യുവ എഴുത്തുകാരി ഇന്ദുമേനോന്‍ തന്റെ ഒരു പുസ്തകത്തില്‍ ഇങ്ങനെ എഴുതി- 'മുലകുടിപ്പരിശം* ചോരപ്പരിശത്തെക്കാളും പരിശുദ്ധമാര്‍ന്ന് വളരുന്നത് ഞാന്‍ നോക്കി നിന്നു. ചോരപ്പരിശം പോലെ ഗാഢമായ മറ്റൊരാത്മബന്ധമാണത്. സ്ത്രീക്കും ശിശുവിനുമിടയില്‍ മാത്രം ഉണ്ടാകുന്ന നിഗൂഢമായ രക്തബന്ധം' - നൂറു ശതമാനം പരമാര്‍ഥമായ ഇക്കാര്യം നമ്മളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാനാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. 'Protect Breatsfeeding: A shared responsibility' എന്നതാണ് ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരത്തിന്റെ മുദ്രാവാക്യം.
   
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോഴൊക്കെ കൂട്ടത്തില്‍ ഊന്നിപ്പറയുന്ന ഒന്നാണ് കുപ്പിപ്പാല്‍ കൊടുക്കാതിരിക്കുക എന്നത്. ഇവിടെ ശക്തിയുക്തം എതിര്‍ക്കുന്നത് പാല്‍ കുപ്പിയിലാക്കി കൊടുക്കുന്നതിനെയാണ്. മുലപ്പാലിന്റെ ഗുണഗണങ്ങളും ടിന്നില്‍ വരുന്ന പാല്‍പ്പൊടികളും തമ്മില്‍ ഒരു താരതമ്യം ഇല്ലെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ മുലയൂട്ടലിന് തടസ്സം നില്‍ക്കുന്ന ചില ഘട്ടങ്ങള്‍ വരുമ്പോള്‍ ചിലപ്പോഴൊക്കെ നമുക്ക് ടിന്‍ പാലിനെ (Artificial formula) ആശ്രയിക്കേണ്ടതായി വന്നേക്കാം. ജന്മനാലുള്ള വൈകല്യങ്ങളായ മുറിച്ചുണ്ട് (Cleft lip), മുറിയണ്ണാക്ക് (Cleft palate) ഉള്ളിലോട്ടു തള്ളിയ കീഴ്ത്താടിയെല്ല് എന്നിവയുള്ള കുട്ടികള്‍ക്കും തീരെ മൂപ്പെത്താതെ ജനിച്ച കുട്ടികള്‍ക്കും മുലകുടി ബുദ്ധിമുട്ടാണ്. 

ഇനി അമ്മമാരുടെ കാര്യത്തിലാണെങ്കില്‍ മാനസിക രോഗമുള്ളവര്‍, പ്രസവാനന്തരമുള്ള മാനസിക തകരാറുകള്‍ ഉള്ളവര്‍ (post partum psychosis), എച്ച്.ഐ.വി. ബാധിതര്‍, ക്ഷയരോഗികളും അതിന് മരുന്നുകഴിക്കുന്നവരും, മുലക്കണ്ണു വിണ്ടുകീറിയവര്‍, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞവര്‍, മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ ചെന്നാല്‍ അപകടമുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ക്ക് മുലയൂട്ടല്‍ അസാദ്ധ്യമാണ്. പ്രസവത്തോടുകൂടി മരിച്ചുപോവുന്ന അമ്മമാരുടെ കാര്യം പ്രത്യേകിച്ചുപറയേണ്ടതില്ലല്ലോ. മേല്‍പ്പറഞ്ഞ ഘട്ടങ്ങളില്‍ കൈകൊണ്ടോ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചോ മുല്‍പ്പാല്‍ പിഴിഞ്ഞ് കൊടുക്കാന്‍ പറ്റുന്ന കേസുകളില്‍ അങ്ങനെ ചെയ്യുന്നതാണ് നല്ലത്. ഇതിനുപറ്റാത്ത സാഹചര്യങ്ങളില്‍ പശുവിന്‍ പാലോ ടിന്നില്‍ വരുന്ന പാല്‍പ്പൊടിയോ ഉപയോഗിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മിക്കവരും ആശ്രയിക്കുന്നത് മുലക്കുപ്പിയെയാണ്. 

