സ്തനാർബുദ ചികിത്സയിൽ ഈ ദശകങ്ങളിലുണ്ടായ കുതിച്ചുചാട്ടം ആയിരക്കണക്കിന് രോഗികൾക്ക് പ്രയോജനമേകിയിട്ടുണ്ട്. രോഗം ഭേദമായി വർഷങ്ങൾ പിന്നിട്ടവർ അനേകം. സ്തനാർബുദ ചികിത്സ ഭേദമാക്കാമെന്ന വസ്തുത നിരന്തരമായ ബോധവത്‌കരണത്തിലൂടെ സമൂഹത്തിലെത്തിച്ചേരുവാൻ ഡോക്ടർമാരും പ്രത്യേകം ശ്രദ്ധചെലുത്തണം.

ആരംഭത്തിൽത്തന്നെ രോഗം കണ്ടുപിടിക്കാനായാൽ ചികിത്സ വളരെ എളുപ്പമാണ്. രോഗം ചികിത്സിച്ചു മാറ്റിയാലും പലവിധ ആശങ്കകൾ പലർക്കും ഉണ്ടാകാറുണ്ട്. മനസ്സിലടിഞ്ഞുകൂടുന്ന ഭയവും ഉത്കണ്ഠയും ജീവിതത്തിന്റെ സമാധാനത്തെയും സൗന്ദര്യത്തെയും നശിപ്പിക്കും. പലകാര്യങ്ങളും നെഗറ്റീവ് ചിന്താഗതി തലപൊക്കുന്നത് ജീവിതത്തിന്റെ ഗുണനിലവാരം കുറയാൻ ഇടയാകും.

സ്തനാർബുദത്തെ അതിജീവിച്ചവർക്ക് ഏതെങ്കിലും രീതിയിലുള്ള അപകർഷതാ ബോധമുണ്ടായാൽ വേണ്ട പരിഹാരം തേടുന്നത് നന്നായിരിക്കും. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ തന്റെ പങ്കാളിയോടും ഡോക്ടറോടും തുറന്ന് ചർച്ച ചെയ്യുകയാണ് വേണ്ടത്. സ്തനാർബുദം വന്നവർക്ക് രോഗാനന്തര ശ്രദ്ധ പല തലത്തിലും ആവശ്യമാണ്.

ലൈംഗികത
ആരോഗ്യകരമായ ലൈംഗികത കുടുംബജീവിതം ദൃഢതരമാക്കാൻ അത്യാവശ്യമാണ്. നമ്മുടെ നാട്ടിലെ സ്തനാർബുദ രോഗികളിൽ ഭൂരിപക്ഷവും തങ്ങളുടെ ലൈംഗികപ്രശ്‌നങ്ങളെ ചർച്ച ചെയ്യപ്പെടുവാൻ ആഗ്രഹിക്കാറില്ല. ചികിത്സിക്കുന്ന ഡോക്ടറോടുപോലും തുറന്ന്‌ സംസാരിക്കുവാൻ വൈമുഖ്യം കാണിക്കുന്നവരാണ് കൂടുതലും. ഇങ്ങനെ സ്വയം മനസ്സിലൊതുക്കുന്നവരിൽ വിവിധ മാനസിക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

ലൈംഗികമായ ഇടപെടലുകളിലുള്ള താത്‌പര്യക്കുറവ് ചികിത്സ ലഭിച്ച സ്തനാർബുദരോഗികളിൽ വളരെയധികം കാണാറുണ്ട്. ഇത് ഏറിയകൂറും തെറ്റായ ധാരണകളുടെ ഫലമാണ്. ശസ്ത്രക്രിയയോ റേഡിയേഷനെയോ തുടർന്ന് സ്തനത്തിലുണ്ടാവുന്ന മാറ്റങ്ങൾ ചിലരെ പിൻവാങ്ങാൻ പ്രേരിപ്പിക്കാം. ലൈംഗിക വേഴ്ചയിലേർപ്പെടാൻ താൻ അയോഗ്യയാണെന്നുള്ള തെറ്റായ ധാരണയും ഉണ്ടാവാം. ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുണ്ടാകുന്ന വേദന, രതിമൂർച്ച ലഭിക്കായ്മ, യോനീനാളത്തിലെ ഗ്രന്ഥികളുടെ പ്രവർത്തനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ചികിത്സ കഴിഞ്ഞവരിൽ കാണാറുണ്ട്. പ്രായം കുറഞ്ഞ ആളുകളിലും ഈ പ്രശ്‌നങ്ങൾ ബാധിക്കാറുണ്ട്. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കാം.

