സ്തനാര്‍ബുദ ചികിത്സയില്‍ ഈ ദശകങ്ങളിലുണ്ടായ കുതിച്ചുചാട്ടം ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രയോജനമേകിയിട്ടുണ്ട്. രോഗം ഭേദമായി വര്‍ഷങ്ങള്‍ പിന്നിട്ടവര്‍ അനേകം. സ്തനാര്‍ബുദ ചികിത്സ ഭേദമാക്കാമെന്ന വസ്തുത നിരന്തരമായ ബോധവത്കരണത്തിലൂടെ സമൂഹത്തിലെത്തിച്ചേരുവാന് ഡോക്ടര്‍മാരും പ്രത്യേകം ശ്രദ്ധചെലുത്തണം.
ആരംഭത്തില്‍ത്തന്നെ രോഗം കണ്ടുപിടിക്കാനായാല്‍ ചികിത്സ വളരെ എളുപ്പമാണ്. രോഗം ചികിത്സിച്ചു മാറ്റിയാലും പലവിധ ആശങ്കകള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. മനസ്സിലടിഞ്ഞുകൂടുന്ന ഭയവും ഉത്കണ്ഠയും ജീവിതത്തിന്റെ സമാധാനത്തെയും സൗന്ദര്യത്തെയും നശിപ്പിക്കും. പലകാര്യങ്ങളും നെഗറ്റീവ് ചിന്താഗതി തലപൊക്കുന്നത് ജീവിതത്തിന്റെ ഗുണനിലവാരം കുറയാന്‍ ഇടയാകും.
സ്തനാര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള അപകര്‍ഷതാ ബോധമുണ്ടായാല്‍ വേണ്ട പരിഹാരം തേടുന്നത് നന്നായിരിക്കും. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ തന്റെ പങ്കാളിയോടും ഡോക്ടറോടും തുറന്ന് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. സ്തനാര്‍ബുദം വന്നവര്‍ക്ക് രോഗാനന്തര ശ്രദ്ധ പല തലത്തിലും ആവശ്യമാണ്.
ലൈംഗികത
ആരോഗ്യകരമായ ലൈംഗികത കുടുംബജീവിതം ദൃഢതരമാക്കാന്‍ അത്യാവശ്യമാണ്. നമ്മുടെ നാട്ടിലെ സ്തനാര്‍ബുദ രോഗികളില്‍ ഭൂരിപക്ഷവും തങ്ങളുടെ ലൈംഗികപ്രശ്നങ്ങളെ ചര്‍ച്ച ചെയ്യപ്പെടുവാന്‍ ആഗ്രഹിക്കാറില്ല. ചികിത്സിക്കുന്ന ഡോക്ടറോടുപോലും തുറന്ന് സംസാരിക്കുവാന്‍ വൈമുഖ്യം കാണിക്കുന്നവരാണ് കൂടുതലും. ഇങ്ങനെ സ്വയം മനസ്സിലൊതുക്കുന്നവരില് വിവിധ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ലൈംഗികമായ ഇടപെടലുകളിലുള്ള താത്പര്യക്കുറവ് ചികിത്സ ലഭിച്ച സ്തനാര്‍ബുദരോഗികളില്‍ വളരെയധികം കാണാറുണ്ട്. ഇത് ഏറിയകൂറും തെറ്റായ ധാരണകളുടെ ഫലമാണ്. ശസ്ത്രക്രിയയോ റേഡിയേഷനെയോ തുടര്‍ന്ന് സ്തനത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ചിലരെ പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കാം. ലൈംഗിക വേഴ്ചയിലേര്‍പ്പെടാന്‍ താന്‍ അയോഗ്യയാണെന്നുള്ള തെറ്റായ ധാരണയും ഉണ്ടാവാം. ലൈംഗികബന്ധത്തിലേര്പ്പെടുമ്പോഴുണ്ടാകുന്ന വേദന, രതിമൂര്‍ച്ച ലഭിക്കായ്മ, യോനീനാളത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ചികിത്സ കഴിഞ്ഞവരില്‍ കാണാറുണ്ട്. പ്രായം കുറഞ്ഞ ആളുകളിലും ഈ പ്രശ്നങ്ങള്‍ ബാധിക്കാറുണ്ട്. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കാം.
