യർന്ന ഊർജശേഷിയുള്ള എക്സ്‌റേകൾ ഉപയോഗിച്ച് അർബുദത്തിനെതിരേ നടത്തുന്ന ചികിത്സാ രീതിയാണ് റേഡിയേഷൻ ചികിത്സ. സ്തനാർബുദ ചികിത്സയിലും ഇത് പ്രധാന ഘടകമാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, ഹോർമോണൽ ചികിത്സകൾക്കൊപ്പമാണ് റേഡിയേഷൻ ചികിത്സയും നടത്തുന്നത്. അർബുദം ഏത് ഘട്ടത്തിലാണ്, ഏതുതരം ശസ്ത്രക്രിയയാണ് നടത്തിയത്, രോഗിയുടെ പ്രായം എന്നതൊക്കെ കണക്കിലെടുത്താണ് അർബുദ ചികിത്സയിൽ റേഡിയേഷൻ തെറാപ്പി ഉൾപ്പെടുത്തുന്നത്. 

റേഡിയേഷൻ ചികിത്സ ഉപയോഗിക്കുന്നത് എപ്പോൾ: 

ശസ്ത്രക്രിയയിലൂടെ സ്തനങ്ങൾ പൂർണമായും മുറിച്ചുനീക്കാതെ നടത്തുന്ന ചികിത്സാ രീതിയിൽ മാസ്റ്റക്ടമിയിലൂടെ പൂർണമായും സ്തനങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽപ്പോലും മുഴയുടെ വലിപ്പം അഞ്ച് സെന്റിമീറ്ററിൽ കൂടുതലുണ്ടായിരിക്കുകയും ഒന്നിലധികം നോഡുകൾ കാണുകയും മറ്റ് അനുകൂലമല്ലാത്ത കാര്യങ്ങൾ കാണുകയും ചെയ്യുകയാണെങ്കിൽ തലച്ചോറിലേക്കും അസ്ഥികളിലേക്കും മറ്റ് അവയവങ്ങളിലേക്കും അർബുദം പടർന്നിട്ടുണ്ടെങ്കിൽ ഇന്റേണൽ റേഡിയേഷൻ (ബ്രാക്കി തെറാപ്പി), എക്സ്റ്റേണൽ ബീം റേഡിയേഷൻ എന്നിങ്ങനെ രണ്ട് തരം റേഡിയേഷൻ ചികിത്സയാണ് സ്തനാർബുദത്തിനായി ഉപയോഗിക്കുന്നത്. വളരെ കുറച്ച് സമയത്തേക്ക്‌ സ്തനത്തിനുള്ളിൽ റേഡിയോ ആക്ടീവ് സ്രോതസ്സുകൾ കടത്തിയാണ് ബ്രാക്കി തെറാപ്പി നടത്തുന്നത്. പുറമേ നിന്നുള്ള ഉപകരണത്തിൽനിന്ന് റേഡിയോ വികിരണം കടത്തിവിട്ടാണ് എക്സ്റ്റേണൽ ബീം റേഡിയേഷൻ നടത്തുന്നത്. 

വളരെ നേരത്തേ രോഗം കണ്ടെത്തുമ്പോഴാണ് ബ്രാക്കി തെറാപ്പി ഉപയോഗിക്കുന്നത്. ദിവസം രണ്ട് നേരം വീതം ഒരാഴ്ചയോ മറ്റോ ആയിരിക്കും ഈ ചികിത്സ സാധാരണ നൽകുന്നത്.  ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് പുറമേ നിന്നുള്ള റേഡിയേഷനാണ്. ഇതിനായുള്ള ലീനിയർ ആക്സിലറേറ്ററുകൾ ഇപ്പോൾ കൂടുതലായി ലഭ്യമാണെങ്കിലും ഇപ്പോഴും ഇന്ത്യയിൽ മിക്കയിടങ്ങളിലും കൊബാൾട്ട് മെഷീനുകളാണ് ഉപയോഗിക്കുന്നത്. 

ശസ്ത്രക്രിയയ്ക്കു ശേഷം കീമോതെറാപ്പി നിർദേശിച്ചിട്ടുണ്ടെങ്കിൽ അത് പൂർത്തിയാക്കി ഏതാനും ആഴ്ചകൾക്കു ശേഷമായിരിക്കും റേഡിയേഷൻ ചികിത്സ നടത്തുക. ചികിത്സ തുടങ്ങുന്നതിനു മുമ്പായി ഒരു പ്ലാനിങ്‌ സി.ടി. സ്കാൻ എടുക്കും. ഏതൊക്കെ കോണുകളിൽനിന്നാണ് രോഗിയുടെ ശരീരത്തിലേക്ക്‌ റേഡിയേഷൻ രശ്മികൾ നൽകാൻ കഴിയുന്നത്, എത്ര അളവിൽ നൽകണം എന്നൊക്കെ മനസ്സിലാക്കുന്നതിനാണ് ഇത്. ഇടതു സ്തനത്തിലെ ചികിത്സയ്ക്ക് ബ്രത്ത് ഹോൾഡ് ടെക്‌നിക് ആണ് ഉപയോഗിക്കുന്നത്. രോഗി, പ്ലാനിങ്‌ സി.ടി. സ്കാനിങ്ങിന്റെ സമയത്തും ഓരോ ചികിത്സയുടെ സമയത്തും ദീർഘശ്വാസമെടുക്കുന്നു. ഹൃദയത്തിലേക്ക്‌ റേഡിയേഷന്റെ പ്രഭാവം കഴിവതും കുറയ്ക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. 

