1990 ലെ ഇന്നസന്റി പ്രഖ്യാപനത്തില്‍ മുലയൂട്ടല്‍ പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞതിനെത്തുടര്‍ന്ന് 1992 ല്‍ ലോകാരോഗ്യസംഘടനയും യൂനിസെഫും ചേര്‍ന്ന് ആവിഷ്‌കരിച്ച ഒരു പദ്ധതിയാണ് ശിശു സൗഹൃദ ആശുപത്രികള്‍ .

മുലപ്പാല്‍ കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റുളളവരെ അപേക്ഷിച്ച് രോഗാവസ്ഥയും മരണ സാധ്യതയും കുറവാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം മതി എന്നാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ഇത്തരത്തില്‍ ആദ്യത്തെ 6 മാസം മുലപ്പാല്‍ മാത്രം കുടിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണ്ടു. പ്രധാന കാരണങ്ങളായി കണ്ടെത്തിയത് വന്‍കിട കമ്പനികളുടെ പാലുല്‍പന്നങ്ങളുടെ മേന്‍മ വിളിച്ചോതുന്ന കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും, ജനിച്ച ഉടനെയുള്ള മണിക്കൂറുകളിലും ദിവസങ്ങളിലും മുലയൂട്ടുന്ന കാര്യത്തില്‍ അമ്മമാരെ ബോധവല്‍ക്കരിക്കുന്നതിലും സഹായിക്കുന്നതിലും ആശുപത്രി ജീവനക്കാര്‍ കാണിച്ചിരുന്ന അലംഭാവവുമാണ്.

ഈയൊരു സാഹചര്യത്തിലാണ് BFHI പ്രോഗ്രാമിന് ഇന്ത്യയില്‍ തുടക്കം കുറിച്ചത്. കേരളത്തില്‍ 1993 മാര്‍ച്ച് മാസം ആണ് ഇതിന് ആരംഭം കുറിച്ചത്. 2002 ആഗസ്ത് മാസത്തില്‍ ലോകത്തിലെ തന്നെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയുണ്ടായി.എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആദ്യത്തെ 6 മാസം മുലപ്പാല്‍ മാത്രം കുടിച്ചു വളരുന്ന കുട്ടികളുടെ ശതമാനം വീണ്ടും കുറഞ്ഞു തുടങ്ങി. കേരളത്തില്‍ 53% കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ഈ സൗഭാഗ്യം ലഭിക്കുന്നത്. (നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ 4) ഈ സാഹചര്യത്തിലാണ് Revamping of BFHI ആവശ്യമായി വന്നത്. മാതൃശിശു സൗഹൃദ ആശുപത്രികള്‍ എന്ന പേരില്‍ കേരളത്തില്‍ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളെയും സാക്ഷ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഓരോ ആശുപത്രിയെയും ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തി, ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആശുപത്രികള്‍ക്ക് ഈ സാക്ഷ്യപത്രം നല്‍കുക.

എന്തൊക്കെയാണ് മാതൃ ശിശു സൗഹൃദ ആശുപത്രികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ?

പ്രസ്തുത ആശുപത്രിക്ക് ഒരു മുലയൂട്ടല്‍ നയം വേണം.

പ്രസ്തുത ആശുപത്രിയില്‍ എല്ലാവരും കാണുന്ന രീതിയില്‍ വിവിധ ഭാഗങ്ങളില്‍ ഇത് ഒരു മാതൃശിശു സൗഹൃദ ആശുപത്രി ആണ് എന്നും, അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നും (താഴെ പറയുന്ന കാര്യങ്ങള്‍) എഴുതി പ്രദര്‍ശിപ്പിക്കണം.

മുലയൂട്ടലിനെ പ്രോല്‍സാഹിപ്പിക്കാനായി ആ ആശുപത്രിയില്‍ പാല്‍പ്പൊടികള്‍, പാല്‍ക്കുപ്പികള്‍, പാല്‍പ്പൊടി വാങ്ങാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്ന ലഘുലേഖകള്‍, സാംപിള്‍ പാക്കറ്റുകള്‍ എന്നിവ നിരോധിക്കണം.

മുലയൂട്ടലിന്റെ പ്രാധാന്യം, മുലപ്പാലിന്റെ ഗുണങ്ങള്‍ എന്നിവയെ സംബന്ധിച്ച് ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും അറിവുണ്ടാകണം. അതോടൊപ്പം, അവര്‍ക്ക് മുലയൂട്ടുന്നതില്‍ അമ്മമാരെ പ്രോല്‍സാഹിപ്പിക്കുവാനും സഹായിക്കുവാനും വേണ്ട പരിശീലനം ലഭിച്ചിരിക്കണം.

