുണ്ടാവാത്തത്?

ഇത് തികച്ചും തെറ്റിദ്ധാരണയാണ്. സ്വാഭാവികമായ പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും മുലപ്പാലിന്റെ അളവിന് വ്യത്യാസം വരണമെന്നില്ല. 

ഗര്‍ഭകാലത്ത് അമ്മ നേരിടുന്ന മാനസികസംഘര്‍ഷങ്ങളാണ് ഒരു പരിധി വരെ ആവശ്യത്തിന് മുലപ്പാല്‍ ഉണ്ടാവാതിരിക്കാന്‍ പ്രധാന കാരണം. മുലയൂട്ടല്‍ സംബന്ധിച്ച പ്രാഥമിക നടപടികള്‍ ഇക്കാലയളവില്‍ തുടങ്ങുകയും വേണം. കുഞ്ഞിന് പാല്‍ കൊടുക്കാന്‍ പിടിക്കേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള പരിശീലനം, മുലഞെട്ടുകള്‍ ഉള്‍വലിഞ്ഞതാണോ എന്ന പരിശോധന തുടങ്ങിയവയൊക്കെ ഗര്‍ഭകാലത്ത് തന്നെ നടത്തേണ്ടതാണ്.

പ്രസവശേഷമുള്ള ആദ്യദിവസങ്ങളില്‍ കുഞ്ഞിന് അമ്മയുമായി ഇടപഴകാനുള്ള അവസരവും കൂടുതലായി നല്കണം. ബന്ധുജനങ്ങളുടെ അനാവശ്യ ഇടപെടല്‍ അമ്മയുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അമ്മയുടെ മുമ്പില്‍ വച്ച് മുലയൂട്ടലിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഗുണകരമല്ല. 

മുലപ്പാല്‍ വലിച്ചുകുടിക്കാന്‍ മടിയന്മാരായ കുഞ്ഞുങ്ങളെ കരച്ചിലടക്കാന്‍ കുപ്പിപ്പാല്‍ കൊടുത്ത് ശീലിപ്പിക്കുന്നത് നല്ലതല്ല. ഇങ്ങനെ ചെയ്താല്‍ കുഞ്ഞിന് നിപ്പിള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. മുലപ്പാല്‍ കുടിക്കുന്നതും കുപ്പിപ്പാല്‍ കുടിക്കുന്നതും രണ്ട് രീതിയിലായതിനാല്‍ കുഞ്ഞിന് ആശയക്കുഴപ്പം വരും. എളുപ്പമുള്ള മാര്‍ഗമെന്ന നിലയില്‍ കുഞ്ഞ് കുപ്പിപ്പാലിന് വാശിപിടിക്കുകയും ചെയ്യും. മുലപ്പാല്‍ വലിച്ചുകുടിക്കുന്നതില്‍ കുഞ്ഞിനുള്ള ഈ മടി മുലപ്പാലിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. 

Content Highlights: World Breastfeeding Week 2021, Five major concerns of breastfeeding mothers, Health