ലോത്താകമാനം നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്ന കാന്‍സര്‍ സ്തനത്തെ ബാധിക്കുന്നതാണ്. ഇന്ത്യയില്‍ മുമ്പ് ഗര്‍ഭാശയഗള കാന്‍സര്‍ ആയിരുന്നു കൂടുതല്‍. എന്നാല്‍ ഇന്ന് അത് സ്തനാര്‍ബുദമായി മാറിക്കഴിഞ്ഞു. വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാല്‍ എണ്‍പതു മുതല്‍ തൊണ്ണൂറു ശതമാനം ആളുകളിലും പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമാണിത്. എന്നാല്‍ വൈകി കണ്ടുപിടിക്കുന്ന കാന്‍സറുകളില്‍ ഇരുപത്തഞ്ചു ശതമാനത്തോളം പേര്‍ക്കേ രോഗശമനം സാധ്യമാകുന്നുള്ളൂ. ‌

പാശ്ചാത്യ-വികസിത രാജ്യങ്ങളില്‍ എഴുപതു ശതമാനത്തോളം സ്തനാര്‍ബുദ കേസുകള്‍ തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മുപ്പതു ശതമാനം മാത്രമേ തുടങ്ങുന്ന സ്റ്റേജില്‍ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ കഴിയുന്നുള്ളു. പാശ്ചാത്യ രാജ്യങ്ങളില്‍ പലതിലും അമ്പതു വയസ്സിനു മേലെ ഉള്ള എല്ലാ സ്ത്രീകളും രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാമോഗ്രാമിന് വിധേയരാകണം എന്ന് ചട്ടങ്ങള്‍ ഉണ്ട്. ഇത്തരം ചട്ടങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പലതരത്തിലാണ്.  ചില വിദഗ്ധര്‍ നാല്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും ഈ പരിശോധന ചെയ്യണം എന്ന് പറയുന്നു. 

സ്തനാര്‍ബുദം നിര്‍ണയിക്കുന്നത്

മാറില്‍ മുഴ, തടിപ്പ്, വ്രണം, മുലക്കണ്ണില്‍ നിന്നും സ്രവങ്ങള്‍ ഒലിക്കുന്നത് മുതലായവ സ്വയം ശ്രദ്ധിച്ച് ഡോക്ടറെ കാണുന്നതിലൂടെ കുറെ കാന്‍സറുകള്‍ കണ്ടെത്താനാകുന്നു. ചിലപ്പോള്‍ കക്ഷത്തെ കഴലകളുടെ വീക്കം, ശ്വാസം മുട്ട്, എല്ലില്‍ വേദന, കാന്‍സര്‍ മറ്റു അവയവങ്ങളിലേക്ക് പടര്‍ന്നതിന്റെ മറ്റു ലക്ഷണങ്ങള്‍ എന്നിവ മൂലവും രോഗി ഡോക്ടറെ സമീപിച്ചെന്നു വരാം.

ശരീര പരിശോധന (മാറും കക്ഷവും മറ്റു ശരീര പരിശോധനകളും), അള്‍ട്രാസൗണ്ട്, മാമോഗ്രാഫി, എം.ആര്‍.ഐ. മുതലായ സ്‌കാനുകള്‍ (എല്ലാം വേണ്ടി വരണം എന്നില്ല), ദശ കുത്തി എടുത്തു പരിശോധിക്കുന്ന നീഡില്‍ ബയോപ്‌സി എന്നിവയിലൂടെയും മറ്റു ടെസ്റ്റുകളിലൂടെയും ഡോക്ടര്‍ പൂര്‍ണ രോഗനിര്‍ണയം നടത്തും. തുടര്‍ന്ന് ചികിത്സ നിര്‍ദേശിക്കുകയും ചെയ്യുന്നു.

രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി സ്തനം മുഴുവനായി നീക്കണമെന്നില്ല. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ താരതമ്യേന ചെറിയ കാന്‍സറുകള്‍ സ്തനം നിലനിര്‍ത്തിക്കൊണ്ടുള്ള ശസ്ത്രക്രിയകള്‍ വഴിയും നീക്കംചെയ്യാം. ഇങ്ങനെ നീക്കംചെയ്ത ഭാഗം പാത്തോളജി ഡോക്ടറുടെ സഹായത്തോടെ പരിശോധിക്കുകയും മറ്റു ടെസ്റ്റുകള്‍ നടത്തുകയും ചെയ്യും. ഇതിനുശേഷമാണ് റേഡിയേഷന്‍, കിമോതെറാപ്പി എന്നീ ചികിത്സകള്‍ വേണോ എന്നു തീരുമാനിക്കുന്നത്.

