രംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് ഇത്തരം രോഗങ്ങള്‍ ഭേദപ്പെടുത്താനാവാതെ പോകുന്നത്. ഇന്ത്യയില്‍ മിക്കവാറും സ്ത്രീകളും രോഗത്തിന്റെ മൂന്നാമത്തേയോ നാലാമത്തേയോ ഘട്ടത്തിലെത്തുമ്പോഴാണ് ചികിത്സ തേടാറുള്ളത്. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനാര്‍ബുദത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു. എച്ച്.ഒ.) ഒക്ടോബര്‍ മാസം സ്തനാര്‍ബുദ മാസമായി ആചരിക്കുന്നത്.

രോഗലക്ഷണങ്ങള്‍

സ്തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്
സ്തനാകൃതിയില്‍ വരുന്ന മാറ്റം
ചര്‍മത്തിലെ വ്യതിയാനങ്ങള്‍
മുലഞെട്ട് ഉള്ളിലേക്ക് വലിയുക
മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍
നിറ വ്യത്യാസം, വ്രണങ്ങള്‍
കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം

ക്ലിനിക്കല്‍ പരിശോധന

ഇരുപതിനും മുപ്പത്തിയൊമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണം. സ്തനാര്‍ബുദം വരാനുള്ള സാഹചര്യമുള്ളവര്‍ ആറുമാസത്തിലൊരിക്കലെങ്കിലും ഡോക്ടറുടെ പരിശോധന നടത്തിയേ പറ്റൂ.

മാമോഗ്രഫി

രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനു മുമ്പ് തന്നെ വളരെ ആരംഭദശയിലുള്ള സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള ഏറ്റവും മികച്ച രീതിയാണ് മാമോഗ്രഫി. വീര്യം കുറഞ്ഞ എക്സ് റേ കിരണങ്ങള്‍ സ്തനത്തിലൂടെ കടത്തിവിട്ടാണ് പിരിശോധന നടത്തുന്നത്. ആര്‍ത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകമാണ് മാമോഗ്രഫി നടത്തേണ്ടത്. പ്രായം കുറഞ്ഞ സ്ത്രീകള്‍ക്ക് സോണോഗ്രഫി പരിശോധനയും സ്വീകാര്യമാണ്.

എം.ആര്‍.ഐ. സ്‌കാനിങ്ങും നല്ലൊരു പരിശോധനാ മാര്‍ഗമാണെങ്കിലും ഇതിന് ചെലവ് കൂടുതലാണ്.

ആരംഭദശയില്‍ രോഗം തിരിച്ചറിഞ്ഞാലുള്ള ഗുണങ്ങള്‍

സ്തനം മുഴുവനായും മുറിച്ച് നീക്കേണ്ടി വരില്ല
ലളിതമായ ചികിത്സാ രീതികള്‍ മതിയാവും
ഉയര്‍ന്ന രോഗ ശമന നിരക്ക്
ചെലവ് കുറവ്
രോഗിക്ക് കൂടുതല്‍ ആത്മവിശ്വാസം.
എന്നിവ സ്തനാര്‍ബുദം തുടക്കത്തിലേ കണ്ടെത്തിയാലുള്ള ഗുണങ്ങളാണ്.

ചികിത്സ

ദശകങ്ങള്‍ക്ക് മുമ്പ് സ്തനാര്‍ബുദ ചികിത്സ എന്നാല്‍ സ്തനം പൂര്‍ണമായി നീക്കം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. നേരത്തേ കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ ആ തടിപ്പും കക്ഷത്തിലെ ഗ്രന്ഥികളും മാത്രം നീക്കം ചെയ്താല്‍ മതിയാവും. എങ്കിലും കല്ലിപ്പിന്റെ വലിപ്പം, സ്ഥാനം, സ്തനത്തിന്റെ വലിപ്പം, സ്തനാര്‍ബുദത്തിന്റെ സ്വഭാവം, പ്രായം, രോഗിയുടെ ഇച്ഛ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഡോക്ടര്‍മാര്‍ അന്തിമ തീരുമാനം എടുക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കീമോ തെറാപ്പി, റേഡിയേഷന്‍, ഹോര്‍മോണ്‍ ചികിത്സ, ടാര്‍ഗെറ്റെഡ് എന്നീ അനുബന്ധ ചികിത്സകളും വേണ്ടി വന്നേക്കാം.

തുടര്‍ ചികിത്സ

ആരംഭത്തിലേ തിരിച്ചറിയുക, ശരിയായ ചികിത്സ തേടുക എന്നത് പോലെതന്നെ പ്രധാനമാണ് കൃത്യമായ തുടര്‍ ചികിത്സകളും. പലരും തുടര്‍ ചികിത്സയില്‍ വിമുഖത കാട്ടാറുണ്ട്. തുടര്‍ ചികിത്സകള്‍ മുടക്കിയാല്‍ രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. കൃത്യമായ, നേരത്തേയുള്ള കണ്ടുപിടിക്കലും ശരിയായ ചികിത്സയുമുണ്ടെങ്കില്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ് സ്തനാര്‍ബുദം. ഭയപ്പെടേണ്ടതില്ല.


വിവരങ്ങള്‍:ഡോ. സി.എന്‍. മോഹനന്‍ നായര്‍, കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍, കൊച്ചി