അര്‍ബുദരോഗികള്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് നല്ലതല്ല എന്ന തെറ്റായ ധാരണ വച്ചു പുലര്‍ത്തുന്നവരും ഉണ്ട്. രോഗം വന്ന സ്ത്രീകളുമായി ബന്ധപ്പെടുന്നത് തനിക്കും രോഗം വരാന്‍ ഇടയാക്കുമോ എന്നു തെറ്റായി ചിന്തിക്കുന്ന പുരുഷപങ്കാളിയേയും കാണാം. പല ലൈംഗിക പ്രശ്നങ്ങളും ചികിത്സയ്ക്കുശേഷം കുറച്ചു കാലയളവുകൊണ്ട് സ്വയം നേരെയാകാറുണ്ട്. എന്നാല്‍, ചിലപ്പോള്‍ വൈദ്യസഹായം വേണ്ടിവരാം.
ലൈംഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ വ്യായാമമുറകളുമുണ്ട്. യോനീലേപനങ്ങള് യഥാവിധി ഉപയോഗിക്കാം. കൗണ്‍സലിങ്ങും വളരെ നല്ലതാണ്. രോഗിയുടെ വ്യക്തിപരമായ ആഗ്രഹങ്ങള്‍, ലൈംഗികതയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങള്‍, അവരുടെ സാമൂഹിക - സാംസ്കാരികമായ ചുറ്റുപാടുകള്‍ തുടങ്ങിയ എല്ലാ ഘടകങ്ങളും ചികിത്സിക്കുന്ന ഡോക്ടര്‍ കണക്കിലെടുക്കണം.
ഹോട്ട് ഫ്ളഷസ്
70 ശതമാനം രോഗികളിലും ചികിത്സയ്ക്കുശേഷം ഹോട്ട് ഫ്ലഷസ് അനുഭവപ്പെടാറുണ്ട്. ഉറക്കമില്ലായ്മ, പെട്ടെന്ന് ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും ചൂടുതോന്നുക, വിയര്‍ക്കുക, ശരീരം തണുക്കുക, വൈകാരികമായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഹോട്ട് ഫ്ളഷസിന്റേതാകാം. ചികിത്സ കഴിഞ്ഞ് ആദ്യത്തെ മൂന്നു മാസത്തിനകത്താണ് ഈ പ്രയാസങ്ങള്‍ പൊതുവെ കണ്ടുവരുന്നത്.
എന്തുകൊണ്ട്?
അണ്ഡാശയ പ്രവര്‍ത്തനത്തിനുണ്ടാകുന്ന കുറവാണ് ഇതിന്റെ പ്രധാനകാരണം. ഹോര്‍മോണ്‍ ചികിത്സ, (ഉദാ: ടമോക്സിഫന് ഗുളിക), കീമോതെറാപ്പി, അണ്ഡാശയം മുറിച്ചുമാറ്റുക തുടങ്ങി പല സ്തനാര്‍ബുദ ചികിത്സാരീതികള്‍ അണ്ഡാശയ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. സ്വയം ആര്‍ത്തവവിരാമം വരുന്ന സ്ത്രീകളിലും ഹോട്ട് ഫ്ളഷസ് കാണാറുണ്ടെങ്കിലും സ്തനാര്‍ബുദ ചികിത്സയ്ക്കു വിധേയമാകുന്നവരിലാണ് ഇത് കൂടുതല്‍ വിഷമങ്ങള്‍ സൃഷ്ടിക്കുന്നത്.
