കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി മലബാറിലെ നാല് ജില്ലകളിലെ രണ്ടര ലക്ഷം സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് രോഗനിര്‍ണയ പരിശോധന സംഘടിപ്പിക്കുന്നു.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍, മറ്റു സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മലപ്പുറം ജില്ലയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏഴു പഞ്ചായത്തുകളിലാണ് പദ്ധതി. കോഴിക്കോട് ജില്ലയില്‍ മുക്കം നഗരസഭയില്‍ നഗരസഭയുടെ നേതൃത്വത്തിലും കുന്നുമ്മല്‍, കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെയും രാമന്തളി പഞ്ചായത്തില്‍ പയ്യന്നൂര്‍ മിഡ് ടൗണ്‍ റോട്ടറിയുടെ സഹകരണത്തോടെയും പയ്യന്നൂര്‍ നഗരസഭയില്‍ പയ്യന്നൂര്‍ റോട്ടറിയുടെയും നഗരസഭയുടെയും സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കുക.

തിരഞ്ഞെടുത്ത പഞ്ചായത്ത്, നഗരസഭാ പ്രദേശത്തെ തദ്ദേശീയരായ കുടുംബശ്രീ ആശാ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വിദഗ്ധരുടെ നേതൃത്വത്തില്‍ ഗ്രാമതലത്തില്‍ വിദഗ്ധ പരിശോധനാ ക്യാമ്പ് നടത്തി ലക്ഷണം കണ്ടെത്തുന്നവര്‍ക്ക് സഞ്ചരിക്കുന്ന ആസ്പത്രിയായ സഞ്ചീവനി മൊബൈല്‍ ടെലി ഓങ്കോളജി യൂണിറ്റിന്റെ സേവനത്തോടെയുള്ള ഡിജിറ്റല്‍ മാമോഗ്രാം , അല്‍ട്രാ സൗണ്ട് സ്‌കാന്‍, എഫ്.എന്‍.എസി തുടങ്ങിയ പരിശോധനകള്‍ ഗ്രാമതല ക്യാമ്പുകളില്‍ സൗജന്യമായി നടത്തും.

ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ്' പദ്ധതിയുടെ ഒന്നാംഘട്ടം മട്ടന്നൂര്‍, കൂത്തുപറമ്പ് നഗരസഭകളിലും കോഴിക്കോട് കോര്‍പ്പറേഷനിലുമുള്ള 88,000 സ്ത്രീകളില്‍ നടപ്പാക്കിയപ്പോള്‍ വളരെ നേരത്തേയുള്ള അവസ്ഥയില്‍ സ്തനാര്‍ബുദ ലക്ഷണമുള്ള 44 പേരെ കണ്ടെത്തുവാനായെന്ന് കാന്‍സര്‍ കൊയര്‍ സൊസൈറ്റി പ്രസിഡന്റ് ടി.കൃഷ്ണനാഥ പൈ പറഞ്ഞു.