കൊച്ചി: ഡോ വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പിങ്ക് ബലൂണ്‍ പറത്തി സ്തനാര്‍ബുദ ബോധവത്ക്കരണവും സെമിനാറും സംഘടിപ്പിച്ചു. ആശുപത്രിയില്‍ വരുന്ന എല്ലാ സ്ത്രീകള്‍ക്കും സ്തനാര്‍ബുദത്തെ കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിന് ആശുപത്രിയുടെ കവാടത്തില്‍ ബോധവത്ക്കരണ സന്ദേശം പതിച്ച എട്ട് അടി ഉയരമുളള കണ്ണാടിയും സ്ഥാപിച്ചു. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ടി.ഡി റോഡ് സ്വദേശി നരസിംഹ ഭട്ടിന്റെ ഭാര്യയും നാല് പേരക്കുട്ടികളുടെ മുത്തശ്ശിയുമായ മുന്‍ സിന്‍ഡികേറ്റ് ബാങ്ക് ജീവനക്കാരി അനിതാ ഭായി മുഖ്യാതിഥിയായിരുന്നു.  

കേരളത്തിലെ സ്ത്രീകളില്‍ ക്രമാതീതമായി സ്തനാര്‍ബുദം വര്‍ധിച്ച്  വരുന്നതായി  പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുന്നു. കൃത്യമായ ഇടവേളകളില്‍ സ്തനങ്ങളില്‍ സ്വയം പരിശോധന നടത്തുകയും ഏതെങ്കിലും തരത്തിലുളള മുഴയോ, തടിപ്പോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാമോഗ്രാം പോലുള്ള ചിലവുകുറഞ്ഞതും എളുപ്പത്തില്‍ നടത്താവുന്നതുമായ ടെസ്റ്റുകള്‍ക്ക് എത്രയും പെട്ടെന്ന് വിധേയരാകണമെന്നും ഡോ. ഗംഗാധരന്‍ പറഞ്ഞു. ചടങ്ങിന് ആശുപത്രി സെക്രട്ടറി അജയ് തറയില്‍, ഡയറക്ടര്‍ ഇക്ബാല്‍ വലിയവീട്ടില്‍, സി.പി.ആര്‍ ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി.കെ ബാലന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ് സച്ചിദാന്ദ കമ്മത്ത്, ഡോ.ജി.അനുപമ, നേഴ്സിംഗ് സൂപ്രണ്ട് എ.ജെ ഡാര്‍ലി എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: Kadavanthra Indira Gandhi cooperative hospital breast cancer awareness program, VP Gangadharan