പരിഹാരം
പലവിധത്തിലുള്ള ചികിത്സാരീതികള്‍ ഇന്നു ലഭ്യമാണ്. മരുന്നുകള്‍ (ഉദാ:ആന്റി ഡിപ്രസന്‍സ്) വ്യായാമം, യോഗ, എരിവും ചൂടുമുള്ള ഭക്ഷണങ്ങളും കഫീനും ഒഴിവാക്കുക, ഫാനിന്റെ ഉപയോഗം, ശീതീകരിച്ച മുറി, അക്യൂപങ്ചര്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഹോട്ട് ഫ്ളഷസ് നിയന്ത്രണാധീനത്തിലാക്കുവാന് കഴിയും.
അസ്ഥി സുഷിരത (ഓസ്റ്റിയോപോറോസിസ്)
അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത കുറയുന്ന അവസ്ഥയാണിത്. കാത്സ്യത്തിന്റെയും ജീവകം ഡിയും മറ്റും ശരിയായ അളവില്‍ അസ്ഥിയില്‍ ഉണ്ടായെങ്കില്‍ മാത്രമേ അസ്ഥിക്കു വേണ്ട ബലം ലഭിക്കുകയുള്ളൂ. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന് എല്ലിന്റെ ഘടന നിലനിര്‍ത്തുവാന്‍ പ്രധാന പങ്കുവഹിക്കുന്നു. എല്ല് ഉണ്ടാക്കുന്ന പ്രത്യേക കോശമായ ഓസ്റ്റിയോ ബ്ലാസ്റ്ററിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുവാന്‍ ഈസ്ട്രജന് അത്യാവശ്യമാണ്.
സ്തനാര്ബുദത്തിലുള്ള പ്രാധാന്യം
അസ്ഥി സുഷിരത ചികിത്സകഴിഞ്ഞ സ്തനാര്‍ബുദരോഗികളില്‍ വളരെ സാധാരണമാണ്. ഇതൊരു വലിയ ആരോഗ്യപ്രശ്നം തന്നെയാണ്. ആര്‍ത്തവ വിരാമം, പ്രായം, കീമോതെറാപ്പി, ഹോര്‍മോണ്‍ ചികിത്സ തുടങ്ങി പല ഘടകങ്ങളും ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുവാന്‍ കാരണമാകുന്നു. ഈ കുറവ് അസ്ഥിസുഷിരതയിലേക്ക് നയിക്കുന്നതിനാല്‍ ശരീരഭാരം താങ്ങുവാനുള്ള എല്ലിന്റെ ശക്തി കുറയുന്നു. ഈ അവസ്ഥയില്‍ ചെറിയ വീഴ്ചപോലും എല്ലൊടിയാന്‍ കാരണമായേക്കും.
പ്രതിരോധിക്കാം - ചികിത്സിക്കാം
1. വ്യായാമം
2. ആവശ്യത്തിന് ജീവകം-ഡിയും കാല്‍സ്യവും കഴിക്കുക
3. ഇലക്കറികള്‍, പാല്, മത്സ്യം തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക
4. പുകവലിയും മദ്യപാനവും ഒഴിവാക്കുക
അസ്ഥിസുഷിരത ഉള്ളവര്‍ക്ക് വളരെയധികം ഫലവത്തായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഈ മരുന്നുകള്‍ എല്ലുകളെ നശിപ്പിക്കുന്ന കോശങ്ങളായ ഓസ്റ്റിയോ പ്രവര്‍ത്തനത്തെ പ്രതിരോധിച്ച് എല്ലുകളുടെ ആരോഗ്യം വീണ്ടെടുക്കുന്നു.
കൈയിലെ നീര് (ലിംഫെഡിമ) - എന്താണ്? എന്തുകൊണ്ട്?
