ഏറ്റവും ഒടുവില്‍ നടത്തിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണ്ടെത്തല്‍ പ്രകാരം കേരളത്തില്‍ 53% കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ആദ്യത്തെ 6 മാസം മുലപ്പാല്‍ മാത്രം കുടിച്ച് വളരാന്‍ സാധിക്കുന്നത്. ഈ സുപ്രധാനമായ കാലയളവില്‍ മുലപ്പാല്‍ മാത്രം കുടിക്കുക എന്നത് കൊണ്ട് കുഞ്ഞിനും അമ്മയ്ക്കും ഉള്ള ഗുണങ്ങള്‍ പലതാണ്. അവ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?ഒരു സ്ത്രീ ഗര്‍ഭിണി ആകുമ്പോള്‍ തന്നെ മുലപ്പാലിന്റെയും മുലയൂട്ടലിന്റെയും പ്രാധാന്യത്തെപ്പറ്റി അവളും, അവളുടെ കുടുംബാംഗങ്ങളും മനസ്സിലാക്കിയിരിക്കണം. ആദ്യത്തെ ആറു മാസം മുലപ്പാല്‍ മാത്രം കൊടുക്കുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്നാലോചിക്കുകയും ( ഇവ ഓരോ കുടുംബത്തിലും വ്യത്യസ്തമായിരിക്കും ) അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. മുലയൂട്ടാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എങ്കിലും അമ്മയ്ക്ക് ഇക്കാര്യത്തില്‍ കുടുംബാംഗങ്ങളുടെ പിന്തുണയും സഹകരണവും അത്യാവശ്യമാണ്.

പ്രസവിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മുലയൂട്ടല്‍ തുടങ്ങിയാല്‍ അത് ബുദ്ധിമുട്ടില്ലാതെ തുടര്‍ന്നുപോകാന്‍ ഉള്ള സാധ്യത കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടതാണ്. 99% ല്‍ അധികം പ്രസവങ്ങളും ആശുപത്രിയില്‍ വെച്ച് നടക്കുന്ന കേരളത്തില്‍ ആദ്യ മണിക്കൂറിനുളളില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആശുപത്രികള്‍ക്കാണ്. കേരളത്തിലെ എല്ലാ ആശുപത്രികളും ഇക്കാര്യത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട് എന്നത് ആശാവഹമാണ്. 60% വരുന്ന സാധാരണ പ്രസവത്തില്‍ കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ അമ്മയ്ക്ക് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മുലയൂട്ടിത്തുടങ്ങാം. മറുപിള്ള പുറത്ത് വരുന്നത് വരെ പോലും കാത്തുനില്‍ക്കണമെന്നില്ല. അമ്മയുടെ മാറിലേക്ക് കുത്തിനെ വെച്ചു കൊടുക്കാനും സപ്പോര്‍ട്ട് ചെയ്യാനും ഒരാള്‍ ഉണ്ടായാല്‍ മാത്രം മതി. ഇക്കാര്യം പ്രസവത്തിനുമുമ്പ് തന്നെ അമ്മ മനസ്സിലാക്കുകയും മാനസികമായി അതിന് തയ്യാറെടുക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാകും. 40% ശതമാനത്തോളം വരുന്ന സിസേറിയന്‍ പ്രസവങ്ങളില്‍ പ്രസവം നടന്ന് ഒരു മണിക്കൂറിനുളളില്‍ തന്നെ മുലയൂട്ടാം. ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്നാണ് ആദ്യ ദിവസങ്ങളില്‍ ചെയ്യാന്‍ സൗകര്യം. ഇരുന്ന് കൊണ്ട് തന്നെ മുലയൂട്ടണമെന്ന് നിര്‍ബന്ധമില്ല, ആരും നിര്‍ബന്ധിക്കാനും പാടില്ല.

