'ഇന്‍സിറ്റു' എന്നായിരുന്നു ആലീസിന്റെ അസുഖത്തിന്റെ പേര്. ബ്രെസ്റ്റ് കാന്‍സറിന്റെ ആദ്യഘട്ടം. അത്രപെട്ടെന്ന് കാണാന്‍ സാധിക്കില്ല. അവസാനഘട്ടമെത്തുമ്പോഴേ അറിയൂ. അപ്പോള്‍ ബ്രെസ്റ്റ് നീക്കംചെയ്യുകയേ മാര്‍ഗമുണ്ടാകൂ. പിറ്റേന്ന് ലേക്ഷോറില്‍ പോയപ്പോള്‍ ഡോ. ഗംഗാധരന്റെ ഭാര്യ ചിത്രധാര പറഞ്ഞു: 'ഭാഗ്യമാണ് അന്ന് മാമോഗ്രാം എടുക്കാന്‍ തോന്നിയത്. ഇതിപ്പോള്‍ ചെറിയ ഒരു ഓപ്പറേഷന്‍കൊണ്ട് മാറ്റാം. നമുക്കത് നാളെ ചെയ്യാം.'

ചില ടെസ്റ്റുകള്‍ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ആലീസിനെ മുറിയിലേക്കു കൊണ്ടുവന്നു. 48 മണിക്കൂര്‍ മുന്‍പ് ആ കിടക്കയില്‍ ഞാനായിരുന്നു കിടന്നത്, ഞാനിരിക്കുന്നിടത്ത് ആലീസും. ഇപ്പോള്‍ നേരേതിരിച്ച്. രോഗത്തിനു മാത്രം മാറ്റമില്ല.

അന്നു പകല്‍, ഞങ്ങള്‍ അമേരിക്കയിലും സൗത്താഫ്രിക്കയിലുമൊക്കെയുള്ള അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമൊക്കെ സംസാരിച്ചു. ചേട്ടന്റെ മകന്‍ ഡോ. വെസ്ലി, ഭാര്യ സിന്ധ്യ, അവന്റെ സുഹൃത്തും ബ്രെസ്റ്റ് കാന്‍സര്‍ ചികിത്സയിലെ അതികായനുമായ ഡോ. ജെയ്ന്‍ എബ്രഹാം അങ്ങനെ പലരും. എല്ലാവരും രോഗത്തിന്റെ മെഡിക്കല്‍വശം പറഞ്ഞ് ആലീസിനെ സമാധാനിപ്പിച്ചു. വൈകുന്നേരവും ചില ടെസ്റ്റുകള്‍ ഉണ്ടായി.

ലേക്ഷോറിലെ പി.ആര്‍.ഒയും ഈ ചികിത്സാകാലംകൊണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാവുകയും ചെയ്ത രേഖ വന്നു. രാവിലെ ഓപ്പറേഷനാണ് എന്നു പറഞ്ഞു. ഒന്‍പതരയ്ക്കു കിടക്കണം. ശരി. രേഖ പോയി.

രേഖ പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്നു കിടന്നിട്ടേയുള്ളൂ, ഒരു ഫോണ്‍. അമേരിക്കയില്‍നിന്നാണ്. അടുത്ത ബന്ധുവിന്റെ ഭാര്യയാണ്. ആലീസിനോടായിരുന്നു സംസാരം.
'എന്തു പറഞ്ഞു ഡോക്ടര്‍?'
ആലീസ് കാര്യം പറഞ്ഞു, 'ചെറിയൊരു ഓപ്പറേഷന്‍ മതി.'
'ആരാ പറഞ്ഞത്, മുഴുവന്‍ മാറ്റണം. ഇവിടെയിത് പതിവാ. ഇല്ലെങ്കില്‍ അപകടമാണ്.'
അതു കേട്ടതോടെ, ഒന്നു മയങ്ങിത്തുടങ്ങിയ ആലീസ് ഉണര്‍ന്നെണീറ്റു. ആകെ പരിഭ്രാന്തയായി. കുറച്ചുകഴിഞ്ഞപ്പോള്‍ സൗത്താഫ്രിക്കയില്‍നിന്നും വന്നു ഫോണ്‍. മറ്റൊരു ബന്ധുവിന്റെ ഭാര്യയായിരുന്നു. ഇതുതന്നെ അഭിപ്രായം. ആലീസ് കരച്ചില്‍ തുടങ്ങി. ഈ രണ്ടു രാജ്യങ്ങളിലും ഇപ്പോള്‍ പകലാണ്, അവര്‍ക്കെന്തും പറയാം, ഇവിടത്തെ സ്ഥിതി അതല്ല.