പശുവിന്‍ പാലും പാല്‍പ്പൊടിയും ഉപയോഗിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇക്കൂട്ടര്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ലെങ്കിലും മുലക്കുപ്പി എന്ന മാര്‍ഗം ഉപേക്ഷിച്ചാല്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം. ഇനി മുലയൂട്ടാന്‍ മറ്റൊരു തടസ്സങ്ങളും ഇല്ലാതിരുന്നിട്ടും കൃത്രിമ പോഷണങ്ങള്‍ കുപ്പിയിലാക്കി കൊടുക്കുന്നതുമൂലം ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
 
ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും വയറിളക്കവും വരാനുള്ള സാധ്യത കൂടുതലാണ്. മുലക്കുപ്പി എത്ര നന്നായി കഴുകിയാലും അടപ്പിന്റെയും നിപ്പിളിന്റെയും ചാലുകള്‍ക്കുള്ളില്‍ അഴുക്കുപിടിച്ച് രോഗാണുക്കള്‍ പെരുകുന്നതാണ് കാരണം. മിക്കപ്പോഴും ശരിയായ രീതിയില്‍ സ്റ്റെറിലൈസേഷന്‍ നടത്താതെ വെറുതെ ചൂടുവെള്ളത്തില്‍ കഴുകിയാണ് പലരും പാല്‍ക്കുപ്പിയില്‍ പാല്‍ നിറക്കുന്നത്. ഇനി അഥവാ തിളപ്പിച്ച് അണുവിമുക്തമാക്കിയാല്‍ തന്നെ കൈകൊണ്ട് നിപ്പിളും അടപ്പുമൊക്കെ വീണ്ടും സ്പര്‍ശിക്കുന്നതോടെ രോഗാണുസംക്രമണത്തിനുള്ള സാധ്യത ഏറുന്നു. യാത്രാവേളകളിലും മറ്റും കുപ്പി വേണ്ട രീതിയില്‍ അണുവിമുക്തമാക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രി, ബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ട്രെയിന്‍, ബസ് എന്നിവയിലെ യാത്രാവേളകള്‍ ഇവയൊക്കെ പൊടിപടലങ്ങള്‍, ഈച്ച മുതലായവ ധാരാളമുള്ള ഇടങ്ങളായതിനാല്‍ കൂടുതല്‍ അപകടകരമാണ്.
  
മുലക്കുപ്പി വഴി പാല്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ അളവില്‍ വായു വയറ്റിലെത്താനുള്ള സാധ്യത ഏറുന്നു. ഇത് പെട്ടെന്ന് വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും തല്‍ഫലമായി വേണ്ടത്ര പാല്‍ കുട്ടി കുടിക്കാതിരിക്കുകയും ചെയ്യുന്നു. പോഷകക്കുറവായിരിക്കും അനന്തരഫലം. മാത്രമല്ല എക്കിള്‍ ഉണ്ടാവാനും ഇത് കാരണമാകുന്നു.

മുലക്കുപ്പിയിലെ റബ്ബര്‍ നിപ്പിള്‍ വഴി പാല്‍ കുടിക്കാന്‍ കുട്ടിക്ക് കൂടുതല്‍ ഊര്‍ജ്ജം ചെലവിടേണ്ടിവരുന്നു. അമ്മയുടെ മുല കുടിക്കുമ്പോള്‍ കുട്ടി വലിച്ചുകുടിക്കുന്നതിനനുസരിച്ച് അമ്മ പാല്‍ ചുരത്തി കുഞ്ഞിന്റെ വായിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. ഈ ചുരത്തല്‍ പ്രക്രിയ കുപ്പിയിലില്ല. കുട്ടി പെട്ടെന്നു ക്ഷീണിക്കുന്നതിനാല്‍ പാല്‍ കുടി പെട്ടെന്ന് നിര്‍ത്തുന്നു.