സ്തന ശസ്ത്രക്രിയ ചെയ്ത ഭാഗത്തുള്ള കൈയില്‍ ചിലപ്പോള്‍ നീരുവരാം. ഇതിനെ ലിംഫെഡിമ എന്നു പറയുന്നു. കക്ഷത്തിലെ ലസികഗ്രന്ഥികള് ശസ്ത്രക്രിയയില്‍ക്കൂടി നീക്കം ചെയ്യുകയോ റേഡിയേഷന് മൂലം പ്രവര്‍ത്തനരഹിതമോ ആവുമ്പോഴാണ് നീരുവരുന്നതിനുള്ള സാധ്യത കൂടുന്നത്. കൈ മുറിയുകയോ, ചതയുകയോ, അണുബാധ ഉണ്ടാവുകയോ ചെയ്താല്‍ കൈയില്‍ ക്രമാതീതമായി നീരും കൂടാതെ വിറയലോടുകൂടിയുള്ള പനിയും വേദനയും വ്രണങ്ങളും ചിലപ്പോള്‍ ഉണ്ടാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചര്‍മ്മത്തിന് ക്ഷതമുണ്ടാക്കുന്ന (പൊള്ളല്‍, മുറിവുകള്‍, ചതവുകള്‍, പോറലുകള്‍, കുത്തിവയ്പുകള്‍, രക്തമെടുക്കല്‍) ഒന്നുംതന്നെയും സംഭവിക്കാതെ നോക്കണം. കൂടാതെ രക്തസമ്മര്ദമളക്കല്, ഡോക്ടറുടെ അനുവാദമില്ലാതെ തൊലിപ്പുറത്തുള്ള ലേപനങ്ങളുടെ ഉപയോഗം, ഭാരമുള്ള സാധനങ്ങള്‍ തോളില്‍ തൂക്കുക, ഇറക്കമുള്ള വസ്ത്രങ്ങളുടെയോ ആഭരണങ്ങളുടെയോ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ആ കൈയില്‍ പാടില്ല.
വന്ധ്യത - നിരാശപ്പെടേണ്ട
യുവതികളിലും സ്തനാര്‍ബുദം വരാറുണ്ടല്ലോ. മരുന്നു കൊണ്ടുള്ള ചികിത്സയും അഞ്ചു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഹോര്‍മോണ്‍ ചികിത്സയും ശരിയായുള്ള അണ്ഡാശയപ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിന് കാരണമാകാം. ചികിത്സാ സമയത്തെയോ, ചികിത്സ കഴിഞ്ഞ ഉടനെയുള്ള ഗര്‍ഭധാരണമോ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്ന രോഗികളില്‍ വന്ധ്യതയെക്കുറിച്ചുള്ള ചിന്തകള്‍ വളരെ ആശങ്ക, ഉളവാക്കാറുണ്ട്. ഒരു പരിധിവരെ ഒരു കുടുംബത്തിന്റെ കെട്ടുറപ്പിനെയും ബാധിക്കാം എന്നതാണ് സത്യം.
ചികിത്സയ്ക്കു മുമ്പുതന്നെ സ്ത്രീബീജം അണ്ഡാശയത്തില്‍ നിന്ന് ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിച്ചാല്‍ ഭാവിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കും. കൂടാതെ, മറ്റു മാര്‍ഗങ്ങളായ അണ്ഡാശയത്തിലെ കുറച്ചു ദശ മുറിച്ചെടുത്ത് ശീതീകരിച്ചുവച്ചാല് ബീജോത്പാദനത്തിന് പിന്നീട് ഉപയോഗിക്കുവാന്‍ കഴിയും.
തന്റെ ജീവിതപങ്കാളിയുടെ തന്നെയോ അല്ലെങ്കില്‍ ഒരു ദാതാവിന്റെയോ ബീജവുമായി സങ്കലനം ചെയ്ത ഭ്രൂണവും ശീതീകരിച്ച് സൂക്ഷിക്കുവാന്‍ ഇന്ന് സാങ്കേതികവിദ്യ ലഭ്യമാണ്.
