വേനല്‍ക്കാലത്ത് പുറത്തിറങ്ങി മുഖവും ചര്‍മ്മവും കരുവാളിക്കുന്നതാണ് വേനല്‍ക്കാലത്ത് മിക്കാവരും നേരിടുന്ന പ്രധാന പ്രശ്‌നം. വസ്ത്രങ്ങള്‍ കൊണ്ട് പൂര്‍ണമായും മറക്കാന്‍ സാധിക്കാത്ത കഴുത്ത്, തോളിന്റെ മേല്‍ഭാഗം, കൈകള്‍ എന്നിടിവിടങ്ങളിലാണ് സാധാരണയായി വെയിലേറ്റ് കരുവാളിപ്പ് ഉണ്ടാവുന്നത്. 

കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍,സൂര്യപ്രകാശവുമായി പ്രതിപ്രവര്‍ത്തിക്കുന്ന കോസ്‌മെറ്റിക്‌സ് ഉപയോഗിക്കുന്നവര്‍ എന്നിവരിലാണ് ഈ പ്രശ്‌നം കൂടുതലും ഉണ്ടാവുന്നത്. 

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. വെയിലില്‍ പുറത്തിറങ്ങിയാല്‍ ചര്‍മ്മം കരുവാളിക്കും. ഇതിന് പ്രതിവിധി തേടുമ്പോള്‍ വെയിലേല്‍ക്കുന്നത് കഴിവതും കുറയ്ക്കണം. പ്രത്യേകിച്ച് പകല്‍ 11 മണിക്കും 2 മണിക്കും ഇടയിലുള്ള സമയം. പുറത്തിറങ്ങുമ്പോള്‍ കൂട ചൂടുകയോ തണല്‍ തേടുകയോ ചെയ്യുക. 

ശരീര ഭാഗങ്ങള്‍ പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക. പരമാവധി ഇഴയടുപ്പമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുക. 

വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുക. ക്രീം തിരഞ്ഞെടുക്കുമ്പോള്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍(ുെള) 30 എങ്കിലുമുള്ള സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കണം. അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ ശേഷിയുള്ള ക്രീം തിരഞ്ഞെടുക്കുക. പകല്‍ പുറത്തിറങ്ങുന്നതിന് 20 മിനുട്ട് മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടുകയും 3-4 മണിക്കൂറിന്റെ ഇടവേളകളില്‍ ക്രീം വീണ്ടും പുരട്ടുകയും ചെയ്യണം. 

ചര്‍മ്മം കരുവാളിച്ചാല്‍ ഇരുണ്ട നിറം മാറാന്‍ ക്രീമുകള്‍ ലഭ്യമാണ്. കെമിക്കല്‍ പീലിങ് വളരെയേറെ ഫലപ്രദമാണ്. വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. 

വെയിലേറ്റ് ചര്‍മ്മത്തിന്റെ നിറം മങ്ങിയാല്‍ നിറം വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പരിചയപ്പെടാം

  • ചന്ദനവും പനിനീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.
  • മഞ്ഞള്‍, ചന്ദനം എന്നിവ നന്നായി അരച്ചെടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം. 
  • കുക്കുംബര്‍ ജ്യൂസ് ചര്‍മം വെളുക്കാന്‍ നല്ലതാണ്. 
  • ജ്യൂസിനൊപ്പം അതേ അളവില്‍ നാളികേരപാല്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുകയാണെങ്കില്‍ അത് ചര്‍മത്തിന്റെ ഇരുളിമ അകറ്റാന്‍ സഹായിക്കും. 
  • നാളികേരവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മം നിറം വെക്കുന്നതിന് സഹായിക്കും.
  • രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ഇത് സഹായകമാണ്.