പ്രസവശേഷം മുലപ്പാല്‍ ആവശ്യത്തിനുണ്ടോ എന്നും, മുലയൂട്ടാന്‍ കുഞ്ഞിനെ എങ്ങനെ പിടിക്കണം എന്നും അമ്മമാര്‍ എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ കഴിക്കണം എന്നൊക്കെയുള്ള നൂറുകൂട്ടം സംശയങ്ങളാണ് അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഉണ്ടാവുക. പ്രത്യേകിച്ചും ആദ്യ പ്രസവമാണെങ്കിലും, മുമ്പത്തെ പ്രസവത്തില്‍ നന്നായി മുലയൂട്ടാന്‍ സാധിച്ചിട്ടില്ലെങ്കിലും. പ്രസവാനന്തര വാര്‍ഡില്‍ 24 മണിക്കൂറും അമ്മമാരുടെ ഇത്തരം പ്രശ്‌നങ്ങള്‍ കേള്‍ക്കാനും, വളരെ ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാനും ജീവനക്കാര്‍ (Lactation counsellors or staff nurses) ഉണ്ടാകേണ്ടതുണ്ട്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തുന്നതിനു മുമ്പ് തന്നെ ആത്മവിശ്വാസത്തോടെ മുലയൂട്ടാന്‍ അമ്മമാര്‍ക്ക് സാധിക്കണം. 

വീട്ടിലെത്തിയാല്‍ ഏറ്റവും പ്രധാനം ഭര്‍ത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സഹകരണമാണ്. മുലയൂട്ടുന്ന അമ്മയ്ക്ക് ആ വീട്ടില്‍ ഒരു VIP പരിഗണന ലഭിക്കണം. മറ്റ് കാര്യങ്ങളിലെല്ലാം ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണം. വീട്ടില്‍ ആവശ്യമായ പ്രൈവസി ലഭ്യമാകണം. ആവശ്യത്തിന് പാലില്ല എന്ന് അമ്മ കേള്‍ക്കെ അഭിപ്രായപ്പെടുന്നത് പോലും പാലിന്റെ അളവ് കുറയാന്‍ കാരണമായേക്കാം. അതോടൊപ്പം മുലയൂട്ടല്‍ സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാനായി ആ ചുറ്റുവട്ടത്തു തന്നെയുളള അതിനുള്ള പ്രാഗല്‍ഭ്യമുള്ള ഏതാനും പേരുടെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്നു തന്നെ ലഭ്യമാക്കേണ്ടതാണ്. സംശയങ്ങള്‍ ചിലതൊക്കെ ഫോണ്‍ വഴി പരിഹരിക്കാവുന്നതേയുള്ളൂ.

മുന്‍കാലങ്ങളിലേതിനെ അപേക്ഷിച്ച് ജോലി ചെയ്യുന്ന അമ്മമാരുടെ എണ്ണം കൂടുതലാണിന്ന്. 6 മാസത്തെ പ്രസവാവധി എല്ലാവര്‍ക്കും ലഭിക്കുന്നില്ല. ലഭിക്കുന്നവരില്‍ ചിലരുടെ അവധി കുറച്ചൊക്കെ പ്രസവത്തിന് മുമ്പ് എടുക്കേണ്ടിവന്നിരിക്കാം. ജോലിക്കൊന്നും പോകുന്നില്ലെങ്കില്‍ പോലും 6 മാസം കെട്ടിയിട്ട പോലെ വീട്ടില്‍ തന്നെ ഇരിക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ തയ്യാറാവുകയില്ല, അങ്ങനെ വേണമെന്ന് പ്രതീക്ഷിക്കുന്നതും ശരിയല്ല. ഇത്തരം സാഹചര്യത്തില്‍ മുലപ്പാല്‍ മാത്രം കൊടുത്തു കൊണ്ട് എങ്ങനെ മുന്നോട്ടു പോകാം എന്ന് അമ്മയെയും കുടുംബാംഗങ്ങളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. മുലപ്പാല്‍ വൃത്തിയായി പിഴിഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം. അത് കേടു കൂടാതെ സൂക്ഷിക്കുന്നതെങ്ങനെ എന്നും . 4 മണിക്കൂര്‍ നേരം അന്തരീക്ഷ ഊഷ്മാവില്‍തന്നെ മുലപ്പാല്‍ അടച്ച് സൂക്ഷിക്കാം. ഫ്രിഡ്ജിലാണെങ്കില്‍ 24 മണിക്കൂറും . പകല്‍ 8 മണിക്കൂര്‍ നേരം കുഞ്ഞില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവരുന്നുണ്ടെങ്കില്‍ പോലും മറ്റ് പാലൊന്നും കൊടുക്കേണ്ടി വരില്ല. തലേന്ന് രാത്രി പിഴിഞ്ഞെടുത്ത പാല്‍ ഫ്രിഡ്ജില്‍ വെക്കുക. രാവിലെ പിഴിഞ്ഞെടുത്തത് പുറത്തും . ജോലിക്ക് പോകുന്നതിന് മുമ്പ് മുലയൂട്ടിയാല്‍ പിന്നീട് ആദ്യം പുറത്ത് വെച്ച പാല്‍ കൊടുക്കാം. അടുത്ത തവണ ഫ്രിഡ്ജില്‍ വെച്ചതും. അടുത്ത വിശപ്പിന്റെ സമയമാകുമ്പോളേക്കും അമ്മ തിരിച്ചെത്തും.