ബൗദ്ധിക തലത്തില്‍ വരുന്ന മാറ്റങ്ങള്‍
ചികിത്സ കിട്ടിയ ഏകദേശം പകുതിയോളം പേരില്‍ ഈ മാറ്റങ്ങള്‍ കാണപ്പെടുന്നു. ഓര്‍മ്മക്കുറവ്, ശ്രദ്ധിക്കുന്നതിനു വിഷമം, ഒരേ കാര്യത്തില്‍ വേണ്ട ശ്രദ്ധ കുറെ സമയത്തേക്ക് തുടര്ന്നുകൊണ്ടുപോകുവാന് പ്രയാസം, ചില ജോലികള്‍ ചെയ്യുവാനുള്ള ബുദ്ധിമുട്ട്, ലളിതമായ കാര്യങ്ങള്‍പോലും ജോലിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതെ വരിക, വേണ്ട വാക്കുകള്‍ വേണ്ട സമയത്ത് പറയാന്‍ കഴിയാതെ വരിക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
എന്തുകൊണ്ട്?
തലച്ചോറിലെ മാതൃകോശങ്ങളും പ്രായപൂര്‍ത്തിയായ കോശങ്ങളും ചികിത്സയ്ക്കുവേണ്ടി നല്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകാം. പുതിയ നല്ല കോശങ്ങള്‍ ഉണ്ടാകുന്നതിനേയും കോശങ്ങളിലെ തകരാറുകള്‍ പരിഹരിക്കുന്നതിനേയും ഈ മരുന്നുകള്‍ ഇടപെടുന്നതിനായി പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.
നാം ചെയ്യേണ്ടത്
സ്തനാര്‍ബുദം വന്നു ഭേദമായ ഒരു രോഗി മേല്‍പ്പറഞ്ഞ ഏതെങ്കിലും കാരണങ്ങളാല്‍ നിരാശയോടെ പെരുമാറിയാല്‍ അത് മറ്റു കുടുംബാംഗങ്ങളെ തളര്‍ത്തുകയേയുള്ളൂ. കുടുംബത്തിന്റെ ആകെയുള്ള സജീവതയ്ക്ക് ഉണര്‍വ് ആവശ്യമാണ്. വീഴ്ചയില്‍ നിന്ന് എഴുന്നേറ്റ് കുതിക്കുവാനുള്ള ധൈര്യമാണ് സംഭരിക്കേണ്ടത്. ചികിത്സാനന്തര പ്രശ്നങ്ങളെ ഗൗരവപൂര്‍വം കൈകാര്യം ചെയ്യുകയാണ് പോംവഴി.
തുടര്‍പരിശോധനകളും തുറന്ന ചര്‍ച്ചകളും നവജീവിതമാണ് ഉറപ്പാക്കുന്നത്. തെറ്റിദ്ധാരണകള്‍ നീക്കി ശരിയായ ജീവിതശൈലി പിന്തുടരുകയും ചെയ്താല്‍ സാധാരണ ജീവിതം നയിക്കാന്‍ ആവശ്യമായ ഊര്‍ജം ലഭിക്കും എന്നതില്‍ സംശയമില്ല.
രോഗിയെ ഒറ്റപ്പെടാന്‍ യാതൊരു കാരണവശാലും നാം അനുവദിക്കരുത്. വൈദ്യസമൂഹവും രോഗിയും കുടുംബാംഗങ്ങളും ഒന്നിച്ചു ചേര്‍ന്നുള്ള ആരോഗ്യപരമായ ഇടപെടലുകള്‍ സ്തനാര്‍ബുദത്തെ അതിജീവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വളരെ ഉയര്‍ന്ന ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കും.
Content Highlights: Breast Cancer Signs, Breast Cancer Symptoms, Breast Cancer Causes,Breast Cancer Treatment, How to detect Breast Cancer