അർബുദരോഗികൾ ശാരീരികബന്ധത്തിലേർപ്പെടുന്നത് നല്ലതല്ല എന്ന തെറ്റായ ധാരണ വച്ചു പുലർത്തുന്നവരും ഉണ്ട്. രോഗം വന്ന സ്ത്രീകളുമായി ബന്ധപ്പെടുന്നത് തനിക്കും രോഗം വരാൻ ഇടയാക്കുമോ എന്നു തെറ്റായി ചിന്തിക്കുന്ന പുരുഷപങ്കാളിയേയും കാണാം. പല ലൈംഗിക പ്രശ്നങ്ങളും ചികിത്സയ്ക്കുശേഷം കുറച്ചു കാലയളവുകൊണ്ട് സ്വയം നേരെയാകാറുണ്ട്. എന്നാൽ, ചിലപ്പോൾ വൈദ്യസഹായം വേണ്ടിവരാം.

ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായ വ്യായാമമുറകളുമുണ്ട്. യോനീലേപനങ്ങൾ യഥാവിധി ഉപയോഗിക്കാം. കൗൺസലിങ്ങും വളരെ നല്ലതാണ്. രോഗിയുടെ വ്യക്തിപരമായ ആഗ്രഹങ്ങൾ, ലൈംഗികതയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങൾ, അവരുടെ സാമൂഹിക - സാംസ്‌കാരികമായ ചുറ്റുപാടുകൾ തുടങ്ങിയ എല്ലാ ഘടകങ്ങളും ചികിത്സിക്കുന്ന ഡോക്ടർ കണക്കിലെടുക്കണം.

ഹോട്ട് ഫ്ലഷസ്

70 ശതമാനം രോഗികളിലും ചികിത്സയ്ക്കുശേഷം ഹോട്ട് ഫ്ലഷസ് അനുഭവപ്പെടാറുണ്ട്. ഉറക്കമില്ലായ്മ, പെട്ടെന്ന് ശരീരത്തിൽ പ്രത്യേകിച്ച് മുഖത്തും ചൂടുതോന്നുക, വിയർക്കുക, ശരീരം തണുക്കുക, വൈകാരികമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഹോട്ട് ഫ്ലഷസിന്റേതാകാം. ചികിത്സ കഴിഞ്ഞ് ആദ്യത്തെ മൂന്നു മാസത്തിനകത്താണ് ഈ പ്രയാസങ്ങൾ പൊതുവെ കണ്ടുവരുന്നത്.

എന്തുകൊണ്ട്?

അണ്ഡാശയ പ്രവർത്തനത്തിനുണ്ടാകുന്ന കുറവാണ് ഇതിന്റെ പ്രധാനകാരണം. ഹോർമോൺ ചികിത്സ, (ഉദാ: ടമോക്‌സിഫൻ ഗുളിക), കീമോതെറാപ്പി, അണ്ഡാശയം മുറിച്ചുമാറ്റുക തുടങ്ങി പല സ്തനാർബുദ ചികിത്സാരീതികൾ അണ്ഡാശയ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. സ്വയം ആർത്തവവിരാമം വരുന്ന സ്ത്രീകളിലും ഹോട്ട് ഫ്ളഷസ് കാണാറുണ്ടെങ്കിലും സ്തനാർബുദ ചികിത്സയ്ക്കു വിധേയമാകുന്നവരിലാണ് ഇത് കൂടുതൽ വിഷമങ്ങൾ സൃഷ്ടിക്കുന്നത്.

