സ്തനാര്‍ബുദം വളരെ നേരത്തേ തന്നെ കണ്ടെത്താന്‍ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം. സ്വയം പരിശോധന :20 വയസ്സു മുതല്‍ പരിശോധന തുടങ്ങാം. ആര്‍ത്തവം കഴിഞ്ഞ ഉടനേയുള്ള ദിവസങ്ങളിലാണ് പരിശോധിക്കേണ്ടത്. എല്ലാ മാസങ്ങളിലും ആവര്‍ത്തിക്കണം. പരിശോധനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്.

1) കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് ഇരു മാറുകളും വീക്ഷിക്കുക. കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് സ്തനങ്ങള്‍ വീക്ഷിച്ച് മൂന്നു തരത്തില്‍ വേണം പരിശോധിക്കാന്‍. കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഇടുപ്പില്‍ കൈകള്‍ വച്ചുകൊണ്ടും അല്പം മുന്നോട്ട് ആഞ്ഞു നില്‍ക്കുന്ന വിധത്തിലും വേണം സ്തനങ്ങള്‍ വീക്ഷിക്കാന്‍.

2) ഇരുമാറിലും കൈവിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചു അവയിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കുക. സ്പര്‍ശനത്തിലൂടെയും മാറിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കണം. ഇതിനായി മലര്‍ന്നു കിടന്നതിനു ശേഷം ഇടതു കൈ തലയുടെ പിന്‍വശത്തായി വയ്ക്കുക. ഒപ്പം ഇടതുതോള്‍ ഒരു തലയണ കൊണ്ട് അല്പം ഉയര്‍ത്തി വെയ്ക്കാം. വലതു കൈവിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച് ഇടതു മാറ് പരിശോധിക്കുക. മുലക്കണ്ണിന്റെ ഭാഗത്ത് തുടങ്ങി വൃത്താകൃതിയിലുള്ള ചലനത്തിലൂടെ മാറിന്റെ എല്ലാ ഭാഗവും ഒപ്പം കക്ഷവും പരിശോധിക്കുക. മറ്റേ മാറിലും ഇത് ആവര്‍ത്തിക്കണം. 
സ്വയം പരിശോധന ഒരിക്കലും മാമോഗ്രാമിനു പകരമാകുന്നില്ല. എന്നാല്‍ ഇതിനു പ്രാധാന്യമുണ്ട്. 

സ്തനാര്‍ബുദത്തിന്റെ സൂചനകള്‍ എന്തൊക്കെയാണ്?

മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങള്‍,നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകള്‍, ചര്‍മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകള്‍ പോലുള്ള പാടുകളും. മുലക്കണ്ണ് ഉള്‍വലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങള്‍ വരുക, കക്ഷത്തില്‍ കാണുന്ന തടിപ്പ്.

എന്താണ് മാമോഗ്രാം? എപ്പോഴാണ് ഇത് ചെയ്യേണ്ടത്?

ലളിതമായി പറഞ്ഞാല്‍ മാറിന്റെ എക്‌സ്‌റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച് മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാനാകും. ഒപ്പം കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്താനും കഴിയും. 40 വയസ്സു കഴിഞ്ഞാല്‍ വര്‍ഷം തോറും മാമോഗ്രാം ചെയ്യാവുന്നതാണ്. എന്നാല്‍ ഉറ്റ ബന്ധുക്കളിലോ ജനിതകപരമായ കാന്‍സര്‍ സാധ്യത ടെസ്റ്റുകളിലൂടെയോ കണ്ടെത്തിയവര്‍ക്ക് നേരത്തേ തന്നെ മാമോഗ്രാം ചെയ്തുതുടങ്ങണം (25 വയസ്സു മുതല്‍)

സ്തനാര്‍ബുദം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുമോ?

വളരെ നേരത്തേ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാവുന്ന രോഗമാണ്.

സ്തനസൗന്ദര്യം  നിലനിര്‍ത്തിക്കൊണ്ട് തന്നെ ചികിത്സ സാധ്യമാണോ?

സ്തനസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്തനാര്‍ബുദ ചികിത്സ സാധ്യമാണ്. സ്തനങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുന്നതരം സര്‍ജറികള്‍ (breast conservation surgey) സാധ്യമാണ്. അതിനോടൊപ്പം തന്നെ സ്തനങ്ങള്‍ പുനര്‍നിര്‍മിക്കുന്ന തരത്തിലുള്ള സര്‍ജറികളും സാധ്യമാണ്. ഇതിനായി ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കലകളോ (flap reconstruction), മറ്റു കൃത്രിമ വസ്തുക്കളോ (breast implant devices) ഉപയോഗിക്കാവുന്നതാണ്. 

സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?

അഞ്ചു മുതല്‍ 10 ശതമാനം വരെ ജനിതക കാരണങ്ങളാല്‍ ഉണ്ടാകുന്നു. ഇത് കുറഞ്ഞ പ്രായത്തില്‍ തന്നെ കണ്ടുവരാറുണ്ട്. പ്രായം പ്രധാന ഘടകമാണ്. 45 വയസ്സിനു ശേഷം സ്തനാര്‍ബുദ സാധ്യത വളരെയധികം വര്‍ധിക്കുന്നു. ആര്‍ത്തവവിരാമമാകുന്നത് വരെ ഈ പ്രവണത തുടരുന്നു. സ്തനാര്‍ബുദരോഗങ്ങളില്‍ സ്ത്രീ ഹോര്‍മോണുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. വളരെ നേരത്തെയുള്ള ആര്‍ത്തവം, വൈകിയുള്ള ആര്‍ത്തവ വിരാമം എന്നിവ പ്രതികൂലഘടങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗര്‍ഭ ധാരണവും പ്രസവവും പ്രതികൂല ഘടങ്ങളാണ്. ആര്‍ത്തവാനന്തരമുള്ള ഹോര്‍മോണുകളുടെ ഉപയോഗം (hormone replacement therapy) കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തില്‍ റേഡിയേഷനു വിധേയമാകുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നു. ആഹാര രീതികളുമായി ബന്ധപ്പെട്ടുള്ള സ്തനാര്‍ബുദ സാധ്യതകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ മദ്യപാനം സ്തനാര്‍ബുദ സാധ്യത കൂട്ടാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.


വിവരങ്ങള്‍ക്ക് കടപ്പാട്- - ഡോ.ആദർശ് ധർമരാജൻ, അസിസ്റ്റന്റ് പ്രൊഫസർ, സർജിക്കൽ ഒാങ്കോളജി, മലബാർ കാൻസർ സെന്റർ, തലശ്ശേരി.(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്.)

Content Highlights :Breast Cancer Awareness 2018, Symptoms And Diagnosis, Breast Self Exam