സാധാരണയായി മൂന്നു മുതൽ ആറു വരെ ആഴ്ചകളിലായാണ് റേഡിയേഷൻ ചികിത്സ നൽകുന്നത്. ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസമാണ് ചികിത്സ. ശനിയാഴ്ചയും ഞായറാഴ്ചയും ചികിത്സ ഒഴിവാക്കും. ഓരോ ചികിത്സയും അഞ്ചു മിനിറ്റ്‌ നേരം നീണ്ടുനിൽക്കും. രോഗിയെ ചികിത്സയ്ക്കായി ഇരുത്തുന്നതിനായി കൂടുതൽ സമയം വേണ്ടിവന്നേക്കാം. സി.ടി. സ്കാൻ എടുക്കുന്നതുപോലെ തന്നെ ഇത് വേദനരഹിതമാണ്.  രോഗിക്ക് ചികിത്സ മൂലം റേഡിയോ ആക്ടീവത കൈവരുന്നില്ല. അതുകൊണ്ടുതന്നെ ആളുകളുമായും കുട്ടികളുമായും ഇടപഴകുന്നതിന് നിയന്ത്രണമില്ല. 

ഹ്രസ്വകാല പാർശ്വഫലങ്ങൾ

സ്തനത്തിൽ ചെറുതായി വീക്കമുണ്ടാവുക, കക്ഷത്തിന്‌ സമീപം തൊലിയിൽ ചില മാറ്റങ്ങൾ കാണുക, ചെറിയ ക്ഷീണം എന്നിവയാണ് പാർശ്വഫലങ്ങൾ. ഇത് നാലു മുതൽ ആറാഴ്ചയ്ക്കുള്ളിൽ മെച്ചപ്പെടും. എന്നാൽ, ആറു മുതൽ പന്ത്രണ്ടു മാസം വരെ വേണ്ടിവരും പൂർണമായും സുഖമാകാൻ. 

ദീർഘകാല പാർശ്വഫലങ്ങൾ

ത്വക്കിൽ ചെറിയതോതിൽ കറുപ്പുനിറം, ചർമം കട്ടിയാകൽ, സ്തനത്തിന്റെ വലിപ്പത്തിൽ ചില മാറ്റങ്ങൾ എന്നിവ കണ്ടേക്കാം. ഇവ ചികിത്സയ്ക്കുശേഷം ഒരു വർഷത്തിനുള്ളിലായിരിക്കും രൂപപ്പെടുക. 

നാലാംഘട്ട സ്തനാർബുദ ചികിത്സയിൽ റേഡിയോ തെറാപ്പി

നാലാംഘട്ട സ്തനാർബുദ ചികിത്സയിൽ രോഗം പടർന്നതുമൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി റേഡിയേഷൻ ഉപയോഗിക്കാറുണ്ട്. രോഗികളിൽ കുറേ ഭാഗങ്ങളിൽ മാത്രമേ അർബുദം പടർന്നിട്ടുള്ളൂവെങ്കിൽ ഉയർന്ന തോതിൽ കൃത്യമായ ഒരു സ്ഥാനത്തേക്ക്‌ റേഡിയേഷൻ നൽകാറുണ്ട്. തലച്ചോറിലേക്കാണെങ്കിൽ സ്റ്റീരിയോടാക്ടിക് റേഡിയോ സർജറി എന്നും മറ്റ് ശരീരഭാഗങ്ങളിലേക്കാണെങ്കിൽ സ്റ്റീരിയോടാക്ടിക് ബോഡി റേഡിയേഷൻ തെറാപ്പി എന്നും അല്ലെങ്കിൽ സ്റ്റീരിയോടാക്ടിക് അബ്ലേറ്റീവ് റേഡിയോതെറാപ്പി എന്നുമാണ് പറയുന്നത്.

ആധുനിക റേഡിയേഷൻ ചികിത്സയിൽ കൃത്യമായ മുന്നൊരുക്കങ്ങളും നടപ്പാക്കലും വേണം. റേഡിയേഷൻ ചികിത്സയുടെ പാർശ്വഫലങ്ങൾ വളരെ കുറവാണ്. ഇത് സ്തനാർബുദം കൈകാര്യം ചെയ്യുന്നതിൽ വളരെ അവിഭാജ്യമായ ഒരു പങ്ക് വഹിക്കുന്നു.