പരിഹാരം
പലവിധത്തിലുള്ള ചികിത്സാരീതികൾ ഇന്നു ലഭ്യമാണ്. മരുന്നുകൾ (ഉദാ: ആന്റി ഡിപ്രസൻസ്) വ്യായാമം, യോഗ, എരിവും ചൂടുമുള്ള ഭക്ഷണങ്ങളും കഫീനും ഒഴിവാക്കുക, ഫാനിന്റെ ഉപയോഗം, ശീതീകരിച്ച മുറി, അക്യൂപങ്ചർ തുടങ്ങിയ മാർഗങ്ങളിലൂടെ ഹോട്ട് ഫ്ളഷസ് നിയന്ത്രണാധീനത്തിലാക്കുവാൻ കഴിയും.

അസ്ഥി സുഷിരത (ഓസ്റ്റിയോപോറോസിസ്)
അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത കുറയുന്ന അവസ്ഥയാണിത്.കാത്സ്യത്തിന്റെയും ജീവകം ഡിയും മറ്റും ശരിയായ അളവിൽ അസ്ഥിയിൽ ഉണ്ടായെങ്കിൽ മാത്രമേ അസ്ഥിക്കു വേണ്ട ബലം ലഭിക്കുകയുള്ളൂ. സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ എല്ലിന്റെ ഘടന നിലനിർത്തുവാൻ പ്രധാന പങ്കുവഹിക്കുന്നു. എല്ല് ഉണ്ടാക്കുന്ന പ്രത്യേക കോശമായ ഓസ്റ്റിയോ ബ്ലാസ്റ്ററിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുവാൻ ഈസ്ട്രജൻ അത്യാവശ്യമാണ്.

സ്തനാർബുദത്തിലുള്ള പ്രാധാന്യം
അസ്ഥി സുഷിരത ചികിത്സകഴിഞ്ഞ സ്തനാർബുദരോഗികളിൽ വളരെ സാധാരണമാണ്. ഇതൊരു വലിയ ആരോഗ്യപ്രശ്നം തന്നെയാണ്. ആർത്തവ വിരാമം, പ്രായം, കീമോതെറാപ്പി, ഹോർമോൺ ചികിത്സ തുടങ്ങി പല ഘടകങ്ങളും ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുവാൻ കാരണമാകുന്നു. ഈ കുറവ് അസ്ഥിസുഷിരതയിലേക്ക് നയിക്കുന്നതിനാൽ ശരീരഭാരം താങ്ങുവാനുള്ള എല്ലിന്റെ ശക്തി കുറയുന്നു. ഈ അവസ്ഥയിൽ ചെറിയ വീഴ്ചപോലും എല്ലൊടിയാൻ കാരണമായേക്കും.

പ്രതിരോധിക്കാം - ചികിത്സിക്കാം
1. വ്യായാമം
2. ആവശ്യത്തിന് ജീവകം-ഡിയും കാൽസ്യവും കഴിക്കുക
3. ഇലക്കറികൾ, പാൽ, മത്സ്യം തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക
4. പുകവലിയും മദ്യപാനവും ഒഴിവാക്കുക
അസ്ഥിസുഷിരത ഉള്ളവർക്ക് വളരെയധികം ഫലവത്തായ മരുന്നുകൾ ഇന്ന് ലഭ്യമാണ്. ഈ മരുന്നുകൾ എല്ലുകളെ നശിപ്പിക്കുന്ന കോശങ്ങളായ ഓസ്റ്റിയോ പ്രവർത്തനത്തെ പ്രതിരോധിച്ച് എല്ലുകളുടെ ആരോഗ്യം വീണ്ടെടുക്കുന്നു. 

