ണ്ട് വര്‍ഷം മുന്നെയൊരു നവംബറിലായിരുന്നു എന്നേയും ചുറ്റുമുള്ളവരേയും ഞെട്ടിച്ച് ഭയപ്പെടുത്തിക്കൊണ്ട് ഇടത് മാറിടത്തില്‍ കാന്‍സര്‍ എന്ന ഭീകരന്‍ കടന്നുവന്ന് കൂടുകെട്ടാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് ...

എന്നത്തേയും പോലെ വൈകീട്ട് ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള നെട്ടോട്ടത്തിനിടയിലാണ് വല്ലപ്പോഴും ഇടത് ഭാഗത്ത്, കൈവിരല്‍ തൊട്ട് മുതുക് വരെ, വരാറുണ്ടായിരുന്ന അസഹ്യമായ വേദന വേറൊരു തലത്തിലേക്ക് മാറി അസഹനീയമായിത്തോന്നിയത്. മുന്‍പൊക്കെ ഇടയ്ക്ക് വരുമ്പോളത് മസില്‍ പെയ്ന്‍ ആയിരിക്കാം എന്നാണ് ഡോക്ടേഴ്‌സ് പറഞ്ഞിരുന്നത് . പക്ഷെ ഇത്തവണത്തെ വേദന കഠിനമായത്‌ കൊണ്ടാവാം എന്തോ ഒരു ഉള്‍വിളി തോന്നിയതും സ്വയം Breast Examine ചെയ്യാനെന്നെ പ്രേരിപ്പിച്ചതും. അത്‌ തെറ്റായിരുന്നില്ല , ഇടത് മാറിടത്തിന് മുകളില്‍ ഒരു കല്ലിപ്പ് തൊടുമ്പോ മാത്രം അനുഭവപ്പെട്ടു. പലപ്പോഴായി ഇതിനെക്കുറിച്ച് വായിച്ചും കേട്ടുമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നില്‍ കടന്ന്കൂടിയ വില്ലനെ ഞാന്‍ തിരിച്ചറിയുകയായിരുന്നു. ഏത് സ്റ്റേജിലാണെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളു 

പിന്നീട് മാമോഗ്രാം & അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഒക്കെ ചെയ്ത് ഉറപ്പിക്കുകയും, ബയോപ്‌സി ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോഴേക്കും ഒരുതരം നിര്‍വ്വികാരതയായിരുന്നു.

ബയോപ്‌സി റിസള്‍ട്ട് വരുന്നത് വരെയുള്ള കാത്തിരിപ്പായിരിക്കണം ഒരുപക്ഷെ ജീവിതം എന്ന മൂന്നക്ഷരത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും പ്രാധാന്യവുമെനിക്ക് മനസ്സിലാക്കിത്തന്നത്. ഒരാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍, സെക്കന്‍ഡ് സ്റ്റേജിന്റെ തുടക്കമാണോയെന്ന ഡോക്ടേഴ്‌സിന്റെ സംശയം ബലപ്പെടുത്തുന്നതായിരുന്നു ബയോപ്‌സി റിസള്‍ട്ട്. അത്‌കൊണ്ട് തന്നെ ഒരു ടെസ്‌റ് കൂടെ ചെയ്യണമെന്നവര്‍ നിര്‍ദ്ദേശിച്ചു. വീണ്ടും കാത്തിരിപ്പ്..

അതിനിടയിലെപ്പോഴൊ ഞാന്‍ അതുമായി മാനസികമായി താദാത്മ്യം പ്രാപിച്ചിരുന്നിരിക്കണം. വല്ലാത്തൊരു ധൈര്യം, എന്തിനേയും നേരിടാമെന്നൊരു വിശ്വാസം വന്നത് പോലെ ..