കുപ്പി വഴി പാല്‍ കൊടുക്കുന്ന കുട്ടികളില്‍ ചെവിക്കുള്ളിലെ അണുബാധയും ചെവിപഴുപ്പും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. പാല്‍ കുടിക്കുമ്പോള്‍ അവലംബിക്കുന്ന പൊസിഷന്‍ ആണിതിന്റെ കാരണം.

മുലപ്പാലിലെ പോഷകമൂല്യങ്ങള്‍ അതേപടി ടിന്‍പാലില്‍ ലഭ്യമല്ലാത്തതിനാല്‍ പോഷകക്കുറവ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധശക്തിക്കു വേണ്ട ഇമ്മ്യൂണോഗ്ലോബിനും മുലപ്പാലിലാണുള്ളത്. അതേസമയം പാല്‍പ്പൊടിയില്‍ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. രുചിക്കുവേണ്ടി ചിലപ്പോള്‍ ചേര്‍ക്കുന്ന പഞ്ചസാര ഇതിനും പുറമെയാണ്. ഫലം പൊണ്ണത്തടി, പ്രമേഹസാധ്യതകള്‍ എന്നിവ കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ കൂടുതലായിരിക്കും.

ആസ്തമ, അലര്‍ജി, ശ്വാസകോശത്തിലെ അണുബാധകള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതല്‍.

കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ബോട്ടില്‍ അഡിക്ഷനുള്ള (Bottle addiction) സാധ്യത ഏറെയാണ്. കുട്ടി കരയാതിരിക്കാനും അടങ്ങിയിരിക്കാനും ഉറങ്ങാനും ഒക്കെ വേണ്ടി പാല്‍ നിറച്ചോ ചിലപ്പോള്‍ മറ്റെന്തെങ്കിലും ജ്യൂസ് നിറച്ചോ മുലക്കുപ്പി കുട്ടിയുടെ കൈയില്‍ കൊടുക്കുന്ന ധാരാളം രക്ഷിതാക്കളെ കാണാം. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഒക്കെ പോവുമ്പോള്‍ കുപ്പിയും കൈയില്‍ പിടിച്ചു വെറുതെ ചപ്പിക്കൊണ്ടുനടക്കുന്ന കുട്ടികള്‍ക്ക് ബോട്ടില്‍ അഡിക്ഷന്‍ തന്നെ.

സ്ഥിരമായി കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ പല്ലുകള്‍ ശരിയായ രീതിയില്‍ ചേര്‍ത്തടയ്ക്കാന്‍ പറ്റാതെ വരും. പല്ലുകള്‍ പൊങ്ങാനുള്ള സാധ്യതയും ഉണ്ട്. ഇതിനൊക്കെ പുറമെ പല്ലിനടിയില്‍ പഞ്ചസാര കൂടുതലായടങ്ങിയ പാലിന്റെ അംശം എല്ലായ്പ്പോഴും തങ്ങി നില്‍ക്കുന്നതിനാല്‍ പുഴുപ്പല്ല് വരാവുന്നതാണ്. 'ബോട്ടില്‍ കേരീസ്' എന്നാണ് ഇതിന്റെ പേര്.

പാല്‍ തയ്യാറാക്കുമ്പോള്‍ പെട്ടെന്ന് കുഞ്ഞ് വളരട്ടെ എന്നു കരുതി കൂടുതല്‍ പൊടിയിട്ട് കട്ടിയില്‍ തയ്യാറാക്കുമ്പോള്‍ ദഹനക്കേടും വില കൂടിയ പാല്‍പ്പൊടി കൂടുതല്‍ നാള്‍ ഇരിക്കാന്‍ വേണ്ടി കൂടുതല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുമ്പോള്‍ പോഷണക്കുറവും ഉണ്ടാവാം.