കൈയിലെ നീര് 
(ലിംഫെഡിമ) - എന്താണ്? എന്തുകൊണ്ട്?
സ്തന ശസ്ത്രക്രിയ ചെയ്ത ഭാഗത്തുള്ള കൈയിൽ ചിലപ്പോൾ നീരുവരാം. ഇതിനെ ലിംഫെഡിമ എന്നു പറയുന്നു. കക്ഷത്തിലെ ലസികഗ്രന്ഥികൾ ശസ്ത്രക്രിയയിൽക്കൂടി നീക്കം ചെയ്യുകയോ റേഡിയേഷൻ മൂലം പ്രവർത്തനരഹിതമോ ആവുമ്പോഴാണ് നീരുവരുന്നതിനുള്ള സാധ്യത കൂടുന്നത്. കൈ മുറിയുകയോ, ചതയുകയോ, അണുബാധ ഉണ്ടാവുകയോ ചെയ്താൽ കൈയിൽ ക്രമാതീതമായി നീരും കൂടാതെ വിറയലോടുകൂടിയുള്ള പനിയും വേദനയും വ്രണങ്ങളും ചിലപ്പോൾ ഉണ്ടാകും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചർമ്മത്തിന് ക്ഷതമുണ്ടാക്കുന്ന (പൊള്ളൽ, മുറിവുകൾ, ചതവുകൾ, പോറലുകൾ, കുത്തിവയ്പുകൾ, രക്തമെടുക്കൽ) ഒന്നുംതന്നെയും സംഭവിക്കാതെ നോക്കണം. കൂടാതെ രക്തസമ്മർദമളക്കൽ, ഡോക്ടറുടെ അനുവാദമില്ലാതെ തൊലിപ്പുറത്തുള്ള ലേപനങ്ങളുടെ ഉപയോഗം, ഭാരമുള്ള സാധനങ്ങൾ തോളിൽ തൂക്കുക, ഇറക്കമുള്ള വസ്ത്രങ്ങളുടെയോ ആഭരണങ്ങളുടെയോ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ആ കൈയിൽ പാടില്ല.

വന്ധ്യത - നിരാശപ്പെടേണ്ട
യുവതികളിലും സ്തനാർബുദം വരാറുണ്ടല്ലോ. മരുന്നു കൊണ്ടുള്ള ചികിത്സയും അഞ്ചു വർഷത്തോളം നീണ്ടുനിൽക്കുന്ന ഹോർമോൺ ചികിത്സയും ശരിയായുള്ള അണ്ഡാശയപ്രവർത്തനത്തെ ബാധിക്കാം. ഇത് നേരത്തെയുള്ള ആർത്തവ വിരാമത്തിന് കാരണമാകാം. ചികിത്സാ സമയത്തെയോ, ചികിത്സ കഴിഞ്ഞ ഉടനെയുള്ള ഗർഭധാരണമോ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന രോഗികളിൽ വന്ധ്യതയെക്കുറിച്ചുള്ള ചിന്തകൾ വളരെ ആശങ്ക, ഉളവാക്കാറുണ്ട്. ഒരു പരിധിവരെ ഒരു കുടുംബത്തിന്റെ കെട്ടുറപ്പിനെയും ബാധിക്കാം എന്നതാണ് സത്യം.

ചികിത്സയ്ക്കു മുമ്പുതന്നെ സ്ത്രീബീജം അണ്ഡാശയത്തിൽ നിന്ന് ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിച്ചാൽ ഭാവിയിൽ ഉപയോഗിക്കുവാൻ സാധിക്കും. കൂടാതെ, മറ്റു മാർഗങ്ങളായ അണ്ഡാശയത്തിലെ കുറച്ചു ദശ മുറിച്ചെടുത്ത് ശീതീകരിച്ചുവച്ചാൽ ബീജോത്‌പാദനത്തിന് പിന്നീട് ഉപയോഗിക്കുവാൻ കഴിയും. 

