മ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കേ സ്തനാര്‍ബുദം വരൂ എന്ന ധാരണ തെറ്റാണെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. സ്തനാര്‍ബുദം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മുപ്പത്തിയഞ്ചിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ്. ആരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് ഇത്തരം രോഗങ്ങള്‍ ഭേദപ്പെടുത്താനാവാതെ പോകുന്നത്.

ഇന്ത്യയില്‍ മിക്കവാറും സ്ത്രീകളും രോഗത്തിന്റെ മൂന്നാമത്തേയോ നാലാമത്തേയോ ഘട്ടത്തിലെത്തുമ്പോഴാണ് ചികിത്സ തേടാറുള്ളത്. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം.

സ്തനാര്‍ബുദത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു. എച്ച്.ഒ.) ഒക്ടോബര്‍ മാസം സ്തനാര്‍ബുദ മാസമായി ആചരിക്കുന്നത്. ഇന്നത്തെക്കാലത്ത് അര്‍ബുദമുണ്ടാകാന്‍ സാധ്യതയുള്ളവര്‍ എന്ന ഒരു പട്ടികയ്ക്ക് യാതൊരു പ്രസക്തിയുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതലാണ്. അത്തരം സാധ്യതകള്‍ ഇവയാണ്:

കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ( ഉദാ: അമ്മ, മകള്‍. സഹോദരി) സ്തനാര്‍ബുദം ഉണ്ടായിട്ടുണ്ടെങ്കില്‍

12 വയസ്സിന് മുമ്പ് ആര്‍ത്തവം ആരംഭിച്ചവര്‍

55 വയസ്സിന് ശേഷം ആര്‍ത്തവ വിരാമം സംഭവിച്ചവര്‍

ആദ്യത്തെ ഗര്‍ഭധാരണം 30 വയസ്സിന് ശേഷം

ഒരിക്കലും ഗര്‍ഭം ധരിക്കാത്തവര്‍

ആര്‍ത്തവ വിരാമത്തിന് ശേഷം അമിത ഭാരം ഉണ്ടായവര്‍

ദുര്‍മേദസ്സുള്ളവര്‍

വ്യായാമം ചെയ്യാത്തവര്‍

നീണ്ടകാലം ഹോര്‍മോണ്‍ ചികിത്സ എടുത്തിട്ടുള്ളവര്‍

കാന്‍സര്‍ അല്ലാത്ത സ്തനരോഗങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍

ജനിതക വ്യത്യാസം വന്ന സ്തനാര്‍ബുദ ജീനുകള്‍ ഉള്ളവര്‍

ഇവര്‍ക്കെല്ലാം രോഗം ഉറപ്പായും വരും എന്നല്ല, വരാനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതല്‍ ഉണ്ടെന്നു മാത്രം. ഇത്തരം സാഹചര്യമുള്ളവര്‍ കുടുംബ ഡോക്ടറെയോ മറ്റേതെങ്കിലും വിദഗ്ധ ഡോക്ടറെയോ കണ്ട് സാഹചര്യങ്ങള്‍ പറഞ്ഞ് പരിശോധന നടത്തണം.


വിവരങ്ങള്‍:ഡോ. സി.എന്‍. മോഹനന്‍ നായര്‍, കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍
 

Content Highlights: Breast Cancer Awareness Month 2018