ആ ധൈര്യത്തില്‍ ഏട്ടന്മാരുടേയും അമ്മയുടേയും മോന്റേയും മുഖത്ത് നോക്കിയപ്പോളായിരുന്നു ശരിക്കും തളര്‍ന്ന് പോയത്, അവരൊക്കെ എന്നെയോര്‍ത്ത് മരിച്ച് ജീവിക്കുന്ന അവസ്ഥയിലായിരുന്നു.അങ്ങനെ അവരെ ആശ്വസിപ്പിച്ച് ധൈര്യം കൊടുത്ത് നമുക്കിത് ഒറ്റക്കെട്ടായി നേരിടാമെന്ന് പറഞ്ഞ്, നീണ്ട കാത്തിരിപ്പിനൊടുവില്‍ രണ്ടാമത്തെ ബയോപ്‌സി റിസള്‍ട്ട് വന്നു. ആദ്യത്തെ സ്റ്റേജിന്റെ അവസാന പാതയിലാണെന്ന്. 

ഓപ്പറേഷന്‍ തിയേറ്റിലേക്ക് കൊണ്ട് പോകുമ്പോ, പന്ത്രണ്ട് വയസ്സുള്ള മോനോടി വന്ന്, അമ്മ മരിക്കില്ലാലോയെന്ന് മാത്രം ചോദിക്കുമ്പോഴും അതിന് മറുപടിയായി, ഇല്ലെടാ..ഞാന്‍ പഴയതിലും സ്മാര്‍ട്ടായി തിരിച്ച് വരുമെന്നും പറയുമ്പോഴും ഉള്ളിലൊരു മഹാസമുദ്രം തന്നെ അലയടിക്കുന്നുണ്ടായിരുന്നു.

ജീവിതമാകെ മാറിമറിയുകയാണെന്നും ഇനിയുള്ള നാളുകള്‍ വേദനയുടേയും യാതനയുടേതുമായിരിക്കുമെന്നും മറ്റാരേക്കാളും നന്നായി എനിക്ക് അറിയാമായിരുന്നു. ഇടത് മാറിലായത്‌കൊണ്ട് കുറച്ച് കൂടുതല്‍ കോംപ്‌ളിക്കേഷന്‍സ് ട്രീറ്റമെന്റിനിടയിലുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു..സര്‍ജറിക്ക് ശേഷം (partial surgery )ഇടത് കൈ പൂര്‍ണ്ണമായും മരവിച്ച അവസ്ഥയിലായി..ഞരമ്പുകളൊക്കെ മരവിച്ച് ഷോള്‍ഡര്‍ ഫ്രീസായി ഒന്ന് അനക്കാന്‍ പോലുമാവാതെ ആറുമാസക്കാലം...

സര്‍ജറി കഴിഞ്ഞൊരു മാസത്തിനിടയില്‍ തന്നെ കീമോത്തെറാപ്പി തുടങ്ങിയിരുന്നു.post surgery biospyയില്‍ രണ്ടാമതും ആവര്‍ത്തിച്ചേക്കാമെന്നൊരു മുന്നറിയിപ്പുണ്ടായിരുന്നത് കൊണ്ട് ആറ് കീമോയും ഇരുപത് റേഡിയേഷനും ആയിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.അതിന് പുറമേ കീമയോടൊപ്പം പതിനെട്ട് Immunotherapy കൂടി ചെയ്യാനെന്റെ ഓങ്കോളജിസ്‌റ് സജസ്റ്റ് ചെയ്തിരുന്നു.അതിന് സൈഡെഫക്ട്‌സൊന്നും ഇല്ലായിരുന്നെങ്കിലും വളരെ കോസ്റ്റ്‌ലി ആയിരുന്നു .

ആദ്യത്തെ കീമോ എടുത്ത് കഴിഞ്ഞപ്പോള്‍ , ഇതിനെയായിരുന്നോ ഞാനിത്രയും ഭയന്നതെന്നൊരു ചിരിയോടെയായിരുന്നു വീട്ടിലെത്തിയത്.പ്‌ളേറ്റ്‌ല്‌സ് കുറയുമെന്നതിനാല്‍ ഇരുപത്തിനാല് മണിക്കൂറില്‍ വേറൊരു ഇന്‍ജക്ഷനും എടുക്കണമായിരുന്നു. അത് വരെ ഒക്കെ നിയന്ത്രണവിധേയമായിരുന്നു.