തന്റെ ജീവിതപങ്കാളിയുടെ തന്നെയോ അല്ലെങ്കിൽ ഒരു ദാതാവിന്റെയോ ബീജവുമായി സങ്കലനം ചെയ്ത ഭ്രൂണവും ശീതീകരിച്ച് സൂക്ഷിക്കുവാൻ ഇന്ന് സാങ്കേതികവിദ്യ ലഭ്യമാണ്.

ബൗദ്ധിക തലത്തിൽ വരുന്ന മാറ്റങ്ങൾ
ചികിത്സ കിട്ടിയ ഏകദേശം പകുതിയോളം പേരിൽ ഈ മാറ്റങ്ങൾ കാണപ്പെടുന്നു. ഓർമ്മക്കുറവ്, ശ്രദ്ധിക്കുന്നതിനു വിഷമം, ഒരേ കാര്യത്തിൽ വേണ്ട ശ്രദ്ധ കുറെ സമയത്തേക്ക് തുടർന്നുകൊണ്ടുപോകുവാൻ പ്രയാസം, ചില ജോലികൾ ചെയ്യുവാനുള്ള ബുദ്ധിമുട്ട്, ലളിതമായ കാര്യങ്ങൾപോലും ജോലിയിൽ പ്രാവർത്തികമാക്കാൻ സാധിക്കാതെ വരിക, വേണ്ട വാക്കുകൾ വേണ്ട സമയത്ത് പറയാൻ കഴിയാതെ വരിക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

എന്തുകൊണ്ട്?
തലച്ചോറിലെ മാതൃകോശങ്ങളും പ്രായപൂർത്തിയായ കോശങ്ങളും ചികിത്സയ്ക്കുവേണ്ടി നൽകുന്ന മരുന്നുകളുടെ പ്രവർത്തനങ്ങൾക്ക് വിധേയമാകാം. പുതിയ നല്ല കോശങ്ങൾ ഉണ്ടാകുന്നതിനേയും കോശങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനേയും ഈ മരുന്നുകൾ ഇടപെടുന്നതിനായി പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.

നാം ചെയ്യേണ്ടത്
സ്തനാർബുദം വന്നു ഭേദമായ ഒരു രോഗി മേൽപ്പറഞ്ഞ ഏതെങ്കിലും കാരണങ്ങളാൽ നിരാശയോടെ പെരുമാറിയാൽ അത് മറ്റു കുടുംബാംഗങ്ങളെ തളർത്തുകയേയുള്ളൂ. കുടുംബത്തിന്റെ ആകെയുള്ള സജീവതയ്ക്ക് ഉണർവ് ആവശ്യമാണ്. വീഴ്ചയിൽ നിന്ന്‌ എഴുന്നേറ്റ് കുതിക്കുവാനുള്ള ധൈര്യമാണ് സംഭരിക്കേണ്ടത്. ചികിത്സാനന്തര പ്രശ്‌നങ്ങളെ ഗൗരവപൂർവം കൈകാര്യം ചെയ്യുകയാണ് പോംവഴി. 

തുടർപരിശോധനകളും തുറന്ന ചർച്ചകളും നവജീവിതമാണ് ഉറപ്പാക്കുന്നത്. തെറ്റിദ്ധാരണകൾ നീക്കി ശരിയായ ജീവിതശൈലി പിൻതുടരുകയും ചെയ്താൽ സാധാരണ ജീവിതം നയിക്കാൻ ആവശ്യമായ ഊർജം ലഭിക്കും എന്നതിൽ സംശയമില്ല. 

രോഗിയെ ഒറ്റപ്പെടാൻ യാതൊരു കാരണവശാലും നാം അനുവദിക്കരുത്. വൈദ്യസമൂഹവും രോഗിയും കുടുംബാംഗങ്ങളും ഒന്നിച്ചു ചേർന്നുള്ള ആരോഗ്യപരമായ ഇടപെടലുകൾ  സ്തനാർബുദത്തെ അതിജീവിക്കുന്ന എല്ലാ സ്ത്രീകൾക്കും വളരെ ഉയർന്ന ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കും.