മുകളില്‍ പറഞ്ഞ, രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റുകളെ ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ എന്ന് പറയാം. ഇവ രോഗിയുടെ ശരീരത്തില്‍ ചെയ്യുന്ന ടെസ്റ്റുകളാണ്. എന്നാല്‍ പൂര്‍ണ ആരോഗ്യമുള്ള അഥവ പ്രത്യേകിച്ച് ഒരു രോഗലക്ഷണങ്ങളും ഇല്ലാത്ത ആളുകളില്‍ രോഗം നേരത്തെ തന്നെ കണ്ടുപിടിക്കാന്‍ മാത്രം നടത്തുന്ന ടെസ്റ്റുകള്‍ ഉണ്ട്. ഇവയെ സ്‌ക്രീനിങ് ടെസ്റ്റുകള്‍ എന്നാണ് പറയുന്നത്. മധ്യവയസ്സ് കഴിഞ്ഞ പലര്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. ഇത് സ്‌ക്രീനിങ്ങിനു വേണ്ടിയുള്ള ടെസ്റ്റ് ആണെന്ന് പറയാം.

മാമോഗ്രാം രണ്ടു തരം 

ഫുള്‍ സ്‌ക്രീന്‍ മാമോഗ്രാം: ഫുള്‍സ്‌ക്രീന്‍ മാമോഗ്രാമില്‍ എക്‌സ്റേ ഫിലിമിലേക്കാണ് ചിത്രം പകര്‍ത്തുന്നത്. 

ഡിജിറ്റല്‍ മാമോഗ്രാം: ഡിജിറ്റലില്‍ കംപ്യൂട്ടറിലേക്ക് നേരിട്ട് ചിത്രം പകര്‍ത്തുന്നു. 

നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ അത്രയും സാധാരണമായിട്ടില്ല. എന്നാല്‍ രണ്ടും തമ്മില്‍ രോഗനിര്‍ണയ സാധ്യതയില്‍ വലിയ മാറ്റമില്ല എന്നാണ് വിദഗ്ധാഭിപ്രായം. രണ്ടിലും രണ്ടു ഫലകങ്ങള്‍ക്കിടയില്‍ സ്തനങ്ങളെ വെച്ച് അമര്‍ത്തുകയാണ് ചെയ്യുക. ഒരു കാമറ എക്‌സ്റേ ഉപയോഗിച്ച് ചിത്രം എടുക്കുന്നു. സാധാരണഗതിയില്‍ തീരെ വേദനയോ മറ്റ് അസ്വസ്ഥകളോ ഉണ്ടാക്കുന്ന ഒരു ടെസ്റ്റല്ല ഇത്.

സ്‌ക്രീനിങ് മാമോഗ്രാമുകളില്‍ സാധാരണയായി രണ്ടു വശങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മാത്രമേ എടുക്കുകയുള്ളു. എന്നാല്‍ രോഗനിര്‍ണയത്തിനായി എടുക്കുന്ന മാമോഗ്രാമില്‍ പല വീക്ഷണ കോണുകളില്‍ നിന്നും പടങ്ങള്‍ എടുക്കുന്നു. എപ്പോഴും രണ്ടു സ്തനങ്ങളുടെയും ഫിലിം നിര്‍ബന്ധമായും എടുത്തിരിക്കും. പണ്ട് മാമോഗ്രാം എടുത്തിട്ടുണ്ടെങ്കില്‍ അതുമായും താരതമ്യം ചെയ്ത് നോക്കേണ്ടതുണ്ട്. രണ്ടു സ്തനങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടോ,  കാല്‍സ്യം പരലുകള്‍ കാണാനുണ്ടോ, സ്തനത്തിന്റെ സ്വാഭാവിക ഘടനയില്‍ നിന്നും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്നെല്ലാമാണ്  മാമോഗ്രാം വിദഗ്ധര്‍ നോക്കുന്നത്. കാന്‍സര്‍ ഉണ്ടോ ഇല്ലയോ എന്ന് മുഴുവനായി ഉറപ്പിച്ചു പറയാന്‍ മാമോഗ്രാം കൊണ്ട് കഴിയുകയില്ല.  അമേരിക്കന്‍ കോളേജ് ഓഫ് റേഡിയോളജിയുടെ ബ്രെസ്റ്റ് ഇമേജിങ് റിപ്പോര്‍ട്ടിങ് ആന്‍ഡ് ഡാറ്റാബേസ് സിസ്റ്റം എന്ന (ബൈ റാഡ്‌സ്) ഒരു സ്റ്റേജിങ് ആണ് മാമോഗ്രാഫി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്നത്. അത് ഇപ്രകാരമാണ്. 

