കാന്‍സര്‍ പകരുന്ന രോഗമാണെന്ന് കരുതുന്നവര്‍ നമുക്കിടയില്‍ ഇപ്പോഴുമുണ്ട്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് യാതൊരു കാരണവശാലും പകരാത്ത രോഗമാണ് കാന്‍സര്‍. കാന്‍സര്‍ രോഗികളുടെ കൂടെ ജീവിക്കുന്നതോ, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതോ ഒന്നും ഈ രോഗം പകരാന്‍ ഇടയാക്കില്ല. പ്രമേഹം, രക്താതിമര്‍ദം, ഹൃദയരോഗങ്ങള്‍ തുടങ്ങിയവ പകരില്ല എന്ന് നമുക്ക് അറിയാം. അതുപോലെയുള്ള മറ്റൊരു രോഗമാണ് കാന്‍സറും. കാന്‍സര്‍ എന്നാല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വിഭജനവും വളര്‍ച്ചയുമാണ്. 

നിരവധി ഘടകങ്ങള്‍ ഇതിന് കാരണമായി വരാം. പുകവലിമുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വരെ ഈ മാറ്റത്തിനു ഹേതുവാകാം. ഇത്തരം ഘടകങ്ങളെ കാന്‍സറിന് കാരണമാകുന്ന 'കാര്‍സിനോജന്‍' എന്നുപറയുന്നു. ഇവ കോശങ്ങള്‍ക്കുള്ളിലെ ഡി.എന്‍.എയില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് അത് കാന്‍സര്‍ കോശങ്ങള്‍ ആകുന്നത് . ഇത്തരം മാറ്റങ്ങള്‍ ഒരാളുടെ കോശങ്ങളിലാണ് ഉണ്ടാവുക. അതിനാല്‍ ആ വ്യക്തിയിലാണ് കാന്‍സര്‍ വരിക. മനസ്സിലാക്കുക- രോഗം വന്ന വ്യക്തികളെ പരിചരിക്കുന്നതിനും ഒന്നിച്ചു കഴിയുന്നതിനും ഒരു ഭയവും വേണ്ട.

ഡോ.ഫിന്‍സ്.എം.ഫിലിപ്പ്, 
ഡോ. നീതു.എ.പി

(തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോൡവിഭാഗം )

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)