അവര്‍ ഡോക്ടര്‍മാരല്ല എന്നും അവര്‍ പറഞ്ഞത് വിട്ടുകളയാന്‍ പറഞ്ഞിട്ടും ആലീസ് വിടുന്നില്ല. കരച്ചില്‍തന്നെ. ഞാന്‍ കഷ്ടത്തിലായി. പറഞ്ഞും സമാധാനിപ്പിച്ചും സമയം ഒന്നായി. ഒരു രക്ഷയുമില്ല. അമേരിക്കയും ആഫ്രിക്കയും നമുക്ക് ഇത്ര വലിയ തലവേദനയാണ് എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. ഒടുവില്‍ ഗതികെട്ടപ്പോള്‍ ഞാന്‍ അമല കാന്‍സര്‍ സെന്ററിലെ ഡോ. ശ്രീകുമാറിനെ വിളിച്ചു. രാത്രി ഒരുമണിക്ക് അദ്ദേഹത്തെപ്പോലെ ഒരാളെ വിളിച്ചുണര്‍ത്തുന്നത് അസാമാന്യമായ പോക്കിരിത്തരമാണ് എന്ന് അറിയാമായിരുന്നു. പക്ഷേ, രണ്ടു വലിയ രാജ്യങ്ങളാണ് എനിക്കെതിരെ, അമേരിക്കയും ആഫ്രിക്കയും. അവിടെയിപ്പോള്‍ പകലുമാണ്. അവര്‍ക്ക് എന്തും പറയാം.

ശ്രീകുമാര്‍ഡോക്ടറോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. ഫോണ്‍ ആലീസിനു കൊടുത്തു. അവര്‍ സംസാരിച്ചു. ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന ചെറിയ ഓപ്പറേഷന്‍ മതി എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ആലീസിന്റെ മറുചോദ്യം:
'എനിക്കങ്ങനെ ചെയ്തിട്ട് വീണ്ടും കാന്‍സര്‍ വന്നാല്‍ ഡോക്ടര്‍ സമാധാനം പറയുമോ?'
അതുകേട്ടതോടെ ഡോ. ശ്രീകുമാര്‍ തകര്‍ന്നുപോയി. അദ്ദേഹം പേടിച്ച് ഫോണ്‍ വെച്ചു. അമേരിക്കയ്ക്കും ആഫ്രിക്കയ്ക്കും ആലീസിനുമിടയില്‍ ഞാന്‍ തനിച്ചായി. എത്ര പറഞ്ഞിട്ടും ആലീസിന് മനസ്സിലാവുന്നില്ല.

സമയം രണ്ടുമണി കഴിഞ്ഞു. ഗതികെട്ട ഞാന്‍ അമേരിക്കയിലേക്കുതന്നെ വിളിച്ചു, ഡോ. ജെയ്ന്‍ എബ്രഹാമിനെ. അദ്ദേഹത്തോട് ഞാന്‍ അകപ്പെട്ട അവസ്ഥ പറഞ്ഞു. എല്ലാം കേട്ട ജെയ്ന്‍ ആലീസിന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ കൊടുത്തു. എന്നാല്‍ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ജെയ്ന്‍ എബ്രഹാം വളരെ ശാന്തനായി പറഞ്ഞു:
'ചേച്ചി ഇപ്പോള്‍ ഇതുചെയ്യുക. എന്നിട്ടും മാറിയില്ലെങ്കില്‍ ബ്രെസ്റ്റ് റിമൂവ് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാം.'
അതുകേട്ടപ്പോള്‍ ആലീസ് അല്പം ശാന്തയായി. ജെയ്ന്‍ എബ്രഹാമിന്റെ സമര്‍ഥമായ സംസാരത്തിനുമുന്നില്‍ തിരിച്ചൊന്നും പറയാന്‍ പറ്റാതായി. ഫോണ്‍ വെച്ചുകഴിഞ്ഞപ്പോള്‍ ആലീസ് ചോദിച്ചു:
'അയാള്‍ അവിടെ എന്താണ് എന്നാണ് പറഞ്ഞത്? ഓങ്കോളജിയോ? കോങ്കോളജിയോ?'
'അയാള്‍ ഒരു പാവം ഡോക്ടറാണ് ആലീസേ,' ഞാന്‍ പറഞ്ഞു.
'ശരി' എന്നൊന്ന് ഇരുത്തിപ്പറഞ്ഞ് അവള്‍ കിടന്നു. ഞാന്‍ എന്റെയും ആലീസിന്റെയും ഫോണ്‍ ഓഫാക്കി. അമേരിക്കയിലും ആഫ്രിക്കയിലും ഇപ്പോള്‍ പകലാണ്. അവര്‍ക്ക് പലതും തോന്നും.