കുട്ടി ആവശ്യപ്പെടുന്ന/കരയുന്ന ഉടനെ തന്നെ മുലക്കണ്ണ് വായില്‍ വെച്ചുകൊടുക്കുന്നതുപോലെ മുലക്കുപ്പിയില്‍ പാല്‍ കൊടുക്കാന്‍ പറ്റില്ല. തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണം. മാത്രമല്ല തിളച്ചവെള്ളം ശരിയായ ഊഷ്മാവിലേക്ക് തണുപ്പിക്കാതെ കൊടുത്താല്‍ കുഞ്ഞിന്റെ വായ് പൊള്ളും.

പരിഹാര മാര്‍ഗങ്ങള്‍

വളരെ എളുപ്പത്തില്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാം. ശ്രദ്ധിക്കുക.

  • മുലക്കുപ്പി പാടെ ഉപേക്ഷിക്കുക. പകരം ചെറിയ ഒരു ബൗള്‍ അഥവാ കട്ടോരിയും മൂര്‍ച്ചയില്ലാത്ത വക്കോടു കൂടിയ ഒരു കുഞ്ഞു സ്പൂണും ഉപയോഗിച്ച് പതിയെ തലമണ്ടയില്‍ കയറാത്ത രീതിയില്‍ ക്ഷമാപൂര്‍വ്വം കോരി കൊടുക്കുക (Cup and spoon feeding). 'പാലട' എന്ന ചെറിയ വാലോടുകൂടിയ പാത്രം ഉപയോഗിച്ച് കുഞ്ഞിന്റെ വായില്‍ പാല്‍ ഇറ്റിച്ചുകൊടുക്കുന്നതും എളുപ്പമാണ്.
  • ഇങ്ങനെ ചെയ്യുമ്പോള്‍ മുലപ്പാല്‍ പിഴിഞ്ഞ് കൊടുക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുക. നിവര്‍ത്തിയില്ലാതെ വന്നാല്‍ മാത്രം പാല്‍പ്പൊടിപ്പാല്‍ ഉപയോഗിക്കുക.
  • പാല്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ ടിന്നില്‍ പറഞ്ഞ അളവില്‍ പൊടിയും വെള്ളവും ഉപയോഗിക്കണം. സാധാരണ രീതിയില്‍ ഒരൗണ്‍സ് വെള്ളത്തിന് ഒരു സ്പൂണ്‍ (scoop) എന്നാണ് കണക്ക്.
  • മുറിയണ്ണാക്ക് ഉള്ള കുട്ടികളില്‍ ശസ്ത്രക്രിയ ചെയ്യുന്നതുവരെ അഥവാ നിപ്പിളും കുപ്പിയും ഉപയോഗിക്കേണ്ടി വന്നാല്‍ നീണ്ടതും വലിയ ദ്വാരത്തോടു കൂടിയതുമായ സ്പെഷ്യല്‍ നിപ്പിള്‍ നന്നായി തിളപ്പിച്ച് അണുവിമുക്തമാക്കിയതിനുശേഷം ഉപയോഗിക്കുക. പാലിന്റെ സ്ഥാനത്ത് മുലപ്പാല്‍ തന്നെ ഉപയോഗിക്കുക. 'മുലകുടിപ്പരിശം'- അതിനു പകരം മറ്റൊന്നില്ല എന്ന് ഓര്‍ക്കുക.

* മുലകുടിപ്പരിശം എന്നാല്‍ മുലകുടി ബന്ധം

(കൊച്ചി അമൃത കോളേജ് ഓഫ് നഴ്‌സിങ്ങിലെ പ്രാഫസറാണ് ലേഖകന്‍)

Content Highlights: World Breastfeeding Week 2021 , Babies and Bottle Milk, Breastfeeding, Health