രണ്ടാമത്തെ ദിവസം രാത്രി തൊട്ട് ഛര്‍ദ്ദിക്കാന്‍ തുടങ്ങി.അസിഡിറ്റിയും വയറ് വേദനയും.ഒന്നും കഴിക്കാനോ കുടിക്കാനോ കിടക്കാനോ ഉറങ്ങാനോ ആവാത്ത അവസ്ഥ. ഇരുപത്തൊന്ന് ദിവസത്തിലൊരിക്കലായിരുന്നു കീമോ.പതിനെട്ട് ദിവസം വരെ ഉണ്ണാതെ ഉറങ്ങാതെ ദേഷ്യപ്പെടണോ സങ്കടപ്പെടണോയെന്നറിയാതെ. അതിനിടയിലെപ്പോഴൊ വേറൊരു സത്യവും ഞാന്‍ തിരിച്ചറിഞ്ഞു, മുടി കൊഴിയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന്! രണ്ടാമത്തെ കീമോ ചെയ്തതോടെ മുടി ഷേവ് ചെയ്യേണ്ടി വന്നു. മെല്ലെമെല്ലെ, ശരീരത്തിലുള്ള മുടിയൊക്കെ പോയ്, പുരികവും കണ്‍പീലിയുമുള്‍പ്പടെ ഒരുതരം നിര്‍വ്വികാരതയോടെ നോക്കി നിന്നുവെന്ന് തന്നെ പറയാം. മൂന്നാമത്തെ കീമോ കഴിഞ്ഞപ്പോഴേക്കും ശരീരഭാരം 54 kg ല്‍ നിന്നും 38 kg ആയി. കണ്ണാടിയില്‍ തീര്‍ത്തുമപരിചിതയായ മറ്റൊരാളായി മാറി ഞാനെനിക്ക്.

ഈ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഞാനൊരു വലിയ സത്യം മനസ്സിലാക്കിയത്.എന്റെയീ അവസ്ഥ എന്റെ വീട്ടുകാരിലേല്‍പ്പിച്ച ആഘാതമവരെ വല്ലാത്തൊരു മാനസികാവസ്ഥയിലാക്കിയിട്ടുണ്ടെന്ന് ഇല്ല, ഇതില്‍ നിന്നും പുറത്ത് വന്നേ പറ്റൂ. ജീവിതം തിരിച്ച് പിടിക്കണം, മോന്റെ മുഖത്ത് ആ പഴയ പ്രസരിപ്പ് വീണ്ടെടുത്തേ ഒക്കൂ. അതിനായി എന്തെങ്കിലും ചെയ്ത് എനിക്കീ ദുരിതാവസ്ഥയില്‍ നിന്നും പുറത്ത് വന്നേ മതിയാകു. കീമോ ചെയ്ത് ആദ്യത്തെ ഒരാഴ്ച കഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാനാകുമായിരുന്നില്ലെങ്കിലും ഛര്‍ദ്ദിക്കുന്നത് കുറഞ്ഞിരുന്നു.

ആ ദിവസങ്ങില്‍ പുറത്തിറങ്ങാന്‍ തുടങ്ങി. വീട്ടുസാധനങ്ങള്‍ വാങ്ങാനും KSEB ബില്ലടക്കാനും പാല് വാങ്ങാനും മോനെയും കൂട്ടി ഞാന്‍ തന്നെ പോകാന്‍ തുടങ്ങി. സിനിമാ തിയേറ്ററിലും അമ്പലത്തിലുമൊക്കെ പോകാന്‍ തുടങ്ങിയപ്പോള്‍, വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഞാനൊരു കാന്‍സര്‍ പേഷ്യന്റ് അല്ലെന്നും ആള്‍ക്കൂട്ടത്തിലൊരുവള്‍ മാത്രമാണെന്നും തോന്നിത്തുടങ്ങി. വല്ലാത്തൊരു ആത്മവിശ്വാസവും ആശ്വാസവുമായിരുന്നു അത്. തിയേറ്ററില്‍ തന്നെ പോയി സ്‌കാര്‍ഫും ജാക്കറ്റുമിട്ട് മൂടിപ്പൊതിഞ്ഞ് തണുത്തുറയുന്ന ആ ഏസിയിലിരുന്ന് സിനിമകള്‍ കാണുമ്പോ ആ മൂന്ന് മണിക്കൂര്‍ ഞാനൊക്കെ മറന്നു.