ആശുപത്രിയില്‍ പരിശോധനക്ക് വരുന്ന ഗര്‍ഭിണികള്‍ക്ക് മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റിയും, മുലപ്പാലിന്റെ ഗുണങ്ങളെപ്പറ്റിയും വിജയകരമായി മുലയൂട്ടുന്നതിന് സഹായകമായ കാര്യങ്ങളെപ്പറ്റിയും അവബോധം ഉണ്ടാക്കണം.

ജനിച്ച ഉടനെത്തന്നെ മുലയൂട്ടിത്തുടങ്ങാന്‍ സഹായകമാകും വിധം കുഞ്ഞിനെ അമ്മയുടെ ശരീരത്തോട് ചേര്‍ത്തു കിടത്തണം. കുഞ്ഞിനെ അമ്മയില്‍ നിന്നും മാറ്റി കിടത്തരുത് (അമ്മക്കോ കുഞ്ഞിനോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ) . അതോടൊപ്പം ജനിച്ച ഉടനെ മുലയൂട്ടുവാന്‍ ആശുപത്രി ജീവനക്കാര്‍ അമ്മയെ സഹായിക്കണം.

മുലയൂട്ടുമ്പോള്‍ അമ്മ എങ്ങനെ ഇരിക്കണം, കുഞ്ഞിനെ എങ്ങനെ പിടിക്കണം, ശരിയായ രീതിയില്‍ ആണോ കുഞ്ഞ് മുലകുടിക്കുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാം എന്നീ കാര്യങ്ങള്‍ നഴ്‌സിംഗ് സ്റ്റാഫ് അമ്മയെ പറഞ്ഞു മനസ്സിലാക്കണം.

വൈദ്യശാസ്ത്രപരമായ കൃത്യമായ കാരണങ്ങള്‍ ഇല്ലങ്കില്‍ കുഞ്ഞിന് മുലപ്പാലല്ലാതെ മറ്റൊന്നും കൊടുക്കാന്‍ പാടില്ല. മറ്റ് പാലുകള്‍ കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് എന്ത് കൊണ്ട് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കുഞ്ഞിന്റെ ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് അവരുടെ സമ്മതവും വാങ്ങണം.

ജനിച്ച് ആറ് മാസം പൂര്‍ത്തിയാകുന്നത് വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം മതിയാകും. ഏഴാം മാസം മുതല്‍ മുലപ്പാലിന് പുറമേ കട്ടിയാഹാരങ്ങള്‍ കൂടി കൊടുത്തു തുടങ്ങണം. രണ്ടു വയസ്സു വരെയെങ്കിലും മുലയൂട്ടല്‍ തുടരേണ്ടതാണ്.

പ്രസവശേഷം വീട്ടിലേക്ക് പോകുന്നത് വരെ ( സിസേറിയന്‍ ആണെങ്കില്‍ പോലും ) അമ്മയും കുഞ്ഞും ഒന്നിച്ചായിരിക്കണം. കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കുഞ്ഞിനെ അമ്മയുടെ കൂടെയല്ലാതെ Newborn Nursery യില്‍ കിടത്താവൂ. അവിടെയും അമ്മയ്ക്ക് എപ്പോള്‍ വേണമെങ്കിലും കുഞ്ഞിനെ കാണാന്‍ സൗകര്യം ചെയ്തു കൊടുക്കണം.

കുഞ്ഞിന് നേരിട്ട് മുലകുടിക്കാന്‍ പറ്റാത്ത അവസരങ്ങളില്‍ കുഞ്ഞിന് കൊടുക്കാനോ, കുഞ്ഞിന് വേണ്ടെങ്കില്‍ പോലും മുലപ്പാല്‍ വറ്റിപ്പോകാതിരിക്കാനോ പാല്‍ പിഴിഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യവും അത് ചെയ്യുന്ന രീതിയും അമ്മയെ പറഞ്ഞ് മനസ്സിലാക്കണം.

പാല്‍ കുടിക്കാറാകുമ്പോള്‍ കുഞ്ഞുങ്ങള്‍ കാണിക്കാറുള്ള ആദ്യത്തെ സൂചനകള്‍ തന്നെ മനസ്സിലാക്കാനും അതിനനുസരിച്ച് മുലയൂട്ടാനും അമ്മമാരെ പ്രാപ്തരാക്കണം. ഓര്‍ക്കുക, വിശന്നു കരയുന്നത് ഏറ്റവും അവസാനത്തെ സൂചനയാണ്. അതുവരെ വൈകിക്കരുത്.