പിറ്റേന്ന് ഡോ. ചിത്രധാര ആലീസിനെ ഓപ്പറേഷന്‍ തിയേറ്ററിലേക്കു കൊണ്ടുപോയി. ഞാനും മകന്‍ സോണറ്റും അവന്റെ ഭാര്യ രശ്മിയും മക്കളായ ഇന്നുവും അന്നയും നോക്കിനിന്നു. ഓപ്പറേഷന്‍ കുഴപ്പങ്ങളൊന്നുമില്ലാതെ സുഗമമായി നടന്നു. ആലീസ് ശാന്തയായി തിരിച്ചെത്തി. ഇനി റേഡിയേഷന്‍ വേണം. എനിക്കും റേഡിയേഷന്‍ വേണം! ആഴ്ചയില്‍ അഞ്ചു ദിവസവും!
അങ്ങനെ ഞാനും ആലീസും അടങ്ങുന്ന ആ സന്തുഷ്ട കാന്‍സര്‍കുടുംബം എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് എറണാകുളത്തേക്ക് റേഡിയേഷനു പോയിത്തുടങ്ങി. ഒരിക്കല്‍ പോയിവരുന്നവഴി ഞങ്ങള്‍ ഒരിടത്ത് ചായ കുടിക്കാന്‍ ഇറങ്ങി. അവിടെ മലപ്പുറം ഭാഗത്തുനിന്നും വന്ന ഒരു കുടുംബത്തിനെ കണ്ടു. ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളും. എന്നെക്കണ്ടപ്പോള്‍ എല്ലാവരും അടുത്തുവന്നു. ചിരിച്ചു. സംസാരിച്ചു. ചേര്‍ന്നുനിന്ന് ഫോട്ടോ എടുത്തു. കൂടെയുള്ളത് ഭാര്യ ആലീസാണ് എന്നു പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു:
'എങ്ങോട്ടാ രണ്ടുപേരും?'
'ഞങ്ങള്‍ റേഡിയേഷന്‍ കഴിഞ്ഞ് വരികയാണ്, കാന്‍സറിന്റെ റേഡിയേഷന്‍.'
'രണ്ടുപേര്‍ക്കും?'-ഭാര്യ ചോദിച്ചു.
'അതെ, ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കാന്‍സറാണല്ലൊ. അതോണ്ട് റേഡിയേഷനും ഒന്നിച്ചാ!'

അതുകേട്ട് ആ സ്ത്രീ ഭര്‍ത്താവിന്റെ മുഖത്തേക്ക് ഒന്നു നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം എനിക്കു വേഗം പിടികിട്ടി.
'നിങ്ങള് ഭര്‍ത്താവാണെന്ന് പറഞ്ഞ് നടന്നോ. കണ്ടോ, ഇത്രയും കാശ് കൊടുത്ത് അവര്‍ റേഡിയേഷനുവരെ പോകുന്നു. നമ്മളോ.'
വണ്ടിയില്‍ കയറിയപ്പോള്‍ ഞാനിത് ആലീസിനോടു പറഞ്ഞു. അവള്‍ അതുകേട്ട് നന്നായൊന്നു ചിരിച്ചു.
എത്ര കാലമായി ഈ ചിരി കണ്ടിട്ട്! സ്വന്തം വീട്ടില്‍ ചിരിപ്പിക്കാന്‍ സാധിക്കാത്ത ഞാന്‍ നാട്ടുകാരെ ചിരിപ്പിച്ചിട്ട് എന്തു കാര്യം?

