'അടിച്ചുമോളേ'യെന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് മകളുടെ കൈയിലടിച്ചാണ് അവളെ ഞാന്‍ വിവരമറിയിച്ചത്.'ഇത് കാന്‍സറൊന്നുമായിരിക്കില്ലല്ലോ അമ്മേ'യെന്ന് ടെസ്റ്റിനയച്ചപ്പോള്‍ അവള്‍ ചോദിച്ചിരുന്നു. മകള്‍ സ്‌കൂള്‍ വിട്ട് വരുന്നതിന് മുമ്പേ കരഞ്ഞ് തീര്‍ത്ത് ഞാന്‍ മനസ്സ് ക്ലിയറാക്കി. എന്റെ സമീപനം അവള്‍ക്കും ധൈര്യം കൊടുത്തു. 'കുറച്ചുപ്രശ്‌നമാണ്..സിംപിളായി എടുക്കേണ്ട.' എന്ന ഡോക്ടറുടെ വാക്കുകളില്‍ നിന്നുതന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു..എങ്കിലും ഒന്നുമുണ്ടാവില്ലെന്ന് സുഹൃത്തുക്കളും ഞാനും എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മുഴ കാന്‍സറെന്നുറപ്പിച്ച നിമിഷം ഞാന്‍ തീരുമാനിച്ചു, മകള്‍ക്ക് മുന്നില്‍ ധൈര്യം ചോര്‍ന്നവളായി നില്‍ക്കില്ലെന്ന്..

എന്നെ സംബന്ധിച്ച് നിരാശയിലായിപ്പോയേക്കാവുന്ന ഒരുപാട് സാഹചര്യങ്ങളുണ്ടായിരുന്നു. പ്രണയ വിവാഹമായതിനാല്‍ 18 വര്‍ഷമായി വീട്ടുകാരുമായി ബന്ധമില്ല. മോള്‍ വൈകാരികമായി ഞങ്ങള്‍ രണ്ടാളേയുമാണ് ആശ്രയിക്കുന്നത്. പ്രൈവറ്റ് സ്‌ക്കൂളിലാണ് ജോലി. ജോലിയ്ക്ക് പോകാന്‍ കഴിയാതാകുന്നതോടെ ആ വരുമാനവും നില്‍ക്കും.ഉടനെ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കും എന്ന ചിന്ത. ഒറ്റപ്പൈസ സമ്പാദ്യമില്ല. ഒരു ഇന്‍ഷുറന്‍സ് കാര്‍ഡ് പോലുമില്ല. കൂടെ നില്‍ക്കാന്‍ വേറാരുമില്ല. ഇങ്ങനെ വലുതും ചെറുതുമായ നൂറുകൂട്ടം കാര്യങ്ങള്‍. (ഒക്കെ ഭംഗിയായി പരിഹരിയ്ക്കപ്പെട്ടു കേട്ടോ.)

രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ് ആദ്യമെടുത്ത തീരുമാനം ഇത് രഹസ്യമാക്കി വെയ്ക്കില്ല എന്നായിരുന്നു. ആസ്പത്രിയിലെ എന്റെ ID നമ്പറും രോഗവിവരങ്ങളും ഫേസ്ബുക്കില്‍ ഇട്ടുകൊണ്ട് ഞാന്‍ എന്റെ രോഗ പ്രഖ്യാപനം നടത്തി. അടുത്ത സുഹൃത്തുക്കള്‍ പോലും ആദ്യമൊക്കെ വിഷമം പറഞ്ഞെങ്കിലും അടക്കിപ്പിടിച്ച വര്‍ത്താനങ്ങളും താടിയ്ക്ക് കൈ കൊടുക്കുന്ന സഹതാപങ്ങളും ഉണ്ടാകുമായിരുന്നിടത്ത് തുറന്ന സംസാരവും പൊട്ടിച്ചിരികളുമാണ് ഇതിനുശേഷം ഉണ്ടായത്. എന്നോട് രോഗത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ ഒരുപാട് പേര്‍ക്ക് പ്രേരണയും ധൈര്യവുമുണ്ടായത് അതുകൊണ്ടാണ്. രോഗമുണ്ടോ എന്ന് സംശയിക്കുന്നവര്‍, ചികിത്സയിലുള്ളവര്‍, മറികടന്നവര്‍, ബന്ധുക്കള്‍ രോഗികളായവര്‍ ഒക്കെ ഇന്‍ബോക്‌സിലും ഫോണിലും സംസാരിച്ചു. രോഗത്തെക്കുറിച്ച് തുറന്നു പറയാനുള്ള മടി മാറി എന്നു പറഞ്ഞവര്‍, മൊട്ടത്തല കാണിച്ച് നടക്കാന്‍ ഇപ്പോ ഇഷ്ടമാണെന്ന് പറഞ്ഞവര്‍, അസുഖക്കാലം ആഘോഷ കാലവുമാക്കാം എന്ന് ഇപ്പോ മനസ്സിലായെന്ന് പറഞ്ഞവര്‍.. രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതുകൊണ്ട് എനിയ്ക്കുണ്ടായ നേട്ടങ്ങള്‍ അവരെല്ലാമായിരുന്നു..

ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ജറി. അപ്പോഴേയ്ക്ക് ഈ രോഗത്തേയും എന്നേയും പരിചയമുള്ള ഒരുപാട് പേരോട് സംസാരിച്ചു. പലര്‍ക്കും പല അനുഭവങ്ങളാണ്. അതു കൊണ്ട് മുന്നറിവുകള്‍ വേണ്ടെന്ന് വെയ്ക്കാനും എന്റെ സ്വന്തം അനുഭവങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കാനും തീരുമാനിച്ചു.

സര്‍ജറിയില്‍ ലിംഫ് നോഡുകള്‍ എടുത്തുകളയുന്നതിനാല്‍ ഡ്രൈനേജ് ഇടും. അതിന്റെ ട്യൂബും പാത്രവും ഒരാഴ്ച ഒരു അഡീഷണല്‍ ഫിറ്റിംഗായി കൂടെ കാണും. നമ്മള്‍ അതോര്‍ക്കാതെ എണീക്കും നടക്കും. ഇത് എവിടെയെങ്കിലും ഉടക്കും, താഴെ വീഴും. ഒരു ഭംഗിയുള്ള കൊച്ചുസഞ്ചി തോളില്‍ തൂക്കി അതിലേയ്ക്ക് ഇതിട്ട് ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു.

ഒരു മാസം കഴിഞ്ഞ് കീമോ തുടങ്ങും. 6 എണ്ണമുണ്ട്. രണ്ടെണ്ണമൊക്കെയാകുമ്പോഴേയ്ക്ക് മുടി പോകും. ഞാനാണേല്‍ മുമ്പു രണ്ടുതവണ മൊട്ടയടിയ്ക്കാന്‍ പാര്‍ലറില്‍ പോയിട്ട് അവര്‍ സമ്മതിക്കാത്തതിനാല്‍ നിരാശയായിപ്പോന്നതാണ്. എന്നാപ്പിന്നെ ഇത്തവണ അതങ്ങ് സാധിച്ചേക്കാമെന്ന് വെച്ചു. കീമോയുടെ തലേന്ന് ടൗണിലേക്കിറങ്ങി 6 മാസത്തേയ്ക്ക് വായിക്കാനുള്ള പുസ്തകങ്ങളും വാങ്ങി തല ക്ലീന്‍ ഷേവും ചെയ്തു. അന്നുതൊട്ട് ഇന്നു വരെ മുടി പോയതില്‍ ഒട്ടും സങ്കടമില്ല.ഒറ്റക്കപ്പ് വെള്ളം മതി തല കഴുകാന്‍. ഒരു ചെറിയ ടൗവ്വല്‍ മതി, 5 സെക്കന്റ് മതി തല തോര്‍ത്താന്‍.(പോരെങ്കില്‍ ഒരു ബുജി ലുക്കും.)

കീമോയുടെ അനുഭവമെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. അനുഭവിച്ചവര്‍ക്ക് മാത്രം പങ്കുവെയ്ക്കാന്‍ കഴിയുന്ന ഒരു സവിശേഷ അനുഭവമാണ് അത്. അതുകൊണ്ടാകും കീമോ എടുത്ത രോഗികള്‍ക്ക് പരസ്പരം ഇത്ര സ്‌നേഹവും കരുതലും. അവസാനത്തെ കീമോ കഴിഞ്ഞ് വരുമ്പോ ശക്തമായ കാറ്റിലും മഴയിലും ഒരു ഒറ്റത്തെങ്ങ് കടപുഴകും വിധം ആടിയുലഞ്ഞ് കാറ്റു കുറയുമ്പോ വീണ്ടും നിവര്‍ന്ന് നില്‍ക്കുന്ന ഒരു കാഴ്ച കണ്ടു. അതാണ് കീമോ ഒരു ശരീരത്തോട് ചെയ്യുന്നതെന്ന് ഏറ്റവും ലളിതമായി പറയാം.

രോഗത്തെക്കുറിച്ചുള്ള ആധിയും മരുന്നിന്റെ ശക്തിയും ഒക്കെക്കൊണ്ട് പൊതുവേ അത്ര നല്ല ശാരീരിക മാനസിക അവസ്ഥയിലായിരിക്കില്ല നമ്മള്‍. ചെറിയ കാര്യങ്ങള്‍ പോലും വലിയ വൈകാരിക പ്രശ്നങ്ങളായേക്കാം എന്നൊക്കെ ആദ്യമേ തന്നെ എന്നോടും പ്രതാപിനോടും മോളോടുമൊക്കെ പറഞ്ഞിരുന്നു. പക്ഷേ മരുന്നിനെ എന്റെ ശരീരത്തെ ബാധിക്കാന്‍ മാത്രമേ ഞാന്‍ അനുവാദം കൊടുത്തുള്ളൂ. മോള്‍ പറഞ്ഞത് കീമോ സത്യത്തില്‍ അമ്മയുടെ സ്വഭാവം ഒന്നുകൂടി നന്നാക്കി എന്നാണ്. മുന്‍പ് എന്നെ ദേഷ്യപ്പെടുത്തിയിരുന്ന. കരയിച്ചിരുന്ന കാര്യങ്ങളെയൊക്കെ കുറച്ചു കൂടി സംയമനത്തോടെ കാണാനുള്ള ഒരു മനസ്സുണ്ടായി.