കുഞ്ഞുമായി യാത്ര ചെയ്യേണ്ടി വരുമ്പോളാണ് അടുത്ത പ്രശ്‌നം. സ്വകാര്യമായി മുലയൂട്ടാനുള്ള സൗകര്യങ്ങള്‍ (breastfeeding room) പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കുക എന്നതാണ് ഒരു വഴി. മുലയൂട്ടുന്ന അമ്മയെപ്പോലും തുറിച്ചുനോക്കുന്ന നമ്മുടെ നാട്ടിലെ ആണുങ്ങളുടെ മനോനില മെച്ചപ്പെടുകയാണെങ്കില്‍, അക്കാര്യത്തില്‍ സ്ത്രീകള്‍ക്കും ബോധ്യം വരികയാണെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല തന്നെ. എങ്കിലും തല്‍ക്കാലം breastfeeding room കള്‍ മാത്രമാണ് പോംവഴി - ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ഓഫീസുകള്‍, ആശുപത്രികള്‍, ഷോപ്പിങ്ങ് മാളുകള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടായിരിക്കണം..

തന്റെ കുഞ്ഞ് വേണ്ട രീതിയില്‍ വളരുന്നുണ്ടോ ഇല്ലയോ എന്ന ആശങ്കയാണ് പലപ്പോളും മറ്റ് പാലുകളോ കട്ടിയാഹാരങ്ങളോ 6 മാസം തികയുന്നതിന് മുമ്പ് കൊടുത്ത് തുടങ്ങാനുള്ള പ്രധാന കാരണം. എല്ലാ അമ്മമാരുടെയും കയ്യില്‍ അമ്മയും കുഞ്ഞും എന്ന ഒരു ചെറിയ പുസ്തകം ഉണ്ടാകും. ഗര്‍ഭിണി ആണ് എന്ന് അറിയുന്ന സമയത്ത് തന്നെ ആരോഗ്യ പ്രവര്‍ത്തക (JPHN) നല്‍കുന്നതാണ് അത്. അതില്‍ growth chart കള്‍ ഉണ്ട്. ജനന സമയത്തെതും, അതിന് ശേഷം ഓരോ തവണ നോക്കുമ്പോളുള്ളതുമായ തൂക്കം അതില്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ഈ ആശങ്ക പരിഹരിക്കാന്‍ സാധിക്കും. ഇനി, കുഞ്ഞ് ആവശ്യത്തിന് തൂക്കം വെക്കുന്നില്ലെങ്കില്‍ അത് എന്ത് കൊണ്ടാണ് എന്ന് പരിശോധിച്ച് ഉചിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. അത് മിക്കപ്പോളും, മറ്റ് പാലുകള്‍ നല്‍കുക എന്നതായിരിക്കില്ല.
വളരെ അപൂര്‍വ്വമായെങ്കിലും സ്വന്തം പഠനത്തിനോ, പ്രൊഫഷനോ മുലയൂട്ടുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ ഉണ്ടായെന്നു വരും. മുലയൂട്ടുക എന്നത് അമ്മയുടെ informed choice ആയിരിക്കണം. ഗുണദോഷങ്ങള്‍ മനസ്സിലാക്കാനുളള അവസരം നല്‍കണം. അതിനുശേഷവും മുലയൂട്ടാതെ മറ്റു പാലുകള്‍ കൊടുക്കാന്‍ തീരുമാനമെടുക്കുന്ന അമ്മമാരുടെ തീരുമാനത്തെ മാനിക്കണം. അങ്ങനെയുളള സാഹചര്യത്തില്‍ Second best option ഏതാണ് എന്ന് കുറ്റപ്പെടുത്തലുകളില്ലാതെ വിവരിച്ചു കൊടുക്കാനുളള ബാധ്യത ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നതാണ് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം.

(ഇടുക്കി ഗവ. മെഡി.കോളേജ് ശിശുരോഗ വിഭാഗം മേധാവിയും ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് , കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റുമാണ് ലേഖകൻ)

Content Highlights: World Breastfeeding week 2021