ബൈ റാഡ്‌സ് പൂജ്യം: ഇനിയും സ്‌കാനുകള്‍ ചെയ്തു നോക്കണം എന്നാണ്. 
ബൈ റാഡ്‌സ് ഒന്ന്: നോര്‍മല്‍. ഒരു കുഴപ്പവുമില്ല. ഇനി ഒരു ടെസ്റ്റിന്റെയും ആവശ്യം ഇല്ല. 
ബൈ റാഡ്‌സ് രണ്ട്: എന്തോ മുഴ ഉണ്ട്, പക്ഷേ കാന്‍സര്‍ അല്ല. 
ബൈ റാഡ്‌സ് മൂന്ന്: ചെറിയ സംശയം ഉണ്ട്; വളര്‍ച്ച അറിയാന്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വീണ്ടും ചെയ്തു നോക്കണം.
ബൈ റാഡ്‌സ് അഞ്ച്: മിക്കവാറും കാന്‍സര്‍ ആകാന്‍ ആണ് സാധ്യത.

സംശയം ഉണ്ട് എന്നുള്ളവരില്‍ രോഗനിര്‍ണയത്തിനായി വീണ്ടും ടെസ്റ്റുകളും സ്‌കാനുകളും വേണ്ടിവരാം. കാന്‍സര്‍ ഉണ്ട് എന്ന് ഉറപ്പിക്കണമെങ്കില്‍ ദശ എടുത്തു പരിശോധിക്കുക തന്നെ വേണം. ഇപ്പോള്‍ മിക്കവാറും സൂചി ഉപയോഗിച്ചുള്ള നീഡില്‍ ബയോപ്‌സിയാണ് ചെയ്യാറുള്ളത്. ഈ സൂചി, സംശയമുള്ള സ്തന ഭാഗത്തേക്ക് മാമോഗ്രാം ചെയ്യുമ്പോള്‍ തന്നെ കംപ്യൂട്ടര്‍ ഒക്കെ ഉപയോഗിച്ച് കടത്തി ദശ പരിശോധനയ്ക്കായി എടുക്കാനുള്ള സംവിധാനങ്ങളും ഇന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

മാസത്തില്‍ ഒരിക്കല്‍ സ്തനങ്ങള്‍ സ്വയം പരിശോധിക്കാവുന്നതാണ്. ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്തനത്തിന്റെ ആകൃതിയിലോ മുലക്കണ്ണിന്റെ സ്ഥാനത്തിനോ ഒക്കെ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ എന്ന് നോക്കുന്നു. കൈകള്‍ ഉയര്‍ത്തിയ ശേഷം വീണ്ടും ചെയ്യുന്നു. പിന്നീട് കിടന്നിട്ട് കൈകള്‍ കൊണ്ട് മുഴകള്‍ വല്ലതുമുണ്ടോ എന്ന് തൊട്ടുനോക്കുന്നു. ഇതാണ് സ്വയം പരിശോധന.

മുഴ, തടിപ്പ്, മുലക്കണ്ണിലും മറ്റുമുള്ള ആകൃതി വ്യത്യാസം, സ്രവങ്ങള്‍ ഇവയൊക്കെ ശ്രദ്ധിക്കണം. ഓര്‍ക്കുക. മിക്ക മുഴകളും കാന്‍സര്‍ ആവണം എന്നില്ല. അതുകൊണ്ട് പേടിക്കാതെ ഉടന്‍തന്നെ വൈദ്യപരിശോധന നടത്തണം. ഡോക്ടറുടെ നിര്‍ദേശത്തോടുകൂടി മാമോഗ്രാഫി സ്‌ക്രീനിങ് ചെയ്യാം. രക്തബന്ധുക്കളില്‍ സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍ (പ്രത്യേകിച്ചും ചെറിയ പ്രായത്തില്‍) മുപ്പതു വയസ്സ് ആകുമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന തുടങ്ങേണ്ടതാണ്. അല്ലാത്തവര്‍ അന്‍പതു വയസ്സ് കഴിയുമ്പോള്‍ തുടങ്ങിയാല്‍ മതി. 


വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ജിമ്മി മാത്യു, പ്രൊഫസര്‍, റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം, അമൃത ഇന്‍സ്റ്റിറ്റി്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി, ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്