അഞ്ചാമത്തെ കീമോ കഴിഞ്ഞപ്പോഴേക്കും എല്ലാവരുടേയും മുഖത്താ പഴയ ചിരിയും പ്രസരിപ്പുമൊക്കെ കാണാന്‍ തുടങ്ങി. ഞാനൊരു പേഷ്യന്റാണെന്നവരൊക്കെ മറക്കാന്‍ തുടങ്ങിയത് പോലെ.മൊട്ടത്തലവെച്ച് ദിവസവും മോനോടൊപ്പം സെല്‍ഫിയെടുക്കാന്‍ തുടങ്ങി. മുടിയും പുരികവും കണ്‍പീലിയുമില്ലാതെയും ഞാന്‍ സുന്ദരിയാണെന്ന് മോനെന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. യൂ ലുക്ക് ബ്യൂട്ടിഫുള്‍ വിത്തൗട്ട് ഹെയര്‍ എന്ന് അവന്‍ പറയുമ്പോ അറിയാതെ ഞാനും അത് മനസ്സില്‍ ഉരുവിടാന്‍ തുടങ്ങുകയായിരുന്നു.

അത് വരെ കൂടെയുണ്ടായിരുന്ന അമ്മയെ ഏട്ടന്റെ വീട്ടിലാക്കി ഞാനും മോനും മാത്രം....ഭക്ഷണമുണ്ടാക്കലും മോനെ രാവിലെ സ്‌കൂളില്‍ അയക്കലുമൊക്കെ വീണ്ടുമെന്റെ മാത്രം ഉത്തരവാദിത്വങ്ങളായി മാറിയപ്പോ കാന്‍സര്‍ എന്ന ഭീകരനെ ഞാന്‍ മെല്ലെ മറക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു...

മുന്‍പത്തെക്കാളും ആത്മവിശ്വാസത്തോടെയും വിശാലമനസ്സോടെയും കിര്യങ്ങളെ കാണാന്‍ തുടങ്ങി. ഒറ്റയ്ക്കാവുമ്പോഴുണ്ടാകുന്ന അണ്‍ലിമിറ്റഡ് സ്വാതന്ത്ര്യങ്ങളും ഉത്തരവാദിത്വങ്ങളും അലസതയില്‍ നിന്നും പലവിധത്തിലുള്ള ചിന്തകളിലൂടെയുള്ള നെഗറ്റീവ് വൈബ്‌സില്‍ നിന്നും ഒഴിഞ്ഞ്, തെളിഞ്ഞൊരു മനസ്സും ശാന്തതയും കൈവന്ന് തുടങ്ങിയത് പോലെ. ശരിക്കും തിരിച്ചറിയലിന്റെ നാളുകളായിരുന്നു അത്. 

കീമോ കഴിഞ്ഞ് ഒരു മാസത്തെ റെസ്റ്റിന് ശേഷമായിരുന്നു റേഡിയേഷന്‍.ആ ഇരുപത് ദിവസങ്ങള്‍ ഒരു പിക്‌നിക്ക് മൂഡിലായിരുന്നു ഞാന്‍.കാരണം,കീമോയുടെ ആഘാതത്തില്‍ നിന്നും പുറത്ത് വന്ന് ആവശ്യത്തിന് ഭക്ഷണമൊക്കെ കഴിക്കാമെന്നായിട്ടുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ റേഡിയേഷന് ദിവസവും പോകുമ്പോഴെനിക്കിഷ്ടമുള്ളതൊക്കെ kmch ലെ കാന്റീനില്‍ നിന്നും കഴിക്കാമെന്നതായിരുന്നു.റേഡിയേഷനെന്നെ വേദനിപ്പിക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്തിരുന്നില്ല.ഇതേയവസ്ഥയിലൂടെ കടന്ന് പോവുന്ന കുറേപ്പേരെ പരിചയപ്പെടാനും എന്നാലും വിധമവരെ സഹായിക്കാനും ധൈര്യം കൊടുക്കാനുമായിരുന്നു ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. അവസാനത്തെ റേഡിയേഷന് പോയപ്പോള്‍ റേഡിയോളജിസ്റ്റ് അതുപറഞ്ഞെന്നെ കുറേ അഭിനന്ദിക്കുകയും ചെയ്തിരുന്നു.`you are a true motivator'എന്നും പറഞ്ഞ്.

