ധൈര്യശാലികള്‍ ജീവിതത്തില്‍ ഒരിക്കലേ മരിക്കുകയുള്ളൂ. ആര് പറഞ്ഞതാണെന്ന് എനിക്കറിയില്ല. പക്ഷെ എന്നെ ഈ വാചകം സ്വാധീനിച്ചത് എനിക്ക് സ്തനാര്‍ബുദം ആണെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുമ്പോഴാണ്. നിസ്സാരമായി ഇടത് മാറില്‍ ഉണ്ടായ വേദന സാധാരണ വേദനസംഹാരികളാല്‍ മാറാതെ വരുകയും ഒരു മാസത്തോളം തുടരുകയും ചെയ്തപ്പോഴാണ് ഡോക്ടറെ കാണാന്‍ പോയത്. സാധാരണയുള്ള ശരീരപരിശോധനയില്‍ ഒരു വ്യത്യാസവും കണ്ടെത്താന്‍ ആയില്ല. അതിനാല്‍ മാമോഗ്രാം ഉം അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ഉം ചെയ്തപ്പോള്‍ വേദനയുള്ള വശത്ത് ഒന്നും കണ്ടെത്താനായില്ല. മറിച്ച് വലത്തെ കൈക്കുഴിയിലെ രണ്ട് ലിംഫ് നോഡ് വലുതായി കണ്ടു. അന്നുതന്നെ അതിന്റെ ബയോപ്‌സി എടുത്ത് ടെസ്റ്റിന് അയച്ചു. ഒരാഴ്ച വേണ്ടി വന്നു റിസള്‍ട്ട് വരാന്‍. ആ സമയം മുഴുവന്‍ പലവിധ ചിന്തകളാല്‍ എന്റെ മനസ്സ് ഇരുണ്ട് മൂടുകയായിരുന്നു. കണ്ണിലൂടെ ധാരയായി കണ്ണുനീരും.

റിസള്‍ട്ട് വരുന്ന ദിവസം ഞാനും എന്റെ ഭര്‍ത്താവും കൂടി ഹോസ്പിറ്റലിലേക്ക് പോയപ്പോള്‍ ഞാന്‍  മനസ്സില്‍ ഉറപ്പിച്ചിരുന്നു ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്തുസംഭവിച്ചാലും ഞാന്‍ ഒരിക്കല്‍ മാത്രമേ മരിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഞാന്‍ വിശ്വസിക്കുന്ന എന്റെ സ്രഷ്ടാവ് എനിക്ക് സഹിക്കാനാവാത്ത ഒന്നും എന്നിലേല്‍പ്പിക്കില്ല..ഞാന്‍ ഉറച്ചു വിശ്വസിച്ചു.

ഡോക്ടര്‍ രോഗവിവരം വെളിപ്പെടുത്തിയപ്പോള്‍ എന്റെ മുഖത്ത് ഒരു തീഗോളം വന്ന് അടിച്ച പോലെ ഒരു സെക്കന്റ് തോന്നിയെങ്കിലും എന്റെ  വിശ്വാസം എന്നെ തളര്‍ത്തിയില്ല. സെക്കന്‍ഡ് സ്റ്റേജ് ആണ് വീണ്ടും ഒരു മാമോഗ്രം കൂടി ചെയ്യണം ഡോക്ടര്‍ പറഞ്ഞു. കാരണം ആദ്യ മാമോഗ്രാമില്‍ മാറിലെ മുഴ കണ്ടെത്താനായില്ല. അങ്ങനെ രണ്ടാമത് വീണ്ടും കുറേക്കൂടി വിശദമായ മാമോഗ്രാം ചെയ്തതില്‍ നിന്നും വലത് മാറിലെ വാരിയെല്ലോട് ചേര്‍ന്ന് ഒരു ചെറിയ മുഴ കണ്ടെത്തി. ബയോപ്‌സിക്ക് അയച്ചു. റിസള്‍ട്ട് വന്നു, രോഗം സ്ഥിരീകരിച്ചു. 

ഭര്‍ത്താവിനൊപ്പം കുറച്ചുനാള്‍ ചെലവിടാന്‍ അദ്ദേഹത്തിന്റെ ജോലിസ്ഥലമായ യുകെയില്‍ വന്നിട്ട് തിരികെ നാട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതിനിടയിലാണ് ഇതെല്ലാം സംഭവിക്കുന്നത്. യാത്ര മാറ്റിവെക്കേണ്ടി വരുന്ന സങ്കടമാണ് ആദ്യം മനസ്സില്‍ വന്നത്. മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും കാണാന്‍ വല്ലാതെ ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞാന്‍. രണ്ടാമത്തെ ബയോപ്‌സി റിസള്‍ട്ട് വന്നശേഷം ഡോക്ടര്‍ ഞങ്ങളോട് ചികിത്സയുടെ വിശദാംശങ്ങള്‍ പറഞ്ഞു. ആദ്യം സര്‍ജറിയിലൂടെ മാറിലെ മുഴയും കൈക്കുഴിയിലെ ലിംഫ് നോഡും നീക്കം ചെയ്യണം. അത് കഴിഞ്ഞ്  ഒരുമാസം കഴിയുമ്പോള്‍ കീമോ..അത് 21 ദിവസത്തില്‍ ഒന്ന് വീതം ആറെണ്ണം. അതുകഴിഞ്ഞ് ആഴ്ചയില്‍ അഞ്ചുവീതം 23 റേഡിയേഷന്‍. ഇത്രയുമായിരുന്നു ഞാന്‍ കടക്കേണ്ട കടമ്പകള്‍. 

രോഗവിവരത്തെ കുറിച്ചറിഞ്ഞ സുഹൃത്തുക്കളില്‍ പലരും ഞങ്ങളുടെ വീട്ടില്‍ വന്നു. അവരുടെ അറിവില്‍ രോഗം വന്ന് ചികിത്സിച്ച് ഭേദമായി വീണ്ടും ആരോഗ്യത്തോടെ ജീവിക്കുന്നവര്‍ പലരുമുണ്ടായിരുന്നു. അവരുടെ ജീവിത കഥകള്‍ കേട്ടപ്പോള്‍ എന്റെ ആത്മവിശ്വാസവും ധൈര്യവും കൂടുകയും രോഗത്തെ പറ്റിയുള്ള അനാവശ്യ ചിന്തകള്‍ മനസ്സില്‍ നിന്ന് മാറുകയും ചെയ്തു. നാട്ടിലായിരുന്നപ്പോള്‍ ഞാന്‍ കണ്ടതും കേട്ടതും എല്ലാം കാന്‍സര്‍ വന്ന് മരിച്ചവരുടെ കഥകളാണ്. ഇവിടെ നേരെ തിരിച്ചും.

സര്‍ജറി കഴിഞ്ഞു. മുഴയും ലിംഫ് നോഡും നീക്കം ചെയ്ത് ട്യൂബ് ഇട്ട് വിട്ടു. സ്വതന്ത്രമായി നടന്ന എന്റെ ശരീരത്തില്‍ ഘടിപ്പിച്ച ട്യൂബിനെ പറ്റി പലപ്പോഴും ഞാന്‍ മറക്കും. അതിനാല്‍ ഇരുന്നിട്ട് എണീറ്റ് പോകുമ്പോള്‍ പലപ്പോഴും ട്യൂബ് വലിഞ്ഞ് വേദന ആയി. എന്റെ ഭര്‍ത്താവ് അതിനെ ഒരു തുണി സഞ്ചിയിലാക്കി എന്റെ തോളില്‍ തൂക്കി തന്നു. രണ്ട് മൂന്ന് ദിവസം സ്‌കൂള്‍ കുട്ടികളെപ്പോലെ അങ്ങനെ നടന്നു. ഒരിക്കല്‍ ഉറക്കത്തിനിടയില്‍ ആ ട്യൂബ് ഊരിപ്പോയി.  ട്യൂബില്ലാതായശേഷം കൈകുഴിയുടെ ഭാഗത്ത് ഫ്‌ലൂയിഡ് കെട്ടി നില്‍ക്കാന്‍ തുടങ്ങി എന്റെ ഭര്‍ത്താവ് നിരന്തരം എന്നെ ഉപദേശിച്ചു ആശുപത്രിയില്‍  പോയി ഫ്‌ലൂയിഡ് കുത്തി എടുത്തുകളയാന്‍ എനിക്ക് സൂചിയെ പേടി ആയതിനാല്‍ ഞാന്‍ പോകാതെ 6 ദിവസത്തോളം പിടിച്ചുനിന്നു. പക്ഷേ വേദന സഹിക്കാനാവുമായിരുന്നില്ല. പോയി ഫ്‌ലൂയിഡ് കുത്തി എടുത്തു. അതിനുശേഷം 3 ആഴ്ച കഴിഞ്ഞ് കീമോ തുടങ്ങി.

കീമോയെ കുറിച്ചുള്ള കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവ് ഡോക്ടര്‍ ആണ്. കീമോയെ കുറിച്ചുള്ള എന്റെ സംശയങ്ങളെല്ലാം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി. കീമോ ഒരുതരം ഇന്‍ജക്ഷന്‍ ആണന്നും
ശരീരത്തില്‍ മറ്റെവിടെയെങ്കിലും കാന്‍സര്‍ കോശങ്ങള്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ വേണ്ടിയാണ് കീമോ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞുതന്നു. എന്റെ മനസ്സില്‍ സംശയങ്ങള്‍ ഇനിയുമുണ്ടായിരുന്നു. പക്ഷേ കൂടുതല്‍ വിവരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹമെന്ന് എനിക്ക് തോന്നി. രോഗി ഞാനാണെങ്കിലും എന്നേക്കാള്‍ കൂടുതല്‍ മാനസികമായും ശാരീരികമായും പ്രയാസങ്ങള്‍ അദ്ദേഹമാണ് തരണം ചെയ്യേണ്ടി വന്നത്.  സ്വന്തം ജോലി, എന്റെ പരിചരണം, ആഹാരം ഉണ്ടാക്കല്‍ ആകെ ഒരു പരീക്ഷണ കാലഘട്ടം. പക്ഷേ ഇവിടെയുള്ള ഞങ്ങളുടെ നല്ലവരായ കൂട്ടുകാര്‍ ആഹാരം ഉണ്ടാക്കി കൊണ്ടുവരികയും ഞങ്ങളെ വന്നു കണ്ടും ഫോണിലൂടെ വിളിച്ചും ഒക്കെ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടെന്ന് ധൈര്യം തരുമായിരുന്നു.

കീമോ തരുന്നതിന്  മുന്നോടിയായി ഇവിടെ രോഗിക്ക് 3 തവണ കൗണ്‍സിലിങ് തരും അത് ഒന്ന് ഓങ്കോളജി ഡോക്ടര്‍ പിന്നെ കീമോ സെക്ഷനിലെ 2 നഴ്‌സുമാര്‍. എന്നെ ഏറ്റവും അതിശയിപ്പിച്ച ഒരു കാര്യം എന്തെന്നാല്‍ നമ്മുടെ നാട്ടിലെ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ഇവിടുത്തെ രോഗികള്‍ക്ക് കാന്‍സര്‍ രോഗത്തോടുള്ളത്. ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കുന്ന രോഗികളെ കണ്ടാല്‍ അവര്‍ രോഗികളാണെന്ന് പോലും തോന്നില്ല. പുസ്തക വായനയിലും തുന്നലിലും ചിലര്‍ ചാറ്റിംഗിലും ഒക്കെ വ്യാപൃതരാണ്. കീമോക്കായി വാര്‍ഡില്‍ കയറിയാലും അവര്‍ സന്തോഷത്തോടെ നഴ്‌സിനോടും അടുത്തുള്ള രോഗികളോടും സംസാരിച്ചിരിക്കും. ചിലരാകട്ടെ വായിക്കുന്നത് കാണാം. 

ഛര്‍ദി, ശാരീരികമായ ക്ഷീണം, ആഹാരത്തിനോടുളള വെറുപ്പ് ഇതെല്ലാം സമ്മാനിച്ചാണ് കീമോ കടന്നുപോയത്. എന്റെ മുടിയെല്ലാം കൊഴിഞ്ഞു. കീമോ ശരിക്കും നമ്മുടെ മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തളര്‍ത്തുന്ന ഒന്നാണ്. മനോബലം ഒന്നുകൊണ്ടു മാത്രമേ അതിനെ നേരിടാന്‍ നമുക്ക് സാധിക്കുകയുള്ളൂ. എനിക്കിത് തരണം ചെയ്‌തേ സാധിക്കൂ.. എനിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ ഈ രോഗത്തെ അതിജീവിക്കും എന്ന് ഉറച്ച് വിശ്വസിക്കുകയും അതോടൊപ്പം കുടുംബാംഗങ്ങളുടെ പിന്തുണയും നിര്‍ബന്ധമായും വേണം. അങ്ങനെ ആറ് കീമോയും 23 റേഡിയേഷനും കഴിഞ്ഞു. റേഡിയേഷന് വേദന ഒന്നും ഉണ്ടാകാറില്ലെങ്കിലും അത കഴിഞ്ഞ് ഷോള്‍ഡറിന്റെ ചലനത്തിന് കുറച്ച് പ്രയാസവും വേദനയും ഉണ്ടാകും. അതെല്ലാം ഫിസിയോ തെറാപ്പിയിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. 

കീമോ കഴിഞ്ഞ് ഒരു മാസം കഴിയുമ്പോഴേയ്ക്കും മുടി വളര്‍ന്ന് തുടങ്ങും, നിറം മാറിയ നഖങ്ങള്‍ കൊഴിഞ്ഞു പോയി പുതിയ നഖം ഒരു വര്‍ഷത്തിനകം വരും. ഏകദേശം പത്തുമാസത്തോളം ഈ ചികിത്സ നീളും. ഇതെല്ലാം കഴിഞ്ഞ് ഒരു അഞ്ചുവര്‍ഷത്തേക്ക് മരുന്ന് കഴിക്കാനും ഡോക്ടറുടെ നിര്‍ദേശം ഉണ്ടായിരുന്നു. 

രോഗത്തോടുള്ള അങ്കം വെട്ടുകഴിഞ്ഞു. തുടര്‍ന്നുള്ള ടെസ്റ്റുകളും പ്രതീക്ഷയേകുന്നതായിരുന്നു. എന്നെ രോഗവിമുക്തയെന്ന് ഡോക്ടര്‍ പ്രഖ്യാപിച്ചിട്ട് 2 വര്‍ഷമായി. ചികിത്സയുടെയും തുടര്‍ന്ന് കഴിക്കുന്ന മരുന്നിന്റെയും പരിണിതഫലമായി ശരീരത്തില്‍ പലവിധ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു. തന്മൂലം ചെറിയ തോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍...ഇതെല്ലാം മിക്ക രോഗികളിലും ഉണ്ടാകാറുണ്ട്. രോഗിയുടെ ഈ അവസ്ഥ കുടുംബാംഗങ്ങളും തിരിച്ചറിയാതെ പോകാറുണ്ട്. അത് തിരിച്ചറിഞ്ഞ് ഉപദേശം തേടേണ്ടത് അനിവാര്യമാണ്. ചികിത്സക്ക് ശേഷം ആറുമാസമെങ്കിലും വേണ്ടി വരും പഴയതുപോലെ ആരോഗ്യം വീണ്ടെടുക്കാന്‍. വിഷാദരോഗമുണ്ടെങ്കില്‍ രോഗിയെ അവര്‍ക്കിഷ്ടമുള്ളതും ആനന്ദപ്രദമായതുമായ കാര്യങ്ങളില്‍ വ്യാപൃതരാക്കാനും ശ്രദ്ധിക്കണം. 

സ്ത്രീകള്‍ പൊതുവേ കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ സ്വന്തം കാര്യത്തില്‍ കാട്ടാറില്ല. സ്വന്തം ശരീരത്തോടുള്ള ഈ അവഗണനയാണ് പല രോഗങ്ങളും ആദ്യമേ തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നതിന് കാരണം. കാന്‍സറിനെ അതിജീവിച്ച ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ അനുഭവത്തില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയത് സ്വന്തം ശരീരത്തിലുണ്ടാകുന്ന ചെറിയ വേദനകളും വ്യതിയാനങ്ങളും അവഗണിക്കാതിരിക്കുക. നേരത്തേ രോഗം കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ആരോഗ്യമാണ് വലുത്.