ഒരു സന്തുഷ്ട കാന്‍സര്‍കുടുംബമായി ഞാനും ആലീസും റേഡിയേഷന് പോയിത്തുടങ്ങുകയും അതൊരു നിത്യജോലിയായി മാറുകയും ചെയ്തതോടെ കാന്‍സര്‍ എന്നത് ഞങ്ങളെ കൂടുതല്‍ അടുപ്പിക്കുന്ന ഒരു കാര്യമായി. മറ്റുള്ളവര്‍ ദയനീയമായി ഞങ്ങളെ നോക്കിയെങ്കിലും ഞങ്ങള്‍ ഈ യാത്രയും അവസ്ഥയും നന്നായി ആസ്വദിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് എന്തൊക്കെയാണെങ്കിലും ഞങ്ങള്‍ക്ക് ഈ തരത്തില്‍ മനസ്സിനെ പാകപ്പെടുത്തിയേ മതിയാവുമായിരുന്നുള്ളൂ. കാരണം ഞങ്ങള്‍ക്ക് ജീവിതത്തെ തിരിച്ചുപിടിച്ചേ തീരൂ. യാതനയുടെ പുഴയ്ക്കക്കരെ ജീവിതത്തിന്റെ പച്ചപ്പ് കാത്തുനില്പുണ്ട്. അത് ഞങ്ങള്‍ക്ക് ആസ്വദിക്കണം. എന്റെ മകന്റെ കുട്ടികളായ ഇന്നസെന്റ് ജൂനിയറിനെയും അന്നയെയും,അവരുടെ പതിനേഴാം വയസ്സ് കഴിഞ്ഞും എനിക്ക് കാണണം. അവര്‍ നേരം വൈകി  വീട്ടില്‍ വരുമ്പോള്‍ പുതിയ കാലത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരു മുത്തച്ഛനായി എനിക്കവരെ ദേഷ്യപ്പെടണം. അതുകൂടി അനുഭവിച്ചിട്ടുവേണം എനിക്കു പോകാന്‍....

എനിക്ക് മാറിയതിനു പിറകേ ആലീസിനും കാന്‍സറാണ് എന്നറിഞ്ഞപ്പോള്‍ വീട്ടില്‍ വന്ന ഒരു അതിഥി പറഞ്ഞു:
'നിങ്ങടെ മനപ്പൊരുത്താണ് ട്ടാ എല്ലാറ്റിനും കാരണം. ഇന്നസെന്റിന് കാന്‍സറ് വന്നപ്പോത്തന്നെ ആലീസിനും വന്നില്ലേ? വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇത്?'
അപ്പോള്‍ ഞാന്‍ പറഞ്ഞു:'കാന്‍സറ് വന്നത് ആലീസിനായത്കൊണ്ട് നന്നായി. ഇത് അടുത്തവീട്ടിലെ ഏലിയാമ്മയ്ക്കാണെങ്കിലും നിങ്ങള് ഇതുതന്നെ പറയില്ലേ?' അയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല.
എനിക്ക് കാന്‍സര്‍ വന്നപ്പോള്‍ പ്രാര്‍ഥനയ്ക്കായി വന്ന ഒരു സംഘം കന്യാസ്ത്രീകളെക്കുറിച്ച് ഞാന്‍ നേരത്തേ പറഞ്ഞു. പ്രാര്‍ഥന കൂടിപ്പോയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാനവരോട് ചോദിച്ചിരുന്നു. ബാക്കിയുള്ള പ്രാര്‍ഥന ഫ്രിഡ്ജില്‍വെച്ചാല്‍ വേറെ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ എടുത്തുപയോഗിക്കാമോ എന്നും ചോദിച്ചിരുന്നു. അന്നത് ഒരു തമാശയ്ക്ക് ചോദിച്ചതാണെങ്കിലും ഇപ്പോള്‍ ഞാനറിയാതെതന്നെ അത് കാര്യമായി. അതെ,എനിക്കുവേണ്ടി ആരൊക്കെയോ പ്രാര്‍ഥിച്ചതില്‍ ബാക്കിയുള്ളതാണ് എന്റെ ആലീസിനെ ഇപ്പോള്‍ ജീവിപ്പിക്കുന്നത്. 

അന്ന് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ഇപ്പോള്‍ എനിക്ക് ഉറപ്പുണ്ട്: പ്രാര്‍ഥനകള്‍ വിഫലമാകുന്നില്ല. ആരൊക്കെയോ എവിടെയൊക്കെയോ അതു കേള്‍ക്കുന്നു.......


(ഇന്നസെന്റിന്റെ 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകത്തില്‍ നിന്ന്)

കാന്‍സര്‍ വാര്‍ഡിലെ ചിരി ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Breast Cancer Awareness Month 2018