പാല്‍ക്കുപ്പി, കുഞ്ഞിന്റെ കരച്ചില്‍ മാറ്റാനായി വായില്‍ വെച്ചു കൊടുക്കുന്ന നിപ്പിളുകള്‍ (Pacifiers) എന്നിവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ എന്തൊക്കെയാണെന്ന് അമ്മമാരെ ബോധ്യപ്പെടുത്തിക്കൊടുക്കണം

പ്രസവശേഷം 48 മണിക്കൂറെങ്കിലും അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഉണ്ടാകണം. ആത്മവിശ്വാസത്തോടെ മുലയൂട്ടാന്‍ അമ്മയ്ക്ക് സാധിക്കുന്നുണ്ട് എന്നും വീട്ടില്‍ വച്ചും അങ്ങനെ തുടരാന്‍ പറ്റും എന്നും ഉറപ്പു വരുത്തണം. വീട്ടില്‍ എത്തിയ ശേഷം ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും (ഫോണ്‍ വഴിയോ, ചുറ്റുവട്ടത്ത് ഇക്കാര്യത്തില്‍ സഹായിക്കാനായി ആരെ സമീപിക്കണം എന്നൊക്കെ ) പറഞ്ഞു കൊടുത്തിരിക്കണം.

പാല്‍പ്പൊടിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം. ആശുപത്രിയുടെ ഫാര്‍മസിയിലോ മറ്റെവിടെയെങ്കിലുമോ പാല്‍പ്പൊടി പ്രദര്‍ശിപ്പിക്കരുത്, അതിന്റെ ഗുണങ്ങള്‍ വിവരിക്കുന്ന ലഘുലേഖകളോ സാമ്പിള്‍ പാക്കറ്റുകളോ, പാല്‍ക്കുപ്പികളോ വിതരണം ചെയ്യരുത്, അത്തരം കമ്പനികളില്‍ നിന്നുള്ള സമ്മാനങ്ങളോ യാതൊരുവിധ ആനുകൂല്യങ്ങളോ സ്വീകരിക്കരുത് തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

കേരളത്തില്‍ ശിശുരോഗ വിദഗ്ധരുടെ അക്കാദമിക സംഘടനയായ ഇന്ത്യന്‍ അകാദമി ഓഫ് പീഡിയാട്രിക്‌സിന്റെ നേതൃത്വത്തില്‍ ഒബ്സ്റ്റടിക്‌സ് ഡോക്ടര്‍മാരുടെ സംഘടനയായ KFOG, ട്രെയിന്‍ഡ് നഴ്‌സുമാരുടെ സംഘടനയായ TNAI, ദേശീയ ആരോഗ്യ മിഷന്‍ (NHM), UNICEF, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കേരളത്തെ വീണ്ടും മാതൃശിശു സൗഹൃദ സംസ്ഥാനമായി സാക്ഷ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. പ്രസവം കൈകാര്യം ചെയ്യുന്ന ആശ്യപത്രികളിലെ ജീവനക്കാര്‍ക്കുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു. അത് കഴിഞ്ഞ് രണ്ട് ഘട്ടമായുള്ള പരിശോധന (Inspection) ഉണ്ടാകും. ഇക്കാര്യത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നും ജീവനക്കാര്‍ക്ക് വേണ്ട പ്രഗല്‍ഭ്യമുണ്ട് എന്നും ബോധ്യപ്പെട്ടാലാണ് ഒരാശുപത്രിക്ക് സര്‍ട്ടിഫിക്കേറ്റ് ലഭിക്കുക.

അപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ പ്രസവം ഏത് ആശുപത്രിയില്‍ വെച്ച് വേണം എന്ന് തീരുമാനിക്കുന്നത് അത് മാതൃശിശു സൗഹൃദ ആശുപത്രിയാണോ എന്നു കൂടി അറിഞ്ഞ ശേഷമാകട്ടെ !

മുലയൂട്ടല്‍: ഒരു സാമൂഹിക ഉത്തരവാദിത്വം

ഡോ. മോഹന്‍ദാസ് നായര്‍
ശിശുരോഗ വിഭാഗം മേധാവി
ഗവ. മെഡി.കോളേജ്, ഇടുക്കി
പ്രസിഡന്റ്, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് , കോഴിക്കോട് ബ്രാഞ്ച്

Content Highlights:  World Breastfeeding Week 2021