പൊന്നുരുക്കുന്നിടത് പൂച്ചക്ക് എന്ത് കാര്യം എന്ന് പറയുന്നത് പോലെ മുലയൂട്ടുന്നിടത്ത് ആണുങ്ങള്‍ക്ക് എന്ത് കാര്യം എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രമേയം 'മുലയൂട്ടല്‍ പരിരക്ഷണം: ഒരു കൂട്ടായ ഉത്തരവാദിത്തം ' എന്നതാണ്. മുലയൂട്ടല്‍ സ്ത്രീയില്‍ മാത്രം നിക്ഷിപ്തമായ ഒന്നാണ്, പുരുഷന്‍ അതില്‍ പ്രതൃകിച്ച് ഒന്നും ചെയ്യാനില്ല എന്ന മനോഭാവം മാറേണ്ടിയിരിക്കുന്നു. വളരെ വിജയകരമായി മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോഷകാഹാരം മാത്രമല്ല ഊഷ്മളമായ സ്‌നേഹബന്ധവും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. അത് ഏറ്റവും നന്നായി കൊടുക്കാന്‍ കഴിയുന്നത് പങ്കാളിക്ക് മാത്രമാണ്. കുഞ്ഞിന്റെ ആരോഗ്യകരമായ മുലയൂട്ടലിന് പിതാവിന് ചെയ്യാവുന്ന പത്ത് കാര്യങ്ങള്‍...

1. ആദ്യത്തെ കുഞ്ഞാണെങ്കില്‍ മുലകൊടുക്കുന്നതിനെ കുറിച്ചുള്ള അടിസ്ഥാന സംശയങ്ങളും വിവിധ രീതികളും ഒരുമിച്ചിരുന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം.
2. മുല കൊടുക്കുന്നതിന് അനുയോജ്യമായ വിവിധ പൊസിഷനുകളില്‍ കുഞ്ഞിനെ അമ്മയോട്‌ ചേര്‍ത്ത് കിടത്തി കൊടുക്കാം.
3. പാല്‍ കൊടുത്തതിന് ശേഷം കുഞ്ഞിനെ തോളില്‍ കിടത്തിയോ മടിയില്‍ വച്ചോ പുറത്തു തട്ടി വയറിലുള്ള ഗ്യാസ് കളയാം.
4. പോഷകസമൃദ്ധമായ ആഹാരങ്ങള്‍ അമ്മ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 
5. പാല്‍ കൊടുത്തുകൊണ്ട് അമ്മ ഉറങ്ങിപ്പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ഉറങ്ങുന്നത് വഴി മുലപ്പാല്‍ കുഞ്ഞിന്റെ ശ്വാസനാളത്തില്‍ കയറി അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
6. മുലയൂട്ടലിന്റെ തുടക്കത്തില്‍ ചില അമ്മമാര്‍ക്ക് വൈകാരികമായ ഉയര്‍ച്ചയും  താഴ്ചയുമെല്ലാം ഉണ്ടാകാം, പ്രത്യേകിച്ച് പ്രസവാനന്തര വിഷാദാവസ്ഥയില്‍. ഈ അവസ്ഥയില്‍ അവര്‍ക്ക് മാനസിക പിന്തുണ നല്‍കുക. അവരെ കേള്‍ക്കാനും മനസ്സിലാക്കാനും ശ്രമിക്കുക. അവരോടൊപ്പം കൂടുതല്‍ സമയം ചിലവിടുകയും സംസാരിക്കുകയും ചെയ്യുക.
7. കുഞ്ഞിനെ കുളിപ്പിക്കുകയും നാപ്പിയും ഡ്രെസ്സും മാറ്റികൊടുക്കുകയും ചെയ്യാം.
8. വീട്ടുജോലികള്‍ പരസ്പരം സഹകരിച്ച് ചെയ്യാം.
9. അമ്മക്ക് രാത്രി ശരിയായി ഉറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ രാവിലെ വിശ്രമത്തിനുള്ള സമയം നല്‍കുക
10. കുഞ്ഞിനെ അച്ഛന്റെ നഗ്‌നമായ നെഞ്ചില്‍ (skin to skin care) കിടത്തി പരിചരിക്കാം. ഇത് കുഞ്ഞിന്റെ ശരീരോഷ്മാവ്‌ ക്രമീകരിക്കുന്നതിനും അച്ഛനുമായുള്ള വൈകാരിക ബന്ധം സുദൃഡമാക്കുന്നതിനും സഹായിക്കും

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറും ആണ് ലേഖകന്‍) 

Content Highlights: The role of fathers during breastfeeding