കോഴിക്കോട്: മുലപ്പാലിനോളം പോഷകഗുണവും പ്രതിരോധശേഷിയും നല്‍കാന്‍ പൊടിപ്പാലിനാവില്ല. മുലപ്പാല്‍ കിട്ടാത്ത കുഞ്ഞുങ്ങള്‍ക്കായി പാല്‍ബാങ്കുകള്‍ തുറക്കുന്നത് ആരോഗ്യമുള്ള ഭാവിതലമുറയെ സൃഷ്ടിക്കാന്‍ ഒരു ബദല്‍ മാര്‍ഗമാണ്. പാല്‍ അധികമുള്ള അമ്മമാര്‍ അത് ദാനം ചെയ്യാന്‍ തയ്യാറാവുന്നതിനൊപ്പം പാല്‍ ശേഖരിച്ച് വിതരണം ചെയ്യാന്‍ ബാങ്കുകളും പ്രവര്‍ത്തിപ്പിക്കാനാവണം. ഡബ്ല്യു.എച്ച്.ഒ.യും ശുപാര്‍ശ ചെയ്യുന്നത് ഇതാണ്.

പാല്‍ബാങ്കുകള്‍ കൂടുതല്‍ വേണം

മാസം തികയാതെ ജനിക്കുന്നവരും ഭാരക്കുറവും അസുഖബാധയുമുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വലിച്ചെടുക്കാന്‍ ശേഷിയുണ്ടാവില്ല. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പാല്‍ കിട്ടാന്‍ വഴികളില്ല.

പാലില്ലാതെ വരുക, രോഗബാധിതരാവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അമ്മമാരും നിസ്സഹായരാവും. ഇവിടെയാണ് പാല്‍ബാങ്കുകളുടെ പ്രാധാന്യം. ലോകത്ത് പലയിടങ്ങളിലെയുംപോലെ കേരളത്തിലും ജില്ലയില്‍ ഒന്നെന്ന നിലയിലെങ്കിലും പാല്‍ബാങ്കുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ പദ്ധതിവേണം.

കേരളത്തില്‍ രണ്ടിടങ്ങളില്‍

സംസ്ഥാനത്ത് രണ്ട് മുലപ്പാല്‍ ബാങ്കുകളാണുള്ളത്. ആദ്യത്തേത് ഫെബ്രുവരിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ 'നെക്ടര്‍ ഓഫ് ലൈഫ്' എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. രണ്ടാമത്തേത് തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍കോളേജിലും. അത്യാധുനിക സൗകര്യങ്ങളോടെ റോട്ടറി ക്ലബ്ബിന്റെ സഹായധനത്തോടെയാണ് ഇവ രണ്ടും സ്ഥാപിച്ചത്. തീവ്രപരിചരണവിഭാഗത്തിലെ കുട്ടികള്‍ക്കാണ് നിലവില്‍ മുന്‍ഗണന.

ആദ്യബാങ്ക് ഓസ്ട്രിയയില്‍

1909-ല്‍ ഓസ്ട്രിയയിലെ വിയന്നയിലാണ് ആദ്യ മുലപ്പാല്‍ബാങ്ക് സ്ഥാപിച്ചത്. ഏഷ്യയിലേത് 1989-ല്‍ മുംബൈയിലെ സയോണ്‍ ആശുപത്രിയിലും.

Content Highlights: World Breastfeeding Week 2021