പിന്നീടുള്ള നാളുകള്‍ ശരിക്കും അതിജീവനത്തിന്റെതായിരുന്നു.കാരണം ഇടത് കൈ തീരെയനക്കാനാവാത്തതിനാല്‍ കുളിക്കാനും ഡ്രസ്സിടാനും അഴിക്കാനുമൊക്കെ മോന്റെ സഹായമില്ലാതെ പറ്റുമായിരുന്നില്ല.ഫിസിയോ തെറാപ്പിയെന്റെ വേദന കൂട്ടിയെന്ന് മാത്രമല്ല കൈ നീര് വന്ന് വേദന കൂട്ടുകയും ചെയ്തതോടെ അത് നിര്‍ത്തി. ഒറ്റക്ക് കാര്യങ്ങളൊക്കെ ചെയ്യാനാവുകയെന്നതായിരുന്നു പിന്നത്തെ ലക്ഷ്യം.അങ്ങിനെയാണ് എല്ലാവരും എതിര്‍ത്തിട്ടും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയത്. കൂട്ടത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ സ്വിമ്മിംങ്ങിനും പോയി. ഈ ദിവസങ്ങളിലൊക്കെ ഡോക്ടറുടെ ഉപദേശം മാത്രേ ഞാന്‍ കണക്കിലെടുത്തിരുന്നുള്ളു. കാണുന്നവരൊക്കെ പലവിധ ഉപദേശങ്ങളുമായി വരുമ്പോ ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ ചിരിച്ചവഗണിക്കാന്‍ ഞാന്‍ പഠിച്ച് കഴിഞ്ഞിരുന്നു.

ജിമ്മിലെ ആദ്യദിവസങ്ങള്‍ അസഹ്യമായ വേദനയുടേതായിരുന്നെങ്കിലും വിടാതെ രണ്ടാഴ്ച ചെയ്യുകയാണെങ്കില്‍ വേദന കുറയമെന്നും മരവിച്ച ഞരമ്പുകളില്‍ രക്തയോട്ടം കൂടി കൈ പഴയത് പോലെയാവുമെന്നുമുള്ള ഡോക്ടറുടെ വാക്കുകളെ ഞാനങ്ങ് ഏറ്റെടുക്കുകയായിരുന്നുവെന്ന് തന്നെ പറയാം.രണ്ട് കിലോ ഗ്രാം ഡമ്പിള്‍സില്‍ തുടങ്ങി ഇപ്പോ പത്ത് കിലോയെടുത്തുയര്‍ത്തുമ്പോ, കഴിഞ്ഞ് പോയ വേദനകളും യാതനകളും ഒരു വിദൂരതയിലുള്ള ഓര്‍മ്മകളിലില്‍ ചേര്‍ത്ത് സൂക്ഷിച്ച് വെയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

ഇന്നിപ്പോ, സാധാരണ ഏതൊരു ആരോഗ്യമുള്ളയാളും ചെയ്യുന്നത് പൊലെ എല്ലാ കാര്യങ്ങളും സ്വയം ചെയ്ത് , ജിമ്മില്‍ ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്ത് വിയര്‍ത്ത് കുളിച്ച് വരുമ്പോള്‍ കിട്ടുന്ന സന്തോഷവും ആത്മവിശ്വാസവുമൊക്കെയെന്നോട് പറയാതെ പറയാറുണ്ട്. യു ആര്‍ എ ട്രൂ സര്‍വൈവര്‍ എന്ന് !