രോഗാവസ്ഥ ശരിയ്ക്കും നമ്മുടെ തിരിച്ചറിവുകളുടെ കാലഘട്ടം കൂടിയാണ്. ആരൊക്കെയാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍, ഏതൊക്കെയാണ് ആത്മാര്‍ത്ഥമായ വാക്കുകള്‍ എന്നൊക്കെ ഒരു filter വെച്ച് കാണിച്ചു തരും. ഒരു കാലത്ത് വളരെ പ്രിയപ്പെട്ടവരായിരുന്ന ചിലര്‍ ഒരിക്കല്‍ പോലും ഒരു മെസേജ് വഴി പോലും എന്റെ കൂട്ടാവാതിരുന്നത്, ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്തവര്‍ വളരെ പ്രിയപ്പെട്ടവരായത് ഒക്കെ ഈ രോഗക്കാലത്താണ്. അസുഖമാണെന്ന് എഫ്ബി യില്‍ എഴുതിയതിനു ശേഷം നേരില്‍ കണ്ടിട്ടേയില്ലാത്ത പത്തോളം കാന്‍സര്‍ ബാധിതരായ കൂട്ടുകാരുണ്ട് എനിക്ക്. ഞങ്ങള്‍ ഇടയ്ക്ക് മെസേജയയ്ക്കും. ഒരു കൂട്ടായ്മ ഉണ്ടാക്കണം. ഒരുമിച്ച് കൂടണം എന്നൊക്കെ പ്ലാന്‍ ചെയ്യുന്നുണ്ട്.

പോസിറ്റീവ് ചിന്ത സ്വാഭാവികമാണെങ്കിലും ചുറ്റുമുള്ളവര്‍ വിചാരിച്ചാല്‍ അത് അട്ടിമറിക്കാന്‍ കഴിയും. എന്റെ കൂടെയുള്ളവര്‍ എന്നോട് രാഷ്ട്രീയം പറഞ്ഞു. യാത്രകളേക്കുറിച്ച് പറഞ്ഞു. പുസ്തകങ്ങളും സിനിമകളും എന്റെ കണ്ണിലും കാതിലും ചിന്തകളിലും നിറച്ചു. രോഗത്തെക്കുറിച്ച് പൊട്ടിച്ചിരിച്ചുകൊണ്ടും നിസ്സാര ഭാവത്തിലും മാത്രം ഞങ്ങള്‍ സംസാരിച്ചു. വ്യത്യസ്തങ്ങളായ ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കി. എനിക്ക് ഒരു രോഗി എന്ന 'പരിഗണന' തന്നതേയില്ല. 

എന്റെ മോള്‍ എന്നോട് പറഞ്ഞു 'ഇനി കാന്‍സര്‍ എന്നു കേട്ട് ഞാന്‍ പേടിക്കില്ല അമ്മേ..' എന്ന്, മതി. ലോകത്തില്‍ മറ്റാര്‍ക്കൊക്കെ പോസിറ്റീവായി ചിന്തിക്കാന്‍ ഞാന്‍ പ്രേരണയായി എന്നതിനേക്കാള്‍ എന്റെ കുഞ്ഞിനെ കരുത്തയാക്കാന്‍ എനിയ്ക്ക് കഴിഞ്ഞു എന്നതാണ് ഞാന്‍ വിലമതിക്കുന്നത്.

'അവരോടങ്ങനെ ചെയ്തതു കൊണ്ടാകുമോ?' 'ഇവരോട് ഇങ്ങനെ പറഞ്ഞതുകൊണ്ടാകുമോ?' എന്നിങ്ങനെ കുറ്റബോധത്തിന്റെ കൊടുമുടികള്‍ കയറാതെ, 'എന്നാലും എനിക്കിങ്ങനെ സംഭവിച്ചല്ലോ' എന്ന നിരാശയുടെ പടുകുഴിയില്‍ ഇറങ്ങാതെ വൈകാരിക സമ്മര്‍ദ്ദങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെടാതെ.(കൂടെയുള്ളവരെ പെടുത്താതെ) 'ദൈവമേ' എന്ന വിളിയില്‍ അബോധത്തില്‍ പോലും അഭയം തേടാതെ.. എന്റെ നിലപാടുകളുടെ അടിത്തറ എത്ര ഉറച്ചതാണെന്ന്  എനിക്ക് ബോധ്യപ്പെട്ട പരീക്ഷണകാലം കൂടിയായിരുന്നു എനിക്ക് ഈ അഞ്ചുമാസം.


എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (കരിപ്പൂര്‍) അധ്യാപികയാണ് ലേഖിക.