കലസീമകളേയും ലംഘിച്ചുകൊണ്ടാണ് കോവിഡ് 19 എന്ന മഹാമാരി പടര്‍ന്ന് പിടിക്കുന്നത്. ദുരിതത്തിന്റെ വ്യാപ്തി പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. പലവിധ  ബുദ്ധിമുട്ടുകളാണ് നാമിന്ന്  അഭിമുഖീകരിക്കുന്നത്. പല സംശയങ്ങള്‍ക്കും കൃത്യവും ശാസ്ത്രീയവുമായ വിവരങ്ങള്‍ ലഭ്യമല്ല എന്നത്  ഇതില്‍ പ്രധാനപ്പെട്ടതാണ്. മുലയൂട്ടുന്ന അമ്മമാരുടെ ആകുലതകളാണ് ഇവയില്‍ പ്രത്യേക പരാമര്‍ശമാവശ്യമായ ഒരു കാര്യം.

നവജാത ശിശുക്കളുടെ ആരോഗ്യത്തില്‍ മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവര്‍ക്കും  ബോധ്യമുള്ളതാണ്. മുലപ്പാലിനോളം പോഷകമൂല്യമുള്ള മറ്റൊന്നും തന്നെ ഇന്ന് ലഭ്യമല്ല. വിവിധ രോഗാവസ്ഥകളെ അതിജീവിക്കാനുള്ള സ്വാഭാവിക പ്രതിരോധം കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കുന്നത് മുലപ്പാലാണ്.  നിലവിലെ സാഹചര്യത്തില്‍ മുലയൂട്ടുന്നത് ദോഷകരമാകുമോ എന്ന വിഷയത്തില്‍ ലോകത്താകമാനം ഇന്നേ ദിവസം വരേ നടന്ന വിവിധ പഠനങ്ങളെ അധികരിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നത്,  ദോഷകരമാകുവാന്‍ സാധ്യതയില്ല എന്ന് തന്നെയാണ്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിലപ്പോള്‍ പാസ്ചുറൈസ് ചെയ്ത പാല്‍ (മാതാവിന്റെ, ചിലപ്പോള്‍ ദാതാവിന്റെ) നല്‍കാറുണ്ട്. ഈ പാലിലൂടെ വൈറസ് പടരുവാന്‍ സാധ്യതയുണ്ടോ എന്നതിനെ കുറിച്ചും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്; എന്നാല്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. മാത്രമല്ല,  കൊറോണ വൈറസിനോട് സമാന സ്വഭാവം പുലര്‍ത്തുന്ന വൈറസുകള്‍ പാസ്ചുറൈസ് ചെയ്ത പാലില്‍ നിലനില്‍ക്കില്ല എന്നതും ആശ്വാസകരമാണ്. 

നവജാത ശിശുക്കള്‍ക്ക് കോവിഡ് പടരാനുള്ള സാധ്യതകള്‍

ഗര്‍ഭപാത്രത്തിലോ അംനോട്ടിക് ഫ്‌ളൂയിഡിലോ ഒന്നും തന്നെ ഇതുവരെ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് കോവിഡ് 19 പകരുവാനുള്ള സാധ്യതയില്ല. മുലപ്പാലിലൂടെ പകരാനുള്ള സാധ്യത കുറവാണ് താനും. എന്നാല്‍, അസുഖം പടരാനിടയാക്കുന്ന പൊതുവായ സാഹചര്യങ്ങള്‍ നവജാത ശിശുക്കള്‍ക്കും ബാധകമാണ്. അതായത്, രോഗബാധിതയായ അമ്മ, ബന്ധുക്കള്‍, പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മുതലായവരിലൂടെ പകരുവാനുള്ള സാധ്യത ഒരു വാസ്തവമാണ്. അതുകൊണ്ട് തന്നെ ഈ സവിശേഷമായ സാഹചര്യത്തില്‍ നവജാതശിശുക്കളുടെ മുലയൂട്ടല്‍ ഉള്‍പ്പെടെയുള്ള പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സാധാരണഗതിയില്‍ നവജാത ശിശുക്കള്‍ മുഴുവന്‍ സമയവും അമ്മമാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരായിരിക്കും. അതുകൊണ്ട് തന്നെ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്.

2. കുഞ്ഞിനെ സ്പര്‍ശിക്കുന്നതിന് മുന്‍പ് ഓരോ തവണയും സോപ്പും വെള്ളവും ഉപയോഗിച്ച് നിര്‍ബന്ധമായും കൈകള്‍ കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ 70% ആല്‍ക്കഹോള്‍ ഉള്‍ക്കൊള്ളുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം.

3. മുലകൊടുക്കുന്ന സമയത്ത് അമ്മമാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയാലും കൈകള്‍ ശുചിയാക്കുക, മാസ്‌ക് ധരിക്കുക എന്നീ ശീലങ്ങളില്‍ വിട്ടുവീഴ്ച അരുത്. 

4. മുലയൂട്ടുന്നതിന് മുന്‍പ് സ്തനങ്ങള്‍ വൃത്തിയായി കഴുകണം.

5. മുലയൂട്ടുന്ന അമ്മമാര്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്.

6. ഈ സമയത്ത്‌ അവസാനിക്കുന്നത് വരെ സന്ദര്‍ശകരെ കുഞ്ഞിനെ കാണുവാനോ സ്പര്‍ശിക്കുവാനോ അനുവദിക്കരുത്. 

7. ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കുക. അനിവാര്യമാണെങ്കില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കയ്യില്‍ കരുതുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. കുഞ്ഞിനെ മറ്റുള്ളവര്‍ക്ക് കൈമാറുവാനും പാടില്ല.

8. ഏതെങ്കിലും സാഹചര്യത്തില്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുടെ ഭാഗമായി അമ്മയ്ക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടി വരികയാണെങ്കിലും സമയാസമയങ്ങളില്‍ ദേഹശുദ്ധി വരുത്തി മുലപ്പാല്‍ പിഴിഞ്ഞോ അല്ലെങ്കില്‍ ബ്രെസ്റ്റ് പമ്പ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചോ കുഞ്ഞുമായി നേരിട്ട് സമ്പര്‍ക്കം വരാതെ നല്‍കാവുന്നതാണ്.

9. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ചാണ് മുലപ്പാല്‍ നല്‍കുന്നതെങ്കില്‍ പമ്പ് ചെയ്‌തെടുക്കുന്നതിന് മുന്‍പ് കൈകളും, ഉപയോഗിക്കുന്ന പമ്പും വൃത്തിയായി കഴുകി അണുവിമുക്തമാണെന്ന് ഉറപ്പ് വരുത്തണം.

10. കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കണം.

നിങ്ങളുടെ കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും മികച്ച സമീകൃതാഹാരമാണ് മുലപ്പാല്‍. ആവശ്യത്തിന് അന്നജവും മാംസ്യവും കൊഴുപ്പും ജീവകങ്ങളും ധാതുക്കളും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന എന്‍സൈമുകളും, ബുദ്ധിയുടെ വളര്‍ച്ച ഉത്തേജിപ്പിക്കുന്ന ഫാറ്റി ആസിഡുകളുമെല്ലാം ഉള്‍പ്പെട്ട ഈ  വിശിഷ്ട ഭക്ഷണത്തെ പറ്റുന്നത്ര  എല്ലാ സാഹചര്യത്തിലും കുഞ്ഞിന് നല്‍കുക തന്നെ ചെയ്യണം. അസുഖബാധിതരാണെങ്കില്‍ നേരിട്ട് നല്‍കാതെ മുകളില്‍ സൂചിപ്പിച്ച ഇതര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതാണ് നല്ലത്. എന്നാല്‍ ഒരു കാരണവശാലും മുലപ്പാല്‍ നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍  അമ്മമാര്‍ നിരാശരാകരുത്. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ആവശ്യമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്വീകരിക്കാവുന്നതാണ്.

Content Highlights: World Breastfeeding week 2021